കണ്ടലബാങ്കിനുള്ള  പുനരുദ്ധാരണ പാക്കേജ് തീരുമാനിച്ചത് മന്ത്രിയുടെ സാനിധ്യത്തിൽ ചേർന്ന യോഗത്തിൽ 

moonamvazhi
  • കേരളബാങ്കടക്കം വിവിധ സ്രോതസ്സുകളില്‍നിന്നു പണം ലഭ്യമാക്കും
  • റിക്കവറി വേഗത്തിലാക്കാന്‍ നിയമനടപടി

തിരുവനന്തപുരം കണ്ടല സര്‍വീസ് സഹകരണബാങ്കിന്റെ പുനരുദ്ധാരണം വേഗത്തിലാക്കാന്‍ പ്രത്യേക പാക്കേജ് രൂപവത്കരിക്കാന്‍ സഹകരണമന്ത്രി വി.എന്‍.വാസവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിനു നിക്ഷേപ ഗ്യാരന്റിബോര്‍ഡ്, സഹകരണ പുനരുദ്ധാരണനിധി, കേരളബാങ്ക് എന്നിവിടങ്ങളില്‍നിന്നു പണം ലഭ്യമാക്കും. മറ്റു സംഘങ്ങളില്‍നിന്നു പണം സമാഹരിക്കാന്‍ തിരുവനന്തപുരം ജില്ലയിലെ സംഘങ്ങളുടെ യോഗം വിളിക്കും.

കടാശ്വാസപദ്ധതിപ്രകാരം ബാങ്കിനു കിട്ടാനുള്ള പണം വേഗം കിട്ടാന്‍ നടപടിയെടുക്കും. നിക്ഷേപകരുടെ യോഗം വിളിച്ചു പുനരുദ്ധാരണപദ്ധതി ബോധ്യപ്പെടുത്താനും പണം തിരിച്ചുകിട്ടാന്‍ പാക്കേജ് ഒരുക്കാനും സഹകരണവകുപ്പുദ്യോഗസ്ഥരും ജനപ്രതിനിധികളുമടങ്ങിയ കമ്മറ്റിയെ ചുമതലപ്പെടുത്തി. ബാങ്കിന്റെ പ്രവര്‍ത്തനം കമ്മറ്റി നിരീക്ഷിക്കും. മാസത്തിലൊരിക്കല്‍ പുരോഗതി വിലയിരുത്തും. റിക്കവറി വേഗത്തിലാക്കാന്‍ നിയമനടപടിയെടുക്കും. വിവിധ നടപടികള്‍ക്കു കൂടുതല്‍ ഉദ്യോഗസ്ഥരെ ലഭ്യമാക്കാന്‍ സഹകരണവകുപ്പിനോടു മന്ത്രി നിര്‍ദേശിച്ചു. ക്രമക്കേടു കാട്ടിയവരെ ശിക്ഷിക്കും. നിക്ഷേപകര്‍ക്ക് ഒരു രൂപപോലും നഷ്ടപ്പെടില്ല- മന്ത്രി പറഞ്ഞു.

എം.എല്‍.എ.മാരായ വി. ജോയി, ഐ.ബി. സതീഷ്, സഹകരണവകുപ്പുസെക്രട്ടറി രത്തന്‍ ഖേല്‍ക്കര്‍, സഹകരണസംഘം രജിസ്ട്രാര്‍ ടി.വി. സുഭാഷ്, തിരുവനന്തപുരം സഹകരണ ജോയിന്റ് രജിസ്ട്രാര്‍ അയ്യപ്പന്‍നായര്‍, അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.