ആന്റിവെനം നിര്‍മിക്കാന്‍ പാമ്പിന്‍വിഷം ശേഖരിക്കുന്ന സഹകരണ സംഘം

വി.എന്‍. പ്രസന്നന്‍

പാമ്പുപിടിത്തം തൊഴിലാക്കിയ ഇരുള ഗോത്ര വര്‍ഗക്കാര്‍ക്കായി 44 കൊല്ലം മുമ്പ് തമിഴ്‌നാട്ടില്‍ രൂപംകൊണ്ട സഹകരണ സംഘത്തിന്റെ
വാര്‍ഷിക വിറ്റുവരവ് നാലു കോടി രൂപയാണ്. സ്ത്രീകളടക്കം 350 അംഗങ്ങളുള്ള ഈ സംഘത്തിലെ രണ്ടു പാമ്പുപിടിത്തക്കാരെ ഈയിടെ രാജ്യം പദ്മശ്രീ നല്‍കി ആദരിക്കുകയുണ്ടായി.

പാമ്പുപിടിത്തക്കാരുടെ സഹകരണസംഘം. വിചിത്രമെന്നു തോന്നുമെങ്കിലും അത്തരമൊന്നു തമിഴ്‌നാട്ടിലുണ്ട്. പാമ്പുപിടിത്തം തൊഴിലാക്കിയ ഇരുള ഗോത്രവര്‍ഗക്കാരുടെതാണിത്. കാഞ്ചീപുരം ജില്ലയിലുള്ള ഈ സഹകരണസംഘമാണു പാമ്പിന്‍വിഷത്തിനു കുത്തിവെപ്പിനുള്ള ആന്റിവെനം നിര്‍മിക്കാന്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പാമ്പിന്‍വിഷം നല്‍കുന്ന സ്ഥാപനം.

ഗോത്രവര്‍ഗക്കാരുടെ ദുരിതം പറഞ്ഞറിയിക്കേണ്ടതില്ല. ഇരുളഗോത്രത്തിലെ ചിലര്‍ അനുഭവിച്ച മനുഷ്യാവകാശലംഘനമാണു പ്രശസ്തമായ ‘ജയ്ഭീം’ സിനിമയുടെ ഇതിവൃത്തം. നിയമവിരുദ്ധമാണെങ്കിലും ഇന്നും പലേടത്തും തുടരുന്ന നിര്‍ബന്ധിത അടിമത്തൊഴിലിന്റെയും ഇരകളാണവര്‍. കടബാധ്യതമൂലം നിര്‍ബന്ധിത അടിമത്തൊഴില്‍ ചെയ്തിരുന്ന നിരവധി ഇരുളരെ തമിഴ്‌നാടിന്റെ വിവിധഭാഗങ്ങളില്‍നിന്നു സബ് കളക്ടര്‍ പ്രഭുശങ്കര്‍ തങ്കരാജ് ഗുണാളന്‍ മോചിപ്പിച്ച് തിരുവണ്ണാമലയിലെ അബ്ദുള്‍കലാംപുരത്തു വീടുകളും തൊഴിലുമൊരുക്കി പുനരധിവസിപ്പിച്ചത് അടുത്ത കാലത്താണ്്. ഇതെത്തുടര്‍ന്നു തിരുവണ്ണാമലയിലും ഇരുളരുടെ പാമ്പുപിടിത്ത സഹകരണസംഘത്തിന് അനുമതിയായിട്ടുണ്ട്. എങ്കിലും, ഏറ്റവും അറിയപ്പെടുന്നതു തമിഴ്‌നാട് തലസ്ഥാനമായ ചെന്നൈയ്ക്കും ചരിത്രനഗരമായ മഹാബലിപുരത്തിനുമടുത്തുള്ള കാഞ്ചീപുരത്തെ വടനെമ്മേലിയിലുള്ള ഇരുള സ്‌നേക്ക് കാച്ചേഴ്‌സ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ( ഐ.എസ്.സി.ഐ.സി.എസ് ) യാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ പാമ്പുകടിയേറ്റുമരിക്കുന്ന ഇന്ത്യയില്‍ വിഷചികിത്സാരംഗത്തു വിപ്ലവകരമായ മാറ്റമാണ് ഈ സംഘം വലിയതോതില്‍ പാമ്പിന്‍വിഷം ലഭ്യമാക്കുകവഴി സാധിച്ചത്. 160 സ്ത്രീകളടക്കം 350 അംഗങ്ങളുള്ള ഈ സംഘത്തിന്റെ വാര്‍ഷിക വിറ്റുവരവ് നാലു കോടി രൂപയാണ്. ക്ഷണിക്കപ്പെട്ടതനുസരിച്ച് അമേരിക്കയിലും തായ്‌ലന്റിലുംവരെ പോയി പാമ്പുപിടിത്തം നടത്തിയിട്ടുള്ള ഈ സംഘത്തിലെ രണ്ട് അംഗങ്ങളെ ഈ വര്‍ഷം റിപ്പബ്ലിക്ദിനത്തോടനുബന്ധിച്ചു പദ്മശ്രീ നല്‍കി രാഷ്ട്രം ആദരിച്ചു. വടിവേല്‍ ഗോപാല്‍, മാസി സദയ്യന്‍ എന്നിവരാണിവര്‍.

സലിം അലിയും
വിട്ടേക്കറും

അമേരിക്കയില്‍ ജനിച്ച് ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ പരിസ്ഥിതിപ്രവര്‍ത്തകനും പദ്മശ്രീജേതാവും എഴുത്തുകാരനും മുതലകളെ സംരക്ഷിക്കാനുള്ള മദ്രാസ് ക്രൊക്കഡൈല്‍ ട്രസ്റ്റിന്റെ സ്ഥാപകനുമായ റോമുലസ് വിട്ടേക്കറാണു സംഘത്തിന്റെ സ്ഥാപകന്‍. മദ്രാസ് ക്രൊക്കഡൈല്‍ ബാങ്ക് ട്രസ്റ്റിന്റെ വളപ്പിലാണു സംഘം പ്രവര്‍ത്തിക്കുന്നത്. നിരവധി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങളാണിവ. പ്രമുഖ പക്ഷിനിരീക്ഷകനായിരുന്ന സലിംഅലി രക്ഷാധികാരിയായാണു സംഘം സ്ഥാപിക്കപ്പെട്ടത്. ചെങ്കല്‍പേട്ട് ജില്ലയിലാണു സംഘം രൂപംകൊണ്ടത്. ജില്ല വിഭജിച്ചപ്പോള്‍ കാഞ്ചീപുരം ജില്ലയുടെ ഭാഗമായി. അരിവാള്‍പോലെ വളഞ്ഞ അഗ്രമുള്ള ഇരുമ്പദണ്ഡും അറ്റം കുറച്ചുവളഞ്ഞ മറ്റൊരു ദണ്ഡും ചാക്കുമായി പാമ്പുപിടിക്കാനിറങ്ങുന്ന ഇവര്‍ പാമ്പുകളെക്കുറിച്ചു മാത്രമല്ല വനത്തിലെ ഉരഗവര്‍ഗങ്ങളെയും ഔഷധസസ്യങ്ങളെയും കുറിച്ചുള്ള പാരമ്പര്യവിജ്ഞാനത്തിന്റെ വലിയ സ്രോതസ്സുകളാണ്. തലമുറതലമുറകളായി കൈമാറിക്കിട്ടുന്നതാണ് ഈ വൈദഗ്ധ്യവും വിജ്ഞാനവും. എലികളെ ഭക്ഷണമാക്കുന്ന ഇവരുടെ സേവനം കൃഷിയിടങ്ങളിലെ എലിനിവാരണത്തിനും ഏറെ പ്രയോജനകരം.

പാമ്പുപിടിക്കുന്ന സംഘത്തില്‍ രണ്ടുപേരെങ്കിലുമുണ്ടാകും. ചിലപ്പോഴൊക്കെ ഇവര്‍ക്കു പാമ്പുകടി ഏല്‍ക്കാറുണ്ട്. സഹകരണസംഘമാണു ചികിത്സച്ചെലവു വഹിക്കുക. പാമ്പുകളെ പിടിച്ചു ക്രൊക്കഡൈല്‍ ബാങ്കിനടുത്തുള്ള സ്‌നേക്പാര്‍ക്കിലെ സഹകരണവിഷകേന്ദ്രത്തില്‍ കൊണ്ടുവന്നു വായുകടക്കുന്ന കോട്ടണ്‍തുണികൊണ്ടു മൂടി ഭദ്രമായി കെട്ടിയ മണ്‍കുടങ്ങളിലാക്കും. കുടത്തില്‍ പകുതി മണ്ണായിരിക്കും. ഓരോ പാമ്പിനെയും ഒരു മാസത്തോളം അതില്‍ സൂക്ഷിച്ച് ഓരോ ആഴ്ചയും ഓരോ തവണവീതം നാലു പ്രാവശ്യം വിഷമെടുക്കും. പുറത്തെടുത്തു വാമൂടിക്കെട്ടിയ പ്രത്യേകതരം ജാറുകളുടെ മൂടിക്കെട്ടിയ ഭാഗത്തു കടിപ്പിച്ചാണു വിഷം എടുക്കുക. കടിക്കുമ്പോള്‍ വിഷം തുള്ളിയായി ഊര്‍ന്നു ജാറിലേക്ക് ഒഴുകിവീഴാന്‍ സഹായകമായതരം വസ്തുകൊണ്ടാണു ജാര്‍ മൂടിക്കെട്ടുക. അതിനുശേഷം പാമ്പിനെ വനത്തില്‍ കൊണ്ടുവിടും. വിഷമെടുത്ത പാമ്പിനെ തിരിച്ചറിയാന്‍ ശല്‍ക്കത്തില്‍ അടയാളമിടും. മൂന്നുനാലു തവണ പടംപൊഴിച്ചാലേ ഈ അടയാളം മാറൂ. വിട്ട പാമ്പിനെ വീണ്ടും പിടിച്ചാലും ഈ അടയാളംകൊണ്ടു തിരിച്ചറിയാം. 800 വരെ പാമ്പുകളെ ഇവിടെ സൂക്ഷിക്കാന്‍ സംഘത്തിന് അനുമതി ലഭിക്കാറുണ്ട്. ശരാശരി 600 പാമ്പുകളെ ഇവിടെ സൂക്ഷിക്കാറുണ്ട്. പാമ്പുകളെ സൂക്ഷിച്ചിരിക്കുന്നതും വിഷമെടുക്കുന്നതും സന്ദര്‍ശകര്‍ക്കു കാണാം. ഇതിനു ഫീസുണ്ട്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വെവ്വേറെയാണു നിരക്ക്.

ഓരോയിനം പാമ്പിനും നിശ്ചയിച്ചിട്ടുള്ള വില പാമ്പിനെ കൊണ്ടുവരുന്നവര്‍ക്കു സഹകരണസംഘം നല്‍കും. വിഷം ആന്റിവെനം ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികള്‍ക്കു വില്‍ക്കും. ഗവേഷണാവശ്യങ്ങള്‍ക്കായി ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളും പാമ്പിന്‍വിഷം വാങ്ങാറുണ്ട്. ഇതില്‍നിന്നുള്ള വരുമാനത്തിന്റെ 25 ശതമാനം വനംവകുപ്പിനാണ്. രാജവെമ്പാലയുടെ വിഷത്തിനാണ് ഏറ്റവും വില. വിഷം മാരകമല്ലാത്ത അളവില്‍ കുതിരകളില്‍ കുത്തിവയ്ക്കുമ്പോള്‍ അവയുടെ ശരീരത്തില്‍ ആന്റിബോഡി ഉല്‍പ്പാദിപ്പിക്കപ്പെടും. അവയുടെ രക്തസിറത്തില്‍നിന്ന് ആന്റിബോഡി വേര്‍തിരിച്ച് സംസ്‌കരിച്ചാണു കുത്തിവെപ്പിനായി ആന്റിവെനം നിര്‍മിക്കുന്നത്.

പാമ്പുപിടിത്തം
എട്ടു മാസം

ഓരോ വര്‍ഷവും പിടിക്കാവുന്ന പാമ്പുകളുടെ എണ്ണം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണു നിശ്ചയിച്ച് അനുമതി നല്‍കുക. ആഗസ്റ്റ് മുതല്‍ മാര്‍ച്ച് വരെയേ പിടിക്കാന്‍ അനുവദിക്കൂ. നാലിനം പാമ്പുകളെ പിടിക്കാനാണു ലൈസന്‍സ് നല്‍കുക. മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍, ചേനത്തണ്ടന്‍, ചുരുട്ടുമണ്ഡലി എന്നിവയാണിവ. വിഷമില്ലാത്തവയെ വിടും. കമ്പനികളും ഫാക്ടറികളും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമൊക്കെ തങ്ങളുടെ വളപ്പുകളിലെ പാമ്പുകളെ പിടിക്കാന്‍ സംഘത്തെ സമീപിക്കാറുണ്ട്. അതും സംഘത്തിനു വരുമാനമാണ്.

ഇതൊക്കെ സംഘം നിലവില്‍വന്നശേഷമുള്ള കാര്യം. 1972 ലെ വന്യജീവി സംരക്ഷണനിയമപ്രകാരം 1976 ല്‍ പാമ്പിന്‍തോല്‍ കച്ചവടവും കയറ്റുമതിയും നിരോധിക്കുംവരെ പാമ്പുകളെ പിടിച്ചു തോല്‍ വിറ്റാണ് ഇവര്‍ ജീവിച്ചിരുന്നത്. ഇവര്‍ക്കു നിസ്സാരത്തുക മാത്രം നല്‍കി പാമ്പിന്‍തോല്‍ വാങ്ങി തുകല്‍വ്യവസായികളും മറ്റും വലിയ ലാഭമുണ്ടാക്കിയിരുന്നു. പാമ്പിന്‍തോല്‍ കച്ചവടവും കയറ്റുമതിയും നിരോധിച്ചതോടെ ആയിരക്കണക്കിന് ഇരുളര്‍ തൊഴില്‍രഹിതരായി. ഈ സാഹചര്യത്തിലാണ് ഇവരുടെ പാമ്പുപിടിത്തവൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സഹകരണസംഘം രൂപവത്കരിച്ചാല്‍ ഇവര്‍ക്കു ജീവിതമാര്‍ഗമാകുമല്ലോ എന്നു വിട്ടേക്കര്‍ ചിന്തിച്ചത്. അവരെ ഒരുമിച്ചുകൊണ്ടുവരാന്‍ വിട്ടേക്കറെ സഹായിച്ചത് അവരിലൊരാളായിരുന്ന ചൊക്കലിംഗമായിരുന്നു. തമിഴ്‌നാട് വ്യവസായ, വനംവകുപ്പുകളുടെ അധികൃതരുമായി വിട്ടേക്കര്‍ നടത്തിയ ചര്‍ച്ചകളിലും ചൊക്കലിംഗം പങ്കെടുത്തു. സാമൂഹികപ്രവര്‍ത്തകയായ രേവതി മുഖര്‍ജിയും സക്രിയം സഹകരിച്ചു.

സംഘം രൂപവത്കരിക്കാന്‍ ഏറെ തടസ്സമുണ്ടായി. പാമ്പുപിടിക്കാന്‍ വനംവകുപ്പ് ഇരുളര്‍ക്കു ലൈസന്‍സ് നല്‍കിയില്ല. പാമ്പുകളെ കൊല്ലില്ലെന്നും വിഷം എടുത്തിട്ടു വനത്തില്‍ തിരികെ വിടുമെന്നും അധികൃതരെ ബോധ്യപ്പെടുത്താന്‍ അവര്‍ ബുദ്ധിമുട്ടി. അതിനാല്‍ സലിംഅലിയോടു സംഘത്തിന്റെ രക്ഷാധികാരിയാകാമോ എന്നു വിട്ടേക്കര്‍ ആരാഞ്ഞു. അദ്ദേഹം സമ്മതിച്ചു. അങ്ങനെ 1978 ഡിസംബര്‍ 19 നു സംഘം രജിസ്റ്റര്‍ ചെയ്തു. ഇരുള സഹകരണവിഷകേന്ദ്രം ( ഇരുള കോ-ഓപ്പറേറ്റീവ് വെനം സെന്റര്‍ ) ആണു സ്ഥാപിച്ചത്. ഐ.എസ്.സി.ഐ.സി.എസ്. എന്നാണ് ഔദ്യോഗികനാമം. ആദ്യകാലത്തു വിട്ടേക്കറായിരുന്നു പ്രസിഡന്റ്. തമിഴ്‌നാട് വ്യവസായ-വാണിജ്യവകുപ്പു കമ്മീഷണറാണു വ്യവസായ സഹകരണസംഘങ്ങളുടെ രജിസ്ട്രാര്‍. മലയാളിയായ ഐ.എ.എസ്. ഉദ്യോഗസ്ഥ സിജി തോമസ് വൈദ്യനാണ് ഈ സ്ഥാനത്തുള്ളത്. ഏപ്രിലില്‍ എറണാകുളം മറൈന്‍ഡ്രൈവില്‍ സഹകരണവകുപ്പു സംഘടിപ്പിച്ച എക്‌സ്‌പോ 2023 ലെ ഒരു സെമിനാറില്‍ തമിഴ്‌നാട്ടിലെ സഹകരണരംഗത്തെക്കുറിച്ച് അവതരിപ്പിച്ച പ്രബന്ധത്തില്‍ അവര്‍ ഈ സഹകരണസംഘത്തെക്കുറിച്ചു പരാമര്‍ശിച്ചിരുന്നു. തിരുവണ്ണാമലയിലും ഇരുളരായ പാമ്പുപിടിത്തക്കാരുടെ സഹകരണസംഘം വരുന്ന കാര്യവും അന്ന് അവര്‍ അറിയിച്ചിരുന്നു. കാഞ്ചീപുരം ജില്ലാ വ്യവസായ സഹകരണഓഫീസര്‍ക്കാണ് ഐ.എസ.്‌സി.ഐ.സി.എസ്സിന്റെ ഭരണനിര്‍വഹണച്ചുമതല. സംഘത്തിന്റെ സെക്രട്ടറിയാണു മാനേജരായി പ്രവര്‍ത്തിക്കുക. അംഗങ്ങളില്‍ നല്ലൊരു ഭാഗവും പാമ്പുപിടിത്തത്തിനു ലൈസന്‍സുള്ളവരാണ്. വര്‍ഷാവസാനം ലാഭം അംഗങ്ങള്‍ക്കു വീതിക്കും.

കോവിഡ് രൂക്ഷമായ കാലത്തു പാമ്പുപിടിക്കാന്‍ അനുമതി കൊടുത്തില്ല. ഇതും കോവിഡ് അടച്ചുപൂട്ടലും ഇരുളരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാക്കി. സന്നദ്ധസംഘടനകളുടെ സഹായവും സൗജന്യറേഷനുമായിരുന്നു ആശ്രയം. ഓരോ വര്‍ഷവും സഹകരണസംഘം ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്കു പാമ്പുപിടിത്താനുമതിക്കുളള അപേക്ഷയടങ്ങിയ പ്രൊപ്പോസല്‍ അയക്കുകയും അത് അംഗീകരിച്ചുവരികയുമാണു പതിവ്. എണ്ണായിരവും പതിമൂവായിരവും പാമ്പുകളെ വരെ പിടിക്കാന്‍ അനുമതി കിട്ടിയ വര്‍ഷങ്ങളുണ്ട്. പിടിക്കാവുന്ന പാമ്പുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ അടുത്തകാലത്തു വനംവകുപ്പ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. അതുകൊണ്ടു ശരാശരി അയ്യായിരത്തോളം പാമ്പുകളെയാണു പിടിക്കാന്‍ അനുമതി ലഭിക്കാറുള്ളത്്. ഇതു വരുമാനം കുറച്ചു. 2021-22 ല്‍ 30 ലക്ഷം രൂപയുടെ വിഷമാണു വില്‍ക്കാനായത്. വരുമാനക്കുറവിനെത്തുടര്‍ന്നു 2022 ല്‍ 54 ലക്ഷം രൂപയുടെവരെ വിഷംവില്‍പ്പന സാധ്യമാവുന്നത്ര പാമ്പുകളെ പിടിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

വിദേശങ്ങളിലും
സേവനം

പദ്മശ്രീ ലഭിച്ച മാസി സദയ്യനും വടിവേല്‍ ഗോപാലും 2017 ഫെബ്രുവരിയില്‍ അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ബര്‍മീസ് പെരുമ്പാമ്പുകളെ പിടിക്കാന്‍ കമ്മീഷന്‍ ചെയ്യപ്പെട്ടിരുന്നു. എവര്‍ഗ്ലേഡ്‌സ് ദേശീയോദ്യാനത്തില്‍ ബര്‍മീസ് പെരുമ്പാമ്പുകള്‍ വല്ലാതെ വര്‍ധിച്ചതു വംശനാശംനേരിടുന്ന ഉരഗങ്ങള്‍ക്കു ഭീഷണിയായതിനെത്തുടര്‍ന്നായിരുന്നു ഇത്. വളരെ നീളമുള്ള പാമ്പുകളിലൊന്നാണു ബര്‍മീസ് പാമ്പുകള്‍. രണ്ടു മാസംകൊണ്ടു 34 പെരുമ്പാമ്പുകളെ ഇവര്‍ പിടിച്ചു. ചെന്നൈയിലെ യു.എസ്. കോണ്‍സുലേറ്റ് അക്കാലത്ത് ഇവരുടെ സേവനത്തെ പ്രശംസിച്ചത് ഇങ്ങനെ: ”തമിഴ്‌നാട്ടിലെ ഇരുളഗോത്രത്തിലെ പാമ്പുപിടിത്തക്കാരായ മാസി സദയ്യനും വടിവേല്‍ ഗോപാലും ഫ്‌ളോറിഡയിലെ വന്യജീവിവ്യവസ്ഥയെ പെരുമ്പാമ്പുകളില്‍നിന്നു സംരക്ഷിച്ചുകൊണ്ട് യുണൈറ്റഡ് സ്റ്റേറ്റ്‌സിലുണ്ട്. അവര്‍ വരുംമുമ്പ,് അമേരിക്കന്‍വിദഗ്ധര്‍ പാമ്പുകളെ മണത്തറിയുന്ന നായകളെയും പെരുമ്പാമ്പുകളെക്കുറിച്ചു വിവരം നല്‍കുന്ന റേഡിയോടാഗ് പിടിപ്പിച്ച പാമ്പുകളെയും, എന്തിന് വേട്ടക്കാരെയുമടക്കം സകലതും പരീക്ഷിച്ചെങ്കിലും ഒന്നും ഫലപ്രദമായിരുന്നില്ല. എന്നാല്‍, ഫ്‌ളോറിഡ സര്‍വകലാശാലയില്‍ പെരുമ്പാമ്പുകളെക്കുറിച്ചു ഗവേഷണം നടത്തുന്ന ഒരാളുടെ ക്ഷണപ്രകാരം എത്തിയ മാസിയും വടിവേലും വന്നു നാലാഴ്ചക്കകം എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് 30 പാമ്പുകളെ പിടിച്ചു”. അതിനുമുമ്പു തായ്‌ലന്റിലും ഇവര്‍ പോയിരുന്നു. അവിടെ വിഷപ്പാമ്പുകളെക്കുറിച്ചുള്ള ടെലിമെട്രി പഠന-ഗവേഷണങ്ങള്‍ക്കായി പാമ്പുകളെ പിടികൂടിയത് ഇവരാണ്. തമിഴ്‌നാട്ടില്‍ കരൂര്‍ എന്ന സ്ഥലത്തു പാമ്പുകളെ പിടിച്ചുകൊണ്ടിരിക്കെയാണ് തങ്ങള്‍ക്കു പദ്മശ്രീ ലഭിച്ചകാര്യം ഇവര്‍ അറിഞ്ഞത്.

പാമ്പുകളെ സുരക്ഷിതമായി കൈകാര്യം ചെയ്യാനും അവയോടുള്ള പേടി മാറ്റാനും ഇരുളഗോത്രക്കാരെക്കൊണ്ട് വിവിധ ഗ്രാമങ്ങളില്‍ ഗ്രാമീണര്‍ക്ക് ചെന്നൈ സ്‌നേക്ക് പാര്‍ക്ക് പരിശീലനങ്ങള്‍ നല്‍കാറുണ്ട്. മക്കള്‍ക്കു വിദ്യാഭ്യാസം നല്‍കി മെച്ചപ്പെട്ട തൊഴിലുകള്‍ ചെയ്യുന്നവരായി വളര്‍ത്തണമെന്നാണു മിക്ക ഇരുളരും ആഗ്രഹിക്കുന്നത്. അതുകൊണ്ടു പാമ്പുപിടിത്തക്കാരുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്. ശേഖര്‍ ദത്താത്രി ‘പാമ്പുപിടിത്തക്കാര്‍ക്ക് ഒരു സഹകരണസംഘം’ ( എ കോ-ഓപ്പറേറ്റീവ് ഫോര്‍ സ്‌നെയിക്ക് കാച്ചേഴ്‌സ് ) എന്ന പേരില്‍ ഐ.എസ.്‌സി.ഐ.സി.എസ്സിനെക്കുറിച്ച് ഡോക്യുമെന്ററി നിര്‍മിച്ചിട്ടുണ്ട്. ഇത് 1987 ല്‍ ഏറ്റവും നല്ല ശാസ്ത്രസിനിമയ്ക്കുള്ള പുരസ്‌കാരം നേടി.

 

 

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!