സംഘങ്ങളുടെ മാസനിക്ഷേപപദ്ധതികള്‍ക്കു പൊതുരൂപവും പേരും; സര്‍ക്കുലറിനു കരുവന്നൂരും പ്രേരകം

moonamvazhi
  • എംഡി.എസ്സും ജി.ഡി.എസ്സും ഇനിയില്ല; എല്ലാം എം.എസ്.എസ്

സഹകരണബാങ്കുകളും സംഘങ്ങളും നടത്തുന്ന വിവിധ പ്രതിമാസ നിക്ഷേപപദ്ധതികള്‍ക്കു പൊതുരൂപവും പേരും ഏര്‍പ്പെടുത്തി. എം.ഡി.എസ്, ജി.ഡി.എസ്, ജി.ഡി.സി.എസ്. തുടങ്ങിയ പേരിലുള്ള എല്ലാ നിക്ഷേപപദ്ധതികളുടെയും പേര് പ്രതിമാസ സമ്പാദ്യപദ്ധതി (മന്ത്‌ലി സേവിങ്‌സ് സ്‌കീം -എം.എസ്.എസ്) എന്നാക്കി സഹകരണരജിസ്ട്രാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

ഏകരൂപമില്ലാത്തതും കണക്കുസൂക്ഷിപ്പിലെ അപാകങ്ങളുംമൂലം ഓഡിറ്റ് റിപ്പോര്‍ട്ടിലെ ബാക്കിപത്രത്തില്‍ യഥാര്‍ഥകണക്കു പ്രതിഫലിക്കാത്തതാണു സര്‍ക്കുലറിനു പ്രേരകം. ഇതില്‍ കിട്ടുന്ന തുകകള്‍ സംഘത്തില്‍നിന്നു നല്‍കാനുളള കണക്കില്‍ ഉള്‍പ്പെടുത്തിയതും നല്‍കിയ തുകകള്‍ കിട്ടാനുള്ള കണക്കില്‍ ഉള്‍പ്പെടുത്തിയതുമായ ബാക്കിപത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. ഇതുമൂലം യഥാര്‍ഥ സാമ്പത്തികസ്ഥിതി വ്യക്തമാകുന്നില്ലെന്നു ശ്രദ്ധയില്‍പ്പെട്ടുവെന്നു സര്‍ക്കുലറില്‍ പറയുന്നു. സഹകരണരജിസ്ട്രാറുടെ 2012ലെ 36/12 നമ്പര്‍ സര്‍ക്കുലറും കരുവന്നൂര്‍ സഹകരണബാങ്കിലെ ക്രമക്കേടുകള്‍ സംബന്ധിച്ച ഉന്നതാധികാരസമിതിയുടെ റിപ്പോര്‍ട്ടും 2023 മെയ് ആറിലെ സഹകരണ ഓഡിറ്റ് ഡയറക്ടറുടെ എം.ഡി.(3)1365/2023 നമ്പര്‍ കത്തും പരിഗണിച്ചാണു സര്‍ക്കുലര്‍.

എം.എസ്.എസ്. ചിട്ടിക്കു സമാനമാണെന്നു പരസ്യം ചെയ്യരുതെന്നു സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു. ചിട്ടിയുമായി ബന്ധപ്പെട്ട വാക്കുകള്‍ ഉപയോഗിക്കുകയുമരുത്. എം.എസ്.എസ്. നടപ്പാക്കണമെങ്കില്‍ നിയമാവലിയില്‍ വ്യവസ്ഥ ചെയ്യണം. അതിനുമുമ്പു നിര്‍ദിഷ്ട പൊതുവ്യവസ്ഥകളോടെ മാതൃകാനിബന്ധനകള്‍ക്കു ജില്ലാജോയിന്റ് രജിസ്ട്രാറുടെ (ജനറല്‍) അംഗീകാരം വാങ്ങണം. ആസ്തിശോഷണം ഉണ്ടാകില്ലെന്ന് ഉറപ്പാക്കിയിട്ടേ പുതിയ എം.എസ്.എസ്സുകള്‍ക്ക് അനുമതി നല്‍കാവൂ. സര്‍ക്കാരിനു നിശ്ചിതഫീസ് നല്‍കിവേണം മുന്‍കൂര്‍അനുമതി വാങ്ങാന്‍. സാമ്പത്തികസ്ഥിതിവച്ച് 25 ലക്ഷം രൂപ വരെയുള്ള നിക്ഷേപപദ്ധതികള്‍ക്ക് അനുമതി നല്‍കാം. പക്ഷേ, ഒരേസമയം നടപ്പാക്കാവുന്ന എം.എസ്.എസ്സുകളുടെ ആകെത്തുക പ്രവര്‍ത്തനമൂലധനത്തിന്റെ 50 ശതമാനത്തില്‍ കൂടരുത്.

കണക്കുകള്‍ തയ്യാറാക്കുമ്പോള്‍ കോളങ്ങളും ഉപകോളങ്ങളും തിരിക്കേണ്ടതിന്റെ വിശദവിവരങ്ങളും പാലിക്കേണ്ട 21 ഉപനിബന്ധനകളും കണക്കുകള്‍ എഴുതേണ്ടതിന്റെ മാതൃകകളും എം.എസ്.എസ്. ബാലന്‍സിങ് സ്റ്റേറ്റ്‌മെന്റിന്റെ മാതൃകയും സര്‍ക്കുലറില്‍ ചേര്‍ത്തിട്ടുണ്ട്. ഇവ പാലിച്ചിട്ടുണ്ടെന്നും എം.എസ്.എസ്സിലെ ബാക്കിനില്‍പ്പുതുക മാത്രമാണു ബാക്കിപത്രത്തിലുള്ളതെന്നും ഓഡിറ്റില്‍ ഉറപ്പാക്കണം. കാലാവധി പൂര്‍ത്തിയായ എം.എസ്.എസ്സുകളില്‍ കിട്ടാനുള്ള തുകകള്‍ക്കു 100 ശതമാനം കരുതുല്‍ വയ്ക്കണം. ഇതര എം.എസ്.എസ്സുകളിലെ കിട്ടാക്കടവും സംശയാസ്പദകടവും തരംതിരിച്ചു കരുതല്‍ വയ്ക്കണം. ഓഡിറ്റ് റിപ്പോര്‍ട്ടിനൊപ്പം എം.എസ്.എസ്സുമായി ബന്ധപ്പെട്ട് ബാലന്‍സിങ് സ്റ്റേറ്റ്‌മെന്റിനു പുറമെ, ബോണസ് സ്‌റ്റേറ്റ്‌മെന്റ്, അനാമത്ത് സ്റ്റേറ്റ്‌മെന്റ്, അഡ്വാന്‍സ് സ്റ്റേറ്റ്‌മെന്റ് എന്നിവയും വേണമെന്നു സര്‍ക്കുലര്‍ നിഷ്‌കര്‍ഷിക്കുന്നു. സര്‍ക്കുലറിന്റെ പൂര്‍ണരൂപം ഇതോടൊപ്പം: Circular-19-24 (1)