11 വര്‍ഷത്തിനുശേഷം മധ്യപ്രദേശില്‍ സഹകരണസംഘങ്ങളിലേക്ക് തിരഞ്ഞെടുപ്പ്  

moonamvazhi

മധ്യപ്രദേശില്‍ പതിനൊന്നു വര്‍ഷത്തിനുശേഷം പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളിലേക്ക് ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കും. നാലു ഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ്. ഇതിന്റെ ആദ്യഘട്ടം ജൂണ്‍ 24 നാരംഭിക്കും. സെപ്റ്റംബര്‍ ഒമ്പതിനാണ് അവസാനഘട്ടം.

മധ്യപ്രദേശ് സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റിയാണു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സംഘങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുവേണ്ടി ഏറെക്കാലമായി സഹകാരികള്‍ ആവശ്യപ്പെട്ടുവരികയാണ്. പലരും കോടതികളില്‍ ഹര്‍ജികളും ഫയല്‍ ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് വൈകാതെ നടത്തണമെന്നു ഹൈക്കോടതി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ തീയതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രാഥമികസംഘങ്ങളിലെ തിരഞ്ഞെടുപ്പിനുശേഷം ജില്ലാ-സംസ്ഥാനതലസംഘങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടക്കും. 2013 ലാണ് ഒടുവില്‍ സഹകരണസംഘങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. 2018 ല്‍ കാലാവധി കഴിഞ്ഞപ്പോള്‍ സംഘങ്ങളെല്ലാം അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ ഭരണത്തിലായി.

കേന്ദ്ര സഹകരണമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മധ്യപ്രദേശില്‍ 4,095 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളാണുള്ളത്. കൂടാതെ, സംസ്ഥാനത്തു 11,725 വനിതാ ക്ഷേമ സഹകരണസംഘങ്ങളും 10,447 ക്ഷീരോല്‍പ്പാദക സഹകരണസംഘങ്ങളും 4,954 ഉപഭോക്തൃ സഹകരണസംഘങ്ങളും 3,757 കാര്‍ഷിക- കാര്‍ഷികാനുബന്ധ സഹകരണസംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.