പ്രളയ ബാധിതർക്ക് മുറ്റത്തെ മുല്ലയുടെ കൈത്താങ്ങ്.

adminmoonam

വട്ടിപ്പലിശക്കാർക്കെതിരെയുള്ള സഹകരണമേഖലയുടെ മൈക്രോ ഫൈനാൻസ് പദ്ധതിയായ മുറ്റത്തെ മുല്ലയുടെ ലാഭത്തിൽ നിന്നും ആറ് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. 2018 ജൂൺ 26ന് മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്ത പദ്ധതി ഒരുവർഷത്തിനകം വിജയകരമായി പൂർത്തീകരിക്കുകയും 6 കോടിയിലധികം രൂപ വായ്പയായി വിതരണം ചെയ്യാനും സാധിച്ചു.

കുടുംബശ്രീ യൂണിറ്റുകൾ മുഖേന നടപ്പാക്കിയ പദ്ധതിയിൽ ഒരു ലക്ഷം രൂപ മുതൽ ഒന്നര ലക്ഷം രൂപയോളം ഓരോ കുടുംബശ്രീ യൂണിറ്റുകളും ലാഭം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഈ തുകയുടെ 10 ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ ഇന്ന് മണ്ണാർക്കാട് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കുടുംബശ്രീ ഭാരവാഹികളുടെ യോഗത്തിൽ തീരുമാനമെടുത്തു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ 6 ലക്ഷം രൂപയുടെ ചെക്ക് സി.ഡി.എസ് ചെയർപേഴ്സൺ ഉഷസ്, സൗമ്യ എന്നിവർ ചേർന്ന് പി.കെ.ശശി എം.എൽ.എക്കു കൈമാറി. ബാങ്ക് പ്രസിഡന്റ് അഡ്വക്കേറ്റ് കെ.സുരേഷ് അധ്യക്ഷത വഹിച്ച യോഗം എം.എൽ.എ പി.കെ.ശശി ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി എം. പുരുഷോത്തമൻ സ്വാഗതവും ഡയറക്ടർ കെ.ശിവശങ്കരൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!