സഹകരണ സംഘങ്ങള്‍ക്ക് സ്വയംഭരണാധികാരം; യു.പി.മാതൃക ദേശീയനയത്തിന്റെ ഭാഗമാകുമോ

moonamvazhi

സഹകരണ സംഘങ്ങള്‍ക്ക് സ്വയംഭരണാധികാരം നല്‍കിയ ഉത്തരപ്രദേശ് മാതൃക ദേശീയ സഹകരണ നയത്തിന്റെ ഭാഗമാക്കണമെന്ന നിര്‍ദ്ദേശം. കരട് നയത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളിലാണ് ഇങ്ങനെ ഒരു ആവശ്യം മുന്നോട്ടുവെച്ചിട്ടുള്ളത്. ഊര്‍ജസ്വവും അഭിവൃദ്ധിയുള്ളതുമായ സഹകരണ സംഘങ്ങളുണ്ടാകണമെങ്കില്‍ ഇത്തരമൊരു പരിഷ്‌കാരം വേണ്ടതുണ്ടെന്നാണ് നിര്‍ദ്ദേശം.

ഉത്തര്‍പ്രദേശ് എങ്ങനെയാണ് ഇത് നടപ്പാക്കിയിട്ടുള്ളതെന്ന് നിര്‍ദ്ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നല്ല ഭരണസംവിധാനവും സാമ്പത്തികശേഷിയുമുള്ള സഹകരണ സംഘങ്ങള്‍ക്കാണ് ഉത്തര്‍പ്രദേശ് സ്വയംഭരണാധികാരം നല്‍കിയിട്ടുള്ളത്. ഇത്തരം പദവി ലഭിച്ചിട്ടുള്ള സംഘങ്ങള്‍ക്ക് അവയുടെ ബിസിനസ് പരവും സാമ്പത്തിക പരവുമായ കാര്യങ്ങള്‍ക്ക് സര്‍ക്കാരില്‍നിന്നോ സഹകരണ സംഘം രജിസ്ട്രാറില്‍നിന്നോ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതില്ല. ഇത് സംഘങ്ങള്‍ക്ക് പുതിയ ബിസിനസ് ആശയങ്ങള്‍ വേഗത്തില്‍ നടപ്പാക്കുന്നതിന് സഹായിക്കുന്നുണ്ടെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്.

നിയമപരമായ നിയന്ത്രണങ്ങളും പരിശോധന രീതികളും എല്ലാ സംഘങ്ങള്‍ക്കും ഒരേപോലെ ബാധകമാണ്. അതില്‍നിന്ന് സ്വയംഭരണാധികാര സംഘങ്ങള്‍ക്ക് ഇളവില്ല. പകരം ഓരോ പദ്ധതിയും നടപ്പാക്കുന്നതിന് വകുപ്പുതലത്തില്‍ ഫയലുമായി കയറിയിറങ്ങേണ്ട സ്ഥിതി സ്വയംഭരണാധികാര പദവി ലഭിച്ച സംഘങ്ങള്‍ക്കുണ്ടാകില്ല. സാമ്പത്തിക അച്ചടക്കവും ഭാവനാപൂര്‍ണമായ പ്രവര്‍ത്തനങ്ങളുമാണ് സ്വയംഭരണ പദവി നല്‍കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള പ്രധാന മാനദണ്ഡം. ഇതിനനുസരിച്ച് സംഘങ്ങള്‍ വളര്‍ച്ച പ്രാപിക്കാന്‍ ശ്രമിക്കുമെന്നതാണ് ഈ പരിഷ്‌കാരത്തിന്റെ നേട്ടമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.

ഇത്തരമൊരു രീതി ദേശീയ സഹകരണ നയത്തിന്റെ ഭാഗമായാല്‍ എല്ലാ സംസ്ഥാനങ്ങളിലും ഇത് നടപ്പാക്കാനാകുമെന്നാണ് ഉത്തര്‍പ്രദേശ് മുന്നോട്ടുവെക്കുന്നത്. അര്‍ബന്‍ ബാങ്കുകളുടെ കാര്യത്തില്‍ ഇത്തരമൊരു നിര്‍ദ്ദേശം ആന്ധ്രപ്രദേശ് മുന്നോട്ടുവെച്ചിട്ടുണ്ട്. ഓരോ കാര്യത്തിലും അനുമതി വാങ്ങുന്ന രീതിയില്‍നിന്ന് അര്‍ബന്‍ ബാങ്കുകളെ ഒഴിവാക്കണമെന്നാണ് അന്ധ്ര ഉന്നയിച്ചിട്ടുള്ളത്. സഹകരണ സംഘങ്ങളുടെ രജിസ്‌ട്രേഷന് പൊതുരീതിയുണ്ടാകണമെന്ന് ഉത്തര്‍പ്രദേശ് സഹകരണ യൂണിയനും കേന്ദ്രസഹകരണ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. യുവാക്കള്‍ക്ക് സഹകരണ മേഖലയിലൂന്നിയുള്ള സാമ്പത്തിക വികസനവും സംരംഭകത്വവും സാധ്യമാകുന്ന വിധത്തില്‍ രജിസ്‌ട്രേഷന്‍ രീതി ക്രമീകരിക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!