ഡി.എ.പ്രശ്‌നം: സഹകരണ പെന്‍ഷന്‍കാര്‍ എട്ടിനു ധര്‍ണ നടത്തും

Moonamvazhi

സഹകരണപെന്‍ഷന്‍കാര്‍ക്ക് ക്ഷാമാശ്വാസം അനുവദിക്കാത്തതിലും പെന്‍ഷന്‍ പരിഷ്‌കരണക്കമ്മീഷന്‍ റിപ്പോര്‍ട്ട് വൈകുന്നതിലും പ്രതിഷേധിച്ച് കേരള കോ-ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷണേഴ്‌സ് അസോസിയേഷന്‍ മെയ് എട്ടിനു സംസ്ഥാന സഹകരണ പെന്‍ഷന്‍ ബോര്‍ഡിനു മുന്നില്‍ ധര്‍ണനടത്തുമെന്ന് പ്രസിഡന്റ് എം. സുകുമാരനും ജനറല്‍ സെക്രട്ടറി മുണ്ടൂര്‍ രാമകൃഷ്ണനും അറിയിച്ചു. ആവശ്യങ്ങളുന്നയിച്ചു പെന്‍ഷന്‍ബോര്‍ഡു ചെയര്‍മാനു നിവേദനം നല്‍കിയിട്ടുണ്ട്.

2021 ഏപ്രില്‍ മുതല്‍ ക്ഷാമാശ്വാസം നല്‍കുന്നില്ലെന്നു നിവേദനത്തില്‍ പറയുന്നു. 2023 ജൂണില്‍ നിയോഗിച്ച പെന്‍ഷന്‍പരിഷ്‌കരണസമിതി രണ്ടു തവണ നീട്ടിയ കാലാവധി കഴിഞ്ഞിട്ടും റിപ്പോര്‍ട്ടു സമര്‍പ്പിച്ചിട്ടില്ല. 2021 ജനുവരിമുതല്‍ പ്രാബല്യത്തോടെ സര്‍ക്കാര്‍ജീവനക്കാര്‍ക്കും സര്‍ക്കാര്‍പെന്‍ഷന്‍കാര്‍ക്കും സഹകരണപെന്‍ഷന്‍ബോര്‍ഡ് ജീവനക്കാര്‍ക്കും രണ്ടു ശതമാനം ഡി.എ. അനുവദിച്ചെങ്കിലും സഹകരണപെന്‍ഷന്‍കാര്‍ക്കു നല്‍കിയില്ല. വരുമാനം വര്‍ധിപ്പിച്ചാലേ പെന്‍ഷന്‍കാര്‍ക്കു ഡി.എ. അനുവദിക്കൂ എന്നാണ് അധികൃതരുടെ നിലപാട്. ഇതു ബാലിശമാണ്. അല്ലാതെതന്നെ ഡി.എ. നല്‍കാന്‍ പെന്‍ഷന്‍ഫണ്ടിനു ശേഷിയുണ്ട്. 50 കോടിയലധികം രൂപ മിച്ചമുണ്ട്. ഇതു 2020-21 മുതല്‍ 2022-23 വരെയുള്ള വര്‍ഷങ്ങളിലെ ഓഡിറ്റില്‍ വ്യക്തമാണ്. പെന്‍ഷന്‍കാര്‍ക്കു 10 ശതമാനം ഡി.എ. അനുവദിക്കാന്‍ ശേഷിയുണ്ട്. അതേസമയം പെന്‍ഷന്‍ബോര്‍ഡുജീവനക്കാര്‍ ഡി.എ. വാങ്ങുന്നുണ്ട്. ഇത് അനൗചിത്യമാണ്. 2019 ലെ പെന്‍ഷന്‍പരിഷ്‌കരണസമിതി പെന്‍ഷന്‍ഫണ്ടു കൂട്ടാന്‍ കൊടുത്ത നിര്‍ദേശങ്ങള്‍ സര്‍ക്കാരിനെക്കൊണ്ടു നടപ്പിലാക്കിക്കാനും പെന്‍ഷന്‍ബോര്‍ഡ് ഒന്നും ചെയ്തിട്ടില്ലെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തി. മെയ് എട്ടിനു രാവിലെ 10.30നു ധര്‍ണ തുടങ്ങും.

Moonamvazhi

Authorize Writer

Moonamvazhi has 68 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published.