യുദ്ധം, പണപ്പെരുപ്പം, ബാങ്ക് തകര്‍ച്ച ആഗോള സമ്പദ് വ്യവസ്ഥ ആശങ്കയില്‍

- പി.ആര്‍. പരമേശ്വരന്‍

റഷ്യയുടെ യുക്രെയിന്‍ അധിനിവേശത്തെത്തുടര്‍ന്നു പാളം തെറ്റിയ ആഗോള സമ്പദ്‌വ്യവസ്ഥ ഇന്നു മറ്റൊരു ചുഴിയിലാണ്- പണപ്പെരുപ്പത്തിന്റെ. ഉയരുന്ന പലിശനിരക്കുകളും അവ സൃഷ്ടിക്കുന്ന ബാങ്കിങ് പ്രതിസന്ധിയും യു.എസ്സിനെയും യൂറോപ്യന്‍ സമൂഹത്തെയും വട്ടം കറക്കുന്നു. സാമ്പത്തികപ്രതിസന്ധിയുടെ അടിസ്ഥാനകാരണങ്ങളിലൊന്ന് അപ്രതീക്ഷിതമായി കടന്നുവന്ന ഈ യുദ്ധമാണ്. 2022 ഫെബ്രുവരി അവസാനമുണ്ടായ റഷ്യയുടെ നീക്കം അത്ര അപ്രതീക്ഷിതം എന്നു വിശേഷിപ്പിക്കാനാവില്ല. കുറേക്കാലമായി ഉരുണ്ടുകൂടിയ അവകാശത്തര്‍ക്കങ്ങളുടെ സ്വാഭാവികപരിണാമം മാത്രമായിരുന്നു ഇന്നും പരിഹാരം കാണാതെ തുടരുന്ന റഷ്യ-യുക്രെയിന്‍ യുദ്ധം.

ലോകസാമ്പത്തികശക്തികളില്‍ പതിനൊന്നാം സ്ഥാനത്തായിരുന്നു റഷ്യ, യുദ്ധം തുടങ്ങിയ നാളുകളില്‍. യുക്രെയിനാകട്ടെ നാലു കോടി 30 ലക്ഷം ജനസംഖ്യയുള്ള ലോകത്തെ ഒരു ചെറുരാഷ്ട്രവും. എങ്കിലും, യൂറോപ്പിന്റെയും ഉത്തരാഫ്രിക്കയുടെയും ഗോതമ്പുകലവറ എന്ന നിലയില്‍ ആഗോള ഭക്ഷ്യ-ഊര്‍ജശൃംഖലകളില്‍ റഷ്യക്കും യുക്രെയിനിനും അപ്രധാനമല്ലാത്ത സ്ഥാനമുണ്ടായിരുന്നു. യൂറോപ്പിന്റെ ഊര്‍ജനായകരായിരുന്നു റഷ്യ. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുവേണ്ട പ്രകൃതിവാതക-എണ്ണ-കല്‍ക്കരി ആവശ്യങ്ങളുടെ യഥാക്രമം 40, 25, 45 ശതമാനവും റഷ്യയാണു നിറവേറ്റിയിരുന്നത്. യുക്രെയിനും റഷ്യയും യൂറോപ്പിന്റെയും ഉത്തരാഫ്രിക്കയുടെയും ഗോതമ്പുകലവറകളുമായിരുന്നു. ഇതുകൂടാതെയാണു വളം നിര്‍മാണമേഖലയ്ക്കാവശ്യമായ രാസവസ്തുക്കളുടെ കുത്തകയും. റഷ്യക്കവകാശപ്പെട്ടതായിരുന്നു ഈ വ്യാവസായിക അസംസ്‌കൃതവസ്തുവിലുള്ള കുത്തക.

ഉല്‍പ്പാദനനഷ്ടം
2.8 ലക്ഷം കോടി ഡോളര്‍

യുക്രെയിന്‍യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയില്‍ 2.8 ലക്ഷം കോടി ഡോളറിന്റെ ഉല്‍പ്പാദനനഷ്ടം വരുത്തിവെച്ചിട്ടുണ്ടാകുമെന്നു സാമ്പത്തികസഹകരണത്തിനും വികസനത്തിനുമുള്ള യൂറോപ്യന്‍ സംഘടന കണക്കുകൂട്ടുന്നു. യുക്രെയിനാണു യുദ്ധം സൃഷ്ടിക്കുന്ന മാനുഷികദുരന്തത്തേക്കാള്‍ ഭീതിദമായ സാമ്പത്തികനഷ്ടം. 4.3 കോടി വരുന്ന യുക്രെയിനിന്റെ ജനസംഖ്യയില്‍ മൂന്നിലൊന്നോളം ഇന്നു വീട് നഷ്ടപ്പെട്ട് ജീവിതതാളം മുട്ടിയ അഭയാര്‍ഥികളാണ്. യുക്രെയിനിന്റെ സാമ്പത്തികത്തകര്‍ച്ച 35 ശതമാനം വരും. പകുതിയോളം വരുന്ന വൈദ്യുതിഉല്‍പ്പാദന സംവിധാനങ്ങള്‍ തകര്‍ന്നുകഴിഞ്ഞു. യുദ്ധം തീര്‍ന്നാലും നിരവധി വര്‍ഷങ്ങളെടുക്കും അടിസ്ഥാനസൗകര്യങ്ങളൊരുക്കി പുതുജീവിതത്തിലേക്കുള്ള മടങ്ങിവരവ്. റഷ്യയുടെ സ്ഥിതി കരുതിയഅത്രയും മോശമല്ല. റഷ്യന്‍ സമ്പദ്‌വ്യവസ്ഥയെ യു.എസ്സും യൂറോപ്പും ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം തളര്‍ത്തുന്നുണ്ടെങ്കിലും അവരുടെ ആകെ വളര്‍ച്ചയില്‍ മൂന്നു ശതമാനം ചുരുങ്ങലേ സാമ്പത്തികവിദഗ്ധര്‍ കണക്കുകൂട്ടുന്നുള്ളു.

ഇവയ്‌ക്കൊക്കെ അപ്പുറത്താണു യുദ്ധം സൃഷ്ടിക്കുന്ന മാനുഷികദുരന്തം. യുദ്ധം ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ 13,800 കോടി ഡോളര്‍ സര്‍വനാശത്തിനായി മാത്രം ഇരുകൂട്ടരും ചേര്‍ന്നു ചെലവഴിച്ചുകഴിഞ്ഞു. യുദ്ധത്തിനിടയില്‍പ്പെട്ട് 7200 സാധാരണക്കാര്‍ മരിച്ചു. മൂന്നു ലക്ഷം പട്ടാളക്കാര്‍ പരിക്കേറ്റവരോ ജീവന്‍ നഷ്ടപ്പെട്ടവരോ ആയി മാറി. യൂറോപ്യന്‍ കണക്കുകൂട്ടലുകളില്‍ റഷ്യക്കാണു ആള്‍നാശം ഏറെ. അവരുടെ രണ്ടു ലക്ഷം പട്ടാളക്കാര്‍ പരിക്കേറ്റവരോ ജീവന്‍ നഷ്ടപ്പെട്ടവരോ ആയിട്ടുണ്ട്. യുക്രെയിനിന്റേത് യൂറോപ്യന്‍കണക്കില്‍ ഒരു ലക്ഷം മാത്രമാണ്. മറ്റേതൊരു നീളുന്ന യുദ്ധത്തേക്കാളും ആഗോള സമ്പദ്‌വ്യവസ്ഥയെ പിടിച്ചുകുലുക്കിയ ഒന്നായിമാറി വികസിതരാഷ്ട്രങ്ങള്‍ തമ്മില്‍ നടക്കുന്ന ഈ മൂപ്പിളമപ്പോര്. റഷ്യയും യുക്രെയിനുമായി തുടങ്ങിയ യുദ്ധം ഇന്നു റഷ്യന്‍ചേരിയും യു.എസ്.ചേരിയും തമ്മിലുള്ള അഭിമാനത്തര്‍ക്കമായും വികസിച്ചുകഴിഞ്ഞു.

ആദ്യഘട്ടത്തില്‍
ഇന്ത്യക്കും തിരിച്ചടി

യൂറോപ്പിലെ ഒരു ചെറിയ മേഖലയില്‍ നടന്ന യുദ്ധമായിട്ടും അതിന്റെ ആഗോളപ്രത്യാഘാതം ആദ്യസമയത്ത് അതിഭീമമായിരുന്നു. ഇന്ത്യയുടെ കാര്യംതന്നെ എടുക്കാം. യുക്രെയിനുമായി കാര്യമായ സാമ്പത്തിക-വാണിജ്യ ബന്ധങ്ങള്‍ ഇല്ലാത്ത രാജ്യമാണ് ഇന്ത്യ. റഷ്യയുമായുള്ള വാണിജ്യഇടപാടുകളാവട്ടെ പ്രധാനമായും പ്രതിരോധസാമഗ്രികളുടെ മേഖലയില്‍ മാത്രമായിരുന്നു. എന്നിട്ടും, 2021-22 ല്‍ ഇന്ത്യ ലക്ഷ്യമിട്ട സാമ്പത്തികനേട്ടങ്ങളെയെല്ലാം അട്ടിമറിക്കാന്‍ ഈ യുദ്ധത്തിനായി. ആ വര്‍ഷം പാര്‍ലമെന്റില്‍ സാമ്പത്തികസര്‍വേ അവതരിപ്പിക്കുമ്പോള്‍ യുക്രെയിന്‍ യുദ്ധം ആരും പ്രതീക്ഷിച്ചിരുന്നില്ല. എട്ടു മുതല്‍ എട്ടര ശതമാനംവരെ സാമ്പത്തികവളര്‍ച്ച, കോവിഡ് അടച്ചിടലിനെത്തുടര്‍ന്നുള്ള തിരിച്ചുവരവിന്റെ അടിസ്ഥാനമെന്ന നിലയില്‍ ലക്ഷ്യമിടുന്നതായിരുന്നു ഇന്ത്യയുടെ പ്രതീക്ഷകള്‍. എന്നാല്‍, പിന്നീടിതു ഏഴു ശതമാനമായി ചുരുക്കേണ്ടിവന്നുവെങ്കിലും എല്ലാ പ്രതീക്ഷകളെയും അട്ടിമറിച്ചതു യുക്രെയിന്‍യുദ്ധമാണ്.

യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ ആഗോള ചരക്കുഗതാഗതശൃംഖലയിലുണ്ടായ വിഘാതങ്ങള്‍ക്കനുസൃതമായി ഗോതമ്പിനും ഭക്ഷ്യധാന്യങ്ങള്‍ക്കും വളത്തിനും വില കുത്തനെ ഉയര്‍ന്നു. പെട്രോളിനും പ്രകൃതിവാതകത്തിനും വിലക്കയറ്റം രൂക്ഷമായി. 2022 ജൂലായ് വരെ അസംസ്‌കൃതഎണ്ണയുടെ വില ബാരലിനു നൂറു ഡോളറിനു മുകളില്‍ ഉയര്‍ന്നുനിന്നു. വികസിത, വികസ്വര രാജ്യങ്ങളുടെയും മൂന്നാംലോകരാജ്യങ്ങളുടെയും സാമ്പത്തികഭദ്രതയെയും ഭക്ഷ്യസുരക്ഷയെയും ഊര്‍ജലഭ്യതയെയും പാടെ ബാധിക്കുന്നതായി ഒരു യുദ്ധത്തിന്റെ പ്രത്യാഘാതം. ആദ്യത്തെ ആറു മാസത്തെ ആഗോള അവ്യവസ്ഥക്കു പതുക്കെപ്പതുക്കെ പരാഹാരമായെങ്കിലും യു.എസ്സിലും യൂറോപ്പിലും പല കാരണങ്ങളാല്‍ ഉയര്‍ന്നുനിന്ന പണപ്പെരുപ്പത്തിനു ( യു.എസ്സില്‍ ഇത് ഒമ്പതു ശതമാനത്തോളവും യൂറോപ്പില്‍ പത്തു ശതമാനത്തിലേറെയും ) ആഗോള ഊര്‍ജലഭ്യതയില്‍ വന്ന ഈ ഇടിവിനും കാര്യമായ പങ്കുണ്ട്. ഇന്നും ഇവിടങ്ങളിലെ സാമ്പത്തികപ്രതിസന്ധിക്കും ബാങ്കിങ്‌മേഖലയിലെ അവ്യവസ്ഥക്കും യുക്രെയിന്‍യുദ്ധവും ഒരു പ്രധാന കാരണമാണ്.

ഇന്ത്യയുടെതന്നെ കാര്യമെടുക്കാം. യുക്രെയിനില്‍ റഷ്യ കടന്നുകയറുംമുമ്പു 2022 ജനുവരിയില്‍ ഡോളറുമായുള്ള താരതമ്യത്തില്‍ രൂപയുടെ നില ഇന്നത്തേക്കാള്‍ ഭദ്രമായിരുന്നു. ഒരു ഡോളറിനു 74.45 രൂപ എന്നതായിരുന്നു വിനിമയനിരക്ക്. മാര്‍ച്ചില്‍ ഇതു 76.21 രൂപയായി ഉയര്‍ന്നു. സെപ്റ്റംബറില്‍ 80 രൂപ എന്ന പരിധിയും കടന്നു. 2023 മാര്‍ച്ചില്‍ 82 രൂപയ്ക്കു മുകളിലാണു രൂപയുടെ ഡോളറുമായുള്ള താരതമ്യമൂല്യം. ആദ്യഘട്ടത്തില്‍ പെട്രോളിയം, ഭക്ഷ്യ, രാസവസ്തുവിലകളിലുണ്ടായ കുതിപ്പാണു രൂപയുടെ മൂല്യശോഷണത്തിനിടയാക്കിയതെങ്കില്‍ പിന്നീട് യു.എസ്സിലും യൂറോപ്പിലും പലിശനിരക്കുകള്‍ ഉയര്‍ന്നതും രൂപയുടെ മൂല്യശോഷണത്തിനിടയാക്കി.

കൂനിന്മേല്‍ കുരുവായി
യു.എസ്. ബാങ്ക് തകര്‍ച്ച

റസ്‌കിന്‍ ബോണ്ടിന്റെ ഒരു കഥയുണ്ട്. ‘ ഒരു ബാങ്ക് തകര്‍ച്ചക്കിടയാക്കിയ പയ്യന്‍ ‘ എന്നാണു കഥയുടെ പേര്. അലക്കിക്കൊടുത്ത വസ്ത്രങ്ങള്‍ക്കു ഭര്‍ത്താവ് സ്ഥലത്തില്ലാത്തതിനാല്‍ കൂലി പിന്നെത്തരാമെന്നു പറഞ്ഞ ബാങ്ക് മാനേജരുടെ ഭാര്യയുടെ വാക്കുകള്‍ കേട്ട്, തോട്ടക്കാരനു ശമ്പളം നല്‍കാത്ത കഥയും പറഞ്ഞ് ‘ ബാങ്ക് പൊളിഞ്ഞേ ‘ എന്നു പറഞ്ഞുപരത്തിയ ഒരു പയ്യന്‍ ഒരു ചെറിയ ബാങ്കിന്റെ തകര്‍ച്ചക്കിടയാക്കിയ രസകരമായ കഥയാണിത്. അലക്കുകാരന്റേയും തോട്ടക്കാരന്റേയും വാക്കുകള്‍ കേട്ട നാട്ടുകാര്‍ ഇവയൊക്കെ പൊലിപ്പിച്ചുകാട്ടിയ പ്രചാരണത്തില്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കുകയാണ്. എന്തോ ആവശ്യത്തിനു നഗരം വിട്ട ബാങ്ക് മാനേജര്‍ തിരിച്ചെത്തുംമുമ്പുതന്നെ നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ ഏറെപ്പേര്‍ എത്തിയപ്പോള്‍ ബാങ്ക് പൊളിഞ്ഞു. ഇത്തരമൊരു അവസ്ഥയിലാണു യു.എസ്സിലെ ചെറുകിടബാങ്കുകളെന്നുതോന്നുംവിധമാണ് അവിടെനിന്നുള്ള വാര്‍ത്തകള്‍.

മാര്‍ച്ച് പകുതിയിലാണ് ആസ്തി-ബാധ്യതാ അനുപാതത്തിലെ ആശങ്കകളും നിക്ഷേപങ്ങള്‍ പിന്‍വലിക്കാനുള്ള ഇടപാടുകാരുടെ തിരക്കും കാരണം, സ്റ്റാര്‍ട്ടപ്പുകളുടെ ആശ്രയകേന്ദ്രം എന്നു കരുതപ്പെട്ട യു.എസ്സിലെ സിലിക്കോണ്‍ വാലി ബാങ്ക് മൂലധനപിന്‍ബലമില്ലാതെ സ്വയം പാപ്പരായി പ്രഖ്യാപിച്ചത്. സിലിക്കോണ്‍ വാലി ബാങ്കിന്റെ ഇടപാടുകാര്‍ പൂര്‍ണമായും വെഞ്ച്വര്‍ കാപ്പിറ്റല്‍ ഉടമകളും സ്റ്റാര്‍ട്ടപ്പുകളുമായിരുന്നു. 20,000 കോടി ഡോളര്‍ ആസ്തിയുള്ള യു.എസ്സിലെ മുന്‍നിരബാങ്കുകളില്‍ 16-ാം സ്ഥാനത്തായിരുന്നു സിലിക്കോണ്‍ വാലി ബാങ്ക് ( എസ്.വി.ബി. ). റസ്‌കിന്‍ ബോണ്ടിന്റെ കഥയില്‍ പറഞ്ഞതുപോലെ എസ്.വി.ബി.യിലെ നിക്ഷേപങ്ങള്‍ അത്ര സുരക്ഷിതമല്ല എന്ന പ്രചാരണത്തിലും ബോധ്യത്തിലും ഇടപാടുകാര്‍ തങ്ങളുടെ നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ തുടങ്ങിയതാണ് അതിന്റെ പെട്ടെന്നുള്ള തകര്‍ച്ചക്കു കാരണം. ഇതിനൊക്കെ അടിസ്ഥാനമായതോ യു.എസ്. കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പലിശഉയര്‍ത്തല്‍പദ്ധതിയും.

യുക്രെയിന്‍യുദ്ധവും കോവിഡ് മഹാമാരിക്കാലത്തു തുറന്നുവെച്ച ട്രഷറിസമ്പാദ്യങ്ങളും സൃഷ്ടിച്ച പണപ്പെരുപ്പത്തെ നേരിടാനാണു യു.എസ്സിലും യൂറോപ്പിലും സെന്‍ട്രല്‍ ബാങ്കുകള്‍ അടിസ്ഥാന പലിശനിരക്കുകള്‍ വര്‍ധിപ്പിച്ചത്. യു.എസ്സില്‍ ഒന്നര ശതമാനമായിരുന്ന അടിസ്ഥാനനിരക്ക് ഇന്നു വര്‍ധിപ്പിച്ചുവര്‍ധിപ്പിച്ച് നാലര ശതമാനത്തില്‍ എത്തിനില്‍ക്കുന്നു. ഇനിയും കാല്‍ ശതമാനമോ അര ശതമാനമോ അടിസ്ഥാനനിരക്കില്‍ വര്‍ധന വരുത്തുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. പണലഭ്യത കുറയ്ക്കാന്‍ അടിസ്ഥാനനിരക്കുകള്‍ ഉയര്‍ത്തുമ്പോള്‍ ഉയര്‍ന്ന കാലപരിധിയുള്ള ട്രഷറിബോണ്ടുകളുടെ വിലയിടിയുന്നത് ഇവ ആസ്തികളായി കരുതുന്ന ബാങ്കിങ്സ്ഥാപനങ്ങള്‍ക്കു തിരിച്ചടിയാകുമല്ലോ? സിലിക്കോണ്‍ വാലി ബാങ്കിനും സംഭവിച്ചതിതാണ്. ബാങ്കിന്റെ ആസ്തികളില്‍ ഭൂരിഭാഗവും ഉയര്‍ന്ന കാലപരിധിയുള്ള ട്രഷറിബോണ്ടുകളായിരുന്നു. പലിശനിരക്കുകള്‍ ഉയരുമ്പോള്‍ ചുരുങ്ങിയ പലിശനിരക്കുള്ള ട്രഷറിബോണ്ടുകളുടെ മൂല്യം ഇടിയുന്നതു സ്വാഭാവികം. സ്റ്റാര്‍ട്ടപ്പുകളുടെ ആശ്രയകേന്ദ്രമായ സിലിക്കോണ്‍ വാലി ബാങ്കിന്റെ ഇടപാടുകാരിലെ പുതുതലമുറ സാങ്കേതിക-സാമ്പത്തികമേഖലകളിലെ വളര്‍ച്ചയിലുണ്ടായ തിരിച്ചടി കാരണം തങ്ങളുടെ നിക്ഷേപം പിന്‍വലിക്കുന്നതിനിടയാക്കി. സാധാരണനിലയില്‍ ഭദ്രമായ ആസ്തിയുള്ള സിലിക്കോണ്‍ വാലി ബാങ്കിന് ഇതത്ര തലവേദനയല്ല. എന്നാല്‍, അതിസമ്പന്നരും വാണിജ്യ-സാമ്പത്തികസാധ്യതകളുടെ ഗതി തിരിച്ചറിയുന്നവരുമായ ഈ ഇടപാടുകാര്‍ക്കു നീണ്ട കാലയളവില്‍ തങ്ങളുടെ നിക്ഷേപങ്ങള്‍ക്കു വേണ്ടത്ര മൂല്യമുണ്ടാവില്ല എന്ന തിരിച്ചറിവ് സ്വാഭാവികമാണല്ലോ ? അവര്‍ ഒന്നിനുപിന്നാലെ ഒന്നായി തങ്ങളുടെ നിക്ഷേപം പിന്‍വലിക്കാന്‍ തുടങ്ങി. പുതുതലമുറവെഞ്ച്വര്‍ കാപ്പിറ്റലുകളാവട്ടെ തളരുന്ന സ്ഥാപനങ്ങള്‍ക്കു കൂടുതല്‍ പണം നല്‍കാന്‍ മടിയും കാണിച്ചു. ഇതോടെ, തങ്ങളുടെ കൈവശമുള്ള ഉയര്‍ന്ന കാലപരിധിയുള്ള ട്രഷറിബോണ്ടുകള്‍ നഷ്ടത്തില്‍ വില്‍ക്കാന്‍ സിലിക്കോണ്‍ വാലി ബാങ്കിനു തയാറാകേണ്ടിവന്നു. ഇതാണു യഥാര്‍ഥത്തില്‍ ഈ ബാങ്കിനു സംഭവിച്ചത്. തങ്ങളുടെ ഇടപാടുകളുടെ വ്യാപ്തി ചുരുക്കുകയും ആസ്തി ദീര്‍ഘകാലബോണ്ടുകളില്‍ പരിമിതപ്പെടുത്തുകയും ചെയ്തതാണു ബാങ്കിന്റെ തിരിച്ചടിക്കു കാരണമായത്. പണപ്പെരുപ്പത്തെത്തുടര്‍ന്നു യു.എസ്. അടിസ്ഥാനനിരക്കുകള്‍ ഉയര്‍ത്തിയത് ഇതിനെല്ലാം ആക്കം കൂട്ടുകയും ചെയ്തു.

നിക്ഷേപകര്‍ക്ക്
ആശ്വാസം കിട്ടിയേക്കും

സിലിക്കോണ്‍ വാലി ബാങ്കിന്റെ രണ്ടര ലക്ഷം ഡോളറിലേറെയുള്ള നിക്ഷേപങ്ങള്‍ ബാങ്കിന്റെ ആസ്തിതന്നെ വിറ്റ് ഇടപാടുകാര്‍ക്കു കൊടുത്തു തീര്‍ക്കാനാവുമെന്നു ബാങ്കിന്റെ ആസ്തികള്‍ ഏറ്റെടുത്ത ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ( ബാങ്കുതകര്‍ച്ചകളില്‍ നിക്ഷേപകരെ രക്ഷിക്കാനുള്ള ഇന്‍ഷുറന്‍സ് സംവിധാനം ) പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടര ലക്ഷം ഡോളര്‍വരെയുള്ള നിക്ഷേപങ്ങള്‍ക്കു സ്വാഭാവിക ഇന്‍ഷുറന്‍സ് സംരക്ഷണമുണ്ട്. ഏതായാലും, വൈകിയാണെങ്കിലും ബാങ്കിങ്‌മേഖലയിലെ നിയന്ത്രണസംവിധാനങ്ങളുടെ ഇടപെടലില്‍ സിലിക്കോണ്‍ വാലി ബാങ്ക് നിക്ഷേപകര്‍ക്ക് ആശ്വാസം ലഭിക്കുമെങ്കില്‍ ബാങ്കിന്റെ ഓഹരിഉടമകള്‍ക്കു ഈ ആനുകൂല്യമൊന്നും തല്‍ക്കാലമുണ്ടാവില്ല.

സിലിക്കോണ്‍ വാലി ബാങ്കിനു പിന്നാലെ, പലിശനിരക്കുകള്‍ ഉയരുന്നതിന്റെ മറ്റൊരു രക്തസാക്ഷിയായി ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു ബാങ്കും സ്വയം പാപ്പരായി പ്രഖ്യാപിച്ചു. 11,036 കോടി ഡോളര്‍ ആസ്തിയും 8850 കോടി ഡോളര്‍ നിക്ഷേപവുമുള്ള സിഗ്നേച്ചര്‍ ബാങ്കാണ് ആസ്തികള്‍ ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷെ ഏല്‍പ്പിച്ച് സ്വയം പാപ്പരായി പ്രഖ്യാപിച്ചത്. ഫെഡറല്‍ അധികൃതരുടെ പെട്ടെന്നുള്ള ഇടപെടല്‍ ഏതായാലും ഈ നിക്ഷേപകര്‍ക്ക് ആശ്വാസമാവും. ഇതിനു പിന്നാലെ റിപ്പബ്ലിക്ക് തുടങ്ങി ഒട്ടേറെ ചെറുകിട ബാങ്കുകള്‍ മൂലധനപ്രതിസന്ധി നേരിടുകയാണെന്നു യു.എസ്സില്‍ നിന്നുള്ള വാര്‍ത്തകളില്‍ പറയുന്നു. ഫസ്റ്റ് റിപ്പബ്ലിക് ബാങ്കാണ് ഇവയ്ക്കു പിന്നാലെ തകര്‍ച്ചയിലേക്കു നീങ്ങുന്ന മറ്റൊരു ബാങ്ക്. ഓഹരിവിലയില്‍ 73 ശതമാനം ഇടിവുണ്ടായ ഫസ്റ്റ് റിപ്പബ്ലിക്കിനെ രക്ഷിക്കാനായി യു.എസ്സിലെ പ്രമുഖ ബാങ്കുകള്‍ രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് മഹാമാരിക്കാലത്തെ കൈയയച്ച പണലഭ്യതയും യുക്രെയിന്‍ യുദ്ധം സൃഷ്ടിച്ച വിലക്കയറ്റവും പലിശനിരക്കുകള്‍ ഉയര്‍ത്തുന്നതിലേക്കെത്തിച്ച പ്രതിസന്ധി പരിഹാരമില്ലാതെ പാശ്ചാത്യ സാമ്പത്തിക വ്യവസ്ഥയെ മാന്ദ്യത്തിലേക്കു നയിച്ചേക്കുമെന്നു ആശങ്കപ്പെടുന്നവര്‍ ചുരുക്കമല്ല.

ടെക്‌നോളജി കമ്പനികളില്‍
പിരിച്ചുവിടല്‍ തുടരുന്നു

ചെലവു ചുരുക്കല്‍, പ്രധാന ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍, അധികബാധ്യതകള്‍ ഒഴിവാക്കല്‍ എന്നിങ്ങനെ പ്രവര്‍ത്തനമികവു മെച്ചപ്പെടുത്തുന്നതു ലക്ഷ്യമിട്ട്് ആഗോളതലത്തില്‍ ടെക്‌നോളജി കമ്പനികള്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച പിരിച്ചുവിടല്‍ ഈ വര്‍ഷവും തുടരുന്നു. യു.എസ്. കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് ഇക്കാര്യങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നതെങ്കിലും യൂറോപ്പിലും ചൈനയിലും ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. യു.എസ്സില്‍ ആഗോളഭീമന്മാരായ ടെക് കമ്പനികള്‍ 2022 ല്‍ 1,40,000 തൊഴിലുകളാണു വെട്ടിക്കുറച്ചത്. അത്രതന്നെ ജീവനക്കാരെ പിരിച്ചുവിട്ടുവെന്നു ചുരുക്കത്തില്‍ പറയാം. ഈ വര്‍ഷം മാര്‍ച്ചായതോടെ എല്ലാ ടെക് കമ്പനികളുടെയും കണക്കുകള്‍ ശേഖരിച്ചാല്‍ 1,06,000 ജീവനക്കാരെ ആഗോളതലത്തില്‍ പിരിച്ചുവിട്ടുകഴിഞ്ഞു. ഇതു വിവിധ കമ്പനികളുടെ അറിയിപ്പുകളും തൊഴില്‍ ബന്ധപ്പെട്ടുള്ള പഠനസ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടുകളും അടിസ്ഥാനമാക്കിയ വിവരമാണ്. യഥാര്‍ഥ പിരിച്ചുവിടല്‍, അഥവാ തൊഴില്‍ ഒഴിവാക്കല്‍, ഇതിലേറെ വരും.

ഫേസ്ബുക്കിന്റെ ഉടമകളായ മെറ്റയാണു മാര്‍ച്ച് ആദ്യം ഈ വര്‍ഷംതന്നെ മാനേജ്‌മെന്റ്തലത്തില്‍ ഉള്‍പ്പെടെ 10,000 തൊഴിലവസരങ്ങള്‍ വെട്ടിക്കുറക്കുകയാണെന്നു പ്രഖ്യാപിച്ചത്. ഇതിനൊപ്പം, 5000 പേരെ പുതുതായി തിരഞ്ഞെടുക്കാനുള്ള പദ്ധതി തല്‍ക്കാലം നിര്‍ത്തിവെക്കുന്നതായും അവര്‍ പ്രഖ്യാപിച്ചു. ആഗോളതലത്തില്‍ 15 ലക്ഷം ജീവനക്കാരുള്ള ആമസോണ്‍ തങ്ങളുടെ കീഴിലുള്ള 18,000 ജീവനക്കാരെ ഒഴിവാക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റിന്റെ പ്രഖ്യാപനം 10,000 തൊഴില്‍ ഒഴിവാക്കലാണ്. ആകെ ജീവനക്കാരില്‍ അഞ്ചു ശതമാനം വരുമിത്. ഗൂഗിള്‍ ഉടമസ്ഥരായ ആല്‍ഫബെറ്റും തങ്ങളുടെ ജീവനക്കാരില്‍ ആറു ശതമാനം വരുന്ന 12,000 പേരെ ഈ വര്‍ഷം ഒഴിവാക്കും. ടെസ്‌ലയുടെ ഉടമയായ എലോണ്‍ മസ്‌ക് ഏറ്റെടുത്തതിനു പിന്നാലെ ട്വിറ്റര്‍ തങ്ങളുടെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കുന്നതുള്‍പ്പെടെയുള്ള നടപടികളെടുത്തത് ആഗോളതലത്തില്‍ വാര്‍ത്തയായതു കഴിഞ്ഞ വര്‍ഷം അവസാനമാണ്.

കാരണമായത്
കോവിഡ്കാലത്തെ വളര്‍ച്ച

യഥാര്‍ഥത്തില്‍ ആപ്പ്ള്‍, മൈക്രോസോഫ്റ്റ്, ആല്‍ഫബെറ്റ്, മെറ്റ എന്നു തുടങ്ങി ടെസ്‌ലയും ആമസോണും വരെ ഇങ്ങനെ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതിനു അടിസ്ഥാനകാരണം തിരയേണ്ടതു കോവിഡ് മഹാമാരിയെത്തുടര്‍ന്നുണ്ടായ രണ്ടു വര്‍ഷത്തെ അടച്ചിടലിനിടയില്‍ ടെക് കമ്പനികള്‍ക്കുണ്ടായ അസാധാരണമായ വളര്‍ച്ചയിലാണ്. ലോകമാകെ വീട്ടിലിരുന്നു ജോലിചെയ്യല്‍ വ്യാപകമായതോടെ ടെക്‌നോളജി കമ്പനികളുടെ ബിസിനസ്സില്‍ വലിയ വളര്‍ച്ചയുണ്ടായി. അതിനൊപ്പംതന്നെ തങ്ങളുടെ ജീവനക്കാരുടെ എണ്ണം അവര്‍ വ്യാപകമായ റിക്രൂട്ട്‌മെന്റിലൂടെ വര്‍ധിപ്പിക്കുകയും ചെയ്തു. ഇതിനൊക്കെ സഹായകമായി യു.എസ്സിലും യൂറോപ്പിലും സര്‍ക്കാര്‍തലത്തില്‍ത്തന്നെ സ്വകാര്യ സംരംഭകര്‍ക്ക് എളുപ്പത്തില്‍ പണവും മൂലധനവും ലഭ്യമാക്കുകയും ചെയ്തു. അന്നത്തെ അടിയന്തര സാഹചര്യത്തിലെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനും സമ്പദ്‌വ്യവസ്ഥക്കും കമ്പനികള്‍ക്കും ഇന്നു ബാധ്യതയായി മാറിയതാണു തൊഴില്‍ വെട്ടിക്കുറക്കുന്നതില്‍ ടെക്‌നോളജി കമ്പനികളെ എത്തിച്ചത്.

യു.എസ്സിലും യൂറോപ്പിലും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ പലിശനിരക്കുയര്‍ത്തിയതു കമ്പനികളുടെ നടത്തിപ്പുചെലവ് വര്‍ധിപ്പിച്ചു. ലാഭത്തില്‍ ഇടിവുണ്ടാക്കി. കമ്പനികളുടെ യഥാര്‍ഥ ഓഹരിവിലയില്‍ ഇടിവിനും കാരണമായി. ഇത്തരം സാഹചര്യത്തില്‍ എല്ലാ കമ്പനികളും തങ്ങളുടെ സമ്പദ് സ്ഥിതിയും ആരോഗ്യവും മെച്ചപ്പെടുത്താന്‍ 2023 നെ മികവു മെച്ചപ്പെടുത്താനുള്ള അവസരമായി പ്രഖ്യാപിക്കുന്നു. ഫേസ്ബുക്ക് ഉടമയായ മെറ്റയുടെ സി.ഇ.ഒ. മാര്‍ക്ക് സുക്കര്‍ബര്‍ഗ് മികവു മെച്ചപ്പെടുത്താനാണ് അധികബാധ്യതകള്‍ ഒഴിവാക്കി തങ്ങളുടെ യഥാര്‍ഥ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന വിശദീകരണത്തോടെയാണു തൊഴില്‍ ഒഴിവാക്കല്‍ പ്രഖ്യാപിക്കുന്നത്. പാശ്ചാത്യ സമ്പദ്‌വ്യവസ്ഥയിലെ തിരിച്ചടികളാണ് ഇതിന് കമ്പനികളെ പ്രേരിപ്പിക്കുന്നത്. അത്ര പ്രാധാന്യമില്ലാത്ത പുതിയ പദ്ധതികള്‍ വേണ്ടെന്നുവെക്കുക, തൊഴില്‍ശ്രേണിയില്‍ മധ്യതല മാനേജ്‌മെന്റിന്റെ അധികമായ കൊഴുപ്പൊഴിവാക്കി സ്ലിം ആക്കുക, പുതിയ റിക്രൂട്ട്‌മെന്റുകള്‍ തല്‍ക്കാലം നിര്‍ത്തിവെക്കുക എന്നിവയൊക്കെയാണു മെറ്റ ലക്ഷ്യമിടുന്നത്. ഗൂഗിള്‍, ആമസോണ്‍, ട്വിറ്റര്‍ തുടങ്ങി രാജ്യത്തെ വിദ്യാഭ്യാസ ഓണ്‍ലൈന്‍ കമ്പനിയായ ബൈജൂസ് വരെ ഈ ദിശയിലാണു തങ്ങളുടെ ബിസിനസ് പ്ലാനുകള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്.

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!