സഹകരണ നിക്ഷേപ ഇന്‍ഷുറന്‍സ് പരിരക്ഷ അഞ്ചു ലക്ഷമാക്കും – മന്ത്രി വി.എന്‍. വാസവന്‍

Deepthi Vipin lal

സഹകരണ മേഖലയിലെ നിക്ഷേപങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന നിക്ഷേപ ഇന്‍ഷുറന്‍സ് പരിരക്ഷ രണ്ടു ലക്ഷം രൂപയില്‍ നിന്നു അഞ്ചു ലക്ഷം രൂപയാക്കാന്‍ തീരുമാനിച്ചതായി സഹകരണ മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു.

തിരുവനന്തപുരത്തു കേരള സഹകരണ ഫെഡറേഷന്റെ ആറാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണു മന്ത്രി ഇങ്ങനെ പറഞ്ഞത്. സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ഫെഡറേഷന്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ ഇന്‍ഷുറന്‍സ് പരിരക്ഷ പത്തു ലക്ഷം രൂപയാക്കണമെന്നു മന്ത്രിയോടാവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന കമ്മിറ്റിയാണു ഇന്‍ഷുറന്‍സ് പരിരക്ഷ അഞ്ചു ലക്ഷമാക്കാന്‍ തീരുാനിച്ചത് എന്നു മന്ത്രി പറഞ്ഞു. ഇതിനു റൂള്‍ ഭേദഗതി ചെയ്യേണ്ടതുണ്ട്. നിലവില്‍ ലിക്വിഡേഷനില്‍ പോകുന്ന സംഘങ്ങള്‍ക്കാണു പരിരക്ഷ കൊടുത്തിരുന്നത്. എന്നാല്‍, ഏതെങ്കിലും ക്രമക്കേടുണ്ടാകുന്ന സംഘത്തിലെ നിക്ഷേപകര്‍ക്കും ഇതു ബാധകമാവുന്ന വിധത്തിലുള്ള ഭേദഗതിയാണു വരുത്താന്‍ പോകുന്നത് – അദ്ദേഹം പറഞ്ഞു.

അധ്യക്ഷന്‍ സൂചിപ്പിച്ചപോലെ കേരളത്തിലെ സംഘങ്ങള്‍ ശ്രദ്ധേയമായ തലങ്ങളിലെത്തുമെന്നു മന്ത്രി വാസവന്‍ പറഞ്ഞു. ഇപ്പോള്‍ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയമായൊരു സംഘമുണ്ട്. ഊരാളുങ്കല്‍ സൊസൈറ്റിയാണത്. ഈ സംഘത്തിനിപ്പോള്‍ ലോകത്തെ സംഘങ്ങളില്‍ രണ്ടാം സ്ഥാനമാണ്. ഒന്നാം സ്ഥാനം സ്‌പെയിനിലെ ഒരു സംഘത്തിനാണ്. അപ്പോള്‍ നമ്മുടെ സഹകരണ മേഖല ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു. നമ്മുടെ സഹകരണ പ്രസ്ഥാനം ഒട്ടേറെ മേഖലകളില്‍ ആശ്വാസം പകരുന്ന സങ്കേതമായി പ്രവര്‍ത്തിച്ചുവരുന്നു – മന്ത്രി പറഞ്ഞു.

1875 ലെ ഡെക്കാന്‍ കലാപത്തെത്തുടര്‍ന്നു കൃഷിക്കാരെ ആശ്വസിപ്പിക്കാന്‍ 1904 ല്‍ ബ്രിട്ടീഷുകാരാണ് ആദ്യത്തെ സഹകരണ നിയമം രാജ്യത്തു കൊണ്ടുവന്നത്. 1912 ല്‍ നിയമം ഭേദഗതി ചെയ്തു. പിന്നീട് പല ഘട്ടങ്ങളിലായി നിയമ ഭേദഗതികള്‍ സഹകരണ മേഖലയിലുണ്ടായി. 1969 ലെ ബാങ്കിങ് റെഗുലേഷന്‍ ആക്ടും 2020 ലെ ബാങ്കിങ് നിയന്ത്രണ നിയമവുമെല്ലാം വരുമ്പോഴും സഹകരണ മേഖലയുടെ സ്വതന്ത്രവും ജനാധിപത്യപരവുമായ പ്രവര്‍ത്തനങ്ങളെ മുന്നോട്ടു കൊണ്ടുപോകാന്‍ എല്ലാ അര്‍ഥത്തിലും സഹായിക്കുന്ന സാഹചര്യമാണു നിലനിന്നിരുന്നത്. എന്നാല്‍, സമീപകാലത്തു കേന്ദ്ര ഗവണ്‍മെന്റ് ഈ രംഗത്തെടുത്തു വരുന്ന ചില തെറ്റായ നീക്കങ്ങള്‍ നമുക്കു വെല്ലുവിളികളുയര്‍ത്തുന്നുണ്ട്. ഈ വെല്ലുവിളികളെ നേരിടാനുള്ള കരുത്ത് ഇന്നും കേരളത്തിലെ സഹകരണ മേഖലയ്ക്കുണ്ട്. സഹകാരികള്‍ കേരളത്തില്‍ ഒറ്റക്കെട്ടാണ്. ഈ സഹകരണ ബോധം നമ്മള്‍ ഉയര്‍ത്തിപ്പിടിച്ചാല്‍ നോട്ടു നിരോധന കാലഘട്ടത്തെ നേരിട്ടതുപോലെത്തന്നെ നമുക്ക് ഏതു വെല്ലുവിൡയെയും അതിജീവിക്കാന്‍ കഴിയും. ഇതിനുള്ള വിപുലമായ ജനകീയ അടിത്തറയും ജനാധിപത്യപരമായ ഉള്ളടക്കത്തില്‍ നിന്നുകൊണ്ടുള്ള പ്രവര്‍ത്തനശൈലിയും കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനുണ്ട്. നമ്മുടെ സഹകരണ മേഖല ആര്‍ജിച്ച വിശ്വാസ്യത ആര്‍ക്കും നഷ്ടപ്പെടുത്താനാവില്ല.

സഹകരണ മേഖലയ്ക്കനുകൂലമായ സുപ്രീം കോടതിവിധി നില്‍ക്കുന്ന ഘട്ടത്തില്‍ റിസര്‍വ് ബാങ്ക് ഒരു തിട്ടൂരവുമായി വരേണ്ട കാര്യമില്ലെന്നു മന്ത്രി വാസവന്‍ അഭിപ്രായപ്പെട്ടു. ഏറ്റവുമൊടുവില്‍ വന്ന പത്രപ്പരസ്യത്തിലെ മൂന്നു കാര്യങ്ങളും കേരളത്തിലെ സഹകരണ മേഖലയ്ക്കു ബാധകമല്ല. യഥാര്‍ഥത്തില്‍ സഹകാരികളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നതാണ് ആര്‍ബി.ഐ.യുടെ പരസ്യം. ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരുപാട് നിയമജ്ഞരുമായും സഹകരണ കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകരുമായും സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകരുമായും സംസാരിച്ചു. ഇവരെല്ലാം സൂചിപ്പിച്ചത് നിലവിലുള്ള നിയമങ്ങളനുസരിച്ച് റിസര്‍വ് ബാങ്കിന്റെ ഈ പരസ്യം നമുക്കു ബാധകമല്ലായെന്നാണ്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കും കേന്ദ്ര ധനമന്ത്രിക്കും താന്‍ കത്തയച്ചിരുന്നു. കത്തു കിട്ടിയെന്നു മന്ത്രി പാര്‍ലമെന്റില്‍ പറയുകയും ചെയ്തു. ബാങ്ക്, ബാങ്കര്‍ എന്നീ വാക്കുകള്‍ ഉപയോഗിക്കരുതെന്ന പഴയ പല്ലവി അവര്‍ ആവര്‍ത്തിച്ചു എന്നേയുള്ളു. ബംഗാളില്‍ നിന്നുള്ള എം.പി.യുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണു മന്ത്രി ഇങ്ങനെ പറഞ്ഞത് – വാസവന്‍ പറഞ്ഞു.

 

ബംഗാള്‍, തമിഴ്‌നാട്, മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങളെല്ലാം കേന്ദ്ര നീക്കത്തില്‍ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സംസ്ഥാനങ്ങളുമായെല്ലാം നമ്മള്‍ ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണ്. ദേശീയതലത്തില്‍ത്തന്നെ ഇതൊരു ഗൗരവമുള്ള പ്രശ്‌നമാണ്. 97 -ാം ഭരണഘടനാ ഭേദഗതി റദ്ദാക്കുമ്പോള്‍ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയ സുപ്രധാനമായ കാര്യം അന്നു പാര്‍ലമെന്റില്‍ ഈ നിയമം പാസാക്കിയ ശേഷം ഇന്ത്യയിലെ പകുതി സംസ്ഥാനങ്ങള്‍ നിയമസഭകളില്‍ ഈ നിയമത്തെ അനുകൂലിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കിയെങ്കില്‍ മാത്രമേ അതിനു നിയമസാധുതയുണ്ടാകൂ എന്നാണ്. ഒരു സംസ്ഥാനവും പ്രമേയം പാസാക്കിയിരുന്നില്ല. നീതിപീഠത്തില്‍ നമുക്കെല്ലാം വിശ്വാസമാണ്. ആ വിശ്വാസം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ നീതിപീഠത്തിനു മുന്നില്‍ നമുക്കു യോജിച്ചു നീങ്ങണമെന്നു സഹകാരികളുടെ സംരക്ഷണ സമിതിയോഗം അഭിപ്രായപ്പെടുകയുണ്ടായി. സുപ്രീംകോടതിയില്‍ നമ്മള്‍ നിയമപരമായ പരിരക്ഷക്കുവേണ്ടിയുള്ള നീക്കങ്ങള്‍ നടത്തും. സഹകരണ ജീവനക്കാര്‍ സമരരംഗത്താണ്. കരകുളം കൃഷ്ണപിള്ള ചെയര്‍മാനും വി. ജോയി കണ്‍വീനറുമായുള്ള സഹകരണ സംരക്ഷണ സമിതി എല്ലാ ജില്ലകളിലും കണ്‍വെന്‍ഷന്‍ നടത്തിയിട്ടുണ്ട്. എല്ലാ സ്ഥലത്തുമുള്ള സഹകാരികളും ഉണര്‍ന്നു മുന്നോട്ടു വന്നിട്ടുണ്ട്. ജനങ്ങളെയും സഹകാരികളെയും അണിനിരത്തി എന്താണു പ്രശ്‌നത്തിന്റെ ഉള്ളടക്കം എന്നു ബോധ്യപ്പെടുത്തി നമ്മുടെ അവകാശം സംരക്ഷിക്കാന്‍ വേണ്ടിയും ഒപ്പം നമുക്കെതിരെ ഉയരുന്ന വെല്ലുവിളികള്‍ ചെറുക്കാന്‍ വേണ്ടിയുമുള്ള സഹകാരിസമൂഹത്തിന്റെ സംയുക്തനീക്കം ഉയര്‍ത്തിക്കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ട്. നല്ല നിലയില്‍ അതു നടക്കുന്നുണ്ട് – മന്ത്രി പറഞ്ഞു.

 

സമ്മേളനത്തില്‍ ഫെഡറേഷന്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. എം.പി. സാജു സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!