വായ്പകള്‍ക്ക് പലിശ കണക്കാക്കുന്ന തെറ്റായ രീതി അവസാനിപ്പിക്കണമെന്ന് റിസര്‍വ് ബാങ്ക്

Moonamvazhi

വായ്പകളുടെ വിതരണത്തിലും പലിശ കണക്കാക്കുന്നതിലും സുതാര്യമായ നടപടികള്‍ വേണമെന്ന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. വായ്പകള്‍ക്കു മേല്‍ പലിശ ചുമത്തുന്നതില്‍ ബാങ്കുകള്‍ അടക്കമുള്ള ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ രീതിയാണ് പിന്തുടരുന്നത്. പ്രതിമാസ തിരിച്ചടവ് തുകകളിലും വലിയ കള്ളക്കളികള്‍ നടത്തുന്നുവെന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളത്. ഇത് അംഗീകരിക്കാവുന്നതല്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

വായ്പാത്തുക ഉപയോക്താവിന്റെ അക്കൗണ്ടില്‍ ലഭ്യമാക്കുന്ന തീയതിക്കു പകരം വായ്പ അനുവദിക്കുന്ന/എഗ്രിമെന്റ് ഒപ്പിടുന്ന തീയതി മുതല്‍ തന്നെ പലിശ ഈടാക്കുന്നത് അനുവദിക്കില്ല. ചെക്ക് വഴി വായ്പാത്തുക നല്‍കുന്ന സന്ദര്‍ഭങ്ങളില്‍, അതിലെഴുതിയിരിക്കുന്ന തീയതി മുതലാണ് പല സ്ഥാപനങ്ങളും പലിശ ഈടാക്കുന്നത്. പലപ്പോഴും ഉപയോക്താവിന് ചെക്ക് കയ്യില്‍ കിട്ടുന്നത് ഒട്ടേറെ ദിവസങ്ങള്‍ കഴിഞ്ഞിട്ടാകും.

വായ്പാ കുടിശികയുള്ള കാലയളവിലേക്ക് മാത്രം പലിശ ഈടാക്കുന്നതിനു പകരം മുഴുവന്‍ മാസത്തിനും പലിശ ഈടാക്കുന്നതും ശരിയല്ലെന്ന് ആര്‍ബിഐ വ്യക്തമാക്കി. ഉപയോക്താക്കളില്‍ നിന്ന് അഡ്വാന്‍സായി ഒന്നിലേറെ വായ്പാതിരിച്ചടവ് ഗഡുക്കള്‍ ധനകാര്യസ്ഥാപനങ്ങള്‍ വാങ്ങുമെങ്കിലും മൊത്തം വായ്പാത്തുകയ്ക്കാണ് പലിശ കണക്കുകൂട്ടാറുള്ളത്. ഇതും അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ ഉത്തരവില്‍ പറയുന്നു. ഇത്തരം പ്രവണതകള്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ബാങ്കിങ് മേഖലയിലെ നിയന്ത്രണ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍.

Moonamvazhi

Authorize Writer

Moonamvazhi has 37 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published.