അമുലിന്റേതിനോട് സാമ്യമുള്ള ഒരടയാളവും ഇറ്റാലിയന്‍ കമ്പനി ഉപയോഗിക്കരുതെന്നു കോടതി

moonamvazhi

ഗുജറാത്ത് ക്ഷീര സഹകരണ വിപണനഫെഡറേഷന്റെ (അമുല്‍) വ്യാപാരമുദ്രയോടു സാമ്യമുള്ള അടയാളമൊന്നും ഉപയോഗിക്കരുതെന്നും അവ വെബ്‌സൈറ്റില്‍നിന്നു നീക്കണമെന്നും ഒരു ഇറ്റാലിയന്‍കമ്പനിയോടു ഡല്‍ഹി ഹൈക്കോടതി ഇന്‍ജങ്ക്ഷന്‍ ഉത്തരവില്‍ നിര്‍ദേശിച്ചു. ടെറെ പ്രിമിറ്റീവ് എന്ന ഇറ്റാലിയന്‍ കമ്പനിക്കെതിരെ അമുല്‍ നല്‍കിയ ഹര്‍ജിയിലാണിത്.

ടെറെ പ്രിമിറ്റീവ് ‘അമുലേറ്റി’ എന്ന പേരില്‍ കുക്കികളും ചോക്കലേറ്റ്ആവൃതബിസ്‌കറ്റുകളും വില്‍ക്കുന്നുണ്ട്. അമുലേറ്റി എന്ന പേരിന്് അമുലിന്റെ ട്രേഡ്മാര്‍ക്കുമായി ഏറെ സാമ്യമുണ്ടെന്നും ആഗോളപ്രശസ്തവും ലോകത്തെ ഏറ്റുവുംവലിയ എട്ടു ഡെയറിക്കമ്പനികളിലൊന്നുമായ അമുലിന്റെ പേരിന്റെകൂടെ ഇ.ടി.ഐ. എന്നീ അക്ഷരങ്ങള്‍ചേര്‍ത്തു ചെറിയമാറ്റത്തോടെ അമുലിന്റെ ട്രേഡ്മാര്‍ക്ക് നഗ്നമായി അനുകരിക്കുകയാണു ടെറെ പ്രിമിറ്റീവെന്നും അമുല്‍ ഹര്‍ജിയില്‍ പറഞ്ഞു. അമുലിന്റേതിനോടു സാമ്യമുള്ള ഒരടയാളവും ഉപയോഗിക്കരുതെന്നും ട്രേഡ്മാര്‍ക്ക് ലംഘനമാവുന്ന ഉത്പന്നങ്ങള്‍ വെബ്‌സൈറ്റില്‍നിന്നു നീക്കണമെന്നും ജസ്റ്റിസ് മിനി പുഷ്‌കരണ ടെറെ പ്രിമിറ്റീവിനോടു നിര്‍ദേശിച്ചു. ഇത്തരം ഉത്പന്നങ്ങള്‍ക്കു പ്രചാരണം നല്‍കുന്ന ടെറെ പ്രിമിറ്റീവിന്റെ സമൂഹമാധ്യമഅക്കൗണ്ടുകള്‍ നീക്കാന്‍ മെറ്റയോടും നിര്‍ദേശിച്ചു. ആഭ്യന്തരബ്രാന്റുകളെ വിദേശക്കമ്പനികളുടെ കടന്നാക്രമണത്തില്‍നിന്നു സംരക്ഷിക്കുന്ന വിധിയാണിതെന്ന് അമുല്‍ മാനേജിങ് ഡയറക്ടര്‍ ജയന്‍മേത്ത പ്രതികരിച്ചു.