ബാങ്കിങ് നിയന്ത്രണ നിയമം നമ്മളും മാറേണ്ടിവരും

moonamvazhi

(2020 ആഗസ്റ്റ് ലക്കം)

കെ. സിദ്ധാര്‍ഥന്‍

ബാങ്കിങ് നിയന്ത്രണ നിയമത്തിന്റെ നിയമവശങ്ങള്‍ക്കുപരി സാമൂഹിക വശങ്ങളാണ് ഈ ലേഖനത്തില്‍ പരിശോധിക്കുന്നത്. കേരളത്തിലെ
സഹകരണ സംഘങ്ങളും അവയുടെ കരുത്തരായ സഹകാരികളും കാലത്തിനനുസരിച്ച് നിലപാടെടുക്കാന്‍ അമാന്തിച്ചുകൂടാ. നമ്മുടെ പ്രവര്‍ത്തനലക്ഷ്യം എന്താണെന്ന് നിര്‍ണയിച്ചിട്ടുവേണം ഇത്തരമൊരു നിലപാട് സ്വീകരിക്കാന്‍. അതോടൊപ്പം, ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കനുസരിച്ച്
പ്രവര്‍ത്തിക്കുന്നതിന് സംഘങ്ങളെ പ്രാപ്തരാക്കാന്‍ സഹകരണ വകുപ്പുദ്യോഗസ്ഥരും ശ്രദ്ധിക്കണം

ബാ  ങ്കിങ് നിയന്ത്രണ ഭേദഗതി ഓര്‍ഡിനന്‍സ് – 2020 കേരളത്തിലെ സഹകരണ മേഖലയില്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളാണ് നമ്മള്‍ പരിശോധിക്കുന്നത്. അല്ലെങ്കില്‍, അതുയര്‍ത്തുന്ന ആശങ്കയാണ് ചര്‍ച്ച ചെയ്യുന്നത്. ഈ ഓര്‍ഡിനന്‍സ് ഉണ്ടാക്കുന്നത് ഒരു പ്രതിസന്ധിയല്ല, മറിച്ച് ഒരു തിരിച്ചറിവ് നല്‍കുകയാണ് . പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ കേരളത്തില്‍ ബാങ്ക് എന്ന പേരുപയോഗിക്കുകയും പ്രാഥമിക സഹകരണ ബാങ്കുകളായി പ്രവര്‍ത്തിക്കുകയുമാണ് ചെയ്യുന്നത്. ഇതിന് മാറ്റം വരുന്നു എന്നതാണ് പുതിയ നിയമഭേദഗതിയിലൂടെ സംഭവിക്കുന്നത്. സത്യത്തില്‍ ഈ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് ഇത്തരമൊരു ലക്ഷ്യത്തിന് വേണ്ടിയല്ല. അതുകൂടി ഉള്‍പ്പെടുന്നുവെന്നേയുള്ളൂ. പക്ഷേ, അതത്ര നിഷ്‌കളങ്കമായി വന്ന ഒരു മാറ്റവുമല്ല. ഇതിന്റെ നിയമപരമായ വശങ്ങള്‍ അപഗ്രഥിക്കാനല്ല, പകരം, ഇവിടെ പരിശോധിക്കാന്‍ ശ്രമിക്കുന്നത് ഇതിന്റെ സാമൂഹിക വശങ്ങളാണ് .

പേരിലെ മാറ്റം അനിവാര്യം

ബാങ്ക് എന്ന പേര് ഉപയോഗിക്കാനാവാത്തത് നമ്മളെ ആശങ്കപ്പെടുത്തുന്നതാണോ എന്നതാണ് ആദ്യത്തെ ചോദ്യം. ഒരുതരത്തില്‍ അതൊരു ആശങ്കയാണ്. സഹകരണ ബാങ്കിങ് രംഗത്ത് മറ്റൊരു സംസ്ഥാനത്തേയും സ്ഥിതിയല്ല കേരളത്തിലേത്. കാരണം, ഇവിടെ പ്രാഥമികതലം അത്രയേറെ ശക്തമാണ്. ഈ മേഖലയുടെ നട്ടെല്ല് പ്രാഥമിക ബാങ്കുകളാണ്. 1642 പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളാണ് കേരളത്തിലുള്ളത് – ഫാര്‍മേഴ്‌സ് സൊസൈറ്റികളടക്കം. ഇതില്‍ 1579 എണ്ണവും ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നവയാണ്. 15,761 സഹകരണ സംഘങ്ങളാണ് സംസ്ഥാനത്താകെ സഹകരണ സംഘം രജിസ്ട്രാര്‍ക്ക് കീഴിലുള്ളത്. പക്ഷേ, സംസ്ഥാനത്തെ സഹകരണ മേഖലയിലെ മൊത്തം നിക്ഷേപത്തിന്റെ 60 ശതമാനവും പ്രാഥമിക ബാങ്കുകളുടേതാണ്. ഇതാണ് നമ്മുടെ പ്രാഥമിക ബാങ്കുകളുടെ ശക്തി. ഇത്രയും ശക്തമായ ഒരടിത്തറ മറ്റൊരു സംസ്ഥാനത്തും കാണാനാവില്ല. ഓരോ ബാങ്കും ആ നാടിന്റെ ബ്രാന്‍ഡായി മാറിക്കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് നാട്ടുപേരിലാണ് അവ അറിയപ്പെടുന്നത്. ഈ പേരിലുണ്ടാകുന്ന ചെറിയൊരു മാറ്റം പോലും അതിന് ക്ഷീണമുണ്ടാക്കും. പല സംഘങ്ങള്‍ക്കും പേരുമാറ്റം ഉള്‍ക്കൊള്ളാനാവില്ല. പക്ഷേ, ആ മാറ്റം അനിവാര്യമാണെങ്കില്‍, അത് കാലക്രമേണ അംഗീകരിക്കപ്പെടും. അതൊരിക്കലും പ്രവര്‍ത്തനമാന്ദ്യം ഉണ്ടാക്കുമെന്ന് തോന്നുന്നില്ല.

ഇനി, കുറച്ചുകൂടി ഗൗരവത്തോടെ കാണേണ്ട മറ്റൊരു കാര്യമാണ് എന്തിനാണ് ഇങ്ങനെയൊരു മാറ്റം നിയമഭേദഗതിയിലൂടെ കൊണ്ടുവരുന്നത് എന്നത്. അത് ഏതൊക്കെ തരത്തിലാണ് നമ്മളെ ബാധിക്കാന്‍ പോകുന്നത് ? ഇത് നിഷ്‌കളങ്കമായ ഒരു മാറ്റമല്ല. വര്‍ഷങ്ങളായി നീണ്ട ഒരു യുദ്ധത്തിന്റെ പരിസമാപ്തിയാണിത്.

1949 ല്‍വന്ന ബാങ്കിങ് നിയന്ത്രണ നിയമം 1966 മുതലാണ് സഹകരണ ബാങ്കുകള്‍ക്ക് ബാധകമാക്കിയത്. അങ്ങനെ ബാധകമാക്കുന്ന ഘട്ടത്തിലും ഒരു കാര്യം വ്യക്തമാക്കിയിരുന്നു. പാക്‌സുകള്‍ക്ക് ഇത് ബാധകമല്ലെന്ന്. കാരണം, കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ചൂഷണത്തിനിരയാകുന്നവര്‍ക്കും ആശ്വാസം പകരാനാണ് സഹകരണ സംഘങ്ങള്‍ പിറവി കൊണ്ടതുതന്നെ. ഒരു കര്‍ഷക കൂട്ടായ്മയുണ്ടാവുകയും അവര്‍ക്ക് ആവശ്യമുള്ള ധനസഹായം ഉറപ്പാക്കാന്‍ അവരുടേതന്നെ ഒരു സംഘം രൂപവത്കരിക്കുകയും ചെയ്തതാണ് കാര്‍ഷിക സഹകരണ സംഘങ്ങള്‍. അതാണ് നെഹ്‌റുവിന്റെ കാലം മുതല്‍ കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് , പ്രത്യേകിച്ചും സഹകരണ സംഘങ്ങള്‍ക്ക് , ഒട്ടേറെ സഹായവും ആനുകൂല്യവും നല്‍കാനിടയാക്കിയത്. ഇന്ന് അത് ഓരോന്നോരോന്നായി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. മൂന്നാം പഞ്ചവത്സര പദ്ധതിക്കാലത്താണ് സഹകരണ മേഖലയെ ശക്തമാക്കാന്‍ വലിയ തോതില്‍ സര്‍ക്കാരിടപെടലുണ്ടായത്. സര്‍ക്കാരിന്റെ പദ്ധതിവിഹിതത്തില്‍ നിന്ന് വലിയൊരു ശതമാനം തുക സഹകരണ മേഖലയെ ശക്തമാക്കാന്‍ നീക്കിവെച്ചത് നമ്മള്‍ ഓര്‍ക്കണം. കേരളത്തില്‍ പഴയ കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ വേഗത്തില്‍ വളരുകയും ഇന്നു കാണുന്ന സഹകരണ ബാങ്കുകളായി ശക്തിയും ഗരിമയും ഒക്കെയായി നില്‍ക്കുകയും ചെയ്തു.

ആയിരം കോടിയിലേറെ നിക്ഷേപമുള്ള പ്രാഥമിക സഹകരണ ബാങ്കുകള്‍ നമുക്കുണ്ട്. എന്തിന്, സംസ്ഥാന സഹകരണ ബാങ്കിനുള്ളതിനേക്കാളും വ്യക്തിഗത നിക്ഷേപമുള്ള പ്രാഥമിക ബാങ്കുകള്‍ ഒട്ടേറെയുണ്ട്. എന്നിട്ടും നമ്മള്‍ അവകാശപ്പെടുന്നത് ഇതൊക്കെ കാര്‍ഷിക വായ്പാ സംഘങ്ങളാണ് എന്നാണ്. ഒരു വില്ലേജില്‍ മാത്രം പ്രവര്‍ത്തന പരിധിയുള്ള ഒരു സംഘത്തിന,് അംഗങ്ങളില്‍നിന്നു മാത്രം നിക്ഷേപം സ്വീകരിക്കാന്‍ അധികാരമുള്ള ഒരു സംഘത്തിന്, അംഗങ്ങള്‍ക്കു മാത്രം വായ്പകൊടുക്കാന്‍ കഴിയാവുന്ന ഒരുസംഘത്തിന് , ഇത്രയും മൂലധനശേഷി ഉറപ്പുവരുത്താനാവുമോ ? നമ്മള്‍ ആലോചിക്കേണ്ടതാണ്. സാമാന്യ യുക്തിയില്‍ ആര്‍ക്കും തോന്നാവുന്ന ഉത്തരം ഇല്ല എന്നാണ്.

ഈ ഉത്തരമേ റിസര്‍വ് ബാങ്കിനും ഉണ്ടായിരുന്നുള്ളൂ. അപ്പോള്‍ റിസര്‍വ് ബാങ്ക് ചിന്തിച്ചത് കേരളത്തിലെ ഈ സംഘങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുന്നുണ്ടാകണം എന്നാണ്. റിസര്‍വ് ബാങ്ക് ഇങ്ങനെയൊക്കെ ഊഹിച്ചെടുത്താണോ പ്രവര്‍ത്തിക്കുന്നത് എന്നൊരു വാദമുയരാം. ഇതൊരു സാമാന്യ വിഷയമായി സൂചിപ്പിച്ചുവെന്നേയുള്ളൂ. കാരണം, ഇന്ത്യയിലെ സഹകരണ നിക്ഷേപത്തിന്റെ പകുതിയിലേറെയും കേരളത്തിന്റെ സംഭാവനയാണ്. അത് നമ്മള്‍ ഗമയോടെ പറയുന്നുമുണ്ട്്. അതില്‍ 60 ശതമാനം പ്രാഥമിക ബാങ്കുകളുടേതാണ്. ഇതും പരസ്യമാണ്. നമ്മുടെ നേട്ടമായി ഉയര്‍ത്തിക്കാണിക്കുന്നതുമാണ്. സ്വാഭാവികമായും ഇന്ത്യയിലെ സാമ്പത്തിക സംവിധാനത്തിന്റെ നിയന്ത്രണച്ചുമതലയുള്ള റിസര്‍വ് ബാങ്ക് ഇത്രയും പണം എങ്ങനെയാണ് സഹകരണ ബാങ്കുകളില്‍ നിക്ഷേപമായി എത്തുന്നതെന്ന് ചിന്തിക്കാതിരിക്കില്ല. അവര്‍ ചിന്തിച്ചു. അങ്ങനെയാണ് 2012 ല്‍ ബാങ്കിങ് നിയന്ത്രണ നിയമത്തിന് ഒരു ഭേദഗതി കൊണ്ടുവന്നത്. ഇപ്പോഴത്തെ ഭേദഗതിക്ക് തൊട്ടുമുമ്പുള്ള ഭേദഗതി.

റിസര്‍വ് ബാങ്ക് ലൈസന്‍സ്

2013 ജനുവരി 18 നാണ് ആ ഭേദഗതിക്ക് പ്രാബല്യമുണ്ടായത്. അതില്‍ പ്രധാനമായും രണ്ടു കാര്യങ്ങളാണ് സഹകരണ ബാങ്കുകളെക്കുറിച്ച് പറഞ്ഞത്. ഒന്ന്, സഹകരണ ബാങ്കുകളുടെ എസ്.എല്‍.ആറും സി.ആര്‍.ആറും വാണിജ്യ ബാങ്കുകള്‍ക്ക് തുല്യമാകണം. നേരത്തെ അങ്ങനെയായിരുന്നില്ല. രണ്ടാമത്തെ കാര്യം, ബാങ്കിങ് ബിസിനസ് ചെയ്യുന്ന എല്ലാ സഹകരണ സംഘങ്ങളും റിസര്‍വ് ബാങ്കില്‍നിന്ന് മൂന്നു മാസത്തിനുള്ളില്‍ ലൈസന്‍സ് എടുക്കണം. അല്ലാത്തവ ബാങ്ക് എന്ന പേര് ഉപയോഗിക്കുകയോ പൊതുജനങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിക്കുകയോ പാടില്ല. ഈ നിയമത്തില്‍ത്തന്നെ ഒരുകാര്യം വ്യക്തമാക്കുന്നുണ്ട്. അംഗങ്ങളുമായി മാത്രം ഇടപാടു നടത്തുന്ന പാക്‌സ് വിഭാഗത്തില്‍പ്പെടുന്ന സംഘങ്ങള്‍ക്ക് ബാങ്കിങ് ലൈസന്‍സ് വേണ്ടതില്ല എന്ന് . ഈ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ സഹകരണ വകുപ്പ് ഒരു സര്‍ക്കുലര്‍ ഇറക്കി. റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്ന എന്‍ട്രി പോയിന്റ് മാനദണ്ഡങ്ങള്‍ കൈവരിച്ചിട്ടുള്ള വായ്പാ സംഘങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ലൈസന്‍സിന് അപേക്ഷിക്കാമെന്നാണ് അതിലുണ്ടായിരുന്നത്.

കണ്ണൂര്‍ മാടായി സഹകരണ ബാങ്ക് , കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് തുടങ്ങി പാക്‌സ് വിഭാഗത്തിലുള്‍പ്പെടുന്ന 17 സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്ക് ലൈസന്‍സിന് അപേക്ഷിച്ചു. മറ്റ് 15 ക്രെഡിറ്റ് സംഘങ്ങളും ലൈസന്‍സിന് അപേക്ഷിച്ചു. പാക്‌സുകളുടെ അപേക്ഷ റിസര്‍വ് ബാങ്ക് മടക്കി. അവരോട് റിസര്‍വ് ബാങ്ക് പറഞ്ഞു- നിങ്ങള്‍ക്ക് ബാങ്കിങ് ലൈസന്‍സ് എടുക്കേണ്ട ആവശ്യമില്ല. കാരണം, നിങ്ങള്‍ പാക്‌സാണ്. പക്ഷേ, എന്തുവേണം ? പൊതുജനങ്ങളുമായി ഇടപാട് പാടില്ല. മറ്റ് ക്രെഡിറ്റ് സൊസൈറ്റികളുടെ അപേക്ഷ റിസര്‍വ് ബാങ്ക് തത്വത്തില്‍ സ്വീകരിച്ചു. അതിലിപ്പോഴും അന്തിമ തീരുമാനമായിട്ടില്ല. പക്ഷേ, ഒരു കാര്യമുണ്ട്. റിസര്‍വ് ബാങ്ക് അപേക്ഷ നിരസിച്ചില്ലെങ്കില്‍ ബാങ്ക് എന്ന പേര് ഉപയോഗിക്കുന്നതിന് വിലക്കില്ല്.

ഇതിനു ശേഷവും പാക്‌സുകള്‍ എന്തുചെയ്തു? മുമ്പ് എങ്ങനെയാണോ പ്രവര്‍ത്തിച്ചത് അതേ പോലെ തുടര്‍ന്നു. ബാങ്ക് എന്ന പേരിന് ഒരു മാറ്റവും ഉണ്ടായില്ല. അതിനെ നമ്മള്‍ വ്യാഖ്യാനിച്ചത് ഇങ്ങനെയാണ് : നമ്മള്‍ അപേക്ഷിച്ചതാണ്. അപ്പോള്‍ ലൈസന്‍സ് വേണ്ടതില്ലെന്നാണ് റിസര്‍വ് ബാങ്ക് പറഞ്ഞത്. പിന്നെ എന്താ കുഴപ്പം ? ‘. സാങ്കേതികമായി ഈ വാദം ശരിയാണെന്നു പറയാം. അതില്‍ തെറ്റില്ല. എന്നാല്‍, റിസര്‍വ് ബാങ്ക് ഇതൊക്കെ ചെയ്യാനുള്ള കാരണം നമ്മുടെ നിക്ഷേപത്തിന്റെ തോത് കണ്ടിട്ടാണ്. അതില്‍ ഒരു മാറ്റവും ഉണ്ടായില്ല. പ്രാഥമിക ബാങ്കുകളുടെ നിക്ഷേപം ഓരോ വര്‍ഷവും കൂടിക്കൊണ്ടിരുന്നു. അപ്പോള്‍, റിസര്‍വ് ബാങ്ക് റജിസ്ട്രാറോട് പറഞ്ഞു സഹകരണ സംഘത്തിലെ അംഗമെന്നു പറഞ്ഞാല്‍ വോട്ടവകാശമുള്ള അംഗങ്ങളാണ്. എല്ലാവരെയും അംഗങ്ങളാക്കിയാല്‍ അത് പൊതുജനങ്ങളുമായി ഇടപാട് നടത്തുന്നതിന് തുല്യമാകും. അതുകൊണ്ട് വോട്ടവകാശമുള്ള അംഗങ്ങളില്‍നിന്നു മാത്രമേ, ബാങ്കിങ് ലൈസന്‍സില്ലാത്ത സഹകരണ സംഘങ്ങള്‍ നിക്ഷേപം സ്വീകരിക്കാന്‍ പാടുള്ളൂ. ഇത് കേരളം അംഗീകരിച്ചില്ല. രജിസ്ട്രാര്‍ അതിന് മറുപടി നല്‍കിയത് ഇങ്ങനെയായിരുന്നു : ‘ സംസ്ഥാന സഹകരണ നിയമം അനുസരിച്ചാണ് സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതും പ്രവര്‍ത്തിക്കുന്നതും. കേരള സഹകരണ സംഘം നിയമപ്രകാരം എ, ബി, സി, ഡി. എന്നിങ്ങനെ എല്ലാ ക്ലാസ് അംഗങ്ങളും സംഘങ്ങളുടെ അംഗങ്ങള്‍തന്നെയാണ്. മാത്രവുമല്ല, സംഘത്തിന്റെ പെയ്ഡ് അപ്പ് ഷെയര്‍ ക്യാപ്പിറ്റല്‍ എന്നാല്‍ എല്ലാ ക്ലാസ് അംഗങ്ങളുടെയും ഓഹരി വിഹിതം ഉള്‍പ്പെട്ടതാണ്. അതിനാല്‍, വോട്ടവകാശമുള്ള അംഗങ്ങളെ മാത്രം അംഗങ്ങളായി പരിഗണിക്കാനാവില്ല ‘ . ഈ മറുപടിയോടെ റിസര്‍വ് ബാങ്കിന്റെ ആ നീക്കം തല്‍ക്കാലം അവിടെ അവസാനിച്ചു. അവസാനിച്ചുവെന്ന് പൂര്‍ണമായി പറയാനാവില്ല. ആദായനികുതി തര്‍ക്കമെല്ലാം ഇതുമായി ബന്ധപ്പെട്ടുള്ളതാണ്. രജിസ്ട്രാറുടെ മറുപടിക്ക് ശേഷവും റിസര്‍വ് ബാങ്ക് ഒരു കാര്യം വീണ്ടും അറിയിച്ചു. ബാങ്ക് എന്ന് പേരിനൊപ്പം ഉപയോഗിക്കരുത് എന്ന്. അതും കേരളത്തില്‍ നടന്നില്ല. ഇതിന്റെ പരിസമാപ്തിയാണ് ഇപ്പോഴത്തെ ഭേദഗതിയിലൂടെ ഉണ്ടായത്. പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ ബാങ്ക് എന്നുപയോഗിക്കാന്‍ പാടില്ലെന്ന് തീര്‍ത്തു പറഞ്ഞു. അതിന് മറ്റ് ഒരു വ്യവസ്ഥയും ഉപാധിയുമില്ല. അംഗങ്ങളായി പരിഗണിക്കുന്നത് ആരെയാണെന്നോ നിക്ഷേപം ആരില്‍നിന്ന് വാങ്ങാമെന്നോ എന്ന കാര്യത്തിലൊന്നും ഈ ഭേദഗതിയില്‍ തീര്‍പ്പുണ്ടായിട്ടില്ല. അത് പിന്നാലെ വരുന്നേയുള്ളൂ. ബാങ്ക് എന്നുപയോഗിക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കം അവിടെ തീര്‍ത്തു.

ഇനി വേറൊരു കാര്യം. കേരളബാങ്ക് രൂപവത്കരണത്തിന് നമ്മള്‍ അപേക്ഷയുമായി റിസര്‍വ് ബാങ്കിനെ സമീപിച്ചു. അതിന് തത്വത്തില്‍ അംഗീകാരം നല്‍കിക്കൊണ്ട് ലയനത്തിനു മുമ്പ് പാലിക്കേണ്ട 19 നിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്ക് മുന്നോട്ടുവെച്ചു. അതില്‍ പതിനെട്ടാമത്തെ നിര്‍ദേശം ബാങ്ക് എന്ന പേരുപയോഗിക്കുന്ന സൊസൈറ്റിക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കരുത് എന്നായിരുന്നു. സംസ്ഥാന-ജില്ലാ ബാങ്കുകളുടെ ലയനത്തിന് ഇത്തരമൊരു വ്യവസ്ഥയുടെ ഒരാവശ്യവുമില്ല. എന്നിട്ടും റിസര്‍വ് ബാങ്ക് അത് നിര്‍ദേശിച്ചിട്ടുണ്ടെങ്കില്‍ അതിന് എന്തോ ഉദ്ദേശ്യമുണ്ടാവും. അത് റിസര്‍വ് ബാങ്കിന് വ്യക്തമായിരുന്നു നമുക്ക് വ്യക്തമായില്ല. അല്ലെങ്കില്‍, നമ്മളത് അവഗണിച്ചു. അത്രയേയുള്ളൂ. മാത്രവുമല്ല, അതനുസരിച്ച് സഹകരണ വകുപ്പ് സര്‍ക്കുലറുമിറക്കി.

ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ്

ഇനി എന്താണ് നമുക്ക് ചെയ്യാനുള്ളത് എന്നതാണ് മറ്റൊരുകാര്യം. റിസര്‍വ് ബാങ്കിന്റെ നയം ഏറെ മാറിക്കഴിഞ്ഞു. സഹകരണ മേഖലയോടുള്ള നിലപാടില്‍ മാത്രമല്ല, വാണിജ്യ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും കാര്യത്തിലെല്ലാം ഈ മാറ്റം പ്രകടമാണ്. സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്കും നോണ്‍ ബാങ്കിങ് കമ്പനികള്‍ക്കും യഥേഷ്ടം അനുമതി ലഭിക്കുന്നുണ്ട്. സഹകരണ ബാങ്കുകളിലുണ്ടായിരുന്ന ഇരട്ട നിയന്ത്രണം ഒരു പരിധിവരെ അവസാനിപ്പിച്ചു. അതിന്റെ ഒടുവിലത്തെ ചുവടാണ് അര്‍ബന്‍ ബാങ്കുകളുടെ നിയന്ത്രണം പൂര്‍ണമായി റിസര്‍വ് ബാങ്കിന്റെ പരിധിയിലാക്കിയുള്ള ഇപ്പോഴത്തെ ഭേദഗതി. അര്‍ബന്‍ ബാങ്കുകളില്‍ നേരിട്ട് ഇടപെടാന്‍ ഭരണസമിതിക്ക് പുറമെ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് രൂപവത്കരിച്ചു. ഇന്ത്യയിലാദ്യമായി ഈ പരിഷ്‌കാരം ഒരു സംസ്ഥാന സഹകരണ ബാങ്കില്‍ കൊണ്ടുവന്നത് കേരള ബാങ്കിലാണ് എന്നുകൂടി ഓര്‍ക്കണം. ബോര്‍ഡ് ഓഫ് മാനേജ്‌മെന്റിന്റെ കാര്യത്തില്‍ അര്‍ബന്‍ ബാങ്കിന് നല്‍കുന്ന എല്ലാ നിര്‍ദേശവും കേരള ബാങ്കിനും ബാധകമാണെന്ന് അതിന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവില്‍ത്തന്നെ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, അര്‍ബന്‍ ബാങ്കുകളുടെ പ്രവര്‍ത്തന പരിധിയും റിസര്‍വ് ബാങ്ക് എടുത്തുകളയുകയാണ്. കാര്യക്ഷമമായി ബാങ്കിങ് ബിസിനസ് നടത്തുന്ന സ്ഥാപനമാണോ എങ്കില്‍ നിങ്ങള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കാമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിലപാട്. ഇത് പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും ബാധകമാകാന്‍ പോകുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. ഇനി ഒന്നുകില്‍ കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളായി പ്രവര്‍ത്തിക്കാം. അല്ലെങ്കില്‍, ബാങ്കായി മാറണം. ഇതാണ് ഇപ്പോഴത്തെ അവസ്ഥ.

നികുതിയുടെ കാര്യത്തില്‍ കാര്‍ഷിക സഹകരണ സംഘങ്ങളാണ്. അതേസമയം, ആര്‍.ടി.ജി.എസ്സും എന്‍.ഇ.എഫ്.റ്റി. ഉള്‍പ്പെടെ എല്ലാ ആധുനിക ബാങ്കിങ് സംവിധാനവും ഉപയോഗിച്ച് പ്രവര്‍ത്തിക്കുകയും വേണം. ഇതിലൊരു മാറ്റമാണ് ഇനി സംഭവിക്കാനിരിക്കുന്നത്. അതായത്, കേരള ബാങ്ക് ഒരു തുടക്കമായിരുന്നു. ആ മാറ്റം പ്രാഥമിക തലത്തില്‍വരെ പല രീതിയിലും ഭാവത്തിലും സംഭവിക്കുമെന്നാണ് കരുതേണ്ടത്.

റിസര്‍വ് ബാങ്കും ആദായനികുതി വകുപ്പുമെല്ലാം കേരളത്തിലെ സഹകരണ സംഘങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് നമ്മള്‍ ചിന്തിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് ഇങ്ങനെയൊരു ലക്ഷ്യമുള്ളതുകൊണ്ടാണ് അത്തരമൊരു നീക്കം നടക്കുന്നതെന്ന് നമ്മള്‍ വിശ്വസിക്കുന്നു. അതാണ് സമരം, സംഘടിതമുന്നേറ്റം എന്നൊക്കെ നമ്മള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. മോദി സര്‍ക്കാരിന്റെ കാലത്തു മാത്രമല്ല, അതിനു മുമ്പ് യു.പി.എ. സര്‍ക്കാരിന്റെ കാലത്തും ഇതേ അവസ്ഥയുണ്ടായിരുന്നുവെന്ന് ഓര്‍ക്കണം. അതിന് നമ്മള്‍ കണ്ടെത്തുന്ന വിശദീകരണം ഈ രണ്ടു സര്‍ക്കാരുകള്‍ക്കും ഒരേ നിലപാടാണ് എന്നതാണ്. നമ്മുടെ ഈ മനോഭാവം കാരണം ആദായനികുതി വകുപ്പിന്റെ ഇടപെടല്‍ തുടക്കത്തിലേ നമ്മള്‍ സംഘടിതമായി ചെറുത്തു. ചിലയിടങ്ങളില്‍ ആദായനികുതി വകുപ്പുദ്യോഗസ്ഥര്‍ക്കെതിരെ കൈയേറ്റംവരെയുണ്ടായി. റിസര്‍വ് ബാങ്ക് പ്രതിനിധികള്‍ നേരിട്ട് എവിടെയും പരിശോധനയ്‌ക്കൊന്നും എത്താതിരുന്നതിനാല്‍ അത്തരമൊരു എതിര്‍പ്പൊന്നും അവര്‍ക്ക് നേരിടേണ്ടിവന്നില്ല. ഈ ചെറുത്തുനില്‍പ്പ് കഴിഞ്ഞ് നമ്മുടെ സംഘടിത ശക്തിയില്‍ നമ്മള്‍ അഭിമാനം കൊണ്ടു. അവരാകട്ടെ ഓരോ കാരണം കണ്ടെത്തി പിഴയും നോട്ടീസും ഓരോ സ്ഥാപനത്തിനും നല്‍കി നിയമം കര്‍ശനമാക്കാന്‍ തുടങ്ങി. ഇതോടെ സംഘങ്ങള്‍ രക്ഷ തേടി കോടതിയില്‍പോയി. ആദായനികുതി വകുപ്പ് സര്‍ക്കാരിന്റെ പണത്തിലും സംഘങ്ങള്‍ ജനങ്ങളില്‍നിന്ന് ശേഖരിച്ച നിക്ഷേപം ഉപയോഗിച്ചും കേസ് നടത്തി. ഇപ്പോഴും അത് തുടരുന്നു. സംഘങ്ങളുടെ ലക്ഷക്കണക്കിന് രൂപയാണ് വ്യവഹാരത്തിനായി ഇതുവരെ ചെലവഴിച്ചത്. നികുതി കൊടുക്കാം, ഇങ്ങനെ അനാവശ്യ കാര്യങ്ങള്‍ക്ക് പിഴ ഈടാക്കി ഉപദ്രവിക്കുന്നതെങ്കിലും അവസാനിപ്പിക്കണം എന്നതാണ് ഇപ്പോഴത്തെ നമ്മുടെ മനോഭാവം. നമ്മള്‍ അവിടെ എത്തി.

പ്രധാന പ്രവര്‍ത്തനം കാര്‍ഷിക വായ്പ നല്‍കല്‍

 

എന്തായിരുന്നു നമ്മുടെ ന്യായീകരണം ? കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് ആദായനികുതി ഇളവ് സ്വാതന്ത്രാനന്തര ഇന്ത്യയിലെ ആദ്യ സര്‍ക്കാരു മുതല്‍ അനുവദിച്ചിട്ടുണ്ട്. അത് എന്തിന് നിഷേധിക്കുന്നുവെന്നതാണ് നമ്മുടെ ചോദ്യം. അത് ശരിയാണ്. ഇപ്പോഴും കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് ആദായനികുതിയിളവിന് അര്‍ഹതയുണ്ട്. പക്ഷേ, ആദായനികുതി വകുപ്പ് പറഞ്ഞത് നിങ്ങള്‍ കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളല്ല. രജിസ്‌ട്രേഷന്‍ അങ്ങനെയായതുകൊണ്ടുമാത്രം അത്തരം സംഘമായി കണക്കാക്കാനാവില്ല. അത് പരിശോധിക്കേണ്ടത് ആദായ നികുതി വകുപ്പാണോ എന്നൊക്കെയുള്ള ചോദ്യം നിലനില്‍ക്കുന്നുണ്ട്. നിയമപരമായി ഇതൊരു തര്‍ക്കവിഷയമായി ഇപ്പോഴും കോടതിയിലുണ്ട്. എങ്കിലും, നമ്മളൊരു ആത്മപരിശോധന നടത്തണം. ബാങ്കിങ് റഗുലേഷന്‍ ആക്ടിലെ അഞ്ചാം വകുപ്പില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘം എന്താണെന്ന് നിര്‍വചിച്ചിട്ടുണ്ട്. The primary object or principal business of which to provide financial accommodation to its members for agricultulal purpose or for the purpose connected with agricultural activities (including the marketing of crops) എന്നാണ് ഈ നിര്‍വചനം. അംഗങ്ങള്‍ക്ക് കാര്‍ഷിക വായ്പ കൊടുക്കുന്നതാവണം പ്രധാന പ്രവര്‍ത്തനം എന്നാണ് ഇതില്‍ പറയുന്നത്. പ്രധാന പ്രവര്‍ത്തനമാകാന്‍ എത്ര ശതമാനം കാര്‍ഷിക വായ്പ കൊടുക്കണമെന്ന് നിയമത്തില്‍ പറഞ്ഞിട്ടില്ല. കാരണം, അത് കാലാകാലങ്ങളില്‍ നിര്‍ണയിക്കപ്പെടേണ്ടിവരുമെന്നതുകൊണ്ടാണ്.

കേരളത്തില്‍ 40 ശതമാനം കാര്‍ഷിക വായ്പ കൊടുക്കണമെന്നാണ് രജിസ്ട്രാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. നിയമവും സര്‍ക്കുലറും ഇങ്ങനെയൊക്കെയായിട്ടും ഇത് നമ്മള്‍ പാലിക്കുന്നില്ല. അതിന് നമ്മള്‍ പറയുന്നത് ഒരു വില്ലേജ്പരിധിക്കുള്ളില്‍ എവിടെയാണ് ഇത്രയും കാര്‍ഷിക വായ്പ കൊടുക്കാനാവുക എന്നാണ്. എറണാകുളം ജില്ലയിലെ പള്ളിയാക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് ഒരു മാതൃകയായി നമ്മുടെ മുമ്പിലുണ്ട്. ഒരു ഗ്രാമത്തിന്റെ കാര്‍ഷികാവശ്യങ്ങള്‍ നിര്‍വഹിക്കുന്ന സഹകരണ സംഘമാണ് പള്ളിയാക്കല്‍. ആ രീതിയില്‍ പ്രവര്‍ത്തിക്കാവുന്ന സംഘങ്ങള്‍ അതിലേക്ക് മാറണം. അവയ്ക്ക് നിര്‍ബന്ധമായും നികുതി ഇളവ് ലഭിക്കുകയും വേണം. നിയമപരമായി നിര്‍ദേശിക്കുന്ന കാര്‍ഷിക വായ്പ നല്‍കാനാവുന്നില്ലെങ്കില്‍ നിയമപരമായി നല്‍കേണ്ട നികുതി നല്‍കുകയല്ലേ വേണ്ടത് ? അപ്പോള്‍, നമ്മുടെ മനോഭാവത്തിനും മാറ്റം വരേണ്ടതുണ്ട്.

ഇനി റിസര്‍വ് ബാങ്കിന്റെ കാര്യം പരിശോധിക്കാം. എന്തുകൊണ്ടാണ് റിസര്‍വ് ബാങ്ക് ഇത്തരമൊരു സമീപനം സ്വീകരിക്കുന്നത് ? നിക്ഷേപത്തിന്റെ സുരക്ഷയും നിക്ഷേപകരുടെ താല്‍പ്പര്യവുമാണ് ഒരു ബാങ്ക് പ്രധാനമായും സംരക്ഷിക്കേണ്ടത് എന്നാണ് റിസര്‍വ് ബാങ്കിന്റെ കാഴ്ചപ്പാട്. ഇപ്പോഴത്തെ ഈ നിയമഭേദഗതി വന്നതുതന്നെ മഹാരാഷ്ട്രയിലെ പി.എം.സി. അര്‍ബന്‍ ബാങ്കിലുണ്ടായ തട്ടിപ്പിന്റെയും പിന്നീട് ബാങ്കിനുണ്ടായ തകര്‍ച്ചയുടെയും പശ്ചാത്തലത്തിലാണ്. റിസര്‍വ് ബാങ്ക് നല്‍കുന്ന നിക്ഷേപ ഗ്യാരന്റിക്ക് സമാനമായി കേരളത്തിലെ സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന് ഒരു ഗ്യാരന്റി പദ്ധതി നമ്മള്‍ നടപ്പാക്കിയിട്ടുണ്ട്. ഈ സ്‌കീം പോലും റിസര്‍വ് ബാങ്ക് പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നുവെന്ന് നമ്മള്‍ മനസ്സിലാക്കണം. സഹകരണ സംഘങ്ങളിലെ നിക്ഷേപം സുരക്ഷിതമാണെന്ന് ഉറപ്പാക്കാനാണ് സര്‍ക്കാര്‍ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡ് രൂപവത്കരിച്ചത്. പക്ഷേ, ഇന്നും ഈ ഗ്യാരന്റി സ്‌കീമില്‍ അംഗമല്ലാത്ത നൂറുകണക്കിന് സംഘങ്ങള്‍ കേരളത്തിലുണ്ട്. വാങ്ങിയ നിക്ഷേപം തിരിച്ചുകൊടുക്കാത്ത നൂറുകണക്കിന് കേസുകള്‍ കേരളത്തിലുണ്ട്. അപ്പോള്‍ നമ്മള്‍ പരിശുദ്ധരാണോ ? സംസ്ഥാന നിയമവും രജിസ്ട്രാറുടെ സര്‍ക്കുലറുംപോലും പാലിക്കാന്‍ മനസ്സുകാണിക്കാത്ത സംഘങ്ങളാണ് റിസര്‍വ് ബാങ്കിന്റെ മനോഭാവത്തെ കുറ്റം പറയുന്നത് എന്നതല്ലേ സത്യം ? അപ്പോള്‍ നമ്മളും ആത്മപരിശോധന നടത്തേണ്ടതുണ്ട് എന്നര്‍ഥം.

നിക്ഷേപം ഉപയോഗിച്ച് റിസ്‌ക് എടുക്കാമോ ?

ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് ബാങ്കിങ് ലൈസന്‍സ് നല്‍കിക്കൂടെ എന്നതാണ് ഒരു ചോദ്യം. നല്‍കാം. അങ്ങനെ നല്‍കിയാലുണ്ടാവുന്ന ഒരു പ്രധാന പ്രശ്‌നം സാമൂഹിക മേഖലകളിലുള്ള സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം ഒഴിവാക്കേണ്ടിവരും എന്നതാണ്. കണ്‍സ്യൂമര്‍ സ്റ്റോര്‍ മുതല്‍ പാവങ്ങള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്തുകൊടുക്കുന്ന ഡയാലിസിസ് സെന്റര്‍ വരെ ഇത്തരം സംഘങ്ങള്‍ നടത്തുന്നുണ്ട്. അതത് നാടിന്റെ നന്മയാണ് ഈ സംഘങ്ങള്‍. ആ നന്മ കെടുത്തിയിട്ടേ ബാങ്കിങ് ലൈസന്‍സ് നല്‍കൂവെന്ന് റിസര്‍വ് ബാങ്ക് എന്തിനു ശഠിക്കണം എന്നതാണ് നമ്മുടെ സംശയം. ശരിയാണ്. പക്ഷേ, ഇതേപ്പറ്റി ഒന്നാലോചിച്ചു നോക്കൂ. അതായത്, നിക്ഷേപത്തിന്റെ സുരക്ഷയാണ് റിസര്‍വ് ബാങ്ക് പ്രധാനമായും പരിശോധിക്കുന്നത്. ഈ കാഴ്ചപ്പാടനുസരിച്ച് ഒരു ബാങ്ക് മറ്റു ബിസിനസ്സുകളിലേക്ക് ഇറങ്ങുന്നത് അവിടെയുള്ള നിക്ഷേപം ഉപയോഗിച്ചാവണമെല്ലോ. അപ്പോള്‍ അത് റിസ്‌കാണ്. ആ റിസ്‌ക് എടുക്കാന്‍ പാടില്ലെന്നാണ് റിസര്‍വ് ബാങ്ക് സൂചിപ്പിക്കുന്നത്. മാത്രവുമല്ല, നല്‍കിയ വായ്പ യഥാസമയം തിരിച്ചുപിടിക്കാനുള്ള നിര്‍ദേശം ബാങ്കുകള്‍ക്കുണ്ട്. അത് റിസര്‍വ് ബാങ്ക് പരിശോധിച്ച് ഉറപ്പാക്കുന്നുമുണ്ട്. എന്‍.പി.എ.- സി.ആര്‍.ആര്‍. എന്നുതുടങ്ങി എല്ലാ ഉപാധികളും റിസര്‍വ് ബാങ്ക് ബാങ്കുകളില്‍ വെക്കുന്നുണ്ട്. അതുപോലും നിക്ഷേപം സുരക്ഷിതമാക്കാനാണ്. ഇനി സാമൂഹിക സേവന പ്രവര്‍ത്തനം നടത്തുന്നതിന് എതിരുണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ല. ഇത്തരം ആവശ്യത്തിന് ലാഭത്തില്‍നിന്ന് സി.എസ്.ആര്‍. ഫണ്ട് നിര്‍ബന്ധമായും ചെലവഴിക്കണമെന്നാണ് വ്യവസ്ഥ. അപ്പോള്‍ ലാഭമുണ്ടെങ്കിലേ സാമൂഹിക സേവനത്തിന് ഇറങ്ങാവൂ എന്നതാണ് റിസര്‍വ് ബാങ്കിന്റെ നയം. ഇതെങ്ങനെ തെറ്റാവും?

ഇനി എന്താണ് ചെയ്യാനാവുക എന്നുകൂടി പരിശോധിക്കാം. എല്ലാ സംഘങ്ങളും ബാങ്കുകളായി മാറാനുള്ള നെട്ടോട്ടം അവസാനിപ്പിക്കുക എന്നതാണ് ആദ്യത്തെ നിര്‍ദേശം. കേരളത്തില്‍ പ്രാഥമിക സഹകരണ ബാങ്കുകളും മറ്റ് പല പേരിലും പ്രവര്‍ത്തിക്കുന്ന സംഘങ്ങളും ചെയ്യുന്നത് ബാങ്കിങ് ബിസിനസ്സാണ്. അല്ലെങ്കില്‍ ബാങ്കിങ് ബിസിനസ് ചെയ്യാനുള്ള കഠിന ശ്രമമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എന്ത് ഉദ്ദേശ്യലക്ഷ്യത്തിനു വേണ്ടിയാണോ സംഘം തുടങ്ങിയത് അതില്‍നിന്ന് മാറി ബാങ്കിങ് ബിസിനസ്സിലേക്ക് തിരിയുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരമൊരു ശുദ്ധീകരണം റിസര്‍വ് ബാങ്ക് നടത്തുന്നതിന് മുമ്പ് നമ്മള്‍തന്നെ അതിന് തയാറെടുക്കുന്നതാണ് നല്ലത്. ഇപ്പോള്‍ അടിയന്തര സാഹചര്യം വന്നിരിക്കുന്നത് പ്രാഥമിക സഹകരണ ബാങ്കുകളുടെ കാര്യത്തിലാണല്ലോ. അതില്‍ എന്ത് ചെയ്യാന്‍ പറ്റും എന്നു പരിശോധിക്കാം. ബാങ്കുകളായി പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ ബാങ്കുകളാക്കി മാറ്റണം. അല്ലാത്തവ, പള്ളിയാക്കല്‍ സഹകരണ ബാങ്കിന്റെ മാതൃകയില്‍ ഉദാത്തമായ കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളായിത്തന്നെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകണം. പക്ഷേ, അപ്പോള്‍ ഒരു പ്രശ്‌നമുണ്ട്. ഇങ്ങനെ ബാങ്കുകളാക്കി മാറ്റാവുന്ന സംഘങ്ങളാണ് സാമൂഹിക മേഖലയില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിക്കുന്നത്. അത് നിര്‍ത്തേണ്ടിവരുന്നത് ഒരു പ്രശ്‌നമാണ്. അതും നിലനിര്‍ത്തണം . ഇത്തരം സംഘങ്ങള്‍ ബാങ്കിങ് പ്രവര്‍ത്തനത്തിന് വേണ്ടിമാത്രമായി സബ്‌സിഡറി കമ്പനി രൂപവത്കരിക്കുക എന്നതാണ് ഒരു നിര്‍ദേശം. ഇതിന് നമ്മുടെ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ബാങ്ക് സബ്‌സിഡറി കമ്പനിക്കു കീഴിലും മറ്റ് പ്രവര്‍ത്തനങ്ങള്‍ സംഘത്തിനു കീഴിലുമാക്കണം. ഇത്തരത്തില്‍ ബാങ്കിങ് കമ്പനി രൂപവത്കരിക്കാന്‍ ശേഷിയുള്ള സംഘങ്ങളെ വകുപ്പുതന്നെ പരിശോധിച്ച് ഉറപ്പുവരുത്തണം. ഇങ്ങനെ വന്നാല്‍, നിലവിലെ നമ്മുടെ ആദായ നികുതി തര്‍ക്കവും റിസര്‍വ് ബാങ്കിന്റെ നിര്‍ദേശവും നിയമഭേദഗതിയുണ്ടാക്കുന്ന ആശങ്കയുമെല്ലാം പരിഹരിക്കാനാകും.

കാലത്തിനനുസരിച്ചും നമ്മുടെ പ്രവര്‍ത്തനലക്ഷ്യം എന്താണെന്ന് നിര്‍ണയിച്ചും സംഘങ്ങളും സഹകാരികളും നിലപാടെടുക്കണം. സഹകരണ വകുപ്പിലും പൊളിച്ചെഴുത്ത് വേണ്ടതുണ്ട്. ഇപ്പോള്‍ത്തന്നെ വകുപ്പുദ്യോഗസ്ഥരുടെ പ്രാധാന്യം കുറഞ്ഞുവരികയാണ്. കേരള ബാങ്കിലും അര്‍ബന്‍ ബാങ്കിലും വകുപ്പ്ഓഡിറ്റിന് അംഗീകാരമില്ല. പ്രാഥമിക ബാങ്കുകളിലെ വകുപ്പ്ഓഡിറ്റ് ആദായനികുതി വകുപ്പും അംഗീകരിക്കുന്നില്ല. അതിനാല്‍, ഓഡിറ്റ് സംവിധാനം പൊളിച്ചുപണിയുകയും സംഘങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കനുസരിച്ച് അതിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള മാര്‍ഗ നിര്‍ദേശകരായി വകുപ്പുദ്യോഗസ്ഥരെ പുനര്‍വിന്യസിക്കുകയും വേണം.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!