വൈകുണ്‌ഠമേത്ത സഹകരണഇന്‍സ്‌റ്റിറ്റിയൂട്ടില്‍ ബിബിഎ
ദേശീയസഹകരണസര്‍വകലാശാലയായ ത്രിഭുവന്‍ സഹകാരി സര്‍വകലാശാലയുമായി അഫിലിയേറ്റു ചെയ്‌തിട്ടുള്ള പുണെയിലെ വൈകുണ്‌ഠമേത്ത ദേശീയസഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് (വാംനികോം) സഹകരണബാങ്കിങ്ങും ഫിനാന്‍സും, അഗ്രിബിസിനസ് എന്നീ വിഷയങ്ങളില്‍ നാലുവര്‍ഷ ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്‌മിനിസ്‌ട്രേഷന്‍ (ബി.ബി.എ) ഹോണേഴ്‌സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 30നകം അപേക്ഷിക്കണം. ഹയര്‍ സെക്കണ്ടറിയോ (പ്ലസ്‌ടു) തുല്യപരീക്ഷയോ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. 50%മാര്‍ക്കുണ്ടായിരിക്കണം. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കു 45% മതി. യുജി-സിയുഇറ്റി/ ഐപിമാറ്റ്/ യുജിഎറ്റി/ ജെപിമാറ്റ് എന്നിവയിലേതിലെങ്കിലും സാധുവായ സ്‌കോര്‍ ഉണ്ടായിരിക്കണം. പ്രവേശനപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. നാലുവര്‍ഷപൂര്‍ണസമയറെസിഡന്റ്‌ഷ്യല്‍ കോഴ്‌സാണ്.

അഖിലേന്ത്യാസാങ്കേതികവിദ്യാഭ്യാസകൗണ്‍സിലിന്റെ (എ.ഐ.സി.ടി.ഇ) അംഗീകാരമുണ്ട്. ദേശീയവിദ്യാഭ്യാസനയപ്രകാരമുള്ള പാഠ്യപദ്ധതിയാണ്. അതിനാല്‍ ഇടയ്‌ക്കുവച്ചു പഠനം നിര്‍ത്തിയാലും വിവിധയോഗ്യതകള്‍ ലഭിക്കും. പത്താഴ്‌ചത്തെ ഇന്റേണ്‍ഷിപ്പും 40 ക്രെഡിറ്റ് പോയിന്റും നേടി ഒരുവര്‍ഷം പൂര്‍ത്തിയാക്കിയാല്‍ സര്‍ടിഫിക്കറ്റ് ലഭിക്കും. പത്താഴ്‌ചത്തെ ഇന്റേണ്‍ഷിപ്പും 80 ക്രെഡിറ്റ് പോയിന്റും നേടി രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ഡിപ്ലോമ സര്‍ടിഫിക്കറ്റ് ലഭിക്കാന്‍ അര്‍ഹതയുണ്ട്. 10ആഴ്‌ചത്തെ ഇന്റേണ്‍ഷിപ്പും 120 ക്രെഡിറ്റ് പോയിന്റും നേടി മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ബിരുദം ലഭിക്കാന്‍ അര്‍ഹതയുണ്ട്. ക്യാപ്‌സ്റ്റോണ്‍ പ്രോജക്ടും വൈവയും കഴിഞ്ഞ് 162 ക്രെഡിറ്റ് പോയിന്റു നേടി നാലുവര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ബിബിഎ ഹോണേഴ്‌സ് ബിരുദത്തിന് അര്‍ഹമാകും. ത്രിഭുവന്‍ സഹകരണസര്‍വകലാശാലയുടെ ബിരുദമാണു നല്‍കുക. 200രൂപയാണ് അപേക്ഷാഫീസ്. പ്രതിവര്‍ഷം രണ്ടരലക്ഷം രൂപയാണു കോഴ്‌സ് ഫീസ്. ഹോസ്‌റ്റല്‍ച്ചെലവു കൂടാതെയാണിത്. കൂടുതല്‍ വിവരങ്ങള്‍ www.vamnicom.comhttp://www.vamnicom.com ല്‍ ലഭിക്കും.

