വായ്പ ആപ്പുകളുടെ പട്ടിക തയ്യാറാക്കുന്നു; വ്യാജന്മാര്‍ക്ക് പ്ലേസ്റ്റോറില്‍ ഇടം നല്‍കില്ല

moonamvazhi

വായ്പ ആപ്പുകള്‍വഴി തട്ടിപ്പ് വ്യാപകമായതോടെ കര്‍ശന നിയന്ത്രണ നടപടികള്‍ സ്വീകരിക്കണമെന്ന് റിസര്‍വ് ബാങ്കിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു. വായ്പ ആപ്പുകള്‍ക്കും ഡിജിറ്റല്‍ വായ്പകള്‍ക്കും റിസര്‍വ് ബാങ്ക് പ്രത്യേക മാര്‍ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ മാര്‍ഗരേഖയില്‍ ഉള്‍പ്പെടുന്ന ആപ്പുകളുടെ പട്ടിക തയ്യാറാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

റിസര്‍വ് ബാങ്ക് നല്‍കുന്ന ഈ പട്ടിക അനുസരിച്ചുള്ള ആപ്പുകള്‍ മാത്രമാകും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമാകുക. ഈ നിയന്ത്രണം പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും വരുത്തുന്നതിനുള്ള നടപടി സ്വീകരിക്കാന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തോട് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആര്‍ക്കൊക്കെ വായ്പ ആപ്പുകള്‍ തുടങ്ങാമെന്നും ഡിജിറ്റല്‍ വായ്പ നല്‍കാമെന്നുമുള്ള കാര്യങ്ങള്‍ റിസര്‍വ് ബാങ്കിന്റെ മാര്‍ഗരേഖയിലുണ്ട്. ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നേരിട്ടല്ലാതെ മറ്റ് ആപ്പുകളെ ഇടനിലക്കാരാക്കി ഡിജിറ്റല്‍ വായ്പ നല്‍കരുതെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

വായ്പകള്‍ മറയാക്കി തട്ടിപ്പിിന് പുറമെ നികുതി വെട്ടിപ്പും നടക്കുന്നുണ്ടെന്നാണ് ധനകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. ഏത് ബാങ്കില്‍നിന്നാണ് വായ്പ ലഭ്യമാക്കുന്നത് വ്യക്തമാക്കാതെയാണ് ആപ്പുകളിലൂടെയുള്ള വായ്പ വിതരണം. ഉയര്‍ന്ന പലിശ, വായ്പയില്‍നിന്ന് പിന്മാറാന്‍ കഴിയാത്ത അവസ്ഥ, നല്‍കിയ രേഖകള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തല്‍ എന്നിങ്ങനെയുള്ള പരാതികളാണ് ഇവയ്‌ക്കെതിരെ ധനകാര്യമന്ത്രാലത്തിന് ലഭിച്ചിട്ടുള്ളത്. താഴ്ന്ന വരുമാനക്കാരായ ആളുകള്‍ക്ക് ഇത്തരം ആപ്പുകള്‍ നിയമവിരുദ്ധമായി വായ്പ നല്‍കുന്നതില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആശങ്ക പ്രകടിപ്പിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ് എന്നിവയാണ് ഈ ആപ്പുകളിലൂടെ നടത്തുന്നത്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും ചോര്‍ത്തി മറിച്ചുവില്‍ക്കുകയാണ് മറ്റൊരു രീതി. നിയമപരമല്ലാത്ത ആപ്പുകള്‍ വഴിയാണ് ഈ ഇടപാടുകള്‍ നടക്കുന്നത്. കടലാസ് കമ്പനികള്‍ ഇത്തരം ആപ്പുകളെ ഉപയോഗപ്പെടുത്തുണ്ടെന്നും ധനമന്ത്രാലയം വ്യക്തമാക്കുന്നു. ഇതെല്ലാം തടയാനാണ് റിസര്‍വ് ബാങ്ക് അംഗീകരിച്ച വായ്പ ആപ്പുകള്‍ മാത്രം പ്ലേ സ്‌റ്റോറിലും ആപ് സ്റ്റോറിലും നല്‍കണമെന്ന വ്യവസ്ഥ കൊണ്ടുവരുന്നത്.

 

Leave a Reply

Your email address will not be published.

Latest News