തിരുവനന്തപുരം ഐ.സി.എമ്മിന് എന്‍.സി.സി.ടി.യുടെ അഭിനന്ദനം

moonamvazhi

തിരുവനന്തപുരത്തെ സഹകരണ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിനു (ഐ.സി.എം) ദേശീയ സഹകരണപരിശീലന കൗണ്‍സിലിന്റെ (എന്‍.സി.സി.ടി) അഭിനന്ദനം. 2023-24ല്‍ ലക്ഷ്യമിട്ടതിലുമേറെ പരിശീലനങ്ങള്‍ സംഘടിപ്പിച്ചതിനാണിത്.

9250 പരിശീലനാര്‍ഥികളെ പങ്കെടുപ്പിച്ചു 150 പരിശീലനപരിപാടികള്‍ നടത്താനാണു ലക്ഷ്യമിട്ടത്. എന്നാല്‍, 216 പരിശീലനങ്ങള്‍ സംഘടിപ്പിക്കാനായി. ഇവയിലാകെ 15,597 പേര്‍ പങ്കെടുത്തു. ഇതു സഹകരണമേഖലയില്‍ കൂടുതല്‍ വൈദഗ്ധ്യവും കഴിവുമുള്ള ജീവനക്കാരെ സൃഷ്ടിക്കുന്നതില്‍ വലിയ സംഭാവനയാണെന്ന് എന്‍.സി.സി.ടി. വിലയിരുത്തി. ഐ.സി.എമ്മിലെ എല്ലാവരുടെയും സമര്‍പ്പിതപ്രവര്‍ത്തനവും വിശിഷ്യാ ഡയറക്ടറുടെ അസാധാരണനേതൃപാടവവുംകൊണ്ടാണ് ഈ ശ്രദ്ധേയനേട്ടം കൈവരിക്കാനായതെന്നു എന്‍.സി.സി.ടി. സെക്രട്ടറി മോഹന്‍കുമാര്‍ മിശ്ര ഐ.സി.എം. ഡയറക്ടര്‍ എം.വി. ശശികുമാറിനയച്ച കത്തില്‍ പറഞ്ഞു.

ഫലപ്രദമായ പരിശീലനതന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാനും പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സംഘാംഗങ്ങളെ പ്രചോദിപ്പിക്കാനും അവര്‍ക്കു മാര്‍ഗനിര്‍ദേശം നല്‍കാനും ഡയറക്ടര്‍ക്കു കഴിഞ്ഞു. മികവിനോടുള്ള പ്രതിബദ്ധതയുടെയും ആളുകള്‍ക്കു മതിയായ അറിവും പരിശീലനവും നല്‍കി അവരെ സുസജ്ജരാക്കുന്നതിലുള്ള അചഞ്ചലമായ ശ്രദ്ധയുടെയും തെളിവാണ് തിരുവനന്തപുരം ഐ.സി.എമ്മിന്റെ വിജയകഥ. തിരുവനന്തപുരം ഐ.സി.എം. ശശികുമാറിന്റെ കീഴില്‍ തുടര്‍ന്നും പരിശീലന-ഗവേഷണപ്രവര്‍ത്തനങ്ങളില്‍ പുതിയ ഔന്നത്യങ്ങള്‍ കൈവരിക്കുമെന്ന പ്രതീക്ഷയും കത്തില്‍ പ്രകടിപ്പിച്ചു.