സംഘം ഭാരവാഹികള്‍ക്കുള്ള മൂന്നുതവണ വ്യവസ്ഥക്കെതിരായ ഹര്‍ജി: തിരഞ്ഞെടുപ്പു നീട്ടാന്‍ ഹൈക്കോടതി ഉത്തരവ്

moonamvazhi

മൂന്നുതവണ തുടര്‍ച്ചയായി സഹകരണസംഘം ഭാരവാഹികളായിരുന്നവര്‍ വീണ്ടും മത്സരിക്കരുതെന്ന വ്യവസ്ഥയെ ചോദ്യംചെയ്തുള്ള അപ്പീല്‍ഹര്‍ജിയില്‍ തിരഞ്ഞെടുപ്പു നീട്ടിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. നെടുങ്കുന്നം സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് ജോ തോമസ്, അംഗം ജെയിംസ് ജോസഫ്, പുതുപ്പളളി സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് ടി.എം. തോമസ്, അംഗം തോമസ് സ്റ്റീഫന്‍ എന്നിവര്‍ നല്‍കിയ അപ്പീല്‍ഹര്‍ജിയില്‍ ജസ്റ്റിസുമാരായ അമിത് റാവലും ഈശ്വരന്‍ എസും അടങ്ങിയ ഡിവിഷന്‍ബെഞ്ചിന്റെതാണു വിധി. ജൂലായ് 27നു നടത്താന്‍ നിശ്ചയിച്ച തിരഞ്ഞെടുപ്പ് 30 ദിവസത്തേക്കുകൂടി നീട്ടാനാണ് ഉത്തരവ്. അതിനകം സിംഗിള്‍ബെഞ്ചിനു വിധി പറയാന്‍കഴിയുംവിധം കക്ഷികള്‍ വാദം പൂര്‍ത്തിയാക്കണം. വ്യവസ്ഥയുടെ ഗുണദോഷങ്ങളിലേക്കു കടക്കുന്നില്ലെന്നും ഈ വിധി ഈ കേസില്‍മാത്രമാണു ബാധകമെന്നും കോടതി വ്യക്തമാക്കി.

28 (2എ) അനുച്ഛേദത്തിലെ ഭേദഗതിയോടെയാണു തുടര്‍ച്ചയായി മൂന്നുതവണ വായ്പാസംഘംഭാരവാഹികളായവര്‍ക്കു മത്സരിക്കാനാവില്ലെന്നു വന്നത്. ഇതിനിടെ സംഘംതിരഞ്ഞെടുപ്പിനു സഹകരണതിരഞ്ഞെടുപ്പുകമ്മീഷന്‍ നടപടി തുടങ്ങിയിരുന്നു. ജൂലായ് എട്ടായിരുന്നു പത്രിക നല്‍കേണ്ട അവസാനതീയതി. ഹര്‍ജി നല്‍കിയെങ്കിലും ജൂലായ് രണ്ടിനു നല്‍കിയ ഇടക്കാലഉത്തരവില്‍ ഹര്‍ജിക്കാരെ മത്സരിക്കാന്‍ അനുവദിക്കാന്‍ സിംഗിള്‍ബെഞ്ച് തയ്യാറായില്ല. ഇതിനെതിരെയാണു ഡിവിഷന്‍ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്.

ആന്ധ്രാപ്രദേശ് ക്ഷീരവികസനകോര്‍റേഷന്‍ ഫെഡറേഷനും നരസിംഹറെഡ്ഡി മുതല്‍പേരും തമ്മിലുള്ള കേസില്‍ എല്ലാ സഹകരണസംഘങ്ങളും ഒരുപോലെയാണെന്നതിനാല്‍ ഒരുവിധ വിവേചനവും പാടില്ലെന്നും ഇത്തരം വ്യവസ്ഥകള്‍ ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും വിധിയുള്ള കാര്യം ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ റിട്ട്ഹര്‍ജിയില്‍ വരാനിരിക്കുന്ന വിധിക്കു വിധേയമായി അംഗങ്ങളെപത്രിക നല്‍കാന്‍ അനുവദിക്കാതിരുന്നതു ശരിയല്ല. ചോദ്യംചെയ്യപ്പെട്ട വ്യവസ്ഥകളുടെ സാധുത പിന്നീടു വിധിയില്‍ റദ്ദാക്കപ്പെടുകയാണെങ്കില്‍ത്തന്നെ അപ്പോഴേക്കും തിരഞ്ഞെടുപ്പു പൂര്‍ണമായി കഴിഞ്ഞിരിക്കും. സംസ്ഥാനഖജനാവില്‍നിന്നു തിരഞ്ഞെടുപ്പിനു പണം ചെലവഴിക്കേണ്ടിയും വരും. കൂടുതല്‍ ധനനഷ്ടം ഒഴിവാക്കാന്‍ തിരഞ്ഞെടുപ്പു നീട്ടിവയ്ക്കാന്‍ ഉത്തരവിടുകയോ തിരഞ്ഞെടുപ്പുപ്രക്രിയക്കുമുമ്പുതന്നെ വിധി കല്‍പിക്കുകയോ ചെയ്യാമായിരുന്നു എന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ വാദിച്ചു.

അതേസമയം, വിവേകപൂര്‍ണമായ വ്യത്യാസം കല്‍പിക്കലിന്റെ അടിസ്ഥാനത്തിലാണു പ്രസ്തുത വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയതെന്നും ഇതു നിയമപ്രകാരം അനുവദനീയമാണെന്നും വിവേചനപരമല്ലെന്നും സംസ്ഥാനഅറ്റോര്‍ണി എം. മനോജ്കുമാര്‍ വാദിച്ചു. തമിഴ്‌നാട് സര്‍ക്കാരും നാഷണല്‍ സൗത്ത് ഇന്ത്യന്‍ റിവര്‍ ഇന്റര്‍ലിങ്കിങ് അഗ്രിക്കള്‍ച്ചറിസ്റ്റ് അസോസിയേഷനും തമ്മിലുള്ള കേസിലെ വാദങ്ങള്‍ ഇതിന് ആധാരമായി അദ്ദേഹം അവതരിപ്പിച്ചു. ദരിദ്രകര്‍ഷകരുടെ വായ്പ റദ്ദാക്കുന്ന ഒരു സര്‍ക്കാര്‍പദ്ധതി സംബന്ധിച്ചാണ് ആ കേസ്. പ്രത്യേകസംഘങ്ങളെമാത്രം ഉദ്ദേശിച്ചുള്ളതായിരുന്നു അത്. അതു ഭരണഘടനയുടെ 14-ാംവകുപ്പിന്റെ ലംഘനമല്ല. തിരഞ്ഞെടുപ്പു നീട്ടിയാല്‍ തിരഞ്ഞെടുപ്പു പ്രക്രിയയാകെ വീണ്ടും വ്യാപകമായി വിജ്ഞാപനം ചെയ്യേണ്ടിവരും. രണ്ടു സംഘങ്ങള്‍ മാത്രമാണു ഭേദഗതിയെ ചോദ്യം ചെയ്തത്. മറ്റു വായ്പാസംഘങ്ങളില്‍ തിരഞ്ഞെടുപ്പു കഴിഞ്ഞു. ഫലം പ്രഖ്യാപിക്കാനിരിക്കുകയാണ്. ഹെല്‍ത്ത് ഫോര്‍ മില്യണ്‍സും കേന്ദ്രസര്‍ക്കാര്‍ മുതല്‍പേരും തമ്മിലുള്ള കേസില്‍ നിയമത്തിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്യപ്പെടുമ്പോഴൊക്കെ ഇടക്കാല ഉത്തരവുകള്‍ നല്‍കുന്ന കാര്യത്തില്‍ കോടതി കൂടുതല്‍ സൂക്ഷ്മതയും സാവകാശവുമെടുക്കണമെന്നു പറയുന്നുണ്ട്. നിയമനിര്‍മാണസഭ പാസ്സാക്കുന്ന ഏതു നിയമത്തിന്റെയും ഭരണഘടനാസാധുത സംബന്ധിച്ച കാര്യങ്ങള്‍ക്കു വിപുലമായ മാനങ്ങളുണ്ടാകുമെന്നതാണു കാരണമെന്നും സംസ്ഥാനഅറ്റോര്‍ണി വാദിച്ചു.

രണ്ടു ഭാഗത്തെയും കേട്ടശേഷം, ഇവിടെ ഇടക്കാലഉത്തരവിന്റെ പ്രശ്‌നം മാത്രമാണു തങ്ങള്‍ക്കു പരിഗണിക്കാനുള്ളതെന്നു ഡിവിഷന്‍ബെഞ്ച് ഉത്തരവില്‍ പറഞ്ഞു. പ്രശ്‌നത്തിന്റെ ഗുണദോഷങ്ങളിലേക്കു കടക്കുന്നില്ല. സിംഗിള്‍ബെഞ്ചിന്റെ പരിഗണനയിലുള്ള വിഷയമാണത്. അവിടെ തങ്ങളുടെ വാദങ്ങള്‍ അവതരിപ്പിക്കാന്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് അവകാശമുണ്ട്. ഹര്‍ജിക്കാരെ പത്രിക കൊടുക്കാന്‍ അനുവദിച്ചാലും ഇല്ലെങ്കിലും തിരഞ്ഞെടുപ്പു നടന്നാല്‍ അതിന്റെ ഫലം ഹര്‍ജിയിലെ വിധിക്കു വിധേയമായിരിക്കും. രണ്ടായാലും ഒരു സന്ദിഗ്ധാവസ്ഥ ഉണ്ടാകും. ആ സന്ദിഗ്ധാവസ്ഥ ഒഴിവാക്കാന്‍ തിരഞ്ഞെടുപ്പു 30 ദിവസത്തേക്കു നീട്ടാന്‍ സഹകരണതിരഞ്ഞെടുപ്പകമ്മീഷനോടു നിര്‍ദേശിക്കുന്നതാണ് ഉചിതമെന്നു ഞങ്ങള്‍ കരുതുന്നു. ഈ നീട്ടിവയ്ക്കല്‍ നേരത്തേതന്നെ തിരഞ്ഞെടുപ്പു കഴിഞ്ഞ മറ്റു വായ്പാസംഘങ്ങളിലെ തിരഞ്ഞെടുപ്പുപ്രക്രിയയെ ബാധിക്കില്ല. അവര്‍ നിയമവ്യവസ്ഥയെ ചോദ്യം ചെയ്തിട്ടില്ല. വിവിധ റിട്ട്ഹര്‍ജികളില്‍ ഇടക്കാലഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഏതാനുംപേര്‍ മാത്രമാണ് ഈ കോടതിയെ സമീപിച്ചിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയിട്ടുള്ള പശ്ചാത്തലത്തില്‍ ഇത് ഈ അപ്പീല്‍ഹര്‍ജി നല്‍കിയവര്‍ക്കുമാത്രമായിരിക്കും ബാധകം. റിട്ട്ഹര്‍ജികള്‍ ജൂലായ് 15നു വാദംകേള്‍ക്കാനായി മാറ്റി. അതിനകം എല്ലാ കാര്യത്തിലും സര്‍ക്കാര്‍ പൊതുമറുപടിസത്യവാങ്മൂലം നല്‍കണം. തിരഞ്ഞെടുപ്പു നീട്ടുന്ന 30 ദിവസത്തിനകം വിധിപറയാന്‍ സാധിക്കുംവിധം ബന്ധപ്പെട്ട കക്ഷികള്‍ 15നു തുടങ്ങുന്ന ആഴ്ചയില്‍ സിംഗിള്‍ബെഞ്ച് മുമ്പാകെ വാദങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.