സഹകരണ കോഴ്‌സിന് 320 അധിക സീറ്റ് അനുവദിച്ച് സര്‍ക്കാര്‍

moonamvazhi

സംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്ന എച്ച്.ഡി.സി. ആന്‍ഡ് ബി.എം. കോഴ്‌സുകള്‍ക്ക് 320 അധിക സീറ്റ് സര്‍ക്കാര്‍ അനുവദിച്ചു. എട്ട് കോളേജുകളിലായാണ് സീറ്റുകള്‍ അനുവദിച്ചത്. അപേക്ഷകരുടെ എണ്ണം കൂടിയതിനാല്‍ താല്‍ക്കാലികമായി കൂടുതല്‍ സീറ്റുകള്‍ അനുവദിക്കണമെന്ന് സംസ്ഥാന സഹകരണ യൂണിയന്‍ സെക്രട്ടറി കത്ത് നല്‍കിയിരുന്നു. ഇതിന് സഹകരണ സംഘം രജിസ്ട്രാര്‍ ശുപാര്‍ശയും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

തിരുവനന്തപുരം (50), തൃശൂര്‍ (50), കാഞ്ഞങ്ങാട് (60), കോഴിക്കോട് (80), തിരൂര്‍ (5), കോട്ടയം എന്‍.എസ്.എസ്. (60), ആറന്മുള (10), പാല (5) എന്നിങ്ങനെയാണ് വിവിധ സെന്ററുകളില്‍ അനുവദിച്ച് അധിക സീറ്റിന്റെ കണക്ക്. അധിക സീറ്റുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുമ്പോള്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സഹകരണ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങള്‍ കൂടുതലും സഹകരണ പരീക്ഷ ബോര്‍ഡിലേക്ക് മാറ്റിയതാണ് കോഴ്‌സുകളിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന ഘടകം. നേരത്തെ വായ്പ സംഘങ്ങളിലെ ക്ലര്‍ക്ക് മുതല്‍ മുകളിലോട്ടുള്ള നിയമനങ്ങളാണ് ബോര്‍ഡുവഴി നടത്തിയിരുന്നത്. എന്നാല്‍, പുതിയ നിയമഭേദഗതി പ്രകാരം എല്ലാ സംഘങ്ങളുടെയും ക്ലര്‍ക്ക് മുതല്‍ മുകളിലോട്ടുള്ള തസ്തികയിലേക്ക് ബോര്‍ഡ് വഴിയാണ് നിയമിക്കേണ്ടത്. ഇതിനുള്ള ചട്ടം രൂപവത്കരിക്കാനുള്ള നടപടിയും സഹകരണ വകുപ്പ് തുടങ്ങിയിട്ടുണ്ട്. അതിനാല്‍, പുതുതായി സഹകരണ കോഴ്‌സുകള്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജോലിസാധ്യത കൂടുതലായി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!