മുണ്ടത്തിക്കോട് സഹകരണ എന്‍ജിനീയറിങ് കോളേജില്ല പകരം നഴ്‌സിങ് കോളേജ്

moonamvazhi
  • മുണ്ടത്തിക്കോട് സഹകരണ നഴ്‌സിങ് കോളേിന് 4 കോടി രൂപ അനുവദിച്ചു

തൃശ്ശൂര്‍ വടക്കാഞ്ചേരി നഗരസഭയില്‍ മുണ്ടത്തിക്കോട് നഴ്‌സിങ് കോളേജ് സ്ഥാപിക്കും. ഇതിനായി 4 കോടി രൂപ അനുവദിച്ച് ഉത്തരവായി. 2015 ല്‍ സഹകരണ മേഖലയില്‍ എന്‍ജിനീയറിങ് കോളേജ് തുടങ്ങാനായി മുണ്ടത്തിക്കോട് വില്ലേജില്‍ കണ്ടെത്തിയ 5 ഏക്കര്‍ 40 സെന്റിലാണ് നഴ്‌സിങ് കോളേജ് സ്ഥാപിക്കുക. ആഗോള തലത്തില്‍ തന്നെ സീറ്റുകളില്‍ ഇടിവ് വന്നതിനെ തുടര്‍ന്ന് എന്‍ജിനീയറിങ് കോളേജെന്ന പദ്ധതി നേരത്തേ ഉപേക്ഷിച്ചിരുന്നു. എന്‍ജിനീയറിങ് കോളേജ് നിര്‍മ്മാണത്തിനായി കോപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന് (CAPE) ഉപയോഗാനുമതി നല്‍കിയ ഭൂമിയില്‍ 46 കോടി രൂപയുടെ ബഹുനില കോളേജ് കെട്ടിടം വിഭാവനം ചെയ്തിരുന്നു. 10.29 കോടി രൂപ ചിലവഴിച്ച് കെട്ടിടത്തിന്റെ താഴത്തെ നില സ്ട്രക്ചര്‍ പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ എന്‍ജിനീയറിങ് കോളേജെന്ന പദ്ധതി ഉപേക്ഷിക്കപ്പെട്ടതോടെ നിര്‍മ്മാണ പ്രവൃത്തികള്‍ നിലക്കുകയായിരുന്നു.

ഈ സ്ഥലവും കെട്ടിടവും പ്രയോജനപ്പെടുത്തി നൂതനമായ പ്രൊഫഷണല്‍ കോഴ്‌സുകളും ട്രെയിനിങ് അക്കാദമിയും പോലുള്ള പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് 2022 ഡിസംബര്‍ 13 നു നിയമസഭയില്‍ സബ്മിഷന്‍ അവതരിച്ചിരുന്നു. വ്യവസായം, നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസം വകുപ്പുകള്‍ക്ക് കീഴില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യാമെന്ന നിര്‍ദേശവും വെച്ചിരുന്നു. എന്നാല്‍ വകുപ്പ് കൈമാറ്റത്തിന് നടപടികള്‍ ഏറെയുളളതിനാല്‍ ചര്‍ച്ചകള്‍ നീണ്ടു.

സഹകരണ മേഖലയില്‍ നഴ്‌സിങ് കോളേജുകള്‍ ആരംഭിക്കുന്നതിനായി സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപനം നടത്തി മുന്നോട്ടു പോയതോടെയാണ് മുണ്ടത്തിക്കോട് കേപ്പിന്റെ അധീനതയിലുള്ള സ്ഥലവും പാതിനിര്‍മ്മിച്ച കെട്ടിടവും ഇതിനായി പ്രയോജനപ്പെടുത്താമെന്ന ആശയം മുന്നോട്ടുവെച്ചത്. സഹകരണ മന്ത്രി വി.എന്‍. വാസവന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകളുടെയും ഭാഗമായി നഴ്‌സിങ് കോളേജ് ആരംഭിക്കാന്‍ തീരുമാനമാവുകയും നിര്‍മ്മാണം ആരംഭിക്കാന്‍ ആദ്യ ഘട്ടത്തില്‍ കേപ്പിന് 4 കോടി രൂപ അനുവദിക്കുകയും ചെയ്തു.