ഭൗമസൂചികയ്ക്ക് എന്തു വില?

moonamvazhi

കുറ്റിയാട്ടൂര്‍ മാങ്ങ മുതല്‍ മറയൂര്‍ ശര്‍ക്കരവരെ കേരളത്തിലെ 35 ഉല്‍പ്പന്നങ്ങള്‍
ഇതുവരെ ഭൗമസൂചികാ പദവി നേടിയിട്ടുണ്ട്. എന്നാല്‍, വിപണിയിലെ സാമ്പത്തികമാന്ദ്യം ഭൗമസൂചികാ പദവി ലഭിച്ച ഉല്‍പ്പന്നങ്ങള്‍ക്കുപോലും വിലയില്ലാതാക്കി. വയനാട് ജീരകശാല നെല്ലും പൊക്കാളി നെല്ലും കൃഷി ചെയ്തിരുന്ന കര്‍ഷകര്‍ മണ്ണ് ഉപേക്ഷിച്ചു മടങ്ങുകയാണ്. ചെലവ് കൂടുകയും വരവ് കുറയുകയും ചെയ്യുമ്പോള്‍ കടം പെരുകും. അതോടെ, കര്‍ഷകര്‍ പാടം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകും. അങ്ങനെ കര്‍ഷകഗ്രാമങ്ങള്‍
സാമ്പത്തികപ്രതിസന്ധിയിലേക്കു നീങ്ങും.

കുറ്റിയാട്ടൂര്‍ മാങ്ങ മുതല്‍ മറയൂര്‍ ശര്‍ക്കരവരെ 35 ഇനങ്ങള്‍ക്കു കേരളത്തില്‍ ഭൗമസൂചികാ ( ഏലീഴൃമുവശരമഹ കിറലഃ ) പദവി ലഭിച്ചിട്ടുണ്ട്. ഒരു പ്രത്യേക ഉല്‍പ്പന്നത്തിന്റെ ഗുണമേന്മ അത് ഉല്‍പ്പാദിപ്പിക്കുന്ന സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളോടു ബന്ധപ്പെട്ടിരിക്കുമ്പോള്‍ അവയെ തിരിച്ചറിയാന്‍ വേണ്ടിയാണു ഭൗമസൂചികാ പദവി നല്‍കുന്നത്. മികച്ച ഗുണനിലവാരവും ഉല്‍പ്പന്നത്തിന്റെ മൗലികസ്വഭാവവുമാണ് അതിന്റെ മാനദണ്ഡം. ഇന്ത്യയില്‍ നാനൂറിലധികം ഉല്‍പ്പന്നങ്ങളാണ് ഇതുവരെ ഭൗമസൂചികയില്‍ ഇടംപിടിച്ചിട്ടുള്ളത്. പത്തു വര്‍ഷത്തേക്കാണു ഭൗമസൂചികാ പദവി നല്‍കുക. പിന്നീട് പുതുക്കി നല്‍കും. സംസ്ഥാനത്ത് ആറന്മുളക്കണ്ണാടിക്കാണ് ആദ്യമായി ഈ പദവി ലഭിച്ചത്. വയനാട് ജീരകശാല അരി, ഗന്ധകശാല അരി, വയനാട് റോബസ്റ്റ് കോഫി, വാഴക്കുളം കൈതച്ചക്ക, മധ്യതിരുവിതാംകൂറിലെ ശര്‍ക്കര, മറയൂര്‍ ശര്‍ക്കര, കുത്താംപുള്ളി കൈത്തറി, നവരയരി, പൊക്കാളി അരി, പാലക്കാടന്‍ മട്ട, ചേന്ദമംഗലം മുണ്ടുകള്‍, കാസര്‍കോട് സാരി, എടയൂര്‍ മുളക്, നിലമ്പൂര്‍ തേക്ക്, ആലപ്പുഴ ഏലക്ക, തിരൂര്‍ വെറ്റില, ചെങ്ങലിക്കോടന്‍ നാടന്‍നേന്ത്ര തുടങ്ങിയവയ്ക്കൊക്കെ ഈ പദവിയുണ്ട്. ഭൗമസൂചികാ പദവി നേടിയ ഉല്‍പ്പന്നങ്ങള്‍ക്കു വിപണി കണ്ടെത്താന്‍ സംസ്ഥാന വ്യവസായ വകുപ്പ് പ്രത്യേക പദ്ധതിതന്നെ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇവയെയും ഇവയില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന മൂല്യവര്‍ധിതഉല്‍പ്പന്നങ്ങളെയും ലോകത്തിനു പരിചയപ്പെടുത്തുകയും വിപണി കണ്ടെത്തുകയും ചെയ്യാന്‍ പ്രത്യേക വെബ്സൈറ്റും തുടങ്ങി. എന്നാല്‍, ഇതുകൊണ്ടൊക്കെ ഈ ഉല്‍പ്പന്നങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്കോ മറ്റുള്ളവര്‍ക്കോ ഗുണപരമായ നേട്ടം സ്ഥിരമായി ഉറപ്പാക്കാന്‍ കഴിയുന്നുണ്ടോയെന്നതാണു ചോദ്യം.

വിപണിയിലെ സാമ്പത്തികമന്ദിപ്പ് ഭൗമസൂചികാ പദവി ലഭിച്ച ഉല്‍പ്പന്നങ്ങള്‍ക്കുപോലും വിലയില്ലാതാക്കി. പൊക്കാളി അരി, വയനാട് ജീരകശാല അരി എന്നിവയ്ക്കായി കൃഷി ചെയ്തിരുന്ന കര്‍ഷകര്‍ മണ്ണ് ഉപേക്ഷിച്ചു മടങ്ങുന്ന സ്ഥിതിയാണ്. ഭൗമസൂചികാ പദവി ലഭിച്ചിട്ടും മറയൂര്‍ ശര്‍ക്കരുയുടെയും കാന്തല്ലൂര്‍ മല്ലപ്പൂണ്ടി (വെളുത്തുള്ളി) യുടെയും നിലനില്‍പ്പ് ചോദ്യചിഹ്നമായി തുടരുന്നു. വിപണി കണ്ടെത്താന്‍ കഴിയാത്തതും ന്യായവില ലഭിക്കാത്തതും ഉല്‍പ്പാദനച്ചെലവ് വര്‍ധിച്ചതും കര്‍ഷകരെ കൃഷി ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നു. 2500 ഏക്കറിലധികം കരിമ്പുകൃഷിയുണ്ടായിരുന്ന മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ ഇപ്പോഴതു 400 ഏക്കറില്‍ താഴെമാത്രമായി ചുരുങ്ങി. 2023 ല്‍ മാത്രം 500 ഏക്കറിലധികം സ്ഥലത്തു കരിമ്പുകൃഷി നിര്‍ത്തി മറ്റു കൃഷികള്‍ തുടങ്ങി. മറ്റു ചില കരിമ്പുപാടങ്ങള്‍ പ്ലോട്ട് തിരിച്ച് കെട്ടിടങ്ങള്‍ നിര്‍മിച്ചുകഴിഞ്ഞു. തമിഴ്‌നാട്ടില്‍നിന്നു മുമ്പ് മറയൂര്‍ ശര്‍ക്കരയുടെ രൂപത്തില്‍ ശര്‍ക്കരയുണ്ടാക്കി വിപണിയില്‍ എത്തിച്ചിരുന്നു. ഇപ്പോള്‍ പരസ്യമായി തമിഴ്‌നാട്ടില്‍നിന്നു കരിമ്പ് എത്തിച്ച് ‘ മറയൂര്‍ശര്‍ക്കര ‘ യുണ്ടാക്കി വിറ്റുവരുന്ന വ്യാപാരികളുണ്ട്. അഞ്ചു വര്‍ഷത്തിനുള്ളില്‍ കരിമ്പുകൃഷി പൂര്‍ണമായും അവസാനിക്കുന്ന സാഹചര്യമാണുള്ളത്. ഗുണമേന്മയേറിയ കാന്തല്ലൂര്‍ വെളുത്തുള്ളിക്കു കേരളത്തില്‍ വിപണി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മധുര വടുകുപ്പെട്ടി ഗ്രാമത്തിലെ വിപണിയില്‍ വെളുത്തുള്ളി എത്തിച്ചാണു കര്‍ഷകര്‍ വില്‍ക്കുന്നത്.

ചേകാടിയിലെ
കര്‍ഷകരുടെ കഥ

കാര്‍ഷികജില്ലയായ വയനാടിന്റെ നെല്ലറയാണു ചേകാടി. സുഗന്ധനെല്ലിനങ്ങളായ ഗന്ധകശാലയുടെയും ജീരകശാലയുടെയും സ്വന്തം നാട്. ഭൗമസൂചികാപദവി നേടിയതാണു വയനാടിന്റെ സ്വന്തം വിത്തിനങ്ങളായ ഗന്ധകശാലയും ജീരകശാലയും. കണ്ണത്താദൂരത്തോളം സ്വര്‍ണം വിതറി വിളവെടുപ്പിനു പാകമായി നില്‍ക്കുന്ന നെല്‍വയലുകളുടെ മനോഹരകാഴ്ചയാണ് ഇവിടെ. എന്നാല്‍, സുഗന്ധനെല്ലിനങ്ങളുടെ തനിമ ഇക്കാലം വരെ നിലനിര്‍ത്തിയിരുന്ന ചേകാടിയും ഒടുവില്‍ ഗന്ധകശാലകൃഷിയില്‍നിന്നു പിന്മാറുകയാണ്. ഒരുകാലത്തു ഗന്ധകശാലയും ജീരകശാലയും കൃഷി ചെയ്യുന്ന ഏറ്റവും വലിയ പാടശേഖരമായിരുന്നു ചേകാടി. മുന്‍കാലങ്ങളില്‍ കൃഷിയിറക്കിയതിന്റെ പത്തിലൊന്നു വയലുകള്‍പോലും ഇപ്പോഴില്ല. വിളയ്ക്കു വില കിട്ടാത്തതും ചെലവു കൂടുന്നതുമാണു കാരണം. സുഗന്ധനെല്ലിനങ്ങള്‍ക്കുള്ള പ്രോത്സാഹനക്കുറവും ഉയരുന്ന ഉല്‍പ്പാദനച്ചെലവുമാണ് ഈ കൃഷിയുടെ വേരറുക്കുന്നത്. ലാഭനഷ്ടക്കണക്കില്‍ ആദ്യം ശോഷിച്ചുതുടങ്ങിയതു ജീരകശാലയാണ്. ഇതിനു പിന്നാലെയാണു ഗന്ധകശാലയും പാടത്തില്‍നിന്ന് ഇല്ലാതാകുന്നത്. മറ്റു നെല്ലിനങ്ങളില്‍നിന്നു വ്യത്യസ്തമായ ചെറിയ അരിമണികളും സുഗന്ധവുമാണു ഗന്ധകശാലയുടെ പ്രത്യേകത. ചെട്ടി സമുദായക്കാരുടെ വിശേഷദിവസങ്ങളിലെ സദ്യവട്ടങ്ങളില്‍ ഒഴിവാക്കാന്‍ കഴിയാത്തതാണ് ഈ സുഗന്ധനെല്ലിനങ്ങള്‍ അതിനാലാണു കുറച്ചെങ്കിലും ഇപ്പോള്‍ കൃഷി ചെയ്യുന്നത്.

മറ്റു നെല്ലിനങ്ങള്‍ കൃഷി ചെയ്താല്‍ ഒരേക്കറില്‍ 20-25 ക്വിന്റല്‍ നെല്ല് കിട്ടും. അതേസ്ഥാനത്തു ഗന്ധകശാല കൃഷിയില്‍നിന്ന് 6-7 ക്വിന്റല്‍ നെല്ല് മാത്രമാണു കിട്ടുന്നത്. ഇതു ചേകാടിയിലെ കര്‍ഷകരുടെ വരുമാനം ഇല്ലാതാക്കുന്നു. മാത്രമല്ല, കേരളത്തിന്റെ തനതു നെല്ലിനങ്ങള്‍കൂടി ഇതുവഴി ഇല്ലാതാവുകയാണ്. കൃഷി ആദായകരമല്ലാതെ മാറുന്നതോടെ കര്‍ഷകര്‍ പാടത്തില്‍നിന്നു കയറി മറ്റു മാര്‍ഗങ്ങള്‍ തേടുകയാണ്. കൃഷിയെ നെഞ്ചോട് ചേര്‍ത്ത ഒരു കര്‍ഷകജനതയാണ് ഇപ്പോള്‍ നിലവിളിക്കുന്നത്. കാര്‍ഷികസംസ്‌കാരം പിന്തുടരുന്ന ചേകാടിക്കാരുടെ ഹൃദയം നെല്‍വയലുകളിലാണ്. മൂന്നു വശവും വനത്താലും ഒരു വശം കബനി നദിയാലും ചുറ്റപ്പെട്ട ചേകാടി ഗ്രാമത്തില്‍ നാലില്‍ മൂന്നുഭാഗവും വയലാണ്. കരഭൂമി കുറവും വയല്‍ കൂടുതലുള്ളതുമായ ഗ്രാമം. ഇവിടെയുള്ള ചെട്ടിയാന്മാര്‍ക്കൊപ്പം ഗോത്രജനവിഭാഗങ്ങളും സ്വന്തംനിലയില്‍ നെല്‍ക്കൃഷി ചെയ്തുവരുന്നുണ്ട്. നഷ്ടക്കണക്കുകള്‍ നിരത്തി മറ്റു കര്‍ഷകര്‍ നെല്‍ക്കൃഷി ഉപേക്ഷിക്കുമ്പോഴാണ് ഇവിടെ ഒരു ഗ്രാമം മുഴുവന്‍ വയലിലേക്ക് ഇറങ്ങുന്നത്.

മഴക്കുറവ് അടക്കമുള്ള പ്രതിസന്ധികളെ അതിജീവിച്ചാണ് ഇത്തവണയും ചേകാടിക്കാര്‍ നെല്‍ക്കൃഷി ഇറക്കിയത്. വലിച്ചൂരി, തഞ്ചാവൂര്‍ മട്ട, മുള്ളന്‍ ചണ്ണ, എച്ച്-ഫോര്‍ തുടങ്ങിയ നെല്ലിനങ്ങളാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്. വന്യമൃഗശല്യം രൂക്ഷമായതിനാല്‍ ഞാറു നടുന്നതു മുതല്‍ പാടത്തു ഷെഡ്ഡ് കെട്ടി കാവലിരുന്നാണു നെല്‍ക്കൃഷിയെ കര്‍ഷകര്‍ സംരക്ഷിക്കുന്നത്. പരമ്പരാഗതരീതിയിലും കൊയ്ത്തു മെതിയന്ത്രം ഉപയോഗിച്ചും ചേകാടിയില്‍ നെല്ല് വിളവെടുക്കുന്നുണ്ട്. കൊയ്ത്തു മെതി യന്ത്രത്തിനു മണിക്കൂറിനു 2500 രൂപയാണു വാടക. മെതി യന്ത്രം മാത്രമാണെങ്കില്‍ 1300. നിലവില്‍ ചേകാടിയില്‍ തൊഴിലാളിക്ഷാമമുള്ളതിനാല്‍ ഭൂരിഭാഗം കര്‍ഷകരും കൊയ്ത്തു മെതി യന്ത്രത്തെയാണ് ആശ്രയിക്കുന്നത്. ഇതാകുമ്പോള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പാടത്തുനിന്നു നെല്ല് കൊയ്തു മെതിച്ചെടുക്കാനാകും. ചെലവും കുറവാണ്. തമിഴ്നാട്ടില്‍നിന്നും കര്‍ണാടകയില്‍നിന്നുമാണു കൊയ്ത്തു യന്ത്രങ്ങളെത്തിക്കുന്നത്. പാടത്തു പൊരുതി നിന്നിട്ടും ജീവിതം വഴിമുട്ടുമ്പോള്‍ കര്‍ഷകര്‍ക്കു പാടം ഉപേക്ഷിക്കാതെ വഴിയില്ല. ഈ പിന്മാറ്റം വലിയ അപകടകരമായ സൂചനയാണു കേരളത്തിനു നല്‍കുന്നത്.

പൊക്കാളി
കര്‍ഷകരുടെ കണ്ണീര്‍

ചേകാടിയിലേത് ഒറ്റപ്പെട്ട സങ്കടങ്ങളല്ല. എറണാകുളം കടമക്കുടിയിലും ഇതേപ്രശ്നം ആവര്‍ത്തിക്കുന്നതു കാണാം. അവിടെ പൊക്കാളി കര്‍ഷകരാണു പ്രതിസന്ധിയിലുള്ളത്. ഇതും ഭൗമസൂചികാപദവി നേടിയ നെല്ലിനമാണ്. 110 ഏക്കറോളം പാടത്തു പൊക്കാളി കൃഷി ചെയ്യുകയും 1400 ക്വിന്റല്‍ നെല്ല് ഒരു വര്‍ഷം ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നുണ്ട് ഇവിടെ. ഇതിനു വില കിട്ടുന്നില്ല. സാധാരണ നെല്ലിനെപ്പോലെയാണു പൊക്കാളിയെയും സംഭരണത്തില്‍ കണക്കാക്കുന്നത്. സാധാരണ നെല്‍ക്കൃഷിയേക്കാള്‍ ചെലവുവരുന്നതാണു പൊക്കാളി. ഭൗമസൂചികാ പദവിയുള്ള ഉല്‍പന്നങ്ങള്‍ക്കു പ്രത്യേക പരിഗണന നല്‍കി വിപണിസാധ്യത കണ്ടെത്താന്‍ സര്‍ക്കാര്‍ പദ്ധതിയുണ്ടെന്നു പറയുമ്പോഴും അതൊന്നും കടമക്കുടിയില്‍ ഗുണകരമാകുന്നില്ല. നെല്ല് സംഭരിക്കുന്ന ഏജന്‍സിയായ സപ്ലൈകോയ്ക്കു പൊക്കാളിയും ഒരു നെല്ല് മാത്രമാണ്. പൊക്കാളി നെല്ലിനു ന്യായവില ഉറപ്പാക്കി സംഭരിക്കാന്‍ നടപടി സ്വീകരിക്കണമെന്നു കാണിച്ച് കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് സര്‍ക്കാരിനു നിവേദനം നല്‍കിയിട്ട് ഒരുവര്‍ഷം കഴിഞ്ഞു. 2022 നവംബറിലാണു നിവേദനം നല്‍കിയത്. നാലു സഹകരണബാങ്കുകള്‍ പൊക്കാളികര്‍ഷകരെ സഹായിക്കാന്‍ ഈ മേഖലയില്‍ രംഗത്തുണ്ട്. കോരമ്പാടം സഹകരണബാങ്ക്, പള്ളിയാക്കല്‍ സഹകരണബാങ്ക്, പറവൂര്‍ വടക്കേക്കര സഹകരണ ബാങ്ക്, വടക്കേക്കര സഹകരണബാങ്ക് എന്നിവയാണിത്. അതിനാല്‍, സഹകരണവകുപ്പ് കൂടി ചേര്‍ന്നു പൊക്കാളി നെല്ല് സംഭരിക്കാനും അതു പ്രത്യേക ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കാനുമുള്ള പദ്ധതി തയാറാക്കണമെന്നായിരുന്നു പഞ്ചായത്തുപ്രസിഡന്റിന്റെ ആവശ്യം. ഇതിനും പരിഹാരമുണ്ടായിട്ടില്ല.

ഒരേക്കര്‍ സ്ഥലത്തു പൊക്കാളി നെല്‍ക്കൃഷി നടത്താന്‍ 50,000 രൂപയാണു ശരാശരി ചെലവ്. 600-700 ക്വിന്റല്‍ നെല്ലാണ് ഇതില്‍നിന്നു ലഭിക്കാനിടയുള്ളത്. ഒരു കിലോ നെല്ലിനു 60 രൂപയെങ്കിലും ലഭിച്ചാല്‍ മാത്രമാണു കര്‍ഷകന് ഒരുവിധം പിടിച്ചുനില്‍ക്കാനാവുക. എന്നാല്‍, 28.50 രൂപ നല്‍കിയാണു സപ്ലൈകോ ഈ നെല്ല് സംഭരിക്കുന്നത്. സഹകരണബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിച്ച് പൊക്കാളിനെല്ല് സംഭരിക്കുകയും കുത്തി അരിയാക്കാന്‍ മില്ല് സ്ഥാപിച്ച് പ്രത്യേക ബ്രാന്‍ഡില്‍ വിപണനം നടത്തുകയും ചെയ്യുക എന്നതായിരുന്നു ആവശ്യം. കോരമ്പാടം സഹകരണ ബാങ്ക് പൊക്കാളിഅരി ഗ്രാമിക എന്ന പേരില്‍ വിപണിയിലെത്തിക്കുന്നുണ്ട്. പുട്ടുപൊടി പോലുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും ഇതേ ബ്രാന്‍ഡില്‍ എത്തിക്കുന്നുണ്ട്. പള്ളിയാക്കല്‍ ബാങ്കും സ്വന്തം നിലയില്‍ പൊക്കാളിഅരിക്കു വിപണി കണ്ടെത്തുന്നുണ്ട്. ഇതൊന്നും അടിസ്ഥാനപരമായി പൊക്കാളിക്കര്‍ഷകരുടെ പ്രശ്നത്തിനു ശാശ്വതമായ പരിഹാരമുണ്ടാക്കുന്നതല്ല. കര്‍ഷകര്‍ക്കു വരുമാനം ഉറപ്പാക്കുന്ന രീതിയില്‍ സ്ഥിരംപദ്ധതികളാണു വേണ്ടത്. ചെലവ് കൂടുകയും വരവ് കുറയുകയും ചെയ്യുമ്പോള്‍ കടം പെരുകും. അതോടെ, കര്‍ഷകര്‍ പാടം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകും. കര്‍ഷകഗ്രാമങ്ങള്‍ അങ്ങനെ സാമ്പത്തികപ്രതിസന്ധിയിലേക്കു നീങ്ങും. അത്തരമൊരു അവസ്ഥയിലൂടെയാണു കേരളത്തിലെ ഗ്രാമങ്ങളെല്ലാം ഇപ്പോള്‍ കടന്നുപോകുന്നത്. ഭൗമസൂചികാപദവിയെന്ന ‘ആഡംബരം’ കൊണ്ടുമാത്രം കര്‍ഷകര്‍ക്ക് അവരുടെ ജീവിതത്തിനു വഴിയുണ്ടാവില്ല. ഭൗമസൂചികാപദവിക്കും ഇപ്പോള്‍ കേരളത്തില്‍ വിലയില്ലാതായിരിക്കുന്നു.

    (മൂന്നാംവഴി സഹകരണമാസിക 2024 ഫെബ്രുവരി ലക്കം കവര്‍ സ്റ്റോറി)

Leave a Reply

Your email address will not be published.

Latest News
error: Content is protected !!