വായ്പാ സംഘങ്ങളും ബാങ്കുകളും സ്വീകരിക്കുന്ന സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള പരമാവധി പലിശനിരക്ക് പുതുക്കി നിശ്ചയിച്ചു
സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങളും ബാങ്കുകളും സ്വീകരിക്കുന്ന സ്ഥിരനിക്ഷേപങ്ങള്‍ക്കു നല്‍കാവുന്ന പരമാവധി പലിശനിരക്ക് പുതുക്കി നിശ്ചയിച്ച് മാര്‍ച്ച് 13 നു സഹകരണസംഘം രജിസ്ട്രാര്‍ ഉത്തരവ് പുറപ്പെടുവിച്ചു ( സര്‍ക്കുലര്‍ നമ്പര്‍ 10 / 2024 ). മുതിര്‍ന്ന പൗരന്മാരുടെ സ്ഥിരനിക്ഷേപങ്ങള്‍ക്കു പരമാവധി അര ശതമാനം നിരക്കില്‍ അധികപലിശ നല്‍കണമെന്നു സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു.
സംസ്ഥാന സഹകരണ ബാങ്ക് സ്വീകരിക്കുന്ന വ്യക്തിഗതനിക്ഷേപങ്ങള്‍ക്കു നല്‍കാവുന്ന പരമാവധി പലിശനിരക്ക് ഇതോടൊപ്പം: 15 ദിവസം മുതല്‍ 45 ദിവസംവരെ ( നിലവിലുള്ളത് 5.5 ശതമാനം, പുതുക്കിയത് 5.5 ശതമാനം ), 46 മുതല്‍ 90 ദിവസംവരെ ( 6.00, 6.00 ), 91 മുതല്‍ 179 ദിവസംവരെ ( 6.75, 6.25 ), 180 മുതല്‍ 364 ദിവസംവരെ ( 7.25, 7.00 ), ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തിനു താഴെവരെ ( 8.00, 8.00 ), രണ്ടു വര്‍ഷവും അതിനു മുകളിലും.(7.75,7.75 ). സംസ്ഥാന സഹകരണ ബാങ്ക് സംഘങ്ങളില്‍നിന്നു സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ക്കു നല്‍കേണ്ട പലിശനിരക്കില്‍ മാറ്റമില്ല.
സര്‍വീസ് സഹകരണ ബാങ്കുകള്‍, അര്‍ബന്‍ സഹകരണസംഘങ്ങള്‍, പ്രാഥമിക കാര്‍ഷിക ഗ്രാമവികസനബാങ്കുകള്‍, റീജ്യണല്‍ റൂറല്‍ സഹകരണസംഘങ്ങള്‍, എംപ്ലോയീസ് സഹകരണസംഘങ്ങള്‍, അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണസംഘങ്ങള്‍, മിസലേനിയസ് സഹകരണസംഘങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രാഥമിക സഹകരണസംഘങ്ങളും നിക്ഷേപങ്ങള്‍ക്കു നല്‍കാവുന്ന പരമാവധി പലിശനിരക്ക് ഇപ്രകാരമാണ്: 15 ദിവസം മുതല്‍ 45 ദിവസംവരെ ( നിലവിലുള്ളത് 6.00 ശതമാനം, പുതുക്കിയത് 6.00 ശതമാനം ), 46 മുതല്‍ 90 ദിവസംവരെ ( 6.50, 6.50 ), 91 മുതല്‍ 179 ദിവസംവരെ ( 7.50, 7.25 ), 180 മുതല്‍ 364 ദിവസംവരെ ( 7.75, 7.50 ), ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തിനു താഴെവരെ ( 9.00, 8.25 ), രണ്ടു വര്‍ഷവും അതിനു മുകളിലും(8.75, 8.00 ).
സേവിങ്‌സ് ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് മാറ്റമില്ലാതെ തുടരും. സ്ഥിരനിക്ഷേപങ്ങള്‍ക്കു സഹകരണസംഘം രജിസ്ട്രാര്‍ നിശ്ചയിച്ച നിരക്കില്‍ക്കൂടുതല്‍ പലിശ നല്‍കിയാല്‍ അത്തരം സംഘങ്ങളുടെയും ബാങ്കുകളുടെയും നിക്ഷേപം സ്വീകരിക്കാനുള്ള അധികാരം റദ്ദാക്കുമെന്നു രജിസ്ട്രാര്‍ അറിയിച്ചു.