കേരളവരുമാനത്തിന്റെ മൂന്നിലൊന്ന് ഉണ്ടാവുംവിധം സഹകരണമേഖല ശക്തിപ്പെടണം – ഡോ.വി.കെ.രാമചന്ദ്രന്‍

moonamvazhi

കേരളത്തിന്റെ വരുമാനത്തിന്റെ മൂന്നിലൊന്നു സഹകരണ മേഖലയില്‍ നിന്നുണ്ടാവുന്നവിധത്തില്‍ സഹകരണമേഖല ശക്തിപ്പെടണമെന്നു സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി. കെ.രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

കൊച്ചി മറൈന്‍ഡ്രൈവില്‍ ബുധനാഴ്ച സഹകരണവകുപ്പിന്റെ എക്‌സ്‌പോ 2023 പ്രദര്‍ശനത്തില്‍ ‘സഹകരണ -തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ കൂട്ടായ്മ പ്രാദേശിക വികസനത്തിന്’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഇടപെടല്‍ മൂലം സംസ്ഥാനത്തിന്റെ സാമ്പത്തികസ്രോതസ്സുകള്‍ തടസ്സപ്പെടുന്നതിനാല്‍ എല്ലാ മേഖലയിലും സാമ്പത്തികവളര്‍ച്ച കൈവരിക്കേണ്ടതുണ്ട്. ജനപങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും സഹകരണപ്രസ്ഥാനവും യോജിച്ചു പ്രവര്‍ത്തിച്ചാലുണ്ടാകുന്ന സാമ്പത്തികവളര്‍ച്ച തടയാന്‍ ഒരു ശക്തിക്കും സാധ്യമല്ല. കേരളത്തിലെ ജനങ്ങള്‍ക്കു സഹകരണമേഖലയിലുള്ള വിശ്വാസം നോട്ട്‌നിരോധന കാലത്തുപോലും ജനങ്ങള്‍ ആ മേഖലയെ കൈവിടാതിരുന്നതില്‍ നിന്നും വ്യക്തമാണ്- ഡോ. രാമചന്ദ്രന്‍ പറഞ്ഞു.

തദ്ദേശസ്ഥാപനങ്ങളും സഹകരണസ്ഥാപനങ്ങളും യോജിച്ചു നടത്തുന്ന സംരംഭങ്ങള്‍ക്കു കാലോചിതമല്ലാത്ത നിയമവ്യവസ്ഥകള്‍ മൂലമുള്ള സാങ്കേതികതടസ്സങ്ങള്‍ എത്രയുംവേഗം പരിഹരിക്കണമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ വി.കെ. പ്രശാന്ത് എം.എല്‍.എ. പറഞ്ഞു. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ മൂന്നിലൊന്നു സഹകരണസ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന അവസ്ഥ ലക്ഷ്യം വയ്ക്കുമ്പോള്‍ മൂന്നിലൊന്നു വരുമാനം പ്രാദേശികവികസനത്തിനായി ചെലവിടുകകൂടി ചെയ്യണമെന്നു വിഷയം അവതരിപ്പിച്ച ഡോ.ജോയ് എളമണ്‍ അഭിപ്രായപ്പെട്ടു.

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ സഹകരണസ്ഥാപനങ്ങളുടെ നിക്ഷേപം വേണ്ടത്ര ഉപയോഗപ്പെടുത്തുന്നില്ലെന്ന് എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ പറഞ്ഞു. പകരം ഷെഡ്യൂള്‍ഡ് ബാങ്കുകളോടാണു തദ്ദേശസ്ഥാപനങ്ങള്‍ക്കു കൂടുതല്‍ താല്‍പ്പര്യം. ടൂറിസമടക്കം സകലമേഖലയിലും സഹകരണസ്ഥാപനങ്ങള്‍ സജീവമായി ഇടപെട്ടാലേ യുവാക്കളെ ആകര്‍ഷിക്കാനും അവര്‍ കേരളം വിട്ടുപോകുന്ന സ്ഥിതി ഒഴിവാക്കാനും കഴിയൂ – അദ്ദേഹം പറഞ്ഞു.

ഏറ്റവും സാധാരണക്കാര്‍ക്കു വായ്പ നല്‍കാന്‍ മുദ്രവായ്പകളുടെ മാതൃകയില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും സഹകരണസംഘങ്ങളും സംയുക്തമായി വായ്പാ ജാമ്യനിധി രൂപവത്കരിക്കണമെന്നു ജനകീയാസൂത്രണ സെല്ലിലെ വിദഗ്ധന്‍ എസ്. ജമാല്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും സഹകരണസ്ഥാപനങ്ങളും സംയുക്തമായി നടപ്പാക്കുന്ന പദ്ധതികള്‍ക്ക് ഓഡിറ്റ് ഒബ്ജക്ഷനുള്ള പഴുതുകള്‍ അടയ്ക്കണമെന്നു പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും സഹകരണ സംഘങ്ങളും യോജിച്ചു വലിയ മാറ്റമുണ്ടാക്കാം എന്നതിന് ഉദാഹരണമായിരുന്നു സുഭിക്ഷ കേരളം പദ്ധതിയെന്നു ദിനേശ് ഫുഡ്‌സ് ചെയര്‍മാന്‍ എം.കെ. ദിനേശ് ബാബു പറഞ്ഞു. സഹകരണ വകുപ്പ് അഡീഷണല്‍ രജിസ്ട്രാര്‍ (ക്രെഡിറ്റ്) ആര്‍. ജ്യോതി പ്രസാദ് സ്വാഗതവും ഇടുക്കി ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ജോസ് ഫ്രാന്‍സിസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News