സംസ്ഥാനവികസനത്തില്‍ കേരള ബാങ്കിന്റെ പങ്കാളിത്തം കൂട്ടുന്നതിനെക്കുറിച്ച് പഠിക്കാന്‍ നാലംഗ വിദഗ്ധസമിതി

moonamvazhi

കേരളത്തിന്റെ വികസനപ്രക്രിയയില്‍ കേരള ബാങ്കിന്റെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചു പഠിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നാലംഗ വിദഗ്ധസമിതിയെ നിയോഗിച്ചു. കേരള സഹകരണസംഘം രജിസ്ട്രാര്‍ കണ്‍വീനറായിട്ടുള്ള വിദഗ്ധസമിതിയോട് മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

നബാര്‍ഡിന്റെ ചീഫ് ജനറല്‍ മാനേജരായി വിരമിച്ച ഡോ. ആര്‍. ഭാസ്‌കരന്‍, നബാര്‍ഡിന്റെ ചീഫ് ജനറല്‍ മാനേജര്‍മാരായി വിരമിച്ച എസ്. വിജയലക്ഷ്മി, ഡോ. അബ്ദുള്‍ റഹിമാന്‍ ഖാന്‍, എസ്.ബി.ഐ.യില്‍ നിന്നു വിരമിച്ച ജനറല്‍ മാനേജര്‍ ടി.ടി. മാത്യു തരകന്‍ എന്നിവരാണു വിദഗ്ധസമിതിയംഗങ്ങള്‍. കേരളത്തിലെ സഹകരണമേഖലയുടെ ഘടനയെക്കുറിച്ചും നബാര്‍ഡ്, കേരള ബാങ്ക്, പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങള്‍ പോലുള്ള ധനസഹായസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പഠിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കാനാണു സമിതിയോട് നിര്‍ദേശിച്ചിരിക്കുന്നത്.

കേരള ബാങ്കിനെ സാമ്പത്തികവികസനത്തില്‍ കൂടുതല്‍ കേന്ദ്രീകൃതമാക്കാനും സര്‍ക്കാര്‍-തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവയുടെ പദ്ധതികളില്‍ കേരള ബാങ്കിനും പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങള്‍ക്കുമിടയിലെ ബന്ധം മെച്ചപ്പെടുത്താനുമുള്ള നടപടികള്‍ നിര്‍ദേശിക്കാനും സമിതിയോടാവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഭരണനിര്‍വഹണസംവിധാനത്തില്‍ ആവശ്യമെങ്കില്‍ സമിതിക്കു മാറ്റം ശുപാര്‍ശ ചെയ്യാം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കും പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങള്‍ക്കുമിടയില്‍ പങ്കാളിത്ത വ്യവസ്ഥയില്‍ പ്രാദേശിക സാമ്പത്തികവികസന പ്രൊജക്ടുകളും അടിസ്ഥാനസൗകര്യവികസന പ്രൊജക്ടുകളും ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിനെക്കുറിച്ചും സമിതി നിര്‍ദേശങ്ങള്‍ നല്‍കും. പൊതു-സ്വകാര്യ പങ്കാളിത്ത രീതിയില്‍ (പി.പി.പി ) സര്‍ക്കാരിനു കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങളെ പ്രാപ്തമാക്കാനുള്ള സാധ്യതകളും സമിതി പരിശോധിക്കും.

സഹകരണമേഖലയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി നിക്ഷേപ പ്രോത്സാഹന സമിതി സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത പരിശോധിക്കുക, സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള കേരള സഹകരണസംഘം പുനരുജ്ജീവനനിധിയുടെ കരടുപദ്ധതികള്‍ പരിശോധിക്കുക, സഹകരണമേഖലയില്‍ ത്വരിത നിക്ഷേപവളര്‍ച്ചയ്ക്കാവശ്യമായ നടപടികള്‍ നിര്‍ദേശിക്കുക തുടങ്ങിയവയും വിദഗ്ധസമിതിയുടെ പരിഗണനയില്‍ ഉള്‍പ്പെടും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!