നെല്ല് സംഭരണത്തിനുള്ള പണം കണ്ടെത്താന്‍ ഒടുവില്‍ കേരളബാങ്കിലേക്ക് സപ്ലൈകോ

moonamvazhi

നെല്ല് സംഭരിച്ച തുക കര്‍ഷകന് നല്‍കാന്‍ വഴികണ്ടെത്താനാകാതെ ഒടുവില്‍ സപ്ലൈകോ കേരളബാങ്കിനെ സമീപിക്കുന്നു. 11 വര്‍ഷമായി സഹകരണ ബാങ്കുകളില്‍ വഴിയാണ് നെല്‍ കര്‍ഷകര്‍ക്ക് പണം നല്‍കിയിരുന്നത്. എട്ട് വര്‍ഷമായി ജില്ലാസഹകരണ ബാങ്കുകളും മൂന്നുവര്‍ഷമായി കേരളബാങ്കുമാണ് ഇതിനുള്ള പണം നല്‍കിയിരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതലാണ് വാണിജ്യബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് അതില്‍നിന്ന് വായ്പ എടുക്കുന്ന രീതി സപ്ലൈകോ സ്വീകരിച്ചത്. ഇത്തവണ കണ്‍സോര്‍ഷ്യത്തില്‍നിന്ന് വായ്പ കിട്ടാതിരുന്നതോടെയാണ് കേരളബാങ്കിനെ ആശ്രയിക്കാനുള്ള ആലോചനയിലേക്ക് സപ്ലൈകോ മാറിയത്.

ഓണത്തിന് മുമ്പ് കര്‍ഷകര്‍ക്ക് പണം നല്‍കണമെന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്. ഇതിനായി എസ്.ബി.ഐ, കനറാബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നീ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്ന് 400 കോടിരൂപ വായ്പയെടുക്കാന്‍ തീരുമാനിച്ചു. മന്ത്രി ജി.ആര്‍.അനില്‍, ചീഫ് സെക്രട്ടറി വി.വേണു എന്നിവര്‍ കണ്‍സോര്‍ഷ്യം ബാങ്കുകളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും വായ്പ നല്‍കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഒടുവിലാണ് കേരളബാങ്കിനെ ആശ്രയിക്കാന്‍ തീരുമാനിച്ചത്.

അനിലും കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. കര്‍ഷകര്‍ക്ക് നെല്ലിന്റെ സംഭരണ വില ഭാവിയില്‍ കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിന് സപ്ലൈകോയും കേരള ബാങ്കും സഹകരിച്ച് മുന്നോട്ട് പോകാന്‍ ധാരണയായി. നെല്ലിന്റെ സംഭരണ വില വിതരണം ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണം ഉണ്ടാക്കുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് പൊതുവിതരണ ഉപഭോക്തൃ കമ്മീഷണറും സപ്ലൈകോയുടെ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറും കേരള ബാങ്ക് ഉന്നത അധികാരികളുമായി ആഗസ്റ്റ് ഏഴിന് ചര്‍ച്ച നടത്തും.

400 കോടിയാണ് സപ്ലൈകോ ആവശ്യപ്പെടുന്നത്. 7.65 ശതമാനം പലിശ നിരക്കില്‍ തുക നല്‍കാമെന്ന് കേരളബാങ്ക് അറിയിച്ചിട്ടുണ്ട്. സപ്ലൈകോ കഴിഞ്ഞവര്‍ഷം കേരളബാങ്കില്‍നിന്നെടുത്ത 200 കോടിരൂപ തിരിച്ചടച്ചിട്ടില്ല. ഇത്തവണ 2.49 ലക്ഷം കര്‍ഷകരില്‍നിന്നായി 73.11 കോടി കിലോഗ്രാം നെല്ലാണ് സപ്ലൈകോ സംഭരിച്ചത്. 2,070 കോടി രൂപയാണ് ഇതിന്റെ വില. ബാങ്ക് കണ്ഡസോര്‍ഷ്യം വായ്പ വഴി 800 കോടിയും സപ്ലൈകോ നേരിട്ട് 720 കോടിയും നല്‍കി. ബാക്കിയാണ് നല്‍കാനുള്ളത്.

നെല്ല് ഈടായി കണക്കാക്കിയാണ് നെല്ല് കൈപ്പറ്റിയ രസീതിന്മേല്‍(പി.ആര്‍.എസ്.) ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വായ്പ നല്‍കിയത്. മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് വായ്പ എടുക്കുന്നതിന് കണ്‍സോര്‍ഷ്യത്തിന്റെ അനുമതി വേണമെന്ന് വ്യവസ്ഥയുണ്ട്. കേരളബാങ്കില്‍നിന്ന് വായ്പ എടുക്കുന്നതിന് ഈ വ്യവസ്ഥ തടസ്സമാകുമോയെന്നത് വ്യക്തമല്ല. കേരളബാങ്കിന് ഈട് നല്‍കാനുള്ള നെല്ല് സപ്ലൈകോയുടെ പക്കലില്ല. സര്‍ക്കാര്‍ ഗ്യാരന്റിയാണ് ആശ്രയം. ഇതിന് ധനവകുപ്പിന്റെ അനുമതി വേണം. ഓണത്തിന് മുമ്പ് രണ്ടാം വിളയുടെ മുഴുവന്‍ തുകയും കൊടുത്ത് തീര്‍ക്കാനാണ് സപ്ലൈകോയുടെ ശ്രമം.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!