സ്വര്‍ണപ്പണയ വായ്പാനയം പുനരവലോകനം ചെയ്യണം

moonamvazhi
  • പഴുതുകള്‍ കണ്ടെത്തി പരിഹരിച്ചില്ലെങ്കില്‍ നടപടി
  • ഒരേയാള്‍ക്കുതന്നെ പലതവണ വന്‍വായ്പ നല്‍കുന്നു
  • സ്വര്‍ണം ലേലം ചെയ്യുമ്പോള്‍ വായ്പക്കാരനു കിട്ടുന്നത് തുച്ഛവില

സഹകരണബാങ്കുകളും വാണിജ്യബാങ്കുകളും ബാങ്കിതരധനകാര്യസ്ഥാപനങ്ങളും സ്വര്‍ണവായ്പാനയങ്ങളും നടപടിക്രമങ്ങളും പുനരവലോകനം ചെയ്യണമെന്നു റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. വലിയ അപാകങ്ങള്‍ കണ്ടതിനാലാണിത്. യഥാസമയം പഴുതുകള്‍ കണ്ടെത്തി പരിഹരിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് ആര്‍.ബി.ഐ. മുന്നറിയിപ്പു നല്‍കി.

സ്വര്‍ണപ്പണയത്തില്‍ ഒരേയാള്‍ക്കുതന്നെ പലതവണ വന്‍വായ്പകള്‍ നല്‍കിയ സംഭവങ്ങള്‍ ആര്‍.ബി.ഐ.യുടെ സമഗ്രപരിശോധനയില്‍ കണ്ടു. പലേടത്തും സ്വര്‍ണത്തിന്റെ വില കണക്കാക്കുന്നതു വായ്പക്കാരുടെ സാന്നിധ്യത്തിലല്ല. വായ്പ തിരിച്ചടയ്ക്കാനാവാതെ സ്വര്‍ണം ലേലം ചെയ്യുമ്പോള്‍ അടയ്ക്കാനുള്ള തുക കഴിച്ചു വായ്പക്കാര്‍ക്കു കിട്ടുന്നത് ഈടുവച്ച സ്വര്‍ണത്തിന്റെ യഥാര്‍ഥവിലയെക്കാള്‍ തീരെ കുറഞ്ഞ തുകയാണ്. അപേക്ഷിച്ച കാര്യത്തിനാണോ വായ്പ ഉപയോഗിക്കുന്നതെന്ന പരിശോധനയും കുറവാണ്. സ്വര്‍ണം ഈടു വച്ചെടുത്ത കാര്‍ഷികവായ്പ മറ്റാവശ്യങ്ങള്‍ക്കു ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. പുതിയ വായ്പയെടുത്തു പഴയ വായ്പ തീര്‍ത്തു വായ്പക്കാലാവധി നീട്ടിയെടുക്കുന്ന പ്രവണതയുമുണ്ട്. പലപ്പോഴും സ്വര്‍ണം ബാങ്കില്‍ കൊണ്ടുവരുന്നതു സുരക്ഷിതമാര്‍ഗത്തിലല്ല. ആദായനികുതിനിയമത്തിനു വിരുദ്ധമായി വലിയ വായ്പത്തുകകള്‍ പണമായി നല്‍കിയിട്ടുണ്ട്.

സുതാര്യമല്ലാത്തതും നീതിക്കു നിരക്കാത്തതുമായ ഇത്തരം കാര്യങ്ങളുടെ പശ്ചാത്തലത്തിലാണു റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. സ്വര്‍ണവായ്പയിലെ റിസ്‌കുകള്‍ കുറയ്ക്കാന്‍ സ്ഥാപനങ്ങള്‍ പുറമെയുള്ളവരുടെ സേവനം ഉപയോഗിക്കുന്നതു വര്‍ധിച്ചുവരികയാണ്. ഇൗ സാഹചര്യത്തില്‍ മതിയായ നിയന്ത്രണങ്ങള്‍ പ്രധാനമാണെന്നു റിസര്‍വ് ബാങ്ക് വ്യക്തമാക്കി.