വളര്‍ച്ചാപ്രതീക്ഷ 7.2 ശതമാനം: തുടര്‍ച്ചയായി എട്ടാം തവണയും റിപ്പോ നിരക്കില്‍ മാറ്റമില്ല

moonamvazhi
  • റിപ്പോ നിരക്ക് കുറയ്ക്കണമെന്നു പണനയസമിതിയിലെ രണ്ടംഗങ്ങള്‍
  • പണപ്പെരുപ്പം നിയന്ത്രിക്കാന്‍ പണമൊഴുക്ക് പിടിച്ചുവയ്ക്കുന്ന സമീപനം തുടരും

ബാങ്കുകള്‍ക്കുള്ള റിസര്‍വ് ബാങ്കിന്റെ വായ്പാപലിശനിരക്ക് (റിപ്പോ നിരക്ക്) 6.5 ശതമാനമായി തുടരും. ബാങ്കിന്റെ ആറംഗ പണനയസമിതിയാണു നിരക്കു മാറ്റേണ്ടെന്നു തീരുമാനിച്ചതെന്നു ഗവര്‍ണര്‍ ശക്തികാന്തദാസ് വെള്ളിയാഴ്ച പത്രസമ്മേളനത്തില്‍ അറിയിച്ചു. 2025 സാമ്പത്തികവര്‍ഷം ഇന്ത്യയുടെ ജി.ഡി.പി. ( മൊത്ത ആഭ്യന്തരോല്‍പ്പാദനം ) വളര്‍ച്ച 7.2 ശതമാനമായിരിക്കുമെന്നും സമിതി വിലയിരുത്തി. ഏഴു ശതമാനമായിരിക്കുമെന്നായിരുന്നു മുന്‍വിലയിരുത്തല്‍. 2025 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യത്രൈമാസപാദത്തില്‍ 7.3 ശതമാനവും രണ്ടാംപാദത്തില്‍ 7.2 ശതമാനവും മൂന്നാംപാദത്തില്‍ 7.3 ശതമാനവും നാലാംപാദത്തില്‍ 7.2 ശതമാനവും എന്നാണു കണക്കാക്കിയിട്ടുള്ളത്. നേരത്തെ ഇവ യഥാക്രമം 7.1, 6.9, 7, 7 ശതമാനം എന്നിങ്ങനെയാണു കണക്കാക്കിയിരുന്നത്. ജൂണ്‍ അഞ്ചിനു തുടങ്ങിയ പണനയസമിതിയോഗം ഏഴിനു സമാപിച്ചു. ആഗസ്റ്റ് ആറുമുതല്‍ എട്ടുവരെയാണ് അടുത്തയോഗം.

2024 ലെ രണ്ടാമത്തെ ദ്വൈമാസ പണനയമാണു വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. പൊതുതിരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ പണനയപ്രഖ്യാപനമാണിത്. ആറംഗ പണനയസമിതിയില്‍ നാലു പേര്‍ റിപ്പോനിരക്കു നിലവിലുള്ളപോലെ തുടരണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ രണ്ടുപേര്‍ നിരക്കു കുറക്കണമെന്ന് ആവശ്യപ്പെട്ടു. ഡോ. ജയന്ത് വര്‍മ, ഡോ. അഷിമ ഗോയല്‍ എന്നിവരാണിവര്‍. തുടര്‍ന്നു ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ പഴയനിരക്കു തുടരാന്‍ തീരുമാനിച്ചു. തുടര്‍ച്ചയായി എട്ടാം തവണയാണു പഴയനിരക്കു തുടരാന്‍ തീരുമാനിക്കുന്നത്. പണമൊഴുക്കു പിടിച്ചുവയ്ക്കുന്ന നിലപാട് തുടരാനും നിശ്ചയിച്ചു. റിപ്പോനിരക്കില്‍ മാറ്റംവരുത്തേണ്ടെന്ന തീരുമാനത്തെത്തടര്‍ന്ന് സെന്‍സെക്‌സ്, നിഫ്റ്റി 50 സൂചികകള്‍ ഒരു ശതമാനം ഉയര്‍ന്നു.

2025 സാമ്പത്തികവര്‍ഷം പണപ്പെരുപ്പം 4.5 ശതമാനമായിരിക്കുമെന്നാണു കരുതുന്നത്. സാമ്പത്തികവര്‍ഷത്തിന്റെ ആദ്യത്രൈമാസപാദത്തില്‍ 4.9 ശതമാനവും രണ്ടാംപാദത്തില്‍ 3.8 ശതമാനവും മൂന്നാംപാദത്തില്‍ 4.6 ശതമാനവും നാലാംപാദത്തില്‍ 4.5 ശതമാനവുമായിരിക്കുമെന്നാണു കണക്കാക്കിയിട്ടുള്ളത്. 2024 ഫെബ്രുവരി മുതല്‍ പണപ്പെരുപ്പം മയപ്പെട്ടിട്ടുണ്ട്. 5.1 ശതമാനത്തില്‍നിന്നു 4.8 ശതമാനമായാണു കുറഞ്ഞിട്ടുള്ളത്. പക്ഷേ, ഭക്ഷ്യോല്‍പ്പന്നങ്ങളുടെ രംഗത്തു പണപ്പെരുപ്പം ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. സ്റ്റാന്റിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്.ഡി.എഫ്) 6.25 ശതമാനമായും മാര്‍ജിനല്‍ സ്റ്റാന്റിങ് ഫെസിലിറ്റി (എം.എസ്.എഫ്) ബാങ്ക് നിരക്കുകള്‍ 6.75 ശതമാനമായും തുടരും. പണമൊഴുക്കു പിടിച്ചുവയ്ക്കുന്ന സമീപനം തുടരും. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണിത്. ഉപഭോക്തൃവിലസൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം നാലു ശതമാനമാക്കുക എന്നതാണു ലക്ഷ്യം. പണപ്പെരുപ്പം ശരിയായി കൈകാര്യം ചെയ്യുന്നുണ്ടെന്നാണു സമിതിയുടെ വിലയിരുത്തല്‍.

ദേശീയ സ്ഥിതിവിവരശാസ്ത്രകാര്യാലയത്തിന്റെ 2024 മെയ് 31 ലെ കണക്കുപ്രകാരം യഥാര്‍ഥ മൊത്ത ആഭ്യന്തരോല്‍പ്പാദനവളര്‍ച്ച 2023-24ന്റെ നാലാംത്രൈമാസപാദത്തില്‍ 7.8 ശതമാനമാണ്. അതിനുമുമ്പത്തെ പാദത്തില്‍ 8.6 ശതമാനമായിരുന്നു. 2023-24ലെ യഥാര്‍ഥ ജി.ഡി.പി. വളര്‍ച്ച 8.2 ശതമാനമാണെന്നാണു കണക്കാക്കിയിട്ടുള്ളത്. വിതരണരംഗത്ത് യഥാര്‍ഥ മൊത്ത മൂല്യവര്‍ധന (റിയല്‍ ഗ്രോസ് വാല്യു ആഡഡ് – ജി.വി.എ) 2023-24ന്റെ നാലാംപാദത്തില്‍ 6.3 ശതമാനമായി ഉയര്‍ന്നു. 2023-24 ല്‍ മൊത്തം ജി.വി.എ ഉയര്‍ന്നത് 7.2 ശതമാനമായിരുന്നു.

2024-25നെ സംബന്ധിച്ചിടത്തോളം ആഭ്യന്തരവിപണിയിലെ പ്രവര്‍ത്തനങ്ങള്‍ മികച്ച സൂചനകളാണു നല്‍കുന്നത്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം സാധാരണയിലും കൂടുതലായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഇതു കാര്‍ഷികമേഖലയ്ക്കു ഗുണമാണ്. ഗ്രാമീണ ആവശ്യകത വര്‍ധിക്കാനും നല്ലതാണ്. നിര്‍മാണ-സേവനമേഖലകളിലും സുസ്ഥിരമായ നേട്ടമുണ്ടായാല്‍ ഉപഭോഗവും നിക്ഷേപവും വര്‍ധിക്കുമെന്നു പണനയസമിതി വിലയിരുത്തി.

ഈയിടെ നടന്ന ലോക്‌സഭാതിരഞ്ഞെടുപ്പുഫലങ്ങളുടെയും രാഷ്ട്രീയരംഗങ്ങളില്‍ കുറെയാക്കെ മാറ്റങ്ങളുണ്ടായതിന്റെയും പശ്ചാത്തലത്തില്‍ ജൂലായില്‍ പൂര്‍ണബജറ്റ് അവതരിപ്പിക്കുംവരെ റിപ്പോ നിരക്കില്‍ കുറവൊന്നും വരുത്താതെ തുടരാനാണു സാധ്യതയെന്നു നേരത്തേത്തന്നെ പല സാമ്പത്തികവിദഗ്ധരും കണക്കുകൂട്ടിയിരുന്നു. പൂര്‍ണബജറ്റ് വരുന്നതോടെയാവും കേന്ദ്രസര്‍ക്കാരിന്റെ ഭാവിസാമ്പത്തികസമീപനം കൂടുതല്‍ വ്യക്തമാവുക. അതേസമയം, ആഗസ്റ്റിലെ പണനയസമിതിയോഗമാവുമ്പോഴേക്കും സമിതിയംഗങ്ങളുടെ എണ്ണം കൂട്ടാനും നിരക്കു കുറയ്ക്കാനും സാധ്യതയുണ്ടെന്നു പിരമള്‍ ഗ്രൂപ്പിന്റെ മുഖ്യസാമ്പത്തികവിദഗ്ധന്‍ ദേബോപം ചൗധരി അഭിപ്രായപ്പെട്ടു. കാനഡയും സ്വിറ്റ്‌സര്‍ലണ്ടും സ്വീഡനും യൂറോപ്യന്‍ സെന്‍ട്രല്‍ബാങ്കും നിരക്കു കുറച്ചുകഴിഞ്ഞു. ബാങ്ക് ഓഫ് ഇംഗ്ലണ്ടും യു.എസ.് ഫെഡറല്‍ റിസര്‍വും നിരക്കു കുറയ്ക്കാനൊരുങ്ങുകയാണെന്നും പറയപ്പെടുന്നു.

Click here for more details ; MVR-Scheme