വൈകുണ്ഠമേത്ത സഹകരണ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പി.ജി.ഡി.സി.ബി.എം

moonamvazhi
പുണെ സാവിത്രിബായ് ഫൂലെ യൂണിവേഴ്‌സിറ്റി റോഡിലുള്ള വൈകുണ്ഠമേത്ത ദേശീയ സഹകരണ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (വാംനികോം) സഹകരണ ബിസിനസ് മാനേജ്‌മെന്റ് ബിരുദാനന്തരഡിപ്ലോമ കോഴ്‌സിന്റെ (പി.ജി.ഡി.സി.ബി.എം) 58-ാം ബാച്ചില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒമ്പതുമാസത്തെ (36 ആഴ്ച) കോഴ്‌സാണിത്. 20ആഴ്ച ഓണ്‍ലൈന്‍ പഠനവും ആറാഴ്ച കാമ്പസ് പഠനവും 10 ആഴ്ച പ്രൊജക്ട് ആക്ഷന്‍ റിപ്പോര്‍ട്ടും ആണ്. നവംബര്‍ 18നു തുടങ്ങും. ബിരുദമാണു യോഗ്യത. സഹകരണസ്ഥാപനങ്ങളിലോ സര്‍ക്കാര്‍വകുപ്പുകളിലോ സഹകരണബാങ്കുകളിലോ മറ്റുകൂട്ടായ്മാസംരംഭങ്ങളിലോ മാനേജീരിയില്‍ ജോലിയില്‍ മൂന്നുവര്‍ഷത്തെയെങ്കിലും പ്രവൃത്തിപരിചയമുള്ളവര്‍ക്കു മുന്‍ഗണന. പ്രായം 50വയസ്സില്‍ കൂടരുത്. സ്ത്രീകള്‍, പട്ടികജാതി-വര്‍ഗക്കാര്‍, മറ്റുപിന്നാക്കസമുദായക്കാര്‍ എന്നിവര്‍ക്ക് നിയമാനുസൃതം അഞ്ചുവയസ്സിന്റെ വരെ ഇളവനുവദിക്കും. നവംബര്‍ അഞ്ചിനകം അപേക്ഷിക്കണം. 30പേര്‍ക്കാണു പ്രവേശനം.
സര്‍വീസിലുള്ള യുവാക്കള്‍, സഹകരണബിസിനസ് എക്‌സിക്യൂട്ടീവുമാരാകാന്‍ താത്പര്യമുള്ളവര്‍, സഹകരണസ്ഥാപനങ്ങളില്‍ ജോലിക്കു ചേരാന്‍ താത്പര്യപ്പെടുന്നവര്‍, സംസ്ഥാനങ്ങളിലെ സഹകരണവുകപ്പുദ്യോഗസ്ഥര്‍, അഡ്മനിസ്‌ട്രേറ്റര്‍മാര്‍, പ്രോഗ്രാം ഇംപ്ലിമെന്റര്‍മാര്‍, സഹകരണപരിശീലനസ്ഥാപനങ്ങളിലെ പരിശീലകര്‍, സഹകരണബാങ്കുകളിലെയും സഹകരണയൂണിയനുകളിലെയും ക്ഷീരസംഘങ്ങളിലെയും പഞ്ചസാരയുല്‍പാദനസംഘങ്ങളിലെയും കാര്‍ഷികസംസ്‌കരണസംഘങ്ങളിലെയും വിപണനസഹകരണസ്ഥാപനങ്ങളിലെയും കൈത്തറി-കരകൗശല സഹകരണസ്ഥാപനങ്ങളിലെയും ഉപഭോക്തൃസഹകരണസ്ഥാപനങ്ങളിലെയും കാര്‍ഷികവിപണന ഫെഡറേഷനുകളിലെയും ഭവനസഹകരണസ്ഥാപനങ്ങളിലെയും എല്ലാ അനുബന്ധസഹകരണസ്ഥാപനങ്ങളിലെയും എഫ്.പി.ഒ.കളിലെയും എഫ്.പി.സി.കളിലെയും എസ്.എച്ച്.ജി ഫെഡറേഷനുകളിലെയും ജീവനോപാധിവികസനമിഷനുകളിലെയും ഉദ്യോഗസ്ഥര്‍, സഹകരണസ്ഥാപനങ്ങളിലെ മാനേജര്‍മാര്‍, എക്‌സിക്യൂട്ടീവുമാര്‍, ഭരണസമിതിയംഗങ്ങള്‍ എന്നിവരെ ഉദ്ദേശിച്ചുള്ള കോഴ്‌സാണിത്.
50,000രൂപയാണ് ഫീസ് 9000 രൂപ ജി.എസ്.ടി.യും അടക്കണം. ഓഫീസേഴ്‌സ് ഹോസ്റ്റലില്‍ എയര്‍കണ്ടീഷന്‍ഡ് മുറിയില്‍ താമസം, പഠനസന്ദര്‍ശനങ്ങള്‍, പഠനോപകരണങ്ങള്‍ തുടങ്ങിയവയുടെ ചെലവ് ഇതില്‍ പെടും. ഏതാനും സ്‌കോളര്‍ഷിപ്പുകളും സ്‌പോണ്‍സര്‍ഷിപ്പുകളും ലഭ്യമാണ്. മെരിറ്റ് റാങ്കുള്ള വിദ്യാര്‍ഥികള്‍ക്കു സഹകരണവിദ്യാഭ്യാസനിധിയില്‍നിന്ന് 50,000 രൂപയുടെ ഫെല്ലോഷിപ്പിന് അര്‍ഹതയുണ്ട്. കുടുതല്‍ വിവരങ്ങള്‍ www.vamnicom.gov.in ല്‍ ലഭിക്കും.