സഹകരണ പെന്‍ഷന്‍ പരിഷ്‌കരണം: റിപ്പോര്‍ട്ട് കിട്ടിയാല്‍ നടപടി – മന്ത്രി വാസവന്‍

moonamvazhi

സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍പരിഷ്‌കരണകാര്യത്തില്‍ അതിനുള്ള കമ്മീഷന്റെ റിപ്പോര്‍ട്ടു കിട്ടുന്ന മുറയ്ക്കു നടപടിയെടുക്കുമെന്നു സഹകരണമന്ത്രി വി.എന്‍. വാസവന്‍ നിയമസഭയെ അറിയിച്ചു. പെന്‍ഷന്‍പദ്ധതി പുന:ക്രമീകരിക്കുന്നതും പരിഷ്‌കരിക്കുന്നതും സംബന്ധിച്ചു പഠിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ റിട്ട. ജില്ലാജഡ്ജി എം. രാജേന്ദ്രന്‍നായര്‍ അധ്യക്ഷനായി കമ്മീഷനെ നിയമിക്കുകയും മൂന്നു തവണ കാലാവധി നീട്ടിക്കൊടുക്കുകയും ചെയ്തിരുന്നു. സംസ്ഥാന സഹകരണജീവനക്കാരുടെ പെന്‍ഷന്‍ബോര്‍ഡ് ചെയര്‍മാന്‍, റിട്ട. സഹകരണഅഡീഷണല്‍ രജിസ്ട്രാര്‍ പ്രശോഭന്‍ കെ.വി, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ബാലസുബ്രഹ്‌മണ്യന്‍ എന്‍, സംസ്ഥാന സഹകരണജീവനക്കാരുടെ പെന്‍ഷന്‍ബോര്‍ഡ് സെക്രട്ടറി എന്നിവരാണു സമിതിയംഗങ്ങള്‍. പെന്‍ഷന്‍ബോര്‍ഡ് സെക്രട്ടറിയാണു കണ്‍വീനര്‍. കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ പെന്‍ഷന്‍ ബോര്‍ഡിനെയും ഹര്‍ജിക്കാരുടെയും വാദങ്ങള്‍ കേട്ടശേഷം ഹൈക്കോടതി പുറപ്പെടുവിച്ച വിധിപ്രകാരമാണു സമിതിയെ നിയോഗിച്ചത്. സമിതിയധ്യക്ഷന്‍, അംഗങ്ങളായ പ്രശോഭന്‍ കെ.വി, ബാലസുബ്രഹ്‌മണ്യന്‍ എന്‍. എന്നിവര്‍ക്ക് 50,000 രൂപവീതം ഓണറേറിയം അനുവദിച്ചിട്ടുണ്ട്. കമ്മീഷന്റെ നിര്‍ദേശപ്രകാരം പെന്‍ഷന്‍പദ്ധതിയുടെ സാമ്പത്തികസ്ഥിതി പഠിച്ചു റിപ്പോര്‍ട്ടു നല്‍കാന്‍ പ്രൈം ആക്്ചുറിയല്‍ സൊലൂഷന്‍സ് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തി. അതിന്റെ ചെലവിനത്തില്‍ 1,77,000 രൂപ അനുവദിച്ചിട്ടുണ്ട്. മറ്റുചെലവുകള്‍ കണക്കാക്കിയിട്ടില്ല.

സഹകരണപെന്‍ഷന്‍ബോര്‍ഡില്‍ പെന്‍ഷന്‍കാരുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തി ഉത്തരവായിട്ടുണ്ട്. പെന്‍ഷന്‍ബോര്‍ഡ് മുഖാന്തിരം ഇപ്പോള്‍ നടപ്പാക്കിവരുന്ന പദ്ധതികളെല്ലാം സ്വാശ്രയപദ്ധതികളാണ്. പദ്ധതിയുടെ പേരില്‍നിന്നു സ്വാശ്രയം എന്ന വാക്ക് ഒഴിവാക്കി സര്‍ക്കാര്‍ പങ്കാളിത്തം അനുവദിക്കുന്ന കാര്യം പരിഗണനയിലില്ല.

സഹകരണപെന്‍ഷന്‍പദ്ധതികള്‍പ്രകാരം അനുവദിക്കുന്ന ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ 3600 രൂപയാണ്. സൂപ്പറാനുവേഷന്‍ പെന്‍ഷന്‍, റിട്ടയറിങ് പെന്‍ഷന്‍, ഇന്‍വാലിഡ് പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്നവര്‍ക്കാണ് ഇതിനര്‍ഹത. പ്രൈമറി പെന്‍ഷന്‍പദ്ധതി പ്രകാരമുള്ള പരമാവധി പെന്‍ഷന്‍ 17,850 രൂപയും, സംസ്ഥാന/ജില്ലാസഹകരണബാങ്ക് പദ്ധതി പ്രകാരമുള്ള പരമാവധി പെന്‍ഷന്‍ 26,180 രൂപയുമാണ്. സഹകരണപെന്‍ഷന്‍പദ്ധതികള്‍ പ്രകാരം പെന്‍ഷന് അര്‍ഹതയുണ്ടെങ്കിലും, ഫണ്ട് അടവാക്കാതിരുന്നതിനാല്‍ പെന്‍ഷന്‍ ലഭിക്കാതെ പോയ, 75 വയസ്സുകഴിഞ്ഞ മുന്‍ജീവനക്കാര്‍ക്ക് സമാശ്വാസപെന്‍ഷനായി 1750 രൂപ അനുവദിച്ചുവരുന്നുണ്ട്. കയര്‍സഹകരണസംഘങ്ങളില്‍നിന്നു വിരമിച്ച ജീവനക്കാര്‍ക്കു പ്രത്യേകപദ്ധതിപ്രകാരം മാസം 3000 രൂപ അനുവദിച്ചുവരുന്നുണ്ട്.

സഹകരണപെന്‍ഷന്‍കാര്‍ക്കു പെന്‍ഷനുപുറമെ, പ്രതിമാസം 600 രൂപയും കുടുംബപെന്‍ഷന്‍കാര്‍ക്കു 300 രൂപയും മെഡിക്കല്‍ അലവന്‍സ് അനുവദിക്കുന്നുണ്ട്. 2023 ല്‍ പെന്‍ഷന്‍കാര്‍ക്കും കുടുംബപെന്‍ഷന്‍കാര്‍ക്കും 3500 രൂപ ഉത്സവബത്ത അനുവദിച്ചു. 2016 മാര്‍ച്ചുമുതല്‍ സഹകരണപെന്‍ഷന്‍കാര്‍ക്ക് അഞ്ചു ശതമാനം ക്ഷാമബത്ത അനുവദിച്ചു. 2017 ഓഗസ്റ്റില്‍ അത് ഏഴുശതമാനമായും 2018 ഒക്ടോബറില്‍ എട്ടു ശതമാനമായും 2019 സെപ്റ്റംബറില്‍ ഒമ്പതു ശതമാനമായും വര്‍ധിപ്പിച്ചു. 2021 ലെ പെന്‍ഷന്‍പരിഷ്‌കരണഉത്തരവിലൂടെ ഒമ്പതു ശതമാനം ഡി.എ. അടിസ്ഥാനപെന്‍ഷനില്‍ ലയിപ്പിച്ചു. അടിസ്ഥാനപെന്‍ഷന്‍ 10 ശതമാനം വര്‍ധിപ്പിക്കുകയും ചെയ്തു. അതിനുശേഷം ഡി.എ. അനുവദിച്ചിട്ടില്ല. ക്ഷാമബത്ത അനുവദിക്കണമെന്നും മെഡിക്കല്‍ ഇന്‍ഷുറന്‍സ് നടപ്പാക്കണമെന്നുമുള്ള ആവശ്യങ്ങള്‍ പെന്‍ഷന്‍കാരുടെ സംഘടനകള്‍ പെന്‍ഷന്‍പരിഷ്‌കരണകമ്മീഷനു സമര്‍പ്പിച്ചിട്ടുണ്ട്.

രമേശ് ചെന്നിത്തല, എം.എം. മണി, മോന്‍സ് ജോസഫ് എന്നിവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടികളായാണ് മന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.