കാര്‍ഷികആസ്തിനിര്‍മാണ പദ്ധതികളെ എ.ഐ.എഫ്.പരിധിയില്‍ കൊണ്ടുവരും; വായ്പകള്‍ക്കു കുറഞ്ഞ പലിശ

moonamvazhi

കേന്ദ്രസർക്കാരിന്റെ കാര്‍ഷികവികസന ധനസഹായപദ്ധതിയായ കാര്‍ഷികാടിസ്ഥാനസൗകര്യ വികസനനിധി (അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് – എ.ഐ.എഫ്) യില്‍നിന്നു കൂടുതല്‍ പ്രോജക്ടുകള്‍ക്കു വായ്പ ലഭിക്കുംവിധം നിധിയുടെ പരിധി വിപുലമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രക്യാബിനറ്റ് തീരുമാനിച്ചു. ഇതനുസരിച്ചുള്ള കേന്ദ്രമേഖലാസ്‌കീമിലാണു കൂടുതല്‍ പ്രോജക്ടുകള്‍ ഉള്‍പ്പെടുത്തുക. കൂട്ടായുള്ള കാര്‍ഷികആസ്തിനിര്‍മാണപദ്ധതികള്‍, സംയോജിത കാര്‍ഷികസംസ്‌കരണപദ്ധതികള്‍, പി.എം-കുസുംപദ്ധതിയുടെ എ-ഘടകത്തില്‍ വരുന്ന പദ്ധതികള്‍ എന്നിവയ്ക്കു പുതുതായി എ.ഐ.എഫ്.പദ്ധതിയിലെ കുറഞ്ഞപലിശക്കു വായ്പ കിട്ടും. കൂടാതെ, കര്‍ഷകഉത്പാദകസ്ഥാപനങ്ങള്‍ക്ക് (എഫ്.പി.ഒ) നബാര്‍ഡിന്റെ നാബ്‌സംരക്ഷണ്‍ കമ്പനി വഴി എ.ഐ.എഫ്.വായ്പാഗ്യാരണ്ടി സംരക്ഷണം ലഭിക്കും.

കൂട്ടായി കാര്‍ഷിക, കാര്‍ഷികാനുബന്ധ സംവിധാനങ്ങള്‍ വികസിപ്പിക്കാനുള്ള ഫലപ്രദമായ പദ്ധതികള്‍ക്ക് കൂട്ടായുള്ള കാര്‍ഷികആസ്തിനിര്‍മാണപദ്ധതികളെ എ.ഐ.എഫ്. പരിധിയില്‍ കൊണ്ടുവരുന്നതോടെ പ്രയോജനം ലഭിക്കും എന്നാണു പ്രതീക്ഷ. സംയോജിത കാര്‍ഷികസംസ്‌കരണപദ്ധതികളുടെ കാര്യത്തില്‍ പ്രാഥമികതലത്തിലും ദ്വിതീയതലത്തിലുമുള്ള ഇത്തരം പ്രൊജക്ടുകള്‍ക്കാണ് എ.ഐ.എഫ്.വായ്പാസഹായം ലഭിക്കുക. പക്ഷേ, ഇതു സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ദ്വിതീയതലപദ്ധതികള്‍ക്കു കിട്ടില്ല. അവയ്ക്ക് ഭക്ഷ്യസംസ്‌കരണ വ്യവസായമന്ത്രാലയത്തിന്റെ സ്‌കീമുകള്‍ പ്രകാരമുള്ള ആനുകൂല്യം കിട്ടുമെന്നതിനാലാണിത്.

പി.എം. കുസും (പ്രധാന്‍മന്ത്രി കിസാന്‍ ഊര്‍ജസംരക്ഷണ്‍ഏവം ഉത്ഥാന്‍ മഹാഭിയാന്‍) പദ്ധതിയുടെ എ-ഘടകത്തെ എ.ഐ.എഫ്.പദ്ധതിയില്‍ ഉള്‍പ്പെടുത്തുകവഴി വ്യക്തിഗതകര്‍ഷകര്‍ക്കും കര്‍ഷകഗ്രൂപ്പുകള്‍ക്കും കര്‍ഷകഉത്പാദകസ്ഥാപനങ്ങള്‍ക്കും സഹകരണസ്ഥാപനങ്ങള്‍ക്കും പഞ്ചായത്തുകള്‍ക്കും പ്രയോജനമുണ്ടാകും. കാര്‍ഷികാടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തോടൊപ്പം സുസ്ഥിരവും സംശുദ്ധവുമായ ഊര്‍ജസംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുകകൂടി ലക്ഷ്യമിട്ടാണിത്. വൈദ്യുതിഗ്രിഡ്ഡുമായി ബന്ധിപ്പിച്ചുകൊണ്ടു പ്രതലത്തില്‍ സ്ഥാപിക്കുന്ന രണ്ടു മെഗാവാട്ട് വരെ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന സൗരോര്‍ജ്പ്ലാന്റുകളാണ് പി.എം. കുസുമിന്റെ എ-ഘടകം.

നബാര്‍ഡിന്റെ പൂര്‍ണഉടമസ്ഥതയിലുള്ള ഉപകമ്പനിയാണ് നാബ്‌സംരക്ഷണ്‍ ട്രസ്റ്റി കമ്പനി ലിമിറ്റഡ്. കൃഷി-ഗ്രാമവികസനപ്രവര്‍ത്തനങ്ങള്‍ക്കു വായ്പാഗ്യാരണ്ടി നല്‍കുന്ന സ്ഥാപനമാണിത്. വിവിധ വായ്പാഗ്യാരണ്ടിഫണ്ടുകളുടെ ട്രസ്റ്റിയായി ഇതു പ്രവര്‍ത്തിക്കുന്നു. ഈ കമ്പനിവഴി കര്‍ഷകഉത്പാദകസ്ഥാപനങ്ങള്‍ക്ക് എ.ഐ.എഫ്. വായ്പാഗ്യാരണ്ടി സംരക്ഷണം ലഭ്യമാക്കാനാണു തീരുമാനം. എഫ്.പി.ഒ.കളുടെ സാമ്പത്തികസുരക്ഷിതത്വവും വായ്പലഭ്യതാശേഷിയും വര്‍ധിപ്പിക്കാന്‍ ഈ വായ്പാഗ്യാരണ്ടി ഓപ്ഷന്‍ ഉപയോഗിക്കുകവഴി കഴിയും എന്നാണു പ്രതീക്ഷ. അതുവഴി കാര്‍ഷികഅടിസ്ഥാനസൗകര്യപദ്ധതികളില്‍ കൂടുതല്‍ നിക്ഷേപം വരുമെന്നും പ്രതീക്ഷിക്കുന്നു.

2020ലാണ് എ.ഐ.എഫ്. തുടങ്ങിയത്. 6623 സംഭരണശാലകളും 668 ശീതീകൃതശാലകളും 21 സൈലോസ് പ്രോജക്ടുകളും ഈ വായ്പാസഹായത്തോടെ സ്ഥാപിതമായി. ഇതുമൂലം 500 ലക്ഷം മെട്രിക്ടണ്‍ കാര്‍ഷികോത്പന്നങ്ങള്‍ കൂടുതലായി സംഭരിച്ചു സംരക്ഷിക്കാന്‍ കഴിഞ്ഞു. പ്രതിവര്‍ഷം 18.6 ലക്ഷം മെട്രിക്ടണ്‍ ഭക്ഷ്യധാന്യങ്ങളും 3.44 ലക്ഷം മെട്രിക്ടണ്‍ പച്ചക്കറികളും ഇങ്ങനെ കേടുവരാതെ കാക്കാന്‍ കഴിയുന്നു. 74575 പദ്ധതികള്‍ക്കായി 47,575 കോടി രൂപ ഇതുവരെ എ.ഐ.എഫില്‍നിന്ന് അനുവദിച്ചിട്ടുണ്ട്. ഇതുമൂലം 78,596 കോടിരൂപയുടെ നിക്ഷേപം കാര്‍ഷികമേഖലയില്‍ സമാഹരിക്കാനായി. ഇതില്‍ 78,433കോടിയും സ്വകാര്യസംരംഭങ്ങളുടെതാണ്. എ.ഐ.എഫ്.വായ്പാസഹായം ലഭിച്ച പദ്ധതികള്‍വഴി കാര്‍ഷികമേഖലയില്‍ 8.19ലക്ഷം ഗ്രാമീണതൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിഞ്ഞു.