കേരള ബാങ്ക് അടക്കം ഏഴു സംസ്ഥാന സഹകരണ ബാങ്കുകള്‍ നഷ്ടത്തില്‍ – നബാര്‍ഡ്

Deepthi Vipin lal

കേരളത്തിലേതടക്കം രാജ്യത്തെ ഏഴ് സംസ്ഥാന സഹകരണ ബാങ്കുകള്‍ 2019-2020 ല്‍ നഷ്ടത്തിലാണെന്ന് നബാര്‍ഡ് ( നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ആന്റ് റൂറല്‍ ഡവലപ്‌മെന്റ് ) പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ 13 ജില്ലാ സഹകരണ ബാങ്കുകള്‍ കേരള ബാങ്കുമായി ലയിപ്പിച്ചതാണ് നഷ്ടത്തിന് കാരണമായതെന്നു നബാര്‍ഡ് കുറ്റപ്പെടുത്തുന്നു.

രാജ്യത്തെ സംസ്ഥാന സഹകരണ ബാങ്കുകളുടെ സഞ്ചിത നഷ്ടം 2019-20 ല്‍ വന്‍ വര്‍ധനയാണു രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷം 471 കോടി രൂപയായിരുന്ന നഷ്ടം 2019-20 ല്‍ 1,232 കോടി രൂപയായി വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2019-20 കാലയളവില്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ പ്രകടനത്തെക്കുറിച്ച് 358 പേജുള്ള റിപ്പോര്‍ട്ടാണ് നബാര്‍ഡ് പുറത്തിറക്കിയിരിക്കുന്നത്. 2021 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം നബാര്‍ഡിന്റെ ബാലന്‍സ് ഷീറ്റ് 24 ശതമാനം വളര്‍ച്ചയോടെ 6.57 ലക്ഷം കോടി രൂപയിലെത്തി.

നേരത്തേ നാഗാലാണ്ട് സംസ്ഥാന സഹകരണ ബാങ്കും നഷ്ടത്തിലായിരുന്നു. എന്നാല്‍, 2019-20 ല്‍ നാഗാലാണ്ടിനു ഈ നഷ്ടം മുഴുവനായും ഇല്ലാതാക്കാന്‍ കഴിഞ്ഞു. അരുണാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഗോവ, മണിപ്പൂര്‍, പുതുച്ചേരി, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍, കേരളം എന്നിവിടങ്ങളിലെ സംസ്ഥാന സഹകരണ ബാങ്കുകളാണ് 2019-20 ല്‍ നഷ്ടത്തിലായത്.

സംസ്ഥാന സഹകരണ ബാങ്കുകളുടെ മൊത്തം ബിസിനസില്‍ തെക്കന്‍ മേഖലയുടെ പങ്ക് ഏറ്റവും ഉയര്‍ന്നതാണ്. തൊട്ടു പിന്നില്‍ പടിഞ്ഞാറന്‍, വടക്കന്‍-കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയാണുള്ളത്. പടിഞ്ഞാറന്‍ മേഖലയിലെ സംസ്ഥാന സഹകരണ ബാങ്കുകളുടെ ആസ്തി വരുമാനം ഏറ്റവും ഉയര്‍ന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാന സഹകരണ ബാങ്കുകളുടെ മൊത്തം നിക്ഷേപങ്ങളില്‍ കറന്റ് അക്കൗണ്ട് ആന്‍ഡ് സേവിംഗ്സ് അക്കൗണ്ട് (CASA) നിക്ഷേപത്തിന്റെ വിഹിതം വളരെ കുറവാണ് ( ഏതാണ്ട് 18 ശതമാനം ) . എന്നിരുന്നാലും, ഏഴ് സംസ്ഥാന സഹകരണ ബാങ്കുകളുടെ (ആന്‍ഡമാന്‍ നിക്കോബാര്‍, ജാര്‍ഖണ്ഡ്, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ, നാഗാലാന്‍ഡ്, ചണ്ഡിഗഡ്) കറന്റ് അക്കൗണ്ട് ആന്‍ഡ് സേവിംഗ്സ് അക്കൗണ്ട് നിക്ഷേപം 50 ശതമാനത്തിനു മുകളിലായിരുന്നു. പത്തു ശതമാനത്തിലും താഴെ CASA നിക്ഷേപമുള്ള ചില സംസ്ഥാന ബാങ്കുകളുമുണ്ട്. ഛത്തിസ്ഗഡ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ്, ഒഡിഷ, ആന്ധ പ്രദേശ്, മഹാരാഷ്ട്ര എന്നിവ ഈ ഗണത്തില്‍പ്പെടും.

2,072 ശാഖകളുള്ള 33 സംസ്ഥാന സഹകരണ ബാങ്കുകള്‍, 13,589 ശാഖകളുള്ള 351 ജില്ലാ സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ (ഡി.സി.സി.ബി), 95,000 പ്രൈമറി അഗ്രിക്കള്‍ച്ചര്‍ ക്രെഡിറ്റ് സൊസൈറ്റികള്‍ (പി.എ.സി.എസ്) എന്നിവയിലൂടെയാണ് ഹ്രസ്വകാല സഹകരണ വായ്പാ ഘടന ( എസ്.ടി.സി.സി.എസ് ) പ്രവര്‍ത്തിക്കുന്നതെന്ന് നബാര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!