സോഫ്റ്റ് വെയര്‍ ഏകീകരണത്തിന് സര്‍ക്കാര്‍ സഹായമില്ല; ചെലവ് സഹകരണ ബാങ്കുകള്‍ വഹിക്കണം

Moonamvazhi

പ്രാഥമിക സഹകരണ ബാങ്കുകളുടെ സോഫ്റ്റ് വെയര്‍ ഏകീകരിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിക്ക് ചെലവ് കണക്കാക്കി. 206.43 കോടിരൂപയാണ് പദ്ധതിക്കുള്ള ചെലവ്. ഇത് പ്രാഥമിക സഹകരണ ബാങ്കുകള്‍ വഹിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ വിഹിതം ഉണ്ടാകില്ല. പൂര്‍ണമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ചെലവില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ഏകീകൃത സോഫ്റ്റ് വെയറിന് പകരമായാണ് സ്വന്തം സോഫ്റ്റ് വെയര്‍ കേരളം നടപ്പാക്കുന്നത്.

2020 നവംബര്‍ ആറിനാണ് പ്രാഥമിക സഹകരണ ബാങ്കുകളില്‍ ഏകീകൃത സോഫ്റ്റ് വെയര്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എല്ലാ ബാങ്കുകള്‍ക്കും ഒരേപോലെ ഉപയോഗിക്കാവുന്ന സാസ് മാതൃകയിലുള്ള സോഫ്റ്റ് വെയറാണ് നടപ്പാക്കുന്നത്. അതായത്, സോഫ്റ്റ് വെയറിലൂടെ സേവനം മാത്രമാണ് ബാങ്കുകള്‍ക്ക് ഉപയോഗിക്കാനാകുക. ടാറ്റ കണ്‍സള്‍ട്ടന്‍സിക്കാണ് ഇതിനുള്ള കരാര്‍ നല്‍കിയത്. ടി.സി.എസ്. മാത്രമാണ് ഇതിനുള്ള ടെണ്ടറില്‍ പങ്കെടുത്തത്. ഒറ്റ കമ്പനി മാത്രം പങ്കെടുത്ത ടെണ്ടറായതിനാല്‍, കേന്ദ്ര മാര്‍ഗരേഖ അനുസരിച്ച് സംസ്ഥാന മന്ത്രിസഭായോഗമാണ് ടെണ്ടര്‍ അംഗീകരിച്ച് കരാറിന് അനുമതി നല്‍കിയത്.

ഇതിന് ശേഷമാണ് പദ്ധതിക്കുള്ള ചെലവ് കണക്കാക്കുന്ന ഫിനാന്‍ഷ്യല്‍ ബിഡ് സംബന്ധിച്ചുള്ള ചര്‍ച്ച നടന്നത്. ഇതിനായി ഒരു ഫിനാന്‍സ് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. 206,43,73,164 രൂപയാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി നല്‍കിയ തുക. ഇത് കമ്മിറ്റി അംഗീകരിച്ചുവെന്നാണ് സഹകരണവകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഈ ചെലവ് മുഴുവന്‍ സഹകരണ ബാങ്കുകള്‍ വഹിക്കണമെന്ന വ്യവസ്ഥയില്‍ പദ്ധതിയുടെ സാമ്പത്തിക ബിഡിനും സര്‍ക്കാര്‍ അംഗീകാരം നല്‍കി.

സംസ്ഥാനത്തെ ഭൂരിഭാഗം പ്രാഥമിക സഹകരണ ബാങ്കുകളും കമ്പ്യൂട്ടറൈസേഷന്‍ പൂര്‍ത്തിയാക്കിയതാണ്. മികച്ച സോഫ്റ്റ് വെയറാണ് ഇതില്‍ മിക്ക ബാങ്കുകളിലുമുള്ളത്. മികച്ച ഡാറ്റ സ്റ്റോറേജ് അടക്കം ഈ ബാങ്കുകള്‍ക്കുണ്ട്. ഇത് പൂര്‍ണമായും മാറ്റിയാണ് പുതിയ സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നത്. അതില്‍ സഹകാരികള്‍ക്ക് ആശങ്കയുണ്ട്. ഡാറ്റ മാറ്റുന്നത് അടക്കമുള്ള കാര്യങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. സോഫ്റ്റ് വെയറിന്റെ പ്രത്യേകതകള്‍ എങ്ങനെയാണെന്നത് സംബന്ധിച്ച് പ്രാഥമിക സഹകരണ ബാങ്കുകളുമായി ചര്‍ച്ചയുണ്ടായിട്ടുമില്ല. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച അതേ മാതൃകയിലാണ് കേരളത്തില്‍ പുതിയ സോഫ്റ്റ് വെയര്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സ്ഥാപിക്കുന്നത്. കേരളത്തിലെ പദ്ധതിയുടെ ചെലവ് സഹകരണ ബാങ്കുകള്‍ക്കാണ് എന്നതാണ് മാറ്റം.

Moonamvazhi

Authorize Writer

Moonamvazhi has 22 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published.

Latest News
error: Content is protected !!