കേരളത്തിലെ മുന്‍ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി കേന്ദ്രത്തിന്റെ സഹകരണ ചുമതലക്കാരനാകുന്നു
കേരള കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനായ രബീന്ദ്ര അഗര്‍വാള്‍ പുതിയ കേന്ദ്രസഹകരണസംഘം രജിസ്ട്രാറായി നിയമിതനായി. കേരള ധനകാര്യവകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നിട്ടുണ്ട്. 1997 ഐ.എ.എസ്. ബാച്ചുകാരനായ അഗര്‍വാള്‍ ഡല്‍ഹിയിലെ ഓഫീസില്‍ ചുമതലയേറ്റു. ആനന്ദ്കുമാര്‍ഷായുടെ സ്ഥാനത്താണ് അഗര്‍വാളിന്റെ നിയമനം. വനംവകുപ്പില്‍നിന്നു കേന്ദ്രസഹകരണരജിസ്ട്രാറായി ചുമതലയേറ്റ ആനന്ദ്ഷാ അല്‍പകാലംമാത്രമാണ് ആ സ്ഥാനം വഹിച്ചത്.
ഓഗസ്റ്റ് ആദ്യമാണ് അഗര്‍വാള്‍ കേന്ദ്രസഹകരണമന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറിയായത്. മള്‍ട്ടി സ്‌റ്റേറ്റ് സഹകരണസംഘങ്ങളുടെ കാര്യത്തില്‍ നിര്‍ണായകപ്രാധാന്യമുള്ള പദവിയിലേക്കാണ് അഗര്‍വാള്‍ കടന്നുവന്നിട്ടുള്ളത്. ഗണിതശാസ്ത്രത്തില്‍ ബിരുദവും ഡല്‍ഹിസര്‍വകലാശാലയില്‍നിന്ന് ഓപ്പറേഷന്‍സ് റിസര്‍ച്ചില്‍ ബിരുദാനന്തരബിരുദവും നേടിയശേഷമാണ് അദ്ദേഹം സിവില്‍സര്‍വീസിലേക്ക കടന്നുവന്നത്.
1999 ല്‍ ഡല്‍ഹി സബ്ഡിവിഷണല്‍ മജിസ്‌ട്രേട്ടായിട്ടായിരുന്നു തുടക്കം. 2001 ല്‍ കേരളത്തില്‍ ടൂറിസംവകുപ്പ് അഡീഷണല്‍ ഡയറക്ടറായിരുന്നു. കുറച്ചുകാലം ബേക്കല്‍ റിസോര്‍ട്‌സ് ഡവലപ്‌മെന്റ് കോര്‍പറേഷന്റെ മാനേജിങ് ഡയറക്ടറുമായിരുന്നു. നഗരഭരണകാര്യ വികസനവകുപ്പ്, സാമൂഹികക്ഷേമവകുപ്പ്, ധനകാര്യവകുപ്പ്, ജലവിഭവവകുപ്പ് എന്നിവയിലും വിവിധ തസ്തികകളില്‍ പ്രവര്‍ത്തിച്ചു. കേരള വാണിജ്യനികുതിവകുപ്പു കമ്മീഷണര്‍, ധനവിഭവ സെക്രട്ടറി, കേന്ദ്രഷിപ്പിങ് മന്ത്രാലയ ജോയിന്റ് സെക്രട്ടറി, ന്യൂഡല്‍ഹി എ.ഐ.ഐ.എം.എസ്. ഡെപ്യൂട്ടി ഡയറക്ടര്‍ തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.