ബാങ്കിങ് നിയന്ത്രണ നിയമം സംഘങ്ങളെ എങ്ങനെ ബാധിക്കും ?

Deepthi Vipin lal

ബി.പി. പിള്ള

( മുന്‍ ഡയരക്ടര്‍, അഗ്രിക്കള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ്
ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം )

സഹകരണ ബാങ്കുകളിലെ നിക്ഷേപകരുടെ സംരക്ഷണം, പ്രവര്‍ത്തനത്തിലെ സുതാര്യത, ഉത്തരവാദിത്തബോധം, മെച്ചപ്പെട്ട ഭരണ നിര്‍വഹണം തുടങ്ങിയവ ഉറപ്പാക്കാനാണ് ഇക്കഴിഞ്ഞ ജൂണ്‍ 26 നു പ്രാബല്യത്തില്‍ വന്ന ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതി ലക്ഷ്യമിട്ടിരിക്കുന്നത്. ഈ നിയമം കേരളത്തിലെ സഹകരണ മേഖലയെ എങ്ങനെ ബാധിക്കുന്നു എന്നു വിശകലനം ചെയ്യുകയാണ് കവര്‍ സ്റ്റോറി.

1881 ല്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് പാസാക്കിക്കൊണ്ടാണ് ഇന്ത്യയിലെ ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനുള്ള നിയമ നിര്‍മാണത്തിന് തുടക്കം കുറിക്കുന്നത്. 1881 ഡിസംബര്‍ ഒമ്പതിന് നിയമ നിര്‍മാണം നടത്തി 1882 മാര്‍ച്ച് ഒന്നിന് പ്രാബല്യത്തില്‍ വന്ന ഈ നിയമ നിര്‍മാണത്തിനു പിന്നിലെ ഉദ്ദേശ്യം ചെക്കുകള്‍, പ്രോമിസറി നോട്ടുകള്‍, ബില്‍ ഓഫ് എക്‌സ്‌ചേഞ്ച് എന്നീ കൈമാറ്റം ചെയ്യാവുന്ന ഉപകരണങ്ങളെ നിയന്ത്രിക്കുക എന്നതായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം നമ്മുടെ സമ്പദ്ഘടനയെ നിയന്ത്രിക്കാന്‍ കഴിവുള്ള ഒരു സംവിധാനമാണ് ബാങ്കിങ് എന്ന യാഥാര്‍ഥ്യബോധം ഉള്‍ക്കൊണ്ട് ബാങ്കിങ് കമ്പനി നിയമം പാസാക്കുകയും 1949 മാര്‍ച്ച് 16 മുതല്‍ അത് പ്രാബല്യത്തില്‍ വരികയും ചെയ്തു. ബാങ്കുകള്‍ക്ക് ലൈസന്‍സുകള്‍ നല്‍കുന്നതിനുള്ള അധികാരവും ബാങ്കുകളെ നിയന്ത്രിക്കാനുള്ള ചുമതലകളുമാണ് ഈ നിയമ നിര്‍മാണത്തിലൂടെ റിസര്‍വ് ബാങ്കിന് നല്‍കിയത് . ആരംഭത്തില്‍ ബാങ്കിങ് കമ്പനികള്‍ക്കു മാത്രമായിരുന്നു ബാങ്കിങ് കമ്പനി നിയമ വ്യവസ്ഥകള്‍ ബാധകമാക്കിയിരുന്നതെങ്കില്‍ 1966 മാര്‍ച്ച് ഒന്നു മുതല്‍ നിയമത്തില്‍ വകുപ്പ് അമ്പത്തിയാറും ഭാഗം അഞ്ചും ഉള്‍പ്പെടുത്തിക്കൊണ്ട് നിയമം സഹകരണ ബാങ്കുകള്‍ക്കും ബാധകമാക്കി. ഒരു സംസ്ഥാനത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന സഹകരണ ബാങ്കുകളെ 1966 മുതല്‍ തങ്ങളുടെ ലൈസന്‍സും ബിസിനസ് പ്രവര്‍ത്തനങ്ങളും കൊണ്ടു നിയന്ത്രിക്കുന്ന അധികാരസ്ഥാനമാക്കി റിസര്‍വ് ബാങ്ക് മാറ്റി.

മഹാരാഷ്ട്ര അര്‍ബന്‍ ബാങ്കിലെ തട്ടിപ്പ്

മള്‍ട്ടി സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര അര്‍ബന്‍ സഹകരണ ബാങ്കില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകളാണ് 2020 ജൂണ്‍ 26 ലെ ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതി ഓര്‍ഡിനന്‍സിന് കാരണമായത്. ഏഴ് സംസ്ഥാനങ്ങളിലായി 137 ശാഖകള്‍ ഉണ്ടായിരുന്ന ഈ അര്‍ബന്‍ സഹകരണ ബാങ്കിന്റെ ബിസിനസ് മുന്‍ എറണാകുളം ജില്ലാ സഹകരണ ബാങ്കിന്റെ ബിസിനസിനു സമാനമായിരുന്നു. നിഷ്‌ക്രിയ വായ്പകള്‍ മറച്ചുവെക്കുകയും ലാഭം പെരുപ്പിച്ചു കാട്ടി ഇടപാടുകാരെ ആകര്‍ഷിക്കുകയും നിയന്ത്രണ മേധാവികളെ കബളിപ്പിക്കുകയും ചെയ്ത ഈ ബാങ്ക് ഒരു പാപ്പര്‍ സ്ഥാപനമായ ഹൗസിങ് ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് നല്‍കിയ 4355 കോടി രൂപയുടെ വായ്പ മറച്ചുവെക്കാന്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കുകയുണ്ടായി. 2019 ല്‍ റിസര്‍വ് ബാങ്ക്   കണ്ടെത്തിയ തട്ടിപ്പ് നിരവധി നിക്ഷേപകരെ ബുദ്ധിമുട്ടിലാക്കി. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ 2020 മാര്‍ച്ച് മൂന്നിന് ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. കോവിഡ് 19 ന്റെ സാഹചര്യത്തില്‍ ബില്‍ നിയമമാക്കി മാറ്റാന്‍ കഴിയാതെ വന്നതിനാലാണ് കേന്ദ്ര കാബിനറ്റിന്റെ തീരുമാനത്തോടെ ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതി ഓര്‍ഡിനന്‍സായി പ്രാബല്യത്തില്‍ വന്നത്. സംസ്ഥാന സഹകരണ ബാങ്കുകള്‍ , ജില്ലാ സഹകരണ ബാങ്കുകള്‍, അര്‍ബന്‍ സഹകരണ ബാങ്കുകള്‍ , മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകള്‍ എന്നിവിടങ്ങളിലെ നിക്ഷേപകരുടെ സംരക്ഷണം, സുതാര്യത, ഉത്തരവാദിത്തം, മെച്ചപ്പെട്ട ഭരണനിര്‍വ്വഹണം തുടങ്ങിയവ ഉറപ്പാക്കുക എന്നതാണ് ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ ലക്ഷ്യമിട്ടിട്ടുള്ളത് .

ബാങ്ക്, ബാങ്കര്‍, ബാങ്കിങ്

നിയമത്തിലെ മൂന്നാം വകുപ്പില്‍ 1966 മുതല്‍ നിലനിന്നിരുന്ന വ്യവസ്ഥയാണ് പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കും കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍ക്കും ബാങ്കിങ് നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകളൊന്നും ബാധകമല്ല എന്നുള്ള ആനുകൂല്യം. ഈ ആനുകൂല്യം തുടര്‍ന്നു ലഭിക്കാന്‍ അവയുടെ പേരിനോടൊപ്പം ബാങ്ക്, ബാങ്കര്‍ , ബാങ്കിങ് എന്നീ പദങ്ങളൊന്നും ചേര്‍ക്കരുത് എന്നും ചെക്ക് നല്‍കരുതെന്നുമുള്ള നിബന്ധനകള്‍ ഇപ്പോള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. കേരളത്തിലെ സഹകരണ മേഖലയില്‍ നിക്ഷേപ സമാഹരണ യജ്ഞം തുടങ്ങിയ 1976 ലാണ് പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ ബാങ്ക് എന്ന വാക്ക് പേരിനൊപ്പം ഉപയോഗിക്കാനാരംഭിച്ചത്. എന്നാല്‍ , കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍ ബ്രിട്ടീഷ് ഭരണ കാലത്തുപോലും ബാങ്ക് എന്ന പദം പേരിനോടൊപ്പം ഉപയോഗിച്ചിരുന്നു. 1863 ലാണ് ലാന്റ് മോര്‍ട്ട്‌ഗേജ് ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരില്‍ ആദ്യ ഭൂപണയ ബാങ്ക് ഇന്ത്യയില്‍ രൂപവത്കരിക്കുന്നത്. ബാങ്കിങ്  നിയന്ത്രണ നിയമം സഹകരണ ബാങ്കുകള്‍ക്ക് ബാധകമാക്കിയ 1966 ന് മുന്‍പ് ട്രാവന്‍കൂര്‍ ക്രെഡിറ്റ് ബാങ്ക് സമാപ്തീകരിച്ചുകൊണ്ട് 1956 ഒക്ടോബറിലാണ് കേരള സെന്‍ട്രല്‍ ലാന്‍ഡ് മോര്‍ട്ട്‌ഗേജ് ബാങ്ക് രൂപവത്കരിക്കപ്പെട്ടത്. ബാങ്കിങ്് കമ്പനി നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ് തന്നെ ഹ്രസ്വകാല സഹകരണ വായ്പാ മേഖലയിലെ കേന്ദ്ര സ്ഥാപനങ്ങളും അപ്പെക്‌സ് സ്ഥാപനങ്ങളും ബാങ്ക് എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്നു. മേല്‍സൂചിപ്പിച്ച സ്ഥാപനങ്ങള്‍ പേരിന്റെ കൂടെ ബാങ്ക് എന്ന പദം ഉപയോഗിക്കുന്നതിന് വിലക്കില്ലായിരുന്നെങ്കിലും പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ പേരിനൊപ്പം ബാങ്ക് എന്നുപയോഗിക്കുന്നത് 2005 മുതല്‍ റിസര്‍വ് ബാങ്ക് വിലക്കാന്‍ തുടങ്ങി.

പരവൂര്‍ ബാങ്കിന്റെ പരസ്യവും നടപടിയും

2008 ല്‍ കൊല്ലം ജില്ലയിലെ പരവൂര്‍ എസ.്എന്‍.വി. റീജ്യണല്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ പ്രസിഡന്റ്് അഡ്വ. ടി. ജി. വിശ്വനാഥന്‍ പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ച്ചയായി 25 വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ ദിനപത്രങ്ങളില്‍ ഒരു സപ്ലിമെന്റ് ഇറക്കുകയും അതില്‍ ബാങ്കിന്റെ നിക്ഷേപവും വായ്പയും ഓഹരി മൂലധനവും മറ്റും പരസ്യപ്പെടുത്തുകയുമുണ്ടായി. ഇരുനൂറു കോടി രൂപയ്ക്കു മുകളില്‍ നിക്ഷേപമുണ്ടായിരുന്ന പരവൂര്‍ എസ്.എന്‍.വി.ആര്‍.സി. ബാങ്ക് കൊല്ലം ജില്ലയിലെ ഏറ്റവും വലിയ ബാങ്കായിരുന്നു. ബാങ്കിന്റെ സ്ഥിതിവിവരക്കണക്കുകള്‍ പത്രത്തില്‍ പരസ്യം ചെയ്തതിനു പിന്നാലെ റിസര്‍വ് ബാങ്കിന്റെ കേരള ഓഫീസ് പത്രങ്ങളില്‍ ഒരു വിജ്ഞാപനമിറക്കി. പരവൂര്‍ എസ്.എന്‍.വി.ആര്‍.സി. ബാങ്ക് റിസര്‍വ് ബാങ്ക് നിയന്ത്രണത്തിലുള്ള ഒരു സ്ഥാപനമല്ലെന്നും ആ സ്ഥാപനത്തിലെ നിക്ഷേപത്തിന് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷന്റെ പരിരക്ഷ ഇല്ലെന്നുമാണ് വിജ്ഞാപനത്തിലുണ്ടായിരുന്നത്. കൂടാതെ, പേരിനൊപ്പം ബാങ്ക് എന്ന പദം ഉപയോഗിച്ചതിനും പൊതുജനങ്ങളില്‍ നിന്നു നിക്ഷേപം സ്വീകരിച്ചതിനും ബാങ്കിനെതിരെ റിസര്‍വ് ബാങ്ക് പരവൂര്‍ കോടതിയില്‍ കേസും കൊടുത്തു. ഇന്നും ഈ കേസ് തുടരുകയാണ്.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല അര്‍ബന്‍ സഹകരണ ബാങ്ക് എന്ന പ്രാഥമിക വായ്പാ സംഘം റിസര്‍വ് ബാങ്ക് ലൈസന്‍സിന് അപേക്ഷിച്ചു. അപേക്ഷ നിരസിച്ച റിസര്‍വ് ബാങ്ക് പേരിനൊപ്പം ഉപയോഗിച്ച ബാങ്ക് എന്ന പദം നീക്കംചെയ്യാന്‍ നിഷ്‌കര്‍ഷിച്ചു. തുടര്‍ന്ന് , സൊസൈറ്റി എന്ന പദം പേരിനൊപ്പം ഉപയോഗിക്കാന്‍ ആ സ്ഥാപനം നിര്‍ബന്ധിതമായി.

കേരളത്തിലെ പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍ അവയുടെ അപ്പെക്‌സ് സ്ഥാപനമായ സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിനു വേണ്ടിയാണ് സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്. ഈ നിക്ഷേപത്തിന് അവ നല്‍കുന്നത് സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ രസീതാണ്. സേവിങ്‌സ് ബാങ്ക് നിക്ഷേപം അപൂര്‍വ്വമായി മാത്രമേ ഏതാനും ബാങ്കുകള്‍ സ്വീകരിക്കുന്നുള്ളൂ. സേവിങ്‌സ്് ബാങ്ക് നിക്ഷേപകര്‍ക്ക് ചെക്ക്ബുക്ക് നല്‍കാറില്ല. വിത്ത് ഡ്രോവല്‍ സ്ലിപ്പ് മാത്രമാണ് തുക പിന്‍വലിക്കാന്‍ ഉപയോഗിക്കുന്നത്. അതിനാല്‍, നിക്ഷേപകര്‍ക്ക് ചെക്ക് ഉപയോഗിച്ച് നിക്ഷേപം പിന്‍വലിക്കാനുള്ള സൗകര്യം നല്‍കരുത് എന്ന നിയന്ത്രണം അവയ്ക്ക് ബാധകമല്ല.

നിക്ഷേപ സമാഹരണ സാധ്യത ഇല്ലാതാവില്ല

സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളും കാര്‍ഷിക ഗ്രാമ വികസന ബാങ്കുകളും പേരിനൊപ്പം ബാങ്ക് എന്നുപയോഗിച്ചു കൊണ്ടിരിക്കുന്നത് അവസാനിപ്പിക്കുന്നതിലൂടെ അവയുടെ നിക്ഷേപ സമാഹരണ സാധ്യതകള്‍ ഇല്ലാതാവില്ല. ബാങ്ക് എന്ന് പേരിനൊപ്പം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളില്‍ 10 കോടി രൂപ പോലും നിക്ഷേപമില്ലാത്ത നിരവധി സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. എന്നാല്‍, പേരിനൊപ്പം ബാങ്ക് എന്നില്ലാത്ത വനിതാ സംഘങ്ങളില്‍ ചിലതിന് നൂറു കോടി രൂപയോളം നിക്ഷേപമുണ്ട്. ബാങ്ക് എന്ന് ഉപയോഗിക്കാത്ത മിസലേനിയസ് സംഘത്തില്‍പ്പെടുന്ന തിരുവനന്തപുരത്തെ ഒരു സ്ഥാപനത്തിന് 500 കോടി രൂപയ്ക്ക് മുകളില്‍ നിക്ഷേപമുണ്ട്. സ്ഥാപനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം, പലിശനിരക്ക് , ജീവനക്കാരുടെ പെരുമാറ്റം, അക്കൗണ്ടിന്റെ രഹസ്യാത്മകത, സേവനങ്ങളുടെ ഗുണനിലവാരം, വൈവിധ്യം, സേവനം നല്‍കാനെടുക്കുന്ന സമയം തുടങ്ങി നിരവധി ഘടകങ്ങള്‍ നിക്ഷേപ സമാഹരണത്തെ സ്വാധീനിക്കുന്നുണ്ട്. 100 വര്‍ഷത്തിനു മേല്‍ പ്രവര്‍ത്തന പാരമ്പര്യമുള്ളതും റിസര്‍വ് ബാങ്ക് ലൈസന്‍സുള്ളതുമായ ഒരു അര്‍ബന്‍ സഹകരണ ബാങ്കിനു സമീപത്തെ 17 വര്‍ഷം മാത്രം പ്രായമുള്ള ഒരു സര്‍വീസ് സഹകരണ ബാങ്കിന് അര്‍ബന്‍ ബാങ്കിന്റെ ഇരട്ടി നിക്ഷേപമുണ്ടെന്ന വസ്തുത റിസര്‍വ് ബാങ്ക് ലൈസന്‍സിലും ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ പരിരക്ഷയിലും മാത്രമല്ല നിക്ഷേപകരുടെ വിശ്വാസം എന്നതിന്റെ ഉത്തമ ഉദാഹരണമാണ്.

2012 ജനുവരിയിലെ ബാങ്കിങ് നിയന്ത്രണ നിയമഭേദഗതിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ 17 പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ റിസര്‍വ് ബാങ്ക് ലൈസന്‍സിനായി അപേക്ഷ നല്‍കുകയുണ്ടായി. തിരുവനന്തപുരം ജില്ലയിലെ പേരൂര്‍ക്കട സര്‍വീസ് സഹകരണ ബാങ്ക്, പാലക്കാട് പെരുമാട്ടി സര്‍വീസ് സഹകരണ ബാങ്ക്, കോഴിക്കോട് വടകര റൂറല്‍ സഹകരണ ബാങ്ക്, കണ്ണൂര്‍ മാടായി റൂറല്‍ ബാങ്ക,് കതിരൂര്‍ സഹകരണ ബാങ്ക്, കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക്, കാരശ്ശേരി സഹകരണ ബാങ്ക്, പരവൂര്‍ എസ്.എന്‍.വി.ആര്‍.സി ബാങ്ക് തുടങ്ങിയവയാണ് അപേക്ഷ നല്‍കിയത്. ഇതില്‍ ആദ്യത്തെ മൂന്നെണ്ണമൊഴികെ മറ്റു ബാങ്കുകളുടെ അപേക്ഷ നിരസിക്കുകയും ആ മൂന്നെണ്ണത്തിന് അവരുടെ അപേക്ഷ പരിഗണനയിലാണെന്ന് മറുപടി ലഭിക്കുകയും ചെയ്തു. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് റിസര്‍വ് ബാങ്കിന്റെ ലൈസന്‍സ് നല്‍കാന്‍ വ്യവസ്ഥയില്ലെന്ന കാരണം കാണിച്ചാണ് ഭൂരിഭാഗം അപേക്ഷകളും നിരസിച്ചത്. അപേക്ഷ പരിഗണിച്ച മൂന്നു സര്‍വീസ് സഹകരണ ബാങ്കുകളെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘമായി കാണാതെ പ്രാഥമിക വായ്പാ സംഘമായി പരിഗണിച്ച മാനദണ്ഡം അവയുടെ നിയമാവലിയിലെ ഉദ്ദേശ്യലക്ഷ്യങ്ങളാണോ അതോ ബാക്കിപത്രത്തിലെ ആസ്തി ബാധ്യത സ്ഥിതിയാണോ എന്നു പരിശോധിച്ചപ്പോള്‍ അപേക്ഷ നിരസിച്ച സ്ഥാപനങ്ങളില്‍ നിന്നു വ്യത്യസ്തമായി അനുകൂല ഘടകങ്ങളൊന്നും അപേക്ഷ പരിഗണിച്ച സ്ഥാപനങ്ങളുടെ കാര്യത്തില്‍ കണ്ടില്ല. അപേക്ഷിച്ച 17 സ്ഥാപനങ്ങളും കേരള സഹകരണ സംഘം ചട്ടം 15 പ്രകാരവും സഹകരണ നിയമം വകുപ്പ് രണ്ട് പ്രകാരവും സഹകരണ സംഘം രജിസ്ട്രാറുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരവും പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ തന്നെയാണ്.

2016 നവംബര്‍ എട്ടിന് 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ച വേളയില്‍ നടന്ന ടി.വി. ചാനല്‍ ചര്‍ച്ചകളില്‍ സാമ്പത്തിക വിദഗ്ധരുടെ പരിവേഷമുള്ള ചിലര്‍വരെ കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളിലെ ഭൂരിഭാഗവും കള്ളപ്പണ നിക്ഷേപമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയുണ്ടായി. അങ്ങനെയൊരു സാഹചര്യത്തിലാവാം ഒരു ജില്ലാ സഹകരണ ബാങ്കിലും ആ ജില്ലയിലെ ഏതാനും പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളിലും പരിശോധന നടന്നത്.

മൊത്തം നിക്ഷേപത്തിന്റെ 69.5 ശതമാനം കേരളത്തില്‍

കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങള്‍ രാജ്യത്തെ മൊത്തം പ്രാഥമിക സംഘങ്ങളുടെ 1.7 ശതമാനം മാത്രമാണ്. എന്നാല്‍, രാജ്യത്തെ പി.എ.സി.എസ്സിലെ മൊത്തം നിക്ഷേപമായ 1,19,632 കോടി രൂപയില്‍ കേരളത്തിലെ സംഘങ്ങളുടെ നിക്ഷേപം 83,193 കോടി രൂപയാണ് 2018 മാര്‍ച്ച് 31 നുണ്ടായിരുന്നത്. അതായത് മൊത്തം നിക്ഷേപത്തിന്റെ 69.5 ശതമാനം. രാജ്യത്തെ ജില്ലാ സഹകരണ ബാങ്കുകളുടെ ശരാശരി നിക്ഷേപം 859 കോടി രൂപയാണെന്നിരിക്കെ കേരളത്തില്‍ ആയിരം കോടി രൂപയും 1400 കോടി രൂപയും നിക്ഷേപമുള്ള പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ ഉണ്ടെന്നുള്ള വസ്തുത നിയന്ത്രണ മേധാവിയുടെ സംശയകരമായ കാഴ്ചപ്പാടിന് കാരണമാകുന്നു. നിക്ഷേപത്തിനു നല്‍കുന്ന ഉയര്‍ന്ന പലിശ നിരക്ക്, ഡെപ്പോസിറ്റ് ഗ്യാരണ്ടി സ്‌കീം പരിരക്ഷ, സര്‍ക്കാരിന്റെ ഓഹരി മൂലധന പങ്കാളിത്തം, നിക്ഷേപത്തിന്റെ രഹസ്യാത്മകത, മികച്ച ബാങ്കിലെ ഭൗതിക സാഹചര്യം, നിക്ഷേപ സമാഹരണ യജ്ഞം തുടങ്ങിയ നിരവധി കാരണങ്ങളാലാണ് നമ്മുടെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ നിക്ഷേപ സമാഹരണത്തില്‍ ശ്രദ്ധേയമായ പ്രകടനം നടത്തുന്നത്. എന്നാല്‍, റിസര്‍വ് ബാങ്ക് ഈ നേട്ടം സംശയത്തോടെയാണ് നോക്കിക്കാണുന്നത്.

2018 ഒക്ടോബറില്‍ കേരള ബാങ്കിന്റെ രൂപവത്കരണവുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് നല്‍കിയ തത്വത്തിലുള്ള അംഗീകാരത്തില്‍ 19 നിബന്ധനകളിലൊന്ന് ഇനി രജിസ്റ്റര്‍ ചെയ്യുന്ന സഹകരണ സംഘങ്ങളുടെ പേരിനൊപ്പം ബാങ്ക് എന്ന് ഉപയോഗിച്ചുകൂടാ എന്നതായിരുന്നു. മേല്‍ സൂചിപ്പിച്ച റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങളെല്ലാം പ്രധാനമായും പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ ഉദ്ദേശിച്ചു തന്നെയായിരുന്നു എന്ന് സ്ഥാപിക്കാനാണ് മേല്‍ വിവരിച്ച കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ബാങ്കിങ്് നിയന്ത്രണ നിയമത്തിലെ വകുപ്പ് ഏഴിലും വകുപ്പ് 56 (എഫ് ) ലും ബാങ്ക്, ബാങ്കര്‍ , ബാങ്കിങ് എന്നീ വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നു പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള സഹകരണ സംഘങ്ങളെ നിരോധിച്ചിട്ടുണ്ട്. 2020 ജൂണ്‍ 26 ലെ ബാങ്കിങ് നിയന്ത്രണ നിയമത്തിന്റെ ഭേദഗതി ഓര്‍ഡിനന്‍സില്‍ മൂന്നാം വകുപ്പിലെ ഭേദഗതി വ്യവസ്ഥ ഇനി പറയും പ്രകാരമാണ്് : 1981 ലെ നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചറല്‍ ആന്റ്് റൂറല്‍ ഡെവലപ്‌മെന്റ് ആക്ടില്‍ എന്തുതന്നെ വ്യവസ്ഥ ചെയ്തിരുന്നാലും ഈ നിയമം ഒരു പ്രാഥമിക കാര്‍ഷിക വായ്പാ സംഘത്തിനോ ; അല്ലെങ്കില്‍ കാര്‍ഷിക വികസനത്തിനായി ദീര്‍ഘകാല വായ്പ നല്‍കുക എന്നത് പ്രാഥമിക ലക്ഷ്യവും പ്രധാന ബിസിനസും ആയിട്ടുള്ള ഒരു സഹകരണ സംഘത്തിനോ അങ്ങനെയുള്ള സംഘം അവയുടെ പേരിനൊപ്പമോ അല്ലെങ്കില്‍ ബിസിനസുമായി ബന്ധപ്പെട്ടോ ബാങ്ക് , ബാങ്കര്‍ , ബാങ്കിങ് എന്ന വാക്ക് ഉപയോഗിക്കാതിരിക്കുകയും ചെക്കിന്റെ ഡ്രോയി ആയി പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍ ബാധകമായിരിക്കുന്നതല്ല. ഇവിടെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘം എന്നതിനു ശേഷം സെമികോളന്‍ ഇട്ടിരിക്കുന്നതിനാലും അല്ലെങ്കില്‍ എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നതിനാലും പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് ബാങ്ക് എന്ന വാക്ക് ഉപയോഗിച്ചുകൂടാ, ചെക്കിന്റെ ഡ്രോയി ആയിക്കൂടാ എന്നീ നിബന്ധനകള്‍ ബാധകമല്ലെന്നും 2020 ജൂണ്‍ 26 ന് മുന്‍പുള്ള സ്ഥിതിതന്നെ ആണെന്നുമുള്ള ചില വിദഗ്ധരുടെ തെറ്റായ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇതില്‍ വിശദമായ പരിശോധന നടത്തേണ്ടിവന്നത്.

മൊറട്ടോറിയത്തിന് ശുപാര്‍ശ ചെയ്യാം

ബാങ്കിങ് നിയന്ത്രണ നിയമത്തിലെ വകുപ്പ് മൂന്നിലെ ഭേദഗതി കൂടാതെ വകുപ്പ് 45 ലും 56 ലും ഭേദഗതികള്‍ വരുത്തുകയുണ്ടായി. വകുപ്പ് 45 ലെ ഭേദഗതിയിലൂടെ സഹകരണ ബാങ്കുകളുടെ മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ ശുപാര്‍ശ ചെയ്യാനുള്ള അധികാരം റിസര്‍വ് ബാങ്കിനുണ്ട്. ആറുമാസം വരെ നീട്ടാവുന്ന മൊറട്ടോറിയം കാലയളവില്‍ വായ്പകള്‍ നല്‍കാനോ നിക്ഷേപത്തുക മടക്കി നല്‍കുന്നതുള്‍പ്പെടെയുള്ള ബാധ്യതകള്‍ നിറവേറ്റാനോ ബാങ്കിനെ അനുവദിക്കില്ല. ഈ വകുപ്പ് പ്രകാരം ഒരു സഹകരണ ബാങ്കിന്റെ ബിസിനസ് സസ്‌പെന്‍ഡ് ചെയ്യാനും ബാങ്കിന്റെ പുനര്‍നിര്‍മാണം നടത്താനും സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ റിസര്‍വ് ബാങ്കിന് അധികാരം ലഭിച്ചിരിക്കുന്നു. പുനര്‍നിര്‍മാണമെന്നാല്‍ സംയോജനമോ ലയനമോ ഏറ്റെടുക്കലോ കൈവശപ്പെടുത്തലോ അല്ലെങ്കില്‍ പുനര്‍ ലയനമോ ആകാം . ബന്ധപ്പെട്ട ബാങ്കിന്റെ നിക്ഷേപകരുടെയോ പൊതുസമൂഹത്തിന്റെയോ അല്ലെങ്കില്‍ ബാങ്കിങ് മേഖലയുടെതന്നെയോ താല്‍പ്പര്യം മുന്‍നിര്‍ത്തി മൊറട്ടോറിയം കാലയളവില്‍ മറ്റു ബാങ്കുകളുമായുള്ള സംയോജന നടപടി റിസര്‍വ് ബാങ്കിന് കൈക്കൊള്ളാവുന്നതാണ്. മൊറട്ടോറിയം സമയത്തല്ലാത്തപ്പോഴും നിക്ഷേപകരുടെയോ പൊതുജനങ്ങളുടെയോ താല്‍പ്പര്യത്തിനു വേണ്ടിയോ ബാങ്കിങ് മേഖലയുടെ പൊതു താല്‍പ്പര്യത്തിനു വേണ്ടിയോ പുനര്‍നിര്‍മാണ പദ്ധതി തയാറാക്കാന്‍ റിസര്‍വ് ബാങ്കിന് അധികാരം നല്‍കുന്നു.

കൂട്ടിച്ചേര്‍ക്കപ്പെട്ട 45 ാം വകുപ്പിന്റെ ഉപവകുപ്പു (4) പ്രകാരം സഹകരണ ബാങ്കിന്റെ ഭരണസമിതി പിരിച്ചുവിടാനുള്ള അധികാരം റിസര്‍വ് ബാങ്കിന് നല്‍കുന്നു. കേരള സഹകരണ സംഘം നിയമത്തിലെ വകുപ്പ് 32 ഭരണസമിതി പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ടതാണ്. സാധാരണഗതിയില്‍, പിരിച്ചുവിടാന്‍ പോകുന്ന ബാങ്കിന്റെ ഭരണസമിതിക്ക് ആവലാതികളുണ്ടെങ്കില്‍ അതു ബോധിപ്പിക്കാനുള്ള അവസരം നല്‍കിയ ശേഷമായിരിക്കും രജിസ്ട്രാര്‍ ഭരണസമിതി പിരിച്ചുവിടുക . പകരം നിയമിക്കപ്പെടുന്ന അഡ്മിനിസ്‌ട്രേറ്റര്‍ക്കോ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്കോ പരമാവധി ഒരു വര്‍ഷം അധികാരത്തില്‍ തുടരാമെന്ന് സഹകരണ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളപ്പോള്‍ പരമാവധി അഞ്ചു വര്‍ഷം വരെയാണ് ബാങ്കിങ്് നിയന്ത്രണ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. കേരള സഹകരണ സംഘം നിയമത്തിലെ 32-ാം വകുപ്പിന്റെ പ്രൊവിസോയില്‍ ബാങ്കിങ് പ്രവര്‍ത്തനം നടത്തുന്ന സഹകരണ സ്ഥാപനങ്ങളുടെ കാര്യത്തില്‍ ഭരണസമിതി പിരിച്ചുവിടുന്നതും അഡ്മിനിസ്‌ട്രേറ്ററെ അല്ലെങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ നിയോഗിക്കുന്നതുമായ സാഹചര്യങ്ങളില്‍ ബാങ്കിങ് നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ബാധകമായിരിക്കുമെന്ന് കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുള്ളതിനാല്‍ ബാങ്കിങ് നിയമത്തിലെ വ്യവസ്ഥ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില്‍ രണ്ടാം ലിസ്റ്റിലെ 32-ാം എന്‍ട്രി പ്രകാരമുള്ള സംസ്ഥാന വിഷയത്തിന്മേലുള്ള കടന്നുകയറ്റമായി വ്യാഖ്യാനിക്കാന്‍ സാധിക്കില്ല. സഹകരണ ബാങ്കുകളില്‍ ശരിയായ ഭരണ നിര്‍വഹണം ഉറപ്പുവരുത്തുമെന്നും അതിലൂടെ നിക്ഷേപകരോടും ഓഹരി ഉടമകളോടുമുള്ള ഉത്തരവാദിത്തം ഉറപ്പാക്കാന്‍ സാധിക്കുമെന്നുമാണ് റിസര്‍വ് ബാങ്ക് വിവക്ഷിക്കുന്നത്.

56 -ാം വകുപ്പില്‍ വ്യാപകമായ ഭേദഗതി

ബാങ്കിങ് നിയമത്തിലെ 56 -ാം വകുപ്പിലാണ് ഓര്‍ഡിനന്‍സിലൂടെ വ്യാപകമായ ഭേദഗതികള്‍ കൊണ്ടുവന്നിട്ടുള്ളത്. വാണിജ്യ ബാങ്കുകളില്‍ റിസര്‍വ് ബാങ്കിനുള്ള നിയന്ത്രണങ്ങള്‍ക്ക് സമാനമായ നിയന്ത്രണങ്ങള്‍ നിയമഭേദഗതിയിലൂടെ സഹകരണ ബാങ്കുകള്‍ക്ക് ബാധകമാക്കി. സഹകരണ സ്ഥാപനങ്ങളുടെ ഭരണഘടനയായി കണക്കാക്കപ്പെടുന്ന അതിന്റെ നിയമാവലി ബാങ്കിങ് നിയന്ത്രണ നിയമങ്ങള്‍ക്കനുസൃതമായിരിക്കണമെന്നും ഏതെങ്കിലും വ്യവസ്ഥ ബാങ്കിങ് നിയന്ത്രണ നിയമവ്യവസ്ഥയ്ക്ക് വിരുദ്ധമായിട്ടുണ്ടായാല്‍ ആ വ്യവസ്ഥ അസാധുവാകുമെന്നും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ബാങ്ക്, ബാങ്കര്‍ , ബാങ്കിങ്് എന്നീ വാക്കുകള്‍ സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകളും അര്‍ബന്‍ ബാങ്കുകളും മാത്രമേ ഉപയോഗിക്കാവൂ എന്ന് ക്ലോസ് എഫില്‍ വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍, പ്രാഥമിക വായ്പാ സംഘം, സഹകരണ ബാങ്കുകളുടെ പരസ്പര താല്‍പ്പര്യങ്ങള്‍ പരിരക്ഷിക്കുന്നതിനുവേണ്ടി രൂപവത്കരിക്കുന്ന സഹകരണ സംഘം, വാണിജ്യ ബാങ്ക് ജീവനക്കാരുടെ സഹകരണ സംഘം എന്നിവയ്ക്ക് പേരിനൊപ്പം ബാങ്ക് എന്ന വാക്ക് ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. അതേസമയം, സഹകരണ ഭൂപണയ ബാങ്കുകള്‍ക്ക് പേരിനൊപ്പം ബാങ്ക് എന്നുപയോഗിക്കാന്‍ നേരത്തെ നല്‍കിയിരുന്ന അവകാശം ഭേദഗതിയില്‍ നീക്കം ചെയ്തിരിക്കുകയാണ്. അതുപോലെത്തന്നെ സഹകരണ ഭൂപണയ ബാങ്കുകളുടെ പരസ്പര താല്‍പ്പര്യങ്ങള്‍ പരിരക്ഷിക്കുന്നതിനു വേണ്ടി രൂപവത്കരിക്കുന്ന സഹകരണ സ്ഥാപനത്തിനും പേരിനൊപ്പം ബാങ്ക് എന്നുപയോഗിക്കാനുണ്ടായിരുന്ന സാഹചര്യം ഓര്‍ഡിനന്‍സില്‍ എടുത്തു കളഞ്ഞിട്ടുണ്ട്. ഈ ക്ലോസില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് പേരിനൊപ്പം ബാങ്ക് എന്നുപയോഗിക്കാന്‍ നിയമ ഭേദഗതിക്കു മുന്‍പും ശേഷവും വ്യവസ്ഥയില്ല.

ബാങ്കിങ്് നിയമത്തിലെ വകുപ്പുകള്‍ 10, 10 ( എ ) , 10 (ബി), 10 ( സി), 10 (ഡി ) എന്നിവ സഹകരണ ബാങ്കുകള്‍ക്ക് മുന്‍പു ബാധകമല്ലായിരുന്നു. ഓര്‍ഡിനന്‍സിലൂടെ ഇവയെല്ലാം ബാധകമാക്കപ്പെട്ടിരിക്കുകയാണ്. വകുപ്പ് 10 പ്രകാരം മാനേജിങ് ഏജന്റിനെ സഹകരണ ബാങ്കുകള്‍ നിയമിച്ചുകൂടാ. പാപ്പരായി പ്രഖ്യാപിച്ചിട്ടുള്ളവര്‍, സദാചാര ദൂഷ്യത്തിനായി ക്രിമിനല്‍ കോടതി ശിക്ഷിച്ചിട്ടുള്ളവര്‍, ബാങ്കിന്റെ ലാഭത്തിന്റെ വീതം കൈപ്പറ്റുന്നവര്‍, അല്ലെങ്കില്‍, കമ്മീഷന്‍ രൂപത്തിലുള്ള പ്രതിഫലം വാങ്ങുന്നവര്‍ എന്നിവരെ സഹകരണ ബാങ്കുകളില്‍ നിയമിക്കുകയോ ജോലിയില്‍ തുടരാന്‍ അനുവദിക്കുകയോ ചെയ്തുകൂടാ. ജനറല്‍ മാനേജര്‍, മാനേജിങ് ഡയരക്ടര്‍ തസ്തികയില്‍ നിയമിക്കപ്പെടുന്ന വ്യക്തിയെ അഞ്ചു വര്‍ഷത്തിനുമേലുള്ള കാലത്തേക്ക് ഒരു പ്രാവശ്യം നിയമനം നടത്തിക്കൂടാ. എന്നാല്‍, നിശ്ചിത അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ രണ്ടു വര്‍ഷത്തില്‍ അധികരിക്കാത്ത കാലത്തേക്ക് നിയമനം നീട്ടിക്കൊടുക്കാം. പരമാവധി അഞ്ചു വര്‍ഷംവരെക്കൂടി മാത്രമേ സേവനകാലം നീട്ടി നല്‍കാവൂ.

ഡയരക്ടര്‍മാരുടെ യോഗ്യത

വകുപ്പ് 10 (എ ) പ്രകാരം ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ 50 ശതമാനത്തില്‍ കുറയാത്ത ആളുകള്‍ അക്കൗണ്ടന്‍സി , കൃഷിയും ഗ്രാമീണ സമ്പദ്ഘടനയും , ബാങ്കിങ്, സഹകരണം , സാമ്പത്തികശാസ്ത്രം, ധനകാര്യം , നിയമം, ചെറുകിട വ്യവസായം തുടങ്ങിയ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നിലോ അല്ലെങ്കില്‍ ഒന്നില്‍ക്കൂടുതല്‍ വിഷയങ്ങളിലോ പ്രത്യേക അറിവ് അല്ലെങ്കില്‍ പ്രായോഗിക അനുഭവസമ്പത്തുള്ളവര്‍ ആയിരിക്കണം. മാത്രവുമല്ല, ഈ 50 ശതമാനം ഡയരക്ടര്‍മാരില്‍ രണ്ടു പേരെങ്കിലും കൃഷിയും ഗ്രാമീണ സമ്പദ്ഘടനയും, സഹകരണം , ചെറുകിട വ്യവസായം എന്നീ വിഷയങ്ങളില്‍ പ്രത്യേക അറിവോ അല്ലെങ്കില്‍ പ്രായോഗിക അനുഭവസമ്പത്തോ ഉള്ളവരായിരിക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. സഹകരണ ബാങ്ക് ഡയരക്ടര്‍മാര്‍ ചെറുകിട വ്യവസായ സ്ഥാപനത്തിന്റെ പ്രൊപ്രൈറ്റര്‍ അല്ലാത്ത ഏതെങ്കിലും വ്യാപാര, വാണിജ്യ, വ്യവസായ സ്ഥാപനങ്ങളുടെ പ്രൊപ്രൈറ്റര്‍മാരോ ഏതെങ്കിലും കമ്പനിയുടെ മാനേജിങ്് ഏജന്റോ മാനേജരോ അല്ലെങ്കില്‍ ജീവനക്കാരനോ ആയിക്കൂടാ. സഹകരണബാങ്ക് ഡയരക്ടര്‍മാര്‍ തുടര്‍ച്ചയായി എട്ടു വര്‍ഷത്തിനുമേല്‍ ഡയരക്ടര്‍ സ്ഥാനം വഹിച്ചുകൂടാ. ഏതെങ്കിലും സന്ദര്‍ഭത്തില്‍ ഒരു സഹകരണ ബാങ്ക് ബോര്‍ഡ് ഇപ്പറഞ്ഞ യോഗ്യതകള്‍ പൂര്‍ത്തീകരിക്കാത്ത സ്ഥിതിയുണ്ടായാല്‍ ബോര്‍ഡ് വീണ്ടും രൂപവത്കരിക്കേണ്ടതാണ് . ബോര്‍ഡ് വീണ്ടും രൂപവത്കരിക്കുമ്പോള്‍ റിട്ടയര്‍ ചെയ്യേണ്ട ഡയരക്ടര്‍മാരുണ്ടെങ്കില്‍ നറുക്കെടുപ്പിലൂടെ അതു തീരുമാനിക്കേണ്ടതാണ്.

ഒരു സഹകരണ ബാങ്ക് ബോര്‍ഡിന്റെ ഘടന മേല്‍ സൂചിപ്പിച്ച വ്യവസ്ഥകള്‍ക്കനുസൃതമല്ലെങ്കില്‍ ബാങ്കിന് ആവലാതിയുണ്ടെങ്കില്‍ അതു ബോധിപ്പിക്കാനുള്ള അവസരം നല്‍കിയശേഷം ഒരു ഉത്തരവിലൂടെ ബോര്‍ഡിന്റെ ഘടനയിലെ പോരായ്മ രണ്ടു മാസങ്ങള്‍ക്കകം പരിഹരിക്കാന്‍ നിര്‍ദേശിക്കും. നിശ്ചിത പരിധിക്കുള്ളില്‍ പുനര്‍ രൂപവത്കരണം നടത്താതിരുന്നാല്‍ ഭരണസമിതി അംഗങ്ങളില്‍ നിന്നു നറുക്കെടുപ്പിലൂടെ നിശ്ചിത വിഭാഗം ഡയരക്ടര്‍മാരെ നീക്കം ചെയ്യുകയും പകരം യോഗ്യരായ ഡയരക്ടര്‍മാരെ റിസര്‍വ് ബാങ്ക് നിയമിക്കുകയും ചെയ്യും. അപ്രകാരം റിസര്‍വ് ബാങ്ക് നിയമിക്കുന്ന ഭരണസമിതി അംഗങ്ങള്‍ നിയമപരമായി തിരഞ്ഞെടുക്കപ്പെട്ടവരാണെന്ന് നിയമദൃഷ്ട്യാ പരിഗണിക്കപ്പെടും. റിസര്‍വ് ബാങ്കിന്റെ ഈ നടപടി ഒരു കോടതിയിലും ചോദ്യം ചെയ്യാവുന്നതല്ല.

ചെയര്‍മാന്റെ യോഗ്യത

വകുപ്പ് 10 (ബി) പ്രകാരം ഡയരക്ടര്‍മാരില്‍ ഒരാളെ ഫുള്‍ടൈം അല്ലെങ്കില്‍ പാര്‍ട്ട് ടൈം ചെയര്‍മാനായി നിയമിക്കേണ്ടതാണ്. പൂര്‍ണ സമയ ചെയര്‍മാനാണെങ്കില്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ ചുമതല നല്‍കേണ്ടതാണ്. ബോര്‍ഡിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും മേല്‍നോട്ടത്തിനും വിധേയമായി ചെയര്‍മാന് അധികാരങ്ങള്‍ വിനിയോഗിക്കാം. എന്നാല്‍, റിസര്‍വ് ബാങ്കിന്റെ മുന്‍ അനുവാദത്തോടെ മാത്രമേ പാര്‍ടൈം ചെയര്‍മാനെ നിയമിക്കാന്‍ കഴിയൂ. ചെയര്‍മാന് അഞ്ചു വര്‍ഷം തുടരാന്‍ കഴിയുമെന്നു മാത്രമല്ല വീണ്ടും ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്യാം. ചെയര്‍മാനായും മാനേജിങ് ഡയരക്ടറായും നിയമിക്കപ്പെടുന്നവര്‍ക്ക് ബാങ്കിങ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പ്രത്യേക അറിവും പ്രായോഗിക അനുഭവസമ്പത്തും അല്ലെങ്കില്‍ ഏതെങ്കിലും ധനകാര്യസ്ഥാപനത്തിലെ പ്രവര്‍ത്തന അറിവോ അല്ലെങ്കില്‍ ധനകാര്യം, സാമ്പത്തിക ശാസ്ത്രം, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ എന്നിവയില്‍ പ്രത്യേക അറിവോ ഉണ്ടായിരിക്കണം. ഏതെങ്കിലും കമ്പനിയുടെ ഡയരക്ടര്‍, വ്യാപാര, വാണിജ്യ, വ്യവസായ സ്ഥാപനത്തിലെ പങ്കാളി , ഏതെങ്കിലും കമ്പനിയില്‍ താല്‍പ്പര്യമുള്ള വ്യക്തി , വാണിജ്യ, വ്യാപാര , വ്യവസായ സ്ഥാപനങ്ങളിലെ ഡയരക്ടര്‍, മാനേജര്‍ , മാനേജിങ്് ഏജന്റ് തുടങ്ങിയവര്‍ ചെയര്‍മാനോ മാനേജിങ് ഡയരക്ടറോ ആകാന്‍ യോഗ്യരല്ല. രാജി, കാലാവധി അവസാനിക്കല്‍ തുടങ്ങിയ കാരണങ്ങളാല്‍ ചെയര്‍മാന്‍ അല്ലാതായിത്തീര്‍ന്നാല്‍ അടുത്ത ചെയര്‍മാന്‍ ചാര്‍ജ് എടുക്കുന്നതുവരെ റിസര്‍വ് ബാങ്ക് അനുവാദത്തോടെ തല്‍സ്ഥാനത്ത് തുടരാവുന്നതാണ്. ചെയര്‍മാനോ മാനേജിങ് ഡയരക്ടറോ നിര്‍ദിഷ്ട യോഗ്യതയുള്ള വ്യക്തിയല്ലെന്ന് റിസര്‍വ് ബാങ്കിനു ബോധ്യമായാല്‍ അദ്ദേഹത്തെ നീക്കം ചെയ്ത് യോഗ്യതകളുള്ള ഒരാളെ തല്‍സ്ഥാനത്ത് നിയമിക്കാന്‍ റിസര്‍വ് ബാങ്കിന് ആവശ്യപ്പെടാം. എന്നാല്‍, റിസര്‍വ് ബാങ്ക് ഈ ആവശ്യമുന്നയിച്ച് രണ്ടു മാസം കഴിഞ്ഞിട്ടും നടപടി ഉണ്ടാകാത്ത പക്ഷം റിസര്‍വ്ബാങ്ക് ഉത്തരവിലൂടെ നിലവിലെ ചെയര്‍മാനെ / മാനേജിങ് ഡയരക്ടറെ നീക്കി പുതിയ ആളെ നിയമിക്കും. നീക്കിയ ചെയര്‍മാന്റെ / മാനേജിങ് ഡയരക്ടറുടെ ശേഷിക്കുന്ന കാലയളവിലേക്ക് റിസര്‍വ്ബാങ്ക് നിയമിച്ച വ്യക്തിക്ക് തുടരാം. റിസര്‍വ് ബാങ്കിന്റെ ഈ നടപടിക്കെതിരെ നീക്കം ചെയ്യപ്പെട്ട ചെയര്‍മാനോ മാനേജിങ് ഡയരക്ടര്‍ക്കോ കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കാവുന്നതാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് ഉണ്ടാകുന്നതുവരെ റിസര്‍വ് ബാങ്ക് നിയോഗിച്ച വ്യക്തിക്ക് തല്‍സ്ഥാനത്ത് തുടരാം. റിസര്‍വ് ബാങ്കിന്റെ ഈ നടപടി ഒരു കോടതിയിലും ചോദ്യം ചെയ്യാനാവില്ല.

വകുപ്പ് 10 (സി ) പ്രകാരം ചെയര്‍മാനോ മാനേജിങ് ഡയരക്ടറോ യോഗ്യതാ ഓഹരികള്‍ എടുക്കേണ്ടതില്ലെന്നും വകുപ്പ് 10 (ഡി ) അനുസരിച്ച് നീക്കം ചെയ്യപ്പെടുന്ന ചെയര്‍മാനോ മാനേജ് ഡയരക്ടര്‍ക്കോ നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ അര്‍ഹതയില്ലെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഓഹരിപ്പണം തിരികെക്കിട്ടില്ല

വകുപ്പ് 56 ( ശ ) പ്രകാരം റിസര്‍വ് ബാങ്കിന്റെ മുന്‍ അനുവാദത്തോടെ പൊതുജന പ്ലെയ്‌സ്‌മെന്റ്ായോ സ്വകാര്യ പ്ലെയ്‌സ്‌മെന്റായോ സ്‌പെഷ്യല്‍ ഓഹരികള്‍ , മുന്‍ഗണന ഓഹരികള്‍, ഇക്വിറ്റി ഓഹരികള്‍ എന്നിവ മുഖവിലയ്‌ക്കോ പ്രീമിയത്തിലോ നല്‍കാന്‍ വ്യവസ്ഥ ഉണ്ടായിരിക്കുന്നു. ബോണ്ടുകളും കടപ്പത്രങ്ങളും 10 വര്‍ഷത്തില്‍ കുറയാത്ത കാലത്തേക്ക് നല്‍കാന്‍ സഹകരണ ബാങ്കുകള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. ഇവ അംഗങ്ങള്‍ക്ക് മാത്രമല്ല ബാങ്കിന്റെ പ്രവര്‍ത്തന പരിധിയ്ക്കുള്ളിലുള്ള അംഗങ്ങളല്ലാത്തവര്‍ക്കും നല്‍കാന്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത് സഹകരണ തത്വങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും അനുസൃതമാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്. വൈരുധ്യമെന്നു പറയട്ടെ സഹകരണ ബാങ്കുകളില്‍ എടുത്തിട്ടുള്ള ഓഹരിയുടെ പണം തിരിച്ചാവശ്യപ്പെടാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. സഹകരണ നിയമ പ്രകാരം സഹകരണ സംഘത്തില്‍ ഒരംഗം എടുത്തിട്ടുള്ള ഓഹരിയുടെ തുക മൂന്നു വര്‍ഷം കഴിഞ്ഞാല്‍ തിരികെ നല്‍കാന്‍ ബാധ്യതയുണ്ട്. കേരള ബാങ്കില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ എടുത്തിട്ടുള്ള ഓഹരിയുടെ തുക ബാങ്കിങ് നിയമ പ്രകാരം തിരിച്ചാവശ്യപ്പെടാന്‍ സാധിക്കാത്തതാണ്. എന്നാല്‍, പ്രാഥമിക സംഘത്തിന്റെ അംഗങ്ങള്‍ സംഘത്തില്‍ എടുത്തിട്ടുള്ള ഓഹരികള്‍ മൂന്നു വര്‍ഷം കഴിഞ്ഞാല്‍ തിരികെ നല്‍കാന്‍ ബാധ്യസ്ഥമാണ്.

പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെയും കേരള ബാങ്കിന്റെയും ഓഹരികള്‍ മടക്കിക്കൊടുക്കുന്നതുമായി ബന്ധപ്പെട്ട പരസ്പരവിരുദ്ധമായ വ്യവസ്ഥകള്‍ ലിക്വിഡിറ്റി റിസ്‌ക്കും അസ്സറ്റ് ലയബിലിറ്റിയുടെ മെച്ചൂരിറ്റിയിലെ അസന്തുലിതാവസ്ഥയും ഉണ്ടാക്കുന്നതാണ്. ഓഹരികള്‍ പ്രീമിയത്തില്‍ നല്‍കുന്നത് അതിന്റെ മുഖവിലയേക്കാള്‍ ഉയര്‍ന്ന വിലയ്ക്കു നല്‍കുന്ന സംവിധാനമാണ്. ഓഹരിയുടെ വില്‍പ്പന വിലയും മുഖവിലയും തമ്മിലുള്ള വ്യത്യാസമാണ് പ്രീമിയം എന്നു പറയുന്നത്. കമ്പനികളാണ് അവയുടെ ഓഹരികള്‍ പ്രീമിയത്തില്‍ നല്‍കുന്നത്. ഓരോ സംസ്ഥാനത്തുമുള്ള സഹകരണ നിയമങ്ങളില്‍ ഓഹരി മൂലധനത്തിനു നല്‍കാവുന്ന ലാഭവീതത്തിന് പരിധി നിര്‍ണയിച്ചിട്ടുണ്ട്. മാത്രവുമല്ല, ഒരംഗം സഹകരണ സംഘത്തില്‍ ഓഹരി എടുക്കുന്നത് ലാഭവീതം പ്രതീക്ഷിച്ചല്ല. മറിച്ച് സേവനങ്ങള്‍ക്കു വേണ്ടിയാണ്. സഹകരണ ബാങ്കുകള്‍ക്ക് പ്രീമിയത്തില്‍ ഓഹരികള്‍ നല്‍കുന്നത് വിജയിക്കണമെങ്കില്‍ ഉയര്‍ന്ന ലാഭവീതം നല്‍കേണ്ടതുണ്ട്. ബാങ്കിന്റെ ലാഭം ഉയര്‍ന്ന ലാഭവീതമായി നല്‍കുമ്പോള്‍ സ്വതന്ത്ര കരുതലുകളിലേക്കും സ്റ്റാറ്റിയൂട്ടറി റിസര്‍വുകളിലേക്കും ലാഭത്തില്‍ നിന്നും മാറ്റി വയ്ക്കാന്‍ ലഭിക്കുന്ന ലാഭ ഭാഗം ഗണ്യമായി കുറയുകയും അതിന്റെ ഫലമായി മൂലധന പര്യാപ്തത കൈവരിക്കുന്നതിനും നിലനിര്‍ത്തുന്നതിനും സഹായകമായ കാപ്പിറ്റല്‍ ഫണ്ടിലെ ചെലവില്ലാത്ത ഫണ്ടുകളുടെ അനുപാതം വളരെയേറെ കുറയുകയും ചെയ്യും.

സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ ബാധകം

സഹകരണ ബാങ്കുകള്‍ക്ക് ബാധകമാക്കിയ ബാങ്കിങ് നിയമത്തിലെ വകുപ്പ് 20 പ്രകാരം ഒരു സഹകരണ ബാങ്കിന് ഏതൊക്കെ ആവശ്യങ്ങള്‍ക്ക് വായ്പ അനുവദിക്കാം , ഏതെല്ലാം കാര്യങ്ങള്‍ക്ക് വായ്പ അനുവദിച്ചുകൂടാ , ഒരു സ്ഥാപനത്തിന് അല്ലെങ്കില്‍ വ്യക്തിക്ക് എത്ര രൂപ പരമാവധി വായ്പ അനുവദിക്കാം, secured വായ്പകള്‍ക്ക് സൂക്ഷിക്കേണ്ട മാര്‍ജിന്‍, വായ്പയുടെ പലിശ നിരക്കും മറ്റു നിബന്ധനകളും തുടങ്ങിയവ റിസര്‍വ് ബാങ്കിന് നിയന്ത്രിക്കാന്‍ അധികാരം നല്‍കുന്നുണ്ട്. 24-ാം വകുപ്പിലെ ഭേദഗതിയിലൂടെ വാണിജ്യ ബാങ്കുകള്‍ക്ക് ബാധകമായ സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ അതേ വ്യാപ്തിയില്‍ സഹകരണ ബാങ്കുകള്‍ക്കും ബാധകമാക്കിയിരിക്കുകയാണ്.

അവകാശിയില്ലാത്തതും കാലാവധി പൂര്‍ത്തിയാക്കിയതുമായ സ്ഥിര നിക്ഷേപങ്ങളുടെയും കാലാവധി എത്തിയ നിക്ഷേപം ആവശ്യപ്പെട്ട് പത്തു വര്‍ഷമായിട്ടും നിക്ഷേപകനോ നോമിനിയോ അവകാശികളോ വരാതെ കിടക്കുന്ന അക്കൗണ്ടുകളുടെയും പത്തു വര്‍ഷമായി ഇടപാടുകള്‍ നടത്താതെ കിടക്കുന്ന സേവിങ്‌സ് ബാങ്ക് നിക്ഷേപങ്ങളുടെയും വിവരങ്ങള്‍ ഓരോ വര്‍ഷവും മാര്‍ച്ച് 31 കഴിഞ്ഞാല്‍ 30 ദിവസങ്ങള്‍ക്കകം റിസര്‍വ് ബാങ്കിനെ അറിയിക്കുന്ന റിട്ടേണ്‍ നല്‍കണമെന്ന വകുപ്പ് 26 പ്രകാരമുള്ള വ്യവസ്ഥയും ഇങ്ങനെ അവകാശികള്‍ ഇല്ലാത്തതും ഇടപാടുകള്‍ നടക്കാത്തതുമായ അക്കൗണ്ടുകളിലുള്ള തുകകള്‍ നിശ്ചിത 10 വര്‍ഷം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ മൂന്നു മാസത്തിനകം റിസര്‍വ് ബാങ്കിന് കൈമാറണമെന്നുള്ള വകുപ്പ് 26 (എ) യിലെ വ്യവസ്ഥയും സഹകരണ ബാങ്കുകള്‍ക്ക് നേരത്തെത്തന്നെ ബാധകമായിരുന്നു. റിസര്‍വ് ബാങ്കിന്റെ ഡെപ്പോസിറ്റര്‍ എഡ്യൂക്കേഷന്‍ ആന്റ് അവേര്‍നസ് ഫണ്ടിലേക്ക് മാറ്റുന്ന ഈ തുക സഹകരണ ബാങ്കുകളിലെ നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഉപയോഗിക്കുമെന്ന് വകുപ്പ് 26 (എ) യില്‍ വ്യവസ്ഥ വന്നിരിക്കുന്നു.

വകുപ്പ് 30 ലെ ഭേദഗതിയിലൂടെ സഹകരണ ബാങ്കുകളുടെ ബാക്കിപത്രവും ലാഭനഷ്ടക്കണക്കും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്ുമാര്‍ ഓഡിറ്റ് ചെയ്യണമെന്ന് വ്യവസ്ഥ വന്നിരിക്കുന്നു. ഓഡിറ്ററുടെ റിപ്പോര്‍ട്ടും വാര്‍ഷിക കണക്കുകളും ബാക്കിപത്രവും സാമ്പത്തിക വര്‍ഷം പൂര്‍ത്തിയായി ആറു മാസങ്ങള്‍ക്കകം നിര്‍ദിഷ്ട രീതിയില്‍ പ്രസിദ്ധീകരിക്കണമെന്നും അതിന്റെ മൂന്നു കോപ്പി റിസര്‍വ് ബാങ്കിന് ആറ് മാസങ്ങള്‍ക്കകം നല്‍കണമെന്നുമുണ്ടായിരുന്ന വകുപ്പ് 31 ലെ വ്യവസ്ഥ ഓര്‍ഡിനന്‍സില്‍ ഭേദഗതി ചെയ്തിട്ടുണ്ട്. ആറുമാസത്തെ സമയം മൂന്നു മാസമാക്കി ചുരുക്കുകയാണ് ചെയ്തത്. ഇനിമുതല്‍ ഓരോ വര്‍ഷത്തെയും സഹകരണ ബാങ്കുകളുടെ ഓഡിറ്റ് റിപ്പോര്‍ട്ടും ഓഡിറ്റ് ചെയ്ത ബാക്കിപത്രം ഉള്‍പ്പെടെയുള്ള വാര്‍ഷിക കണക്കുകളും ജൂണ്‍ 30 നുള്ളില്‍ പ്രസിദ്ധീകരിക്കുകയും അവയുടെ മൂന്നു കോപ്പി ജൂണ്‍ 30 നുള്ളില്‍ റിസര്‍ബാങ്കിന്് നല്‍കുകയും വേണം. വകുപ്പ് 32 പ്രകാരം ഓഡിറ്റ് റിപ്പോര്‍ട്ട്, ബാക്കിപത്രം, മറ്റു കണക്കുകള്‍ എന്നിവയുടെ മൂന്നു കോപ്പി വീതം സഹകരണ സംഘം രജിസ്ട്രാര്‍ക്ക് നല്‍കുകയും അവ ബാങ്കിന്റെ ഹെഡ് ഓഫീസിലും ശാഖകളിലും നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കുകയും വേണം (വകുപ്പ് 33 ) .

35 എ , ബി വകുപ്പുകള്‍

ബാങ്കിങ് നിയന്ത്രണ നിയമത്തിലെ വകുപ്പുകള്‍ 35 (എ) യും 35 (ബി) യും സഹകരണ ബാങ്കുകള്‍ക്ക് ബാധകമാക്കിയിരിക്കുകയാണ്. വകുപ്പ് 35 (എ) പ്രകാരം സഹകരണ ബാങ്കിന്റെ നിക്ഷേപകരുടെ താല്‍പ്പര്യത്തിനു വിരുദ്ധമായോ ബാങ്കിങ്് മേഖലയുടെ താല്‍പ്പര്യത്തിന് വിരുദ്ധമായോ ഒരു സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനം നടക്കുന്നത് നിരോധിക്കുന്നതിനോ അല്ലെങ്കില്‍ സഹകരണബാങ്കിന്റെ കാര്യ നിര്‍വ്വഹണം ശരിയായ വിധം നടക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനോ വേണ്ടി ഒരു സഹകരണ ബാങ്കിനു വേണ്ടിയോ അല്ലെങ്കില്‍ സഹകരണ ബാങ്കുകള്‍ക്ക് പൊതുവായിട്ടോ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ റിസര്‍വ് ബാങ്കിന് അധികാരമുണ്ട്.

വകുപ്പ് 35 (ബി) പ്രകാരം സഹകരണ ബാങ്കുകളിലെ ഡയരക്ടര്‍മാരുടെ പരമാവധി എണ്ണം , ചെയര്‍മാന്റെ നിയമനം , പുനര്‍ നിയമനം, പ്രതിഫലം , മാനേജിങ് ഡയരക്ടറുടെ നിയമനം , പുനര്‍നിയമനം, ശമ്പളം എന്നിവ സംബന്ധിച്ച നിയമാവലി വ്യവസ്ഥക്ക ്/ ഉടമ്പടി വ്യവസ്ഥക്ക് / പൊതുയോഗത്തിന്റെയോ ഭരണസമിതിയുടെയോ തീരുമാനത്തിന് റിസര്‍വ് ബാങ്കിന്റെ അംഗീകാരമില്ലാതെ സാധുത ഉണ്ടാവില്ല. ചെയര്‍മാന്‍, മാനേജിങ് ഡയരക്ടര്‍ എന്നിവരുടെ നിയമനം, പിരിച്ചുവിടല്‍, പുനര്‍നിയമനം എന്നിവ റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുവാദത്തോടെ മാത്രമേ നടത്താവൂ എന്നതും സഹകരണ ബാങ്കുകള്‍ക്ക് ബാധകമാക്കിയിരിക്കുന്നു.

ഏതെങ്കിലും ഇടപാടു നടത്തുന്നത് നിരോധിച്ചുകൊണ്ടോ അല്ലെങ്കില്‍ മുന്നറിയിപ്പു നല്‍കിക്കൊണ്ട് ഏതെങ്കിലും സഹകരണ ബാങ്കിനെയോ സഹകരണ ബാങ്കുകളെയോ ഉപദേശിക്കുന്നതിനോ വകുപ്പ് 36 പ്രകാരം റിസര്‍വ് ബാങ്കിന് അധികാരം നല്‍കിയിട്ടുണ്ട്.

വകുപ്പ് 36 (എ എ ) ഓര്‍ഡിനന്‍സിലൂടെ സഹകരണ ബാങ്കുകള്‍ക്ക് ബാധകമാക്കിയ വകുപ്പാണ്. സഹകരണ ബാങ്കുകളുടെ കാര്യനിര്‍വഹണം ശരിയായവിധം നടക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനോ ബാങ്ക് പ്രവര്‍ത്തനങ്ങള്‍ നിക്ഷേപകരുടെ താല്‍പ്പര്യങ്ങളെ ഹനിക്കുന്ന വിധം നടക്കുന്നു എന്ന് ബോധ്യപ്പെടുമ്പോഴോ സഹകരണ ബാങ്കിന്റെ ചെയര്‍മാനെയോ മാനേജിങ് ഡയരക്ടറെയോ അല്ലെങ്കില്‍ ഏതെങ്കിലും ഡയരക്ടറെയോ മറ്റു ഓഫീസര്‍മാരെയോ ജീവനക്കാരെയോ നീക്കം ചെയ്തുകൊണ്ടുള്ള ഉത്തരവ് നല്‍കാന്‍ റിസര്‍വ് ബാങ്കിന് അധികാരം നല്‍കിയിരിക്കുന്നു.

തെറ്റായ വിവരം നല്‍കിയാല്‍ ശിക്ഷ

സഹകരണ ബാങ്കുകള്‍ക്ക് ബാധകമാക്കിയ വകുപ്പ് 46 അനുസരിച്ച്, ബാങ്കിങ് നിയന്ത്രണ നിയമ വ്യവസ്ഥയനുസരിച്ച് സമര്‍പ്പിക്കുന്ന ഏതെങ്കിലും റിട്ടേണിലോ ബാക്കിപത്രത്തിലോ മറ്റേതെങ്കിലും ഡോക്യുമെന്റിലോ റിസര്‍വ് ബാങ്കിനു നല്‍കിയ ഏതെങ്കിലും വിവരങ്ങളിലോ അറിഞ്ഞുകൊണ്ട് തെറ്റായ വിവരം നല്‍കുകയോ വിവരം ഒളിച്ചു വയ്ക്കുകയോ ചെയ്താല്‍ അതിന് ഉത്തരവാദിയാകുന്നവര്‍ ശിക്ഷിക്കപ്പെടും. മൂന്നു വര്‍ഷം വരെ തടവോ ഒരു കോടി രൂപവരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ആയിരിക്കും ശിക്ഷ.

റിസര്‍വ് ബാങ്കിന്റെ വിജ്ഞാപനത്തിലൂടെ ഒരു സഹകരണ ബാങ്കിനെയോ ഒരു വിഭാഗം ബാങ്കുകളെയോ നിയമത്തിലെ ചില വ്യവസ്ഥകളില്‍ നിന്നു ഒഴിവാക്കാവുന്നതാണ്. തൊഴില്‍ സംബന്ധിച്ച നിയന്ത്രണങ്ങള്‍, ഭരണസമിതി അംഗങ്ങളുടെ യോഗ്യതകള്‍, ചെയര്‍മാനെ നിയമിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസ്ഥകളില്‍ നിന്നാണ് റിസര്‍വ് ബാങ്ക് ഒഴിവാക്കുന്നത്. സഹകരണ ബാങ്കുകള്‍ക്ക് സ്വന്തം ഓഹരികളുടെ ഈടി•േല്‍ വായ്പ എടുക്കുന്നത് നിരോധിച്ചിരിക്കുകയാണ്. സഹകരണ ബാങ്ക് ചെയര്‍മാനോ ഭരണസമിതി അംഗങ്ങള്‍ക്കോ അല്ലെങ്കില്‍ അവര്‍ക്ക് താല്‍പ്പര്യമുള്ള കമ്പനികള്‍ക്കോ സുരക്ഷിതമല്ലാത്ത വായ്പകള്‍ നല്‍കുന്നത് നിരോധിച്ചിട്ടുണ്ട്. കൂടാതെ, വായ്പകള്‍ റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ട് ചെയ്യേണ്ട രീതിയും വ്യക്തമാക്കുന്നുണ്ട്. റിസര്‍വ് ബാങ്കിന്റെ അനുവാദമില്ലാതെ സഹകരണ ബാങ്കുകള്‍ക്ക് പുതിയ ശാഖ തുറക്കാനോ ഗ്രാമത്തിനോ പട്ടണത്തിനോ പുറത്തേയ്ക്ക് ഒരു ശാഖ മാറ്റാനോ സാധിക്കില്ലെന്ന് വ്യക്തമാക്കുന്നു. സഹകരണ ബാങ്കുകളുടെ ബോര്‍ഡ് മീറ്റിങ് വിളിച്ചു കൂട്ടണമെന്ന് ആവശ്യപ്പെടാനും ബോര്‍ഡ് മീറ്റിങ്ങില്‍ നിരീക്ഷകരെ വെക്കാനും നിയമഭേദഗതികള്‍ റിസര്‍വ് ബാങ്കിന് അധികാരം നല്‍കുന്നുണ്ട്. ബാങ്കിങ് നിയന്ത്രണ നിയമഭേദഗതി പ്രാബല്യത്തില്‍ വന്നു കഴിയുമ്പോള്‍ സഹകരണ സംഘം രജിസ്ട്രാറുടെ അധികാരങ്ങള്‍ സഹകരണ ബാങ്കുകളുടെ നിയമാവലി ഭേദഗതി രജിസ്‌ട്രേഷനിലും സമാപ്തീകരണം എന്നിവയിലും മാത്രമായിരിക്കും. സഹകരണ ബാങ്കുകളിലെ പ്രൊഫഷണലിസം വര്‍ധിപ്പിക്കുക എന്നതാണ് നിയമഭേദഗതിയുടെ പ്രധാന ലക്ഷ്യം.

2020 ജൂണ്‍ 26 ന് രാഷ്ട്രപതി ഒപ്പിട്ട ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതി ഓര്‍ഡിനന്‍സ് രാജ്യത്തെ 35 മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്ക് 2019 ജൂണ്‍ 29 മുതല്‍തന്നെ ബാധകമാക്കിയിട്ടുണ്ട്. ഒരു സംസ്ഥാനത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സഹകരണ ബാങ്കുകള്‍, ജില്ലാ സഹകരണ ബാങ്കുകള്‍ , അര്‍ബന്‍ സഹകരണ ബാങ്കുകള്‍ എന്നിവയ്ക്ക് ധനമന്ത്രാലയം നോട്ടിഫൈ ചെയ്യുന്ന തീയതി മുതല്‍ ഇത് ബാധകമാക്കും. സഹകരണ ബാങ്കുകളുടെ ഭരണനിര്‍വഹണത്തില്‍ റിസര്‍വ് ബാങ്കിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അധികാരം ഓര്‍ഡിനന്‍സിലൂടെ ലഭിച്ചിരിക്കുകയാണ്. നമ്മുടെ ഭരണഘടന പ്രകാരം ബാങ്കിങ്് ഒരു കേന്ദ്ര വിഷയവും ഒരു സംസ്ഥാനത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകള്‍ സംസ്ഥാന വിഷയവുമാണ്.

സംസ്ഥാനത്തിനുള്ളില്‍ പ്രവര്‍ത്തന മേഖലയുള്ള ഒരു സഹകരണബാങ്കുമായി ബന്ധപ്പെട്ട് സംസ്ഥാന സഹകരണ സംഘം നിയമത്തിലെ വ്യവസ്ഥയും ബാങ്കിങ് നിയന്ത്രണ നിയമത്തിലെ വ്യവസ്ഥയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായാല്‍ സംസ്ഥാന സഹകരണ സംഘ നിയമ വ്യവസ്ഥ അസാധുവാകുകയും ബാങ്കിങ് നിയന്ത്രണ നിയമവ്യവസ്ഥക്ക് പ്രാമാണ്യം കിട്ടുകയും ചെയ്യും. സഹകരണ സംഘം നിയമത്തിന്‍ കീഴില്‍ സഹകരണ സംഘം രജിസ്ട്രാര്‍ക്കുള്ള അധികാരങ്ങളെ ബാങ്കിങ്് നിയന്ത്രണ നിയമ ഭേദഗതി ഒരു വിധത്തിലും ബാധിക്കില്ലെന്ന് ഊന്നിപ്പറയുന്നുണ്ടെങ്കിലും സഹകരണ ബാങ്കുകളില്‍ റിസര്‍വ് ബാങ്കും സഹകരണ സംഘം രജിസ്ട്രാറും കയ്യാളുന്ന ദ്വിമുഖ നിയന്ത്രണം ബാങ്കിങ് നിയമ ഭേദഗതിയിലൂടെ ഇല്ലാതാകും എന്ന അഭിപ്രായമാണ് വിദഗ്ധര്‍ പൊതുവെ പ്രകടിപ്പിക്കുന്നത്. കേരളത്തിലെ സഹകരണ വായ്പാ മേഖലയിലെ ശക്തികേന്ദ്രങ്ങളായ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ അവയുടെ പേരിനൊപ്പം ബാങ്ക് , ബാങ്കര്‍, ബാങ്കിങ് എന്നീ വാക്കുകളൊന്നും ഉപയോഗിക്കാതിരിക്കുകയും ചെക്കുകളുടെ ഡ്രോയി ആയി പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്താല്‍ തുടര്‍ന്നും ബാങ്കിങ് നിയന്ത്രണ നിയമ വ്യവസ്ഥകള്‍ അവയ്ക്ക് ബാധകമാവില്ല.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!