എന്റെ ബാങ്ക് – 2029 പദ്ധതിയുമായി ഇടുക്കി അമരാവതി ബാങ്ക്

moonamvazhi

ഇടുക്കിജില്ലയിലെ അമരാവതി സര്‍വീസ് സഹകരണബാങ്ക് എന്റെ ബാങ്ക് -2029 എന്ന നൂതനസംരംഭം നടപ്പാക്കുന്നു. ആറു പുതിയ വായ്പാ,സമ്പാദ്യപദ്ധതികള്‍ അടങ്ങിയതാണിത്. എ.എസ്.ബി. 7.5 സ്റ്റാര്‍, എസ്.ബി. യേസ് ഗോള്‍ഡ്, എ.എസ്.ബി. ഹാപ്പി ഡേയ്‌സ്, എ.എസ്.ബി. വണ്ടര്‍, എ.എസ്.ബി. വെല്‍, എ.എസ.്ബി. 50-50 എന്നിങ്ങനെയാണു പദ്ധതികള്‍ക്കു നാമകരണം ചെയ്തിരിക്കുന്നത്. 2029 ആകുമ്പോള്‍ ബാങ്കിനെ സംസ്ഥാനത്തെ മുന്‍നിര.സഹകരണബാങ്കുകളിലൊന്നാക്കുക എന്നതാണു ലക്ഷ്യമെന്നു പ്രസിഡന്റ് ജോസ് മാത്യു അറിയിച്ചു.

1962ല്‍ കുമളി ഒന്നാംമൈലില്‍ പ്രവര്‍ത്തനമാരംഭിച്ച ബാങ്കാണിത്. 2001 മുതല്‍ വെള്ളാരംകുന്നില്‍ ശാഖയുണ്ട്. പ്രധാനസ്ഥലങ്ങളായ കുമളി, തേക്കടി എന്നിവിടങ്ങളില്‍ക്കൂടി ശാഖ തുടങ്ങുക എന്നതും പദ്ധതിയുടെ ഭാഗമാണ്. കുമളിക്കാരുടെ സ്വന്തം ബാങ്കായി ഇതിനെ മാറ്റാനാണു പരിശ്രമമെന്നു ജോസ് മാത്യു പറഞ്ഞു. സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും ചെറുകിടവ്യാപാരിവ്യവസായികള്‍ക്കും സ്വയംസഹായസംഘങ്ങള്‍ക്കും കുടുംബശ്രീയൂണിറ്റുകള്‍ക്കു പറ്റിയ നിക്ഷേപപദ്ധതികളും വായ്പാപദ്ധതികളും എന്റെ ബാങ്ക് -2029 സംരംഭത്തിലുണ്ട്. വായ്പയെടുക്കുന്നവരെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബാധ്യതയില്‍നിന്നു മോചിപ്പിക്കല്‍ പദ്ധതിയുടെ ലക്ഷ്യമാണ്.

വായ്പയുടെ ശരിയായ വിനിയോഗത്തിലൂടെ കൂടുതല്‍ വരുമാനം കണ്ടെത്തി അതിലൊരു പങ്ക് സമ്പാദിച്ച് ഓരോ കുടുംബത്തെയും സാമ്പത്തികസുരക്ഷിതത്വം കൈവരിക്കാന്‍ ബാങ്ക് സഹായിക്കും. ഇതിനായി വായ്പയിലൂടെ വികസനം ചെറുസമ്പാദ്യങ്ങളിലൂടെ വികസനം എന്ന ആശയം പ്രതിബദ്ധതയോടെ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ജോസ് മാത്യു അറിയിച്ചു. എ.എസ്.ബി.7.5 സ്റ്റാര്‍ സ്‌കീം 25 മാസത്തേതാണ്. കമ്മീഷന്‍ ഈടാക്കില്ല. തുല്യമായ വീതപ്പലിശ ലഭിക്കും. കാലാവധിയെത്തുമ്പോള്‍ ലാഭവിഹിതം നല്‍കും. എ.എസ്.ബി. യേസ് ഗോള്‍ഡ് സ്വര്‍ണപ്പണയവായ്പാപദ്ധതിയാണ്. സ്വര്‍ണഉരുപ്പടിയുടെ വിപണിവിലയ്ക്കു തുല്യമായ സ്വര്‍ണപ്പണയവായ്പ ഇതില്‍ ലഭിക്കും. പരമാവധി ഒരു ലക്ഷം രൂപ വരെ കിട്ടും. എ ക്ലാസ് അംഗങ്ങള്‍ക്കു മാത്രമുള്ള പദ്ധതിയാണിത്. എ.എസ്.ബി. ഹാപ്പിഡേയ്‌സ് എന്നത് 1000 രൂപയുടെയും 2000 രൂപയുടെയും 5000 രൂപയുടെയും ക്യാഷ് സര്‍ട്ടിഫിക്കറ്റ് നിക്ഷേപപദ്ധതിയാണ്. 400-ാം ദിവസം സ്വാഭാവികമായി പുതുക്കപ്പെടുന്ന ഒന്നാണിത്. എ.എസ്.ബി. വണ്ടര്‍ ഒരു ലക്ഷം രൂപ സലയുള്ള പദ്ധതിയാണ്. 400 ദിവസംകൊണ്ട് അവസാനിക്കുന്നവയും 200 ദിവസംകൊണ്ട് അവസാനിക്കുന്നവയുമുണ്ട്. എ.എസ്.ബി. വെല്‍ കുടുംബശ്രീഅംഗങ്ങള്‍ക്കു സംരംഭങ്ങള്‍ തുടങ്ങാനുള്ള പ്രതിവാര തിരിച്ചടവു വായ്പകളാണ്. എ.എസ്.ബി. 50-50 എന്നത് 25,000 രൂപയുടെയും 50,000 രൂപയുടെയും ഒരുലക്ഷം രൂപയുടെയും പ്രതിമാസസമ്പാദ്യപദ്ധതികളാണ്.