വിളവു കൂട്ടുന്ന പുതിയ ജൈവവളവുമായി ക്രിബ്‌കോ വരുന്നു

moonamvazhi

പ്രമുഖ വളംനിര്‍മാണ സഹകരണസംരംഭമായ കൃഷക് ഭാരതി കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് (ക്രിബ്‌കോ) ജൈവവളങ്ങള്‍ നിര്‍മിക്കുന്നതില്‍ മുന്‍പന്തിയിലുളള ആഗോളസ്ഥാപനമായ നൊവോണെസിസുമായി ധാരണാപത്രം ഒപ്പിട്ടു. വിളവു വര്‍ധിപ്പിക്കാനും മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹകരിക്കാനാണിത്. മൈകോര്‍ഹിസല്‍ എന്ന ജൈവവളം ഇതുവഴി ഇന്ത്യയില്‍ കിട്ടും. ക്രിബ്‌കോ റിസോസൂപ്പര്‍ എന്ന പേരിലാവും വില്‍പന. നോവോണെസിസിന്റെ എല്‍.സി.ഒ. പ്രൊമോട്ടര്‍ സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിക്കുന്നത്.

സസ്യവും മണ്ണിലെ സൂക്ഷ്മജീവികളും തമ്മിലുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്ന തന്‍മാത്രയാണ് എല്‍.സി.ഒ. മണ്ണിലെ പോഷകം കൂടുതലായി വലിച്ചെടുക്കാന്‍ ഇതു സസ്യത്തെ സഹായിക്കും. മണ്ണില്‍ കാര്‍ബണിന്റെ കുറവും തെറ്റായ വളപ്രയോഗവും കാലാവസ്ഥാമാറ്റവും നേരിടാനും ഇതു നല്ലതാണ്. ഇതുപയോഗിച്ചുള്ള എന്‍ഡോമൈകോര്‍ഹിസല്‍ എന്ന ഇനം ജൈവമിശ്രമാണു ക്രിബ്‌കോ റിസോസൂപ്പറിലുള്ളത്. ഇതു മൈകോര്‍ഹിസല്‍ ജൈവവസ്തുക്കളുടെ ഉല്‍പാദനം വേഗത്തിലാക്കും. വേരിനുചുറ്റുമുള്ള മണ്ണിലെ സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം വര്‍ധിപ്പിക്കും. സസ്യം വേഗം വളരും. മണ്ണിന്റെ നിലവാരവും ഉയരും. ഇടുന്ന ഗന്ധകവളങ്ങളുടെയും വെള്ളത്തിന്റെയും മറ്റുപോഷകങ്ങളുടെയും ശേഷിയും കൂടും.

ക്രിബ്‌കോ മാനേജിങ് ഡയറക്ടര്‍ എം.ആര്‍. ശര്‍മ, നോവോണെസിസ് പ്ലാനറ്ററി ഹെല്‍ത്ത് ബയോസൊലൂഷന്‍സ് സീനിയര്‍ വൈസ്പ്രസിഡന്റ് കൃഷ്ണമോഹന്‍ പുവ്വാട തുടങ്ങിയവര്‍ ഒപ്പുവയ്ക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.