ജില്ലാസഹകരണബാങ്കുകള്‍ ഇല്ലാത്തിടങ്ങളില്‍ പുതിയവ രൂപവത്കരിക്കാന്‍ നബാര്‍ഡ് കര്‍മപദ്ധതി തയ്യാറാക്കി
- ഇന്റര്‍നെറ്റ് ബാങ്കിങ്ങിനുള്ള വ്യവസ്ഥകള്‍ അതികര്‍ശനമെന്നു പരാതി
- സംസ്ഥാനസഹകരണബാങ്കുകളുടെ ഡിജിറ്റല്‍വത്കരണത്തിനായി നബാര്‍ഡ്പ്രത്യേക നിധിയുണ്ടാക്കണമെന്ന് ആവിശ്യം
ഗ്രാമീണ സഹകരണബാങ്കുകള്‍ക്കായി നബാര്‍ഡ് തയ്യാറാക്കിയ സഹകരണഭരണസൂചിക (കോ-ഓപ്പറേറ്റീവ് ഗവേണന്‍സ് ഇന്‍ഡക്‌സ് സി.ജി.ഐ) അടുത്തമാസം നടപ്പില്‍ വരും. ഏതാനും സംസ്ഥാനസഹകരണബാങ്കുകളിലും ജില്ലാസഹകരണബാങ്കുകളിലുമടക്കം 69 ബാങ്കിലാണ് ആദ്യഘട്ടമായി സെപ്റ്റംബറില്‍ ഇതു നടപ്പാക്കുക. സംസ്ഥാനസഹകരണബാങ്കുകളുടെ അപെക്‌സ് സ്ഥാപനമായ നാഫ്‌സ്‌കോബുമായും ഗ്രാമീണ സഹകരണബാങ്കുകളുമായും ഹ്രസ്വകാലസഹകരണവായ്പാഘടനയുമായി (എസ്.ടി.സി.സി.എസ്) ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നബാര്‍ഡ് നടത്തിയ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പ്രവര്‍ത്തനം വിലയിരുത്തിയുള്ള റാങ്കിങ്ങാണ് സി.ജി.ഐ. നബാര്‍ഡ് നിശ്ചയിച്ച ഫലക്ഷമതാലക്ഷ്യങ്ങള്‍ കൈവരിച്ചോ എന്നിതില്‍ പരിശോധിക്കും. ഇന്റര്‍നെറ്റ് ബാങ്കിങ്ങിനുള്ള വ്യവസ്ഥകള്‍ അതികര്‍ശനമാണെന്നു യോഗത്തില്‍ പങ്കെടുത്തവര്‍ പരാതിപ്പെട്ടു. ഈ വ്യവസ്ഥകള്‍ ഇളവു ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സംസ്ഥാനസഹകരണബാങ്കുകളുടെ ഡിജിറ്റല്‍വത്കരണത്തിനു മാത്രമായി നബാര്‍ഡ് പ്രത്യേക നിധി രൂപവത്കരിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. സാങ്കേതികവിദ്യ നടപ്പാക്കല്‍ സുഗമമാക്കാനുള്ള നിധി (ടെക്‌നോളജി ഫെസിലിറ്റേഷന്‍ ഫണ്ട് ടി.എഫ്.എഫ്) രൂപവത്കരിക്കുന്ന കാര്യവും ഇതിനായി സാങ്കേതികവിദ്യാരംഗത്തെ സ്റ്റാര്‍ട്ടപ്പുകളെ ഉപയോഗപ്പെടുത്തുന്ന കാര്യവും പരിഗണനയിലാണെന്നു നബാര്‍ഡ് അധികൃതര്‍ അറിയിച്ചു. സേവനങ്ങള്‍ പങ്കിട്ട് ഉപയോഗിക്കാവുന്ന സംവിധാനം (എസ്.എസ്.ഇ – ഷെയേര്‍ഡ് സര്‍വീസസ് എന്റിറ്റി) ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. ഇതിനായി അധികൃതരുടെ അനുമതി തേടിയിരിക്കുകയാണ്.
രാജ്യത്തെല്ലായിടത്തും ഒരുപോലെ സംസ്ഥാനസഹകരണബാങ്കുകള്‍ക്കും ജില്ലാസഹകരണബാങ്കുകള്‍ക്കും ഷെഡ്യൂള്‍ഡ് പദവി നല്‍കണമെന്ന നിര്‍ദേശം റിസര്‍വ് ബാങ്കിനുമുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. ബാങ്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവശ്യമായ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ജില്ലാസഹകരണബാങ്കുകളുടെ ഗ്രാമീണഭവനവായ്പാ പരിധിയില്‍ അയവു വരുത്തുന്നകാര്യം റിസര്‍വ് ബാങ്ക് പരിഗണിച്ചുവരികയാണ്. ഈ വായ്പ ആസ്തിയുടെ അഞ്ചു ശതമാനത്തില്‍ കവിയരുത് എന്നാണു വ്യവസ്ഥ. പരിധി ഉയര്‍ത്തിയാല്‍ കൂടുതല്‍ ഭവനവായ്പ നല്‍കാന്‍ സംസ്ഥാനസഹകരണബാങ്കുകള്‍ക്കും ജില്ലാസഹകരണബാങ്കുകള്‍ക്കും കഴിയും. ഹ്രസ്വകാല പുനര്‍വായ്പയുടെ പലിശനിരക്കു യുക്തിസഹമാക്കണമെന്നു പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ 4.5 ശതമാനം പലിശയ്ക്കാണു ബാങ്കുകള്‍ക്ക് ഇതു ലഭ്യമാകുന്നത്. ജില്ലാസഹകരണബാങ്കുകള്‍ ഇല്ലാത്തിടങ്ങളില്‍ പുതിയവ രൂപവത്കരിക്കാന്‍ നബാര്‍ഡ് കര്‍മപദ്ധതി തയ്യാറാക്കിയിട്ടൂണ്ടെന്നു യോഗത്തില്‍ അറിയിച്ചു.
മുംബൈയില്‍ നബാര്‍ഡ് ആസ്ഥാനത്തു നടന്ന ചര്‍ച്ചയില്‍ നബാര്‍ഡ് ചെയര്‍മാന്‍ കെ.വി. ഷാജി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമീണസഹകരണബാങ്കുകളെക്കുറിച്ചുള്ള അവലോകനം നബാര്‍ഡ് ജനറല്‍ മാനേജര്‍ ഉര്‍വശി ഗാര്‍ഗ് അവതരിപ്പിച്ചു. നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ എസ്.കെ. നന്ദ, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ജി.എസ്. റാവത്ത്, നാഫ്‌സ്‌കോബ് ചെയര്‍മാന്‍ കെ. രവീന്ദര്‍ റാവു വിവിധ സംസ്ഥാനസഹകരണബാങ്കുകളുടെയും ജില്ലാസഹകരണബാങ്കുകളുടെയും ചെയര്‍മാന്‍മാര്‍, മാനേജിങ് ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.