വിദേശനാണ്യശേഖരം 689.24 ശതകോടി ഡോളറായി

moonamvazhi
  •  ഇന്ത്യന്‍രൂപയുടെ ചാഞ്ചാട്ടം നിലച്ചു
  • ഇന്ത്യയുടെ പക്കല്‍ ഒരു കൊല്ലത്തെ ഇറക്കുമതിക്കു വേണ്ടത്ര വിദേശനാണ്യശേഖരം

ഇന്ത്യയുടെ വിദേശനാണ്യശേഖരം വിവിധകാര്യങ്ങളില്‍ റെക്കോഡ് ഉയരത്തിലെത്തി. റിസര്‍വ് ബാങ്കിന്റെ കണക്കുപ്രകാരം സെപ്റ്റംബര്‍ ആറിന് ഇത് 689.24 ശതകോടി ഡോളറായി. അതിനും ഒരാഴ്ചമുമ്പത്തെതിനെക്കാള്‍ 5.2 ശതകോടി ഡോളര്‍ കൂടുതലാണിത്. വിദേശകറന്‍സിആസ്തികളാണ് (എഫ്.സി.എ) ഇതില്‍ ഏറ്റവുംകൂടുതല്‍. ഇത് 604.1 ശതകോടി ഡോളറാണ്. മുന്‍ആഴ്ചത്തെക്കാള്‍ 5.1 ശതകോടി ഡോളര്‍ കൂടുതല്‍. സ്വര്‍ണശേഖരത്തിന്റെ മൂല്യം 61.988 ശതകോടി ഡോളറാണ്.

ഒരു കൊല്ലത്തെ ഇറക്കുമതിക്കുവേണ്ടത്രയും തുക ഇന്ത്യക്കു വിദേശനാണ്യശേഖരമായുണ്ട്. 2023 ല്‍ ഇന്ത്യയുടെ വിദേശനാണ്യശേഖരം 2022 ലെക്കാള്‍ 58 ശതകോടി ഡോളര്‍ വര്‍ധിച്ചിരുന്നു. പക്ഷേ, 2022 ല്‍ 2021 ലെക്കാള്‍ 71 ശതകോടി ഡോളര്‍ കുറഞ്ഞിരുന്നു. വിദേശകറന്‍സികളില്‍ ഏറ്റവുംകൂടുതല്‍ യു.എസ്. ഡോളറാണ്. യൂറോ, ജാപ്പനീസ് യെന്‍, പൗണ്ട് സ്റ്റെര്‍ളിങ് എന്നീ ക്രമത്തിലാണു മറ്റുള്ളവ.

10 കൊല്ലംമുമ്പ് ഏഷ്യയിലെ ഏറ്റവും ചാഞ്ചാട്ടമുള്ള കറന്‍സികളിലൊന്നായിരുന്നു ഇന്ത്യന്‍രൂപ. ഇന്ന് അത് ഏറ്റവും സ്ഥിരതയുള്ളവയില്‍ ഒന്നാണ്്. ഇത് ഇന്ത്യയുടെ സാമ്പത്തികശേഷി വര്‍ധിക്കുകയാണെന്നും ആര്‍.ബി.ഐ.യുടെ മാനേജ്‌മെന്റ് കാര്യക്ഷമമാണെന്നും വ്യക്തമാക്കുന്നു. രൂപ ശക്തമാവുമ്പോള്‍ ഡോളര്‍ വാങ്ങുകയും ദുര്‍ബലമാകുമ്പോള്‍ വില്‍ക്കുകയും ചെയ്യുകയാണു റിസര്‍വ് ബാങ്ക്. ഇതു രൂപയുടെ മൂല്യത്തില്‍ വലിയ ചാഞ്ചാട്ടം വരാതെ കാക്കുന്നു. ഈ സ്ഥിരത വിദേശനിക്ഷേപകരെ ആകര്‍ഷിക്കുന്നു.