ശമ്പളത്തില്‍നിന്ന് വായ്പയിലേക്കുള്ള അടവ് പിടിക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് നിയമപരമായ അവകാശമുണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

moonamvazhi
  • സി.എ.ജി.യുടെ സര്‍ക്കുലര്‍ കര്‍ണാടക ഹൈക്കോടതി റദ്ദാക്കി
  • സ്റ്റാറ്റിയൂട്ടുപ്രകാരമുള്ള ആനുകൂല്യം സര്‍ക്കുലറിലൂടെ ഇല്ലാതാക്കാനാവില്ല

സഹകരണബാങ്ക് വായ്പ കൊടുത്ത തുക ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു പിടിയ്ക്കുന്നതിനെതിരെ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ ( സി.എ.ജി ) പുറപ്പെടുവിച്ച സര്‍ക്കുലര്‍ കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. ബംഗളൂരു അക്കൗണ്ടന്റ് ജനറല്‍സ് ഓഫീസ് എംപ്ലോയീ കോ ഓപ്പറേറ്റീവ് ബാങ്ക് നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ട് ജസ്റ്റിസ് അനന്ത് രാമനാഥ് ഹെഗ്‌ഡെയാണ് ഈ ഉത്തരവിട്ടത്. സ്റ്റാറ്റിയൂട്ട്പ്രകാരം നല്‍കപ്പെട്ട ഒരാനുകൂല്യം ഒരു സര്‍ക്കുലര്‍വഴി ഇല്ലാതാക്കാനാവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസിലെ ചില ജീവനക്കാര്‍ തങ്ങളുടെ അംഗങ്ങളാണെന്നു സഹകരണബാങ്ക് ബോധിപ്പിച്ചു. സഹകരണ ഭവനസംഘങ്ങള്‍ക്കോ സഹകരണബാങ്കുകള്‍ക്കോ വരിസംഖ്യയിനത്തിലോ മറ്റെങ്കിലും വിധത്തിലോ ഉള്ള ബാധ്യത ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു പിടിയ്ക്കാന്‍ ശമ്പളം ഡ്രോ ചെയ്യുന്ന ഉദ്യോഗസ്ഥനെ വിലക്കിക്കൊണ്ട് 2019 ഒക്ടോബര്‍ 18 നാണു സി.എ.ജി. സര്‍ക്കുലര്‍ ഇറക്കിയത്. സര്‍ക്കുലറിലെ ക്ലോസി ( V ) ലാണ് ഈ വിലക്കുള്ളത്. ക്ലോസ് V നു കീഴില്‍ 2020 ജനുവരി 29, 30 തീയതികളിലും ഫെബ്രുവരി ആറിനും ഇറക്കിയ ഉത്തരവുകളും കര്‍ണാടക ഹൈക്കോടതി റദ്ദാക്കി.

സംഘത്തിനു കിട്ടാനുള്ള വായ്പത്തുക ശമ്പളത്തില്‍നിന്നു പിടിയ്ക്കാന്‍ കടം വാങ്ങുന്നയാളും സഹകരണബാങ്കും തമ്മില്‍ ഉഭയസമ്മതപ്രകാരം കരാറുണ്ടാക്കാന്‍ 1959 ലെ സഹകരണസംഘം നിയമത്തിലെ സെക്ഷന്‍ 34 അനുവദിക്കുന്നുണ്ടെന്നു സഹകരണബാങ്ക് ചൂണ്ടിക്കാട്ടി. എന്നാല്‍, ശമ്പളത്തില്‍നിന്നു കടം തിരിച്ചുപിടിക്കുന്നതുസംബന്ധിച്ചു വായ്പക്കാരനും ബാങ്കും തമ്മില്‍ കരാറുണ്ടാക്കുന്നതിനു സി.എ.ജി.യുടെ സര്‍ക്കുലര്‍ തടസ്സമാണെന്നും ഇതു ബാങ്കിന്റെ അവകാശത്തെ ഹനിക്കുന്നതാണെന്നും ബാങ്ക് വാദിച്ചു.

സഹകരണനിയമത്തിലെ 34ാം സെക്ഷന്റെ പരിധിയില്‍നിന്നും ചില വിഭാഗങ്ങളില്‍പ്പെട്ട സഹകരണസംഘങ്ങളെയും സഹകരണബാങ്കുകളെയും ഒഴിവാക്കിയതു നയപരമായ തീരുമാനമാണെന്നാണു സര്‍ക്കുലറിനെ ന്യായീകരിച്ചുകൊണ്ട് സി.എ.ജി. വാദിച്ചത്. സര്‍ക്കുലറിലെ ക്ലോസ് V നു പ്രാബല്യം നല്‍കിയാല്‍ സെക്ഷന്‍ 34 ( 1 ) ല്‍ പരാമര്‍ശിക്കുന്ന കരാര്‍ നടപ്പാക്കാനാവില്ലന്നു കോടതി അഭിപ്രായപ്പെട്ടു. അത്തരമൊരു അവസ്ഥയില്‍ നിയമത്തിലെ 34 ( 1 ), 34 ( 2 ) സെക്ഷനുകള്‍ നിഷ്ഫലമാകും കോടതി വ്യക്തമാക്കി.

നിയമത്തിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധമാണു ക്ലോസ് V. അതിനാല്‍, ഇതൊരു നയപരമായ തീരുമാനമാണെങ്കില്‍പ്പോലും കോടതിയുടെ അധികാരപരിധിയില്‍ നിന്നുകൊണ്ട് സര്‍ക്കുലറിലെ ക്ലോസ് V റദ്ദാക്കാന്‍ കോടതിക്കു കഴിയും. ഈ നയതീരുമാനം നിയമത്തിലെ വ്യവസ്ഥയെ മറികടക്കുന്നതും സ്റ്റാറ്റിയൂട്ടു പ്രകാരം നല്‍കപ്പെട്ട ചില അവകാശങ്ങളെ എടുത്തുകളയുന്നതുമാണ്. സ്റ്റാറ്റിയൂട്ടു പ്രകാരം അനുവദിക്കപ്പെട്ട ഒരവകാശം നിയമാസൃതരീതിയിലല്ലാതെ എക്‌സിക്യൂട്ടീവ്തീരുമാനംവഴി എടുത്തുകളയാന്‍ ഒരധികാരിക്കും കഴിയില്ല. സ്റ്റാറ്റിയൂട്ടറി ( നിയമപ്രകാരം ഏര്‍പ്പെടുത്തപ്പെട്ട ) അവകാശങ്ങളില്‍ കൈകടത്താന്‍ ഒരധികാരിക്കും സാധ്യമല്ല ജസ്റ്റിസ് അനന്ത് രാമനാഥ് ഹെഗ്‌ഡെ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!