ഊരാളുങ്കല്‍ സംഘം നെയ്ത്തുകാരികളുടെ വരുമാനം ഇരട്ടിയാക്കും

moonamvazhi
  • വിപണിയിലെ ട്രെന്‍ഡ് അനുസരിച്ച് ഡിസൈനുകള്‍ ആവിഷ്‌ക്കരിക്കുന്നു.
  • വരുമാനം ദിവസം 700 – 800 രൂപയെങ്കിലുമായി ഉയര്‍ത്തും.
  • ഇടനിലക്കാരില്ലാതെ വിറ്റഴിക്കാന്‍ സൗകര്യം.

വനിതാ നെയ്ത്തുതൊഴിലാളികളുടെ വരുമാനം ഇരട്ടിയാക്കാനുള്ള പ്രത്യേക പദ്ധതിയുമായി തിരുവനന്തപുരം വെള്ളാറിലെ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉപസ്ഥാപനമായ ക്രാഫ്റ്റ് വില്ലേജ് സൊസൈറ്റിയുടെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായാണ് ലോകവനിതാദിനത്തില്‍ പദ്ധതിക്കു തുടക്കമിട്ടത്. സൊസൈറ്റി പണം മുടക്കി നടപ്പാക്കുന്ന പദ്ധതിയില്‍ ജപ്പാന്‍ സര്‍ക്കാരിന്റെ കൃഷി, വനം, ഫിഷറീസ് മന്ത്രാലയവും ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സും സഹകരിക്കുന്നുണ്ട്.

കാലോചിതമായ പരിഷ്‌ക്കാരങ്ങള്‍ ഉണ്ടാകാത്തതിനാല്‍ തളര്‍ച്ചയിലേക്കു വീണുകൊണ്ടിരിക്കുന്ന കൈത്തറിമേഖലയില്‍ ഉത്പന്നരംഗത്ത് പുതിയ തലമുറയുടെ അഭിരുചിക്കും വിപണിയിലെ ട്രെന്‍ഡിനും അനുസരിച്ചുള്ള ഡിസൈനുകള്‍ ആവിഷ്‌ക്കരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അവ നെയ്യാന്‍ നെയ്ത്തുകാരായ വനിതകളെ പരിശീലിപ്പിക്കും. അവര്‍ നെയ്യുന്ന ഈ ഉത്പന്നങ്ങള്‍ പ്രത്യേക ബ്രാന്‍ഡായി ഇടനിലക്കാരില്ലാതെ വിറ്റഴിക്കാന്‍ സൗകര്യം ഒരുക്കുകയും ചെയ്യുന്നു.

വീട്ടിലിരുന്നു നെയ്യുന്ന വനിതകള്‍ക്ക് ഇന്നു പ്രതിദിനം ലഭിക്കുന്നത് കേവലം 250 – 300 രൂപയാണ്. ഇതുകാരണം ധാരാളംപേര്‍ ഈ തൊഴില്‍ ഉപേക്ഷിക്കുന്നു. ഇവരുടെ വരുമാനം ദിവസം 700 – 800 രൂപയെങ്കിലുമായി ഉയര്‍ത്തുകയാണു പദ്ധതിയുടെ ലക്ഷ്യം. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ നെയ്ത്തുകേന്ദ്രങ്ങളില്‍നിന്നു തെരഞ്ഞെടുത്ത 50 വനിതകളെയാണ് ആദ്യഘത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതു പിന്നീടു വിപുലീകരിക്കും.

ഇവര്‍ക്കായി രണ്ടുദിവസത്തെ ഡിസൈന്‍ ശില്പശാലയും നടത്തി. ക്രാഫ്റ്റ് വില്ലേജ് വികസിപ്പിച്ച ഡിസൈനുകള്‍ നെയ്യാന്‍ പരിശീലിപ്പിക്കുന്നതോടൊപ്പം കയറ്റുമതി ചെയ്യപ്പെടുന്ന കൈത്തറിവിഭാഗമായ ടാങ്ഗലിയ (Tangaliya) നെയ്ത്തില്‍ ദേശീയപുരസ്‌ക്കാരജേതാവായ രാജസ്ഥാന്‍ വിദഗ്ദ്ധന്‍ ചാന്ദുഭായിയുടെ നേതൃത്വത്തിലുള്ള പരിശീലനവും നല്കും. സൊസൈറ്റി ടാങ്ഗലിയയിലും ഉത്പന്നം വികസിപ്പിക്കും. കേരളത്തിലെ അഞ്ചുതരം പരമ്പരാഗതതറികളും നവീകരിച്ചയിനം കൈത്തറിയും വില്ലേജില്‍ ഒരുക്കിയിട്ടുണ്ട്.

ഊരാളുങ്കല്‍ സൊസൈറ്റിയുടെ ശതാബ്ദിയോടനുബന്ധിച്ച് പുതിയ നൂറു കരകൗശലയുത്പന്നങ്ങള്‍ ക്രാഫ്റ്റ് വില്ലേജുകള്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. അവയ്‌ക്കൊപ്പം പുതിയ പത്ത് കൈത്തറിയുത്പന്നങ്ങളും വിപണിയില്‍ ഇറക്കും. കൂടാതെ, ക്രാഫ്റ്റ് വില്ലേജിന്റെ ഇതിനകംതന്നെ വിപണിവിജയം നേടിയ ഓണക്കാലത്തെ സമ്മാനപദ്ധതിയായ ‘ഗിഫ്റ്റ് എ ട്രഡിഷനി’ലൂടെയും ഇവ വിറ്റഴിക്കും. ഇവയുടെ വില്പനയ്ക്കായി ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം തുടങ്ങിയവ ഒരുക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.

Leave a Reply

Your email address will not be published.