സഹകരണ നിക്ഷേപ ഇന്‍ഷുറന്‍സ് പരിരക്ഷ 10 ലക്ഷമാക്കണം – രമേശ് ചെന്നിത്തല

Deepthi Vipin lal

സഹകരണ മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന നിക്ഷേപ ഇന്‍ഷുറന്‍സ് പരിരക്ഷ 10 ലക്ഷം രൂപയായി ഉയര്‍ത്തണമെന്നു മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ ഇന്‍ഷുറന്‍സ് തുക സമയബന്ധിതമായി നിക്ഷേപകന് ഉറപ്പുവരുത്തുകയും ചെയ്യണം – ആദ്ദേഹം ആവശ്യപ്പെട്ടു.

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടേഴ്സ് ആന്റ് ഓഡിറ്റേഴ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല. കേരളത്തിലെ സഹകാരികളേയും നിക്ഷേപകരേയും ഭീതിയിലേക്ക് തള്ളിവിട്ടുകൊണ്ട് റിസര്‍വ് ബാങ്ക് ഇറക്കിയിട്ടുള്ള പത്രപ്പരസ്യം അപലപനീയമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുജന താല്‍പ്പര്യം ഹനിച്ചുകൊണ്ടുള്ള ആര്‍.ബി.ഐ യുടെ നിര്‍ദ്ദേശങ്ങള്‍ കേരളം ഒറ്റക്കെട്ടായി നേരിടണം. ഇക്കാര്യത്തില്‍ കേരള സഹകരണ നിയമഭേദഗതി ഉള്‍പ്പെടെയുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളണം – രമേശ് ചെന്നിത്തല നിര്‍ദേശിച്ചു.

കേരളത്തിലെ സഹകരണ മേഖലയുടെ സ്വാതന്ത്ര്യം തടസ്സപ്പെടുത്താനുള്ള നീക്കങ്ങളില്‍ നിന്ന് കേന്ദ്ര ഗവണ്‍മെന്റും ആര്‍.ബി.ഐ. യും പിന്‍മാറണമെന്ന് മുന്‍ സഹകരണ വകുപ്പ് മന്ത്രി ജി.സുധാകരന്‍ ആവശ്യപ്പെട്ടു. 21-ാം നൂറ്റാണ്ടില്‍ സഹകരണ മേഖല എങ്ങനെയായിരിക്കണമെന്നും നൂതനാശയങ്ങളും പ്രവര്‍ത്തനരീതികളും എങ്ങനെ സഹകരണ മേഖലയില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയും എന്നും കേരളത്തിലെ സഹകരണ മേഖല ചിന്തിക്കണമെന്ന് മുന്‍ പ്ലാനിംഗ് ബോര്‍ഡ് അംഗം സി.പി. ജോണ്‍ അഭിപ്രായപ്പെട്ടു. സഹകരണ ജനാധിപത്യവേദി ചെയര്‍മാന്‍ കരകുളം കൃഷ്ണപിള്ള, ആര്‍.ബി.ഐ. റിട്ട. മാനേജര്‍ ഗോപകുമാരന്‍ നായര്‍, ഹൈക്കോടതി അഭിഭാഷകന്‍ ഡോ. കെ.പി. പ്രദീപ്, മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ( തിരുവനന്തപുരം ) ബിജു പരവത്ത്, മലയാള മനോരമ ചീഫ് റിപ്പോര്‍ട്ടര്‍ മനോജ് കടമ്പാട് എന്നിവരും ഓപ്പണ്‍ ഫോറത്തില്‍ സംസാരിച്ചു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ ജയകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി എം. രാജേഷ് കുമാര്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. സംസ്ഥാന ട്രഷറര്‍ പ്രിയേഷ് സി.പി. നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!