രാഹുൽ ഗാന്ധിയും മുഖ്യമന്ത്രിയും ചർച്ച നടത്തി: ബന്ദിപ്പൂർ രാത്രി ഗതാഗത നിരോധന വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഒപ്പമുണ്ടാകുമെന്ന് രാഹുൽ ഗാന്ധി.

adminmoonam

രാഹുൽ ഗാന്ധിയും മുഖ്യമന്ത്രിയും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ബന്ദിപ്പൂർ രാത്രി ഗതാഗത നിരോധന വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഒപ്പമുണ്ടാകുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വയനാട്ടിൽനിന്നുള്ള ലോകസഭാംഗം കൂടിയായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി കേരള ഹൗസിലാണ് ചർച്ച നടത്തിയത്. വയനാട്ടിലെ പ്രളയ ബാധിതരുടെ പുനരധിവാസം, കോഴിക്കോട് കൊല്ലഗൽ ദേശീയ പാത766 ലൂടെയുള്ള ഗതാഗത നിരോധനം സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്തു. ദേശീയപാത കടന്നു പോകുന്ന ബന്ധിപ്പൂർ നാഷണൽ പാർക്കിലൂടെയുള്ള രാത്രി ഗതാഗതം നിരോധിച്ചതിനും പാത പൂർണമായി അടച്ചിടാനുമുള്ള കർണാക സർക്കാരിന്റെ തീരുമാനത്തിൽ അയവു വരുത്തണമെന്ന് കേരള സർക്കാർ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ അറിയിച്ചു. ഈ വിഷയത്തിൽ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

കർണ്ണാടക ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കർണാക സർക്കാർ സ്വീകരിച്ചിട്ടുള്ള നിലപാട് രാത്രി ഗതാഗതം വന്യമൃഗങ്ങളെ ദോഷകരമായി ബാധിക്കുമെന്നാണ്. കേരളം നിർദ്ദേശിച്ച എലിവേറ്റഡ് പാത എന്ന ആശയവും കർണാടക സർക്കാർ സ്വീകരിച്ചിട്ടില്ല- മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ബന്ദിപ്പൂരിനെക്കാൾ നബിഡമായ ആസ്സാം, മധ്യപ്രദേശ് വന പാതകൾക്ക് ഇത്തരത്തിൽ നിരോധനമില്ലെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഈ വിഷയം പാർലമെൻറിൽ ഉന്നയിക്കും. ഈ വിഷയത്തിൽ കേരള സർക്കാരിനോടൊപ്പം നിൽക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.

വയനാട്ടിലെ പ്രളയബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടി ഊർജിതമായി നടക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. അപകട സാദ്ധ്യതയുള്ളതും പരിസ്ഥിതി ദുർബലവുമായ പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി പുനരധിവസിപ്പിക്കാനാണ് ശ്രമിക്കുന്നത്‌. സ്ഥലത്തിന്റെ ദൗർലഭ്യം പരിഗണിച്ച് സുരക്ഷിത സ്ഥാനങ്ങളിൽ ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമ്മിച്ചു നൽകാനും നടപടി സ്വീകരിച്ചിട്ടുണ്ട് എന്ന് മുഖ്യമന്ത്രി രാഹുൽ ഗാന്ധിയോട് പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!