കണയന്നൂര്‍ താലൂക്ക് ബാങ്കിന്റെ നവീകരിച്ച മന്ദിരം ഉദ്ഘാടനം 30ന്

moonamvazhi

സുവര്‍ണജൂബിലി ആഘോഷിക്കുന്ന കണയന്നൂര്‍ താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമവികസന (കാര്‍ഡ്) ബാങ്കിന്റെ പാലാരിവട്ടത്തെ നവീകരിച്ച ആസ്ഥാനമന്ദിരം ജൂണ്‍ 30ന് ഉദ്ഘാടനം ചെയ്യും. രാവിലെ 11 നു ജി.സി.ഡി.എ. മുന്‍ചെയര്‍മാന്‍ സി.എന്‍.മോഹനന്‍ സമ്മേളനത്തിന്റെയും സംസ്ഥാനസഹകരണകാര്‍ഷികഗ്രാമവികസനബാങ്ക് ജനറല്‍ മാനേജര്‍ അപര്‍ണാപ്രതാപ് നവീകരിച്ച മന്ദിരത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കും. മേയര്‍ എം. അനില്‍കുമാര്‍ ജൂബിലിസ്മരണിക പ്രകാശിപ്പിക്കും. ബാങ്ക് പ്രസിഡന്റ് എം.പി. ഉദയന്‍ അധ്യക്ഷനായിരിക്കും.

1974ല്‍ ആരംഭിച്ച ബാങ്കിന് 78.5 ലക്ഷം രൂപ ലാഭമുണ്ടെന്നു പ്രസിഡന്റ് എം.പി. ഉദയന്‍, വൈസ്പ്രസിഡന്റ് എന്‍.എന്‍. സോമരാജന്‍, ഭരണസമിതിയംഗങ്ങളായ ഇ.യു. ജോണ്‍കുട്ടി, ബീനാമുകുന്ദന്‍, പി.സെഡ്. സുള്‍ഫി, കെ. സജീവ്, സെക്രട്ടറി സന്ധ്യ ആര്‍. മേനോന്‍, അസിസ്റ്റന്റ് സെക്രട്ടറി പി.എസ്. സിജു എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 24,000 എ ക്ലാസ് അംഗങ്ങളും 14,000 ബി ക്ലാസ് അംഗങ്ങളുമുണ്ട്. 5.5 കോടിരൂപയുടെ ഓഹരിമൂലധനവും 139 കോടിരൂപയുടെ വായ്പയും 18 കോടി രൂപയുടെ നിക്ഷേപവുമുണ്ട്. 2004 മുതല്‍ ലാഭത്തിലാണ്. മൂന്നു വര്‍ഷം തുടര്‍ച്ചയായി മികച്ച കാര്‍ഷികഗ്രാമവികസനബാങ്കിനുള്ള പുരസ്‌കാരം നേടി. ഭൂമിഈടില്‍ കാര്‍ഷിക-കാര്‍ഷികേതര ആവശ്യങ്ങള്‍ക്കു വിവിധ വായ്പകള്‍ നല്‍കിവരുന്നതായും പത്ര സമ്മേളനത്തിൽ അറിയിച്ചു.