നിര്‍മാണസാമഗ്രിവിപണിയിലും സഹകരണഇടപെടല്‍; ആദ്യ മെറ്റീരിയല്‍ ബാങ്ക് 17 ന് തുടങ്ങും

moonamvazhi

സഹകരണവകുപ്പിന്റെ വിപണിഇടപെടല്‍ നിര്‍മാണസാമഗ്രികളിലേക്കും. നിര്‍മാണസാമഗ്രികള്‍ ന്യായവിലക്കു ലഭ്യമാക്കുന്ന മെറ്റീരിയല്‍ ബാങ്കുകളില്‍ ആദ്യത്തെത് ഒക്ടോബര്‍ 17നു വൈകിട്ടു നാലിന് കോഴിക്കോട് വെള്ളിയൂരില്‍ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും.

സര്‍ക്കാരിന്റെ നൂറുദിനകര്‍മപരിപാടികളുടെ നാലാംഘട്ടത്തിന്റെ ഭാഗമാണു മെറ്റീരിയല്‍ ബാങ്കുകള്‍. ലേബര്‍സഹകരണസംഘങ്ങളുടെ അപ്പെക്‌സ് സ്ഥാപനമായ കേരള സ്റ്റേറ്റ് ലേബര്‍ സഹകരണ ഫെഡറേഷന്റെ (ലേബര്‍ ഫെഡ്) നേതൃത്വത്തിലാണു മെറ്റീരിയല്‍ ബാങ്ക് തുടങ്ങുന്നത്. പൊതുവിപണിയിലെതിനെക്കാള്‍ കുറഞ്ഞവിലയിലും ഉയര്‍ന്ന ഗുണനിലവാരത്തിലും നിര്‍മാണസാമഗ്രികള്‍ ലഭ്യമാക്കലാണു ലക്ഷ്യം.