കാലിക്കറ്റ് സിറ്റി ബാങ്കിന്റെ ഡോ.വര്‍ഗീസ് കുര്യന്‍ അവാര്‍ഡിന് അപേക്ഷിക്കാം

moonamvazhi

കേരളത്തിലെ മുന്‍നിര സഹകരണബാങ്കായ കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണബാങ്ക് മലബാര്‍മേഖലയിലെ ഏറ്റവും മികച്ച ക്ഷീരോല്‍പ്പാദക സഹകരണസംഘത്തിനു നല്‍കുന്ന ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയുടെ പാല്‍ക്കാരന്‍ എന്നു പ്രശസ്തനായ കോഴിക്കോട്ടുകാരന്‍ ഡോ. വര്‍ഗീസ് കുര്യന്റെ സ്മരണയ്ക്കായി ഒരു ലക്ഷം രൂപയുടെ പുരസ്‌കാരമാണു ബാങ്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അവാര്‍ഡിനുള്ള അപേക്ഷകള്‍ കോഴിക്കോട് ചാലപ്പുറത്തുള്ള ബാങ്കിന്റെ ആസ്ഥാനഓഫീസില്‍ ഓഗസ്റ്റ് 16 നുമുമ്പു ലഭിക്കണം. സംഘത്തിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനറിപ്പോര്‍ട്ടും ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടറുടെ ശുപാര്‍ശയും സഹിതമാണ് അപേക്ഷിക്കേണ്ടത്.

ബാങ്കില്‍ നേരിട്ട് അപേക്ഷിച്ചാല്‍ അപേക്ഷാഫോം ലഭിക്കും. ബാങ്കിന്റെ വെബ്‌സൈറ്റ് (www.calicutcitybank.com) വഴിയും കിട്ടും. കാസര്‍കോഡ് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലെ ക്ഷീരകര്‍ഷകസംഘങ്ങളെയാണ് അവാര്‍ഡിനു പരിഗണിക്കുക. ഡോ. വര്‍ഗീസ് കുര്യന്റെ ചമരദിനമായ സെപ്റ്റംബര്‍ ഒമ്പതിന് അവാര്‍ഡ് സമ്മാനിക്കും. ഇന്ത്യയിലെ സഹകരണപ്രസ്ഥാനത്തിന്റെ ജീവനാഡിയായിരുന്ന ഡോ. വര്‍ഗീസ് കുര്യന്റെ പേരില്‍ തുടര്‍ച്ചയായി ഒമ്പതാം വര്‍ഷമാണ് ബാങ്ക് പുരസ്‌കാരം നല്‍കുന്നത്. അവാര്‍ഡിനോടു കഴിഞ്ഞ എട്ടു വര്‍ഷവും സജീവമായ പ്രതികരണവും പങ്കാളിത്തവുമാണ് ക്ഷീരസംഘങ്ങളില്‍നിന്നുണ്ടായിട്ടുള്ളത്.