എറണാകുളം കാക്കൂര്‍ ബാങ്കിന്റെ കപ്പ ഗള്‍ഫിലേക്ക്

moonamvazhi
എറണാകുളംജില്ലയിലെ കാക്കൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ ഭക്ഷ്യസംസ്‌കരണക്കമ്പനിയായ കാസ്‌കോയുടെ കപ്പ അഥവാ മരച്ചീനി (മലബാര്‍ ടപ്പിയോക്ക) ഗള്‍ഫ് നാടുകളിലേക്കു കയറ്റുമതി ചെയ്തുതുടങ്ങി. ആദ്യകണ്ടെയ്‌നറിന് മുന്‍ എം.എല്‍.എയായ എം.ജെ. ജേക്കബ്, ബാങ്കുപ്രസിഡന്റ് അനില്‍ ചെറിയാന്‍, ഗ്രാമപഞ്ചായത്തുപ്രസിഡന്റ് സന്ധ്യമോള്‍ പ്രകാശ് എന്നിവര്‍ചേര്‍ന്നു ഫ്‌ളാഗ് ഓഫ് ചെയ്തു. പി.ബി. രതീഷ്, എം.ജി. രാമചന്ദ്രന്‍, വര്‍ഗീസ് മാണി, ബിനോയ് അഗസ്റ്റിന്‍, സനല്‍ ചന്ദ്രന്‍, ജോണ്‍സണ്‍ വര്‍ഗീസ്, സൈബു മടക്കാലി, സി.ടി. ശശി, കെ.കെ. രാജ്കുമാര്‍, ബെയില്‍ ചന്ദ്രന്‍, ബാങ്കുസെക്രട്ടറി പ്രദീപ് കൃഷ്ണന്‍, കൃഷിഓഫീസര്‍ ടി.കെ. ജിജി എന്നിവര്‍ സംസാരിച്ചു.
കുഴിക്കാട്ടുകുന്നിലെ കാസ്‌കോ ഫാക്ടറിയില്‍നിന്നാണു കയറ്റുമതി. 25 ടണ്‍ പച്ചമരച്ചീനിയാണ് ആദ്യകണ്ടെയ്‌നറില്‍ അയച്ചത്. ഫ്രീസറില്‍നിന്നെടുത്ത് കുറച്ചുസമയംകഴിഞ്ഞ് ഉപയോഗിക്കാന്‍ പാകത്തില്‍ സംസ്‌കരിച്ചതാണിത്. പ്രദേശത്തെ കര്‍ഷകരില്‍നിന്നു കപ്പ സംഭരിച്ചു തൊലികളഞ്ഞു മുറിച്ചു നടുവിലെ നാര് നീക്കി മൈനസ് 40 ഡിഗ്രിയില്‍ ഫ്രീസ് ചെയ്താണു പാക്കറ്റിലാക്കുക. സംസ്‌കരണംമുതല്‍ ചില്ലറവില്‍പനശാലകളിലൂടെയുള്ള വിതരണംവരെയുള്ള ഘട്ടങ്ങളില്‍ മൈനസ് 18 ഡിഗ്രിയില്‍ ഉത്പന്നം സൂക്ഷിക്കും. രണ്ടു വര്‍ഷംവരെ കേടാവില്ല. ദുബായ് തുറമുഖംവഴിയാണു ഗള്‍ഫ് രാജ്യങ്ങളില്‍ എത്തിക്കുക. കൂത്താട്ടുകുളത്തെ ടിനാഷെ കമ്പനിയുമായി സഹകരിച്ചാണു കയറ്റുമതി.
60 ടണ്‍ കപ്പയാണു കാസ്‌കോ സംഭരിച്ചത്. കാസ്‌കോയുടെ ശീതീകരിച്ച മരച്ചീനിയും ഉണക്കമരച്ചീനിയും വാരപ്പെട്ടി സഹകരണസംഘത്തിന്റെ മസാലമരച്ചീനിയും ബനാന വാക്വംഫ്രൈയും റോസ്റ്റഡ് വെളിച്ചെണ്ണയും ഉണക്കിയ ചക്കയും തങ്കമണി സര്‍വീസ് സഹകരണബാങ്കിന്റെ തേയിലപ്പൊടിയും കഴിഞ്ഞദിവസം വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍നിന്നു കയറ്റിയയച്ചിരുന്നു. അതിനുപുറമെയാണ് ഇപ്പോള്‍ കാസ്‌കോയുടെ ഉത്പന്നങ്ങളുമായി കണ്ടെയ്‌നര്‍ അയച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published.