ശേഷക്രിയ പിരിവില്‍നിന്ന് 159 കോടി നിക്ഷേപത്തിലേക്ക്

- വി.എന്‍. പ്രസന്നന്‍

ഈ വര്‍ഷം ഏറ്റവും മികച്ച പലവക സഹകരണ
സംഘങ്ങളില്‍ സംസ്ഥാന തലത്തില്‍ രണ്ടാംസ്ഥാനത്തിനുള്ള
സഹകരണ വകുപ്പിന്റെ പുരസ്‌കാരം നേടിയ എറണാകുളം
കര്‍ത്തേടം റൂറല്‍ സഹകരണ സംഘത്തിലിപ്പോള്‍
പതിമൂവായിരത്തിലേറെ എ ക്ലാസ് അംഗങ്ങളുണ്ട്.
കര്‍ത്തേടം സെന്റ് ജോസഫ് മരണാവശ്യ
സഹായസംഘം എന്നായിരുന്നു തുടക്കത്തിലെ
പേര്. 1938 ഡിസംബര്‍ ഏഴിനു കര്‍ത്തേടം
സെന്റ് ജോസഫ് മരണാവശ്യ പരസ്പര
സഹായസംഘം ക്ലിപ്തം നമ്പര്‍ 385 രജിസ്റ്റര്‍ ചെയ്യപ്പെട്ടു.
തുടക്കത്തില്‍ 114 അംഗങ്ങളാണ്
ഉണ്ടായിരുന്നത്.

 

”ഈ സ്ഥാപനം കേരളത്തിലെന്നല്ല, ഇന്ത്യയില്‍ത്തന്നെ മരണാനന്തരശേഷക്രിയകള്‍ക്കു സാമ്പത്തികസഹായം നല്‍കിത്തുടങ്ങിയ ആദ്യത്തെ സഹകരണസംഘമാണ്.” – ഈ വര്‍ഷം ഏറ്റവും മികച്ച പലവക സഹകരണസംഘങ്ങളില്‍ സംസ്ഥാനതലത്തില്‍ രണ്ടാംസ്ഥാനത്തിനുള്ള സഹകരണവകുപ്പിന്റെ പുരസ്‌കാരം നേടിയ കര്‍ത്തേടം റൂറല്‍ സഹകരണസംഘത്തിനു (കെ.ആര്‍.സി.എസ്) സഹകരണചരിത്രത്തില്‍ ഇടംപിടിക്കാന്‍ അര്‍ഹതയുണ്ടെന്നു സംഘത്തിന്റെ സുവര്‍ണജൂബിലിസ്മരണികയിലുള്ള പ്രസിഡന്റ് സി.എക്‌സ്. ആല്‍ബര്‍ട്ടിന്റെ ലേഖനത്തിലെ ഈ വാചകം വ്യക്തമാക്കുന്നു. മൃതദേഹം സംസ്‌കരിക്കാനുള്ള ചെലവിനുപോലും അയല്‍ക്കാരില്‍നിന്നു പിരിവെടുക്കേണ്ടിവന്നിരുന്നത്ര കൊടിയ ദാരിദ്ര്യകാലത്തു മരണാനന്തരച്ചടങ്ങുകള്‍ക്കു പണം സ്വരൂപിക്കാന്‍ ഉണ്ടാക്കിയ കൂട്ടായ്മ സഹകരണസംഘമായി വളര്‍ന്ന കഥയാണു കെ.ആര്‍.സി.എസിന്റെത്. 85 കൊല്ലത്തെ ചരിത്രമുള്ള ഇതിലിന്നു പതിമൂവായിരത്തില്‍പ്പരം അംഗങ്ങളും 159 കോടിരൂപയിലധികം നിക്ഷേപവുമുണ്ട്്. നിക്ഷേപസമാഹരണത്തിനുള്ള കൊച്ചി താലൂക്കുതലപുരസ്‌കാരങ്ങളും എറണാകുളം ജില്ലയിലെ മികച്ച കാര്‍ഷികേതര വായ്പസംഘത്തിനുള്ള ജില്ലാ സഹകരണബാങ്കിന്റെ പുരസ്‌കാരവും മുമ്പു സംഘത്തിനു കിട്ടിയിട്ടുണ്ട്.

കൂലിപ്പണിക്കാര്‍
തുടങ്ങിയ സംഘം

എറണാകുളം ജില്ലയുടെ പിന്നാക്കതീരമേഖലയിലാണ് ഈ സംഘം. എളങ്കുന്നപ്പുഴ പഞ്ചായത്തും മുളവുകാട് പഞ്ചായത്തിലെ പനമ്പുകാട്, വല്ലാര്‍പാടം പ്രദേശങ്ങളുമാണു പ്രവര്‍ത്തനപരിധി. 1930കളിലെ ദാരിദ്ര്യവും തൊഴിലില്ലായ്മയുമാണു സംഘം രൂപവത്കരിക്കാന്‍ പ്രേരകം. അന്നൊക്കെ പാവപ്പെട്ടവരുടെ കുടുംബങ്ങളില്‍ ആരെങ്കിലും മരിച്ചാല്‍ മരണാനന്തരച്ചടങ്ങിനുള്ള ചെലവിനുപോലും പലപ്പോഴും പൊതുജനങ്ങളില്‍നിന്നു പിരിവെടുക്കേണ്ടിവന്നിരുന്നു. അപ്പോള്‍ കര്‍ത്തേടം സെന്റ് ജോസഫ് പള്ളിഇടവകക്കാരായ ഏതാനും കൂലിപ്പണിക്കാര്‍ കൂടിയാലോചിച്ചാണ് ഇത്തരമൊരു സംഘം രൂപവത്കരിച്ചത്. കര്‍ത്തേടം സെന്റ് ജോസഫ് മരണാവശ്യസഹായസംഘം എന്നു പേരിട്ടു. അക്കാലത്തെപ്പറ്റി സ്ഥാപകസെക്രട്ടറി പി.സി. ജോസഫ് സുവര്‍ണജൂബിലിസ്മരണികയില്‍ അനുസ്മരിക്കുന്നു: ”കേവലം കൂലിവേലക്കാരായ 100 പേര്‍ സംഘടിക്കുകയും അവര്‍ ഓരോരുത്തരില്‍നിന്നും ഒരു ക. വീതം പിരിച്ചെടുക്കുകയും ചെയ്തു. അതില്‍നിന്നു 25 ക. നീക്കിവച്ചു. ബാക്കിയുള്ള തുക ഏതെങ്കിലും ഒരു ബാങ്കില്‍ നിക്ഷേപിക്കുന്നതിനും ഏതെങ്കിലും അംഗത്തിന്റെ വീട്ടില്‍ ഒരു മരണാവശ്യം ഉണ്ടായാല്‍ ടി അംഗത്തിനു 20 ക. സംഭാവനയായി കൊടുക്കാനും ഉടനെത്തന്നെ എല്ലാഅംഗങ്ങളില്‍നിന്നും മരണാവശ്യപ്പിരിവായി 4 ണ. ( അണ ) വീതം പ്രത്യേകം പിരിച്ചെടുക്കാനും നിശ്ചയിച്ചു. കൂടാതെ, മാസംതോറും അംഗങ്ങളില്‍നിന്നും ഒരു ണ. വീതം മാസവരിയായി പിരിക്കാനും തീരുമാനിച്ചു”. കൊടിയന്തറ ബാവയും തെങ്ങശ്ശേരി പാപ്പുവുമാണ് ഇതിനു നേതൃത്വം നല്‍കിയത്. നിത്യകാര്യങ്ങള്‍ നോക്കാന്‍ ചക്കാലക്കല്‍ കാക്കോ എന്ന റാഫേല്‍മാസ്റ്ററെ ഏല്‍പ്പിച്ചു. കര്‍ത്തേടം പള്ളിവികാരി ഫാ. ജോര്‍ജ് കാട്ടാശ്ശേരിയുടെ ഉപദേശപ്രകാരം നിയമാവലി ഉണ്ടാക്കി. പള്ളിവികാരി സ്ഥിരംപ്രസിഡന്റായിരിക്കണമെന്നും നിശ്ചയിച്ചു.

മരണാവശ്യത്തിനു കൊടുക്കുന്നതു കഴിച്ചുള്ള തുകയ്ക്കു ചെറിയ വസ്തുക്കള്‍ കൈവശപ്പണയമായി വാങ്ങി ഏതെങ്കിലും ബാങ്കില്‍ സേവിങ്‌സ് നിക്ഷേപമായി ഇടാനും തീരുമാനിച്ചു. പണപ്പെട്ടിയും കണക്കും പള്ളിമേടയില്‍ സൂക്ഷിച്ചു. എല്ലാ ശനിയാഴ്ചയും പ്രസിഡന്റും സെക്രട്ടറിയും ഖജാന്‍ജിയും കണക്കുനോക്കി കൈയിരുപ്പുതുക പെട്ടിയിലിടും. ഇങ്ങനെ കുറെ വര്‍ഷം കഴിഞ്ഞപ്പോഴാണു സഹകരണസംഘമാക്കാം എന്നു തോന്നിയത്. പൊതുയോഗം അതംഗീകരിച്ചു. ഉദ്യോഗസ്ഥരെക്കണ്ടു സമ്മതംവാങ്ങി സഹകരണനിയമമനുസരിച്ചു നിയമാവലി തയാറാക്കി. വി.എ. വറീതു മാസ്റ്റര്‍ മുന്‍കൈയെടുത്തു രേഖകള്‍ ശരിയാക്കി രജിസ്‌ട്രേഷന് അയച്ചു. അങ്ങനെ 1938 ഡിസംബര്‍ ഏഴിനു കര്‍ത്തേടം സെന്റ് ജോസഫ് മരണാവശ്യ പരസ്പര സഹായസംഘം ക്ലിപ്തം നമ്പര്‍ 385 രജിസ്റ്റര്‍ ചെയ്യപ്പെട്ടു. നിലവിലുണ്ടായിരുന്ന സെന്റ് ജോസഫ് മരണാവശ്യ സഹായസംഘത്തിന്റെ ആസ്തിബാധ്യതകള്‍ തിട്ടപ്പെടുത്തി മുതലില്‍നിന്നു പഴയ സംഘത്തില്‍ നിലവിലുണ്ടായിരുന്ന 13 അംഗങ്ങള്‍ക്കു പത്തു രൂപ വീതം ഓഹരിസംഖ്യയും നാലണവീതം പ്രവേശനഫീസും എടുത്തു വരവുവയ്ക്കുകയും ബാക്കി 153 രൂപ മൂന്നണ ഒരു പൈസ മരണാവശ്യസഹായഫണ്ടായി നിലനിര്‍ത്തുകയും ചെയ്തു. പള്ളിവികാരി മോണ്‍സിഞ്ഞോര്‍ ജോര്‍ജ് തോട്ടകത്തെ പുതിയ അംഗമാക്കി പ്രസിഡന്റായും പി.സി. ജോസഫിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. പി.സി. ജോസഫ് പിന്നീടു പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫാ. പോള്‍ലൂയിസ്, എന്‍. ജെ. ജോര്‍ജ്, ഐ.വി. എമ്മാനുവല്‍, വി.എ. വറീത്, സി.പി. ജോര്‍ജ്, സി.എല്‍. പേറു, കെ.എം. തോമാസ്, എം.ജെ. ജോര്‍ജ് തുടങ്ങിയവരും 1987 വരെയുള്ള ഘട്ടങ്ങളില്‍ വിവിധകാലങ്ങളില്‍ പ്രസിഡന്റുമാരായിരുന്നിട്ടുണ്ട്. സുവര്‍ണജൂബിലിക്കാലത്തു സി.എക്‌സ്. ആല്‍ബര്‍ട്ടായിരുന്നു ( 1987-93 ) പ്രസിഡന്റ്. അതിനുശേഷം പി.ടി. ജോസഫ് മാസ്റ്റര്‍ ( 1993-96 ), ജോര്‍ജ് സിക്കേര ( 1996-99 ), എം.ജി. ജോസഫ് ( 1999-2004 ), എം.പി. സെബാസ്റ്റ്യന്‍ ( 2004-09 )തുടങ്ങിയവര്‍ പ്രസിഡന്റുമാരായിട്ടുണ്ട്. 2009 ല്‍ ചുമതലയേറ്റ സി.എക്‌സ്. ആല്‍ബര്‍ട്ടാണ് ഇപ്പോഴും പ്രസിഡന്റ്.

മരണാനന്തര
ക്രിയക്ക് 20 രൂപ

1511 രൂപ ഏഴണ ഒരു പൈസ പ്രവര്‍ത്തനമൂലധനവുമായിട്ടാണു തുടക്കം. 114 അംഗങ്ങളാണുണ്ടായിരുന്നത്. 1310 രൂപയായിരുന്നു ഓഹരിമൂലധനം. പിന്നീടു കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുകയും മരണാവശ്യത്തിന് അംഗങ്ങളില്‍നിന്നുള്ള പിരിവു നിര്‍ത്തുകയും ചെയ്തു. പകരം എല്ലാ അംഗവും പ്രതിമാസം ആറണ പിരിവു നല്‍കണമെന്നു നിശ്ചയിച്ചു. അന്നു സംഘം നല്‍കിയിരുന്ന 20 രൂപ കൊണ്ടു മരണാനന്തരശേഷക്രിയകള്‍ നന്നായി നടത്താനാവുമായിരുന്നു. അംഗം മരിക്കുമ്പോള്‍ മാത്രമല്ല, അംഗത്തിന്റെ പിതാവ്, മാതാവ്, മക്കള്‍, വിവാഹിതരല്ലാത്ത സഹോദരീസഹോദരന്‍മാര്‍ എന്നിവരുടെ മരണമുണ്ടായാലും ഇതു നല്‍കിയിരുന്നു.

സംഘത്തിന്റെ വരുമാനത്തില്‍നിന്നു മരണാവശ്യങ്ങള്‍ക്കു നല്‍കേണ്ടിവന്നിരുന്നതു കഴിച്ചുള്ള തുക ചെറിയ വസ്തുക്കളുടെ ഈടില്‍ കൈവശപ്പണയവായ്പ കൊടുക്കുകയും ആ വായ്പ എടുക്കാന്‍ ആളില്ലാതെ വന്നാല്‍ ബാങ്കില്‍ സേവിങ്‌സ് നിക്ഷേപം നടത്തുകയും ചെയ്യുമായിരുന്നു. 100 രൂപയ്ക്കു താഴെയുള്ള ചെറുകുറികളും തുടങ്ങി. അതു ലാഭമായില്ല. അക്കാലത്തും പണപ്പെട്ടി പള്ളിമേടയിലാണു സൂക്ഷിച്ചിരുന്നത്. പള്ളിവക സ്‌കൂളിലിരുന്നാണു പണപ്പിരിവു നടത്തിയിരുന്നത്.

പി.പി. തോമസ് മാസ്റ്റര്‍ സെക്രട്ടറിയായിരിക്കെ ചെറിയതോതില്‍ പണ്ടപ്പണയ ഇടപാടുകള്‍ തുടങ്ങി. സ്ഥാപകസെക്രട്ടറി പി.സി. ജോസഫ് വീണ്ടും സെക്രട്ടറിയായപ്പോള്‍ പള്ളിവക കെട്ടിടത്തില്‍ ഒരു മുറി വാടകയ്ക്ക് എടുത്തു സംഘം ഓഫീസ് അവിടേക്കു മാറ്റുകയും പണ്ടം സൂക്ഷിക്കാന്‍ ഇരുമ്പുസേഫ് വാങ്ങുകയും പണ്ടപ്പണയ ഇടപാടുകള്‍ വിപുലമാക്കുകയും ചെയ്തു. 12 പ്രതിമാസച്ചിട്ടികളും തുടങ്ങി. പഴയകാലത്തു സ്വര്‍ണം തൂക്കാനുപയോഗിച്ചിരുന്ന ത്രാസ് ഇപ്പോഴും സംഘം ഓഫീസില്‍ സൂക്ഷിക്കുന്നുണ്ട്. സഹകരണസംഘങ്ങള്‍ക്കു സായാഹ്നശാഖകളില്ലാതിരുന്ന കാലത്തും ഇവിടെ വൈകിട്ടു സംഘം പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, സായാഹ്നശാഖയായിട്ടായിരുന്നില്ല പ്രവര്‍ത്തനം. രാവിലെ ഒമ്പതു മുതല്‍ 11 വരെ ജോലിചെയ്തശേഷം അതേജീവനക്കാര്‍തന്നെ വൈകിട്ട് നാലു മുതല്‍ ഏഴു വരെ പ്രവര്‍ത്തിക്കുകയാണു ചെയ്തിരുന്നത്. വൈദ്യുതിയില്ലാതിരുന്ന പഴയകാലത്തു രാത്രി കണക്കെഴുതിയിരുന്നതു മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിലാണ്. അന്നത്തെ ആ വിളക്കും സംഘം സൂക്ഷിക്കുന്നുണ്ട്. (സായാഹ്നശാഖയില്ലെങ്കിലും പ്രധാനശാഖയില്‍ ഇപ്പോഴും പ്രവര്‍ത്തനം അന്നത്തെപ്പോലെ രാവിലെ മുതല്‍ ഉച്ചവരെയും വൈകുന്നേരം മുതല്‍ രാത്രിവരെയുമാണ്.)

ബാങ്കിങ്
പ്രവര്‍ത്തനം

അംഗം ഓഹരിസംഖ്യക്കുപുറമെ 50 രൂപ നിക്ഷേപിച്ചാല്‍ 20 വര്‍ഷത്തിനുശേഷം തിരിച്ചുനല്‍കിയിരുന്നു. മരണാവശ്യച്ചെലവുകള്‍ ഏറിയപ്പോള്‍ അംഗങ്ങളില്‍നിന്നു കിട്ടുന്ന തുകകൊണ്ടുമാത്രം വര്‍ധിപ്പിച്ച മരണധനസഹായം നല്‍കാന്‍ കഴിയാതെവന്നപ്പോള്‍ സംഘം ബാങ്കിങ്പ്രവര്‍ത്തനം തുടങ്ങി. 1953 ല്‍ സംഘത്തിന്റെ പേരു കര്‍ത്തേടം മരണാവശ്യപരസ്പരസഹായസംഘം എന്നാക്കി. 1964 ല്‍ റേഷന്‍കട തുടങ്ങി. അത് ഇപ്പോഴും സംഘം നടത്തുന്നുണ്ട്. ഒരുകാലത്ത് ഇതില്‍നിന്നുള്ള വരുമാനമായിരുന്നു സംഘത്തിന്റെ സാമ്പത്തികപിന്‍ബലം. പില്‍ക്കാലത്തു റേഷന്‍കട നഷ്ടത്തിലായെങ്കിലും ഇപ്പോള്‍ ലാഭത്തിലാണ്. 1300 ല്‍പ്പരം കാര്‍ഡുടമകള്‍ ഇതിന്റെ ഉപഭോക്താക്കളാണ്. മൂന്നു റേഷന്‍കടയ്ക്കു തുല്യമാണിത്. സമീപപ്രദേശങ്ങളില്‍ രണ്ടു റേഷന്‍കടകള്‍ നിര്‍ത്തലാക്കേണ്ടിവന്നപ്പോള്‍ അവിടങ്ങളിലെ കാര്‍ഡുടമകളെക്കൂടി സര്‍ക്കാര്‍ ഇവിടേക്കു ചേര്‍ക്കുകയായിരുന്നുവെന്നു കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാനകമ്മറ്റിയംഗവും ഓഡിറ്ററുമായിരുന്ന സംഘം മുന്‍സെക്രട്ടറി സി.ജെ. ജോസഫ് പറഞ്ഞു.

റേഷന്‍കട തുടങ്ങി കുറെനാള്‍ കഴിഞ്ഞ് ഓണത്തിനും ക്രിസ്മസിനും വിശേഷാല്‍ ചന്തകള്‍ സംഘടിപ്പിച്ചുതുടങ്ങി. ക്രിസ്മസിനു വിവിധയിനം ഇറച്ചികള്‍ ലഭിക്കുന്ന സ്റ്റാളുകള്‍ ഈ ചന്തകളുടെ പ്രത്യേകതകളായിരുന്നു. 25 ശതമാനത്തിലേറെ വിലക്കുറവിലാണു ചന്തകളില്‍ സാധനങ്ങള്‍ വിറ്റിരുന്നത്. ആദ്യത്തെ ക്രിസ്മസ്ചന്ത ഫാ. ജോര്‍ജ് വേട്ടാപറമ്പിലാണ് ഉദ്ഘാടനം ചെയ്തത്. മികച്ച എസ്.എസ്.എല്‍.സി.വിജയികള്‍ക്കു വിദ്യാഭ്യാസപുരസ്‌കാരം നല്‍കുന്ന രീതിയും പണ്ടുമുതലേയുണ്ട്. ടെലിവിഷന്‍ സംപ്രേഷണത്തിന്റെ ആദ്യനാളുകളില്‍ പൊതുജനങ്ങള്‍ക്കു ടി.വി. കാണാന്‍ സംഘം ടി.വി. വാങ്ങിസ്ഥാപിച്ചു. സുവര്‍ണജൂബിലിസ്മാരകമായി കര്‍ത്തേടംകവലയില്‍ സോഡിയം വേപ്പര്‍ലാമ്പ് സ്ഥാപിച്ചു.

സുവര്‍ണജൂബിലിക്കാലത്ത് 67 ലക്ഷം രൂപ നിക്ഷേപവും 50 ലക്ഷം രൂപ വായ്പബാക്കിയുമായി വൈപ്പിന്‍കരയിലെ ഏറ്റവും വലിയ കാര്‍ഷികേതരവായ്പാസംഘമായിരുന്നു ഇത്. നിക്ഷേപസമാഹരണത്തില്‍ ലക്ഷ്യമിട്ടതിലും ഇരട്ടിനിക്ഷേപം സമാഹരിക്കാറുണ്ടായിരുന്ന സംഘത്തിന് അക്കാലത്തുതന്നെ കൊച്ചിതാലൂക്കില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം സമാഹരിച്ച സംഘത്തിനുള്ള പുരസ്‌കാരവും ഷീല്‍ഡും ലഭിച്ചിരുന്നു. 1988 നവംബര്‍ 20നാരംഭിച്ച സുവര്‍ണജൂബിലിയാഘോഷങ്ങളുടെ ഭാഗമായി കലാകായികമത്സരങ്ങള്‍, സാംസ്‌കാരികസമ്മേളനം, കലാപരിപാടികള്‍ എന്നിവയുണ്ടായിരുന്നു. ഡിസംബര്‍ 18 നു സമാപിച്ചു. അന്നത്തെ സഹകരണമന്ത്രി ടി.കെ. രാമകൃഷ്ണനാണു സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തത്. കെ.കെ. മാധവന്‍മാസ്റ്റര്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. പ്രസിഡന്റ് സി.എക്‌സ്. ആല്‍ബര്‍ട്ട് ജനറല്‍ കണ്‍വീനറും സെക്രട്ടറി എന്‍.എല്‍. ജോസഫ് ജോര്‍ജ് ജനറല്‍സെക്രട്ടറിയുമായുള്ള കമ്മറ്റിയാണു സുവര്‍ണജൂബിലിയാഘോഷം സംഘടിപ്പിച്ചത്. മരണാവശ്യത്തിനു നല്‍കിയിരുന്ന തുക ക്രമേണ വര്‍ധിച്ച് സുവര്‍ണജൂബിലിക്കാലമായപ്പോള്‍ 550 രൂപ മുതല്‍ 1800 രൂപ വരെ നല്‍കാന്‍ കഴിയുന്ന അവസ്ഥയെത്തിയിരുന്നു. (ഇപ്പോള്‍ 1500 രൂപ മുതല്‍ ഒരു ലക്ഷം രൂപവരെ മരണാനന്തരആനുകൂല്യം നല്‍കുന്നുണ്ട്. അംഗത്വകാലദൈര്‍ഘ്യത്തിന്റെ അടിസ്ഥാനത്തിലാണിത്.)

1977 ല്‍ സംഘം കര്‍ത്തേടത്ത് ആറര സെന്റ് സ്ഥലം വാങ്ങി. 1978 ല്‍ ഇവിടെ കെട്ടിടത്തിനു കല്ലിട്ടു. 1979 ആഗസ്റ്റ് 15ന് അന്നത്തെ കൃഷിമന്ത്രി എ.എല്‍. ജേക്കബ് കെട്ടിടം ഉദ്ഘാടനം ചെയ്തു. 1989 ല്‍ പതിമൂന്നേമുക്കാല്‍ സെന്റ് കൂടി വാങ്ങി. 1990 മാര്‍ച്ച് 15 നു നിലവിലുണ്ടായിരുന്ന കെട്ടിടത്തിന്റെ പടിഞ്ഞാറുവശത്തേക്കു കെട്ടിടം നീട്ടിപ്പണിയാന്‍ കല്ലിട്ടു. പണി പൂര്‍ത്തിയാക്കി ആ വര്‍ഷം ഡിസംബര്‍ ഒമ്പതിന് അന്നത്തെ എറണാകുളം സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ കെ. ജയദേവന്‍ ഉദ്ഘാടനം ചെയ്തു. ഇതില്‍ പ്രധാനഓഫീസ്, മെയിന്‍ശാഖ, ഓഡിറ്റോറിയം, ഹോമിയോക്ലിനിക് തുടങ്ങിയവ പ്രവര്‍ത്തിക്കുന്നു. പ്രധാനശാഖയില്‍ രാവിലെ ഒമ്പതു മുതല്‍ 12.30 വരെയും വൈകുന്നേരം നാലു മുതല്‍ ഏഴു വരെയുമാണു പ്രവര്‍ത്തനം. ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ഒന്നു വരെയും. ഹോമിയോക്ലിനിക്ക് രാവിലെ പത്തു മുതല്‍ ഒരു മണിവരെയാണ്്. 20 രൂപയ്ക്കു ചികിത്സ കിട്ടും. 100 രൂപയുടെവരെ മരുന്നു സൗജന്യമായി നല്‍കും. ഗ്ലൂക്കോമോണിറ്റര്‍കൊണ്ടുള്ള രക്തപരിശോധനാസൗകര്യവുമുണ്ട്.

1999 ല്‍ വല്ലാര്‍പാടത്തു സംഘം ഒമ്പതര സെന്റ് സ്ഥലം വാങ്ങി. 2000 ല്‍ വല്ലാര്‍പാടത്തു വാടകക്കെട്ടിടത്തില്‍ ശാഖ തുടങ്ങി. അവിടെ രാവിലെ 9.30 മുതല്‍ ഒന്നു വരെയും വൈകിട്ട് രണ്ടു മുതല്‍ 4.30 വരെയുമാണു പ്രവര്‍ത്തനം. ശനിയാഴ്ച 9.30 മുതല്‍ ഒന്നുവരെയും. 2002 ല്‍ മുരിക്കുംപാടത്തും വാടകക്കെട്ടിടത്തില്‍ ശാഖ തുടങ്ങി. അവിടെ രാവിലെ ഒമ്പതു മുതല്‍ ഒന്നു വരെയും വൈകുന്നേരം മൂന്നു മുതല്‍ അഞ്ചു വരെയുമാണു പ്രവര്‍ത്തനം. ഞായറാഴ്ച ഒമ്പതു മുതല്‍ ഒന്നു വരെ പ്രവര്‍ത്തിക്കുന്ന ഇവിടെ തിങ്കളാഴ്ചയാണ് അവധി. സംഘത്തിന്റെ പേരു 2002 ഒക്ടോബര്‍ 31 നു കര്‍ത്തേടം റൂറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നാക്കി. 2003 ല്‍ എളങ്കുന്നപ്പുഴയില്‍ ഒന്നരയേക്കര്‍ സ്ഥലം വാങ്ങി. സംഘത്തിനു ജൈവപച്ചക്കറിക്കൃഷിയുണ്ട്. ഈ കൃഷിക്ക് അടുത്തകാലത്ത് എളങ്കുന്നപ്പുഴ പഞ്ചായത്തിന്റെ കാര്‍ഷികപുരസ്‌കാരം കിട്ടി. കഴിഞ്ഞവര്‍ഷം സംഘം നടത്തിയ ഓണച്ചന്തയില്‍ വിറ്റത് ഇവിടെ വിളവെടുത്ത ഏത്തക്കുലകളായിരുന്നു.

സേവനം
വീട്ടുപടിക്കല്‍

2013 ല്‍ സംഘം പ്ലാറ്റിനംജൂബിലി ആഘോഷിച്ചു. പ്ലാറ്റിനം ജൂബിലിസ്മാരകമായി ബാങ്കിങ്‌സേവനം ഇടപാടുകാരുടെ വീട്ടുപടിക്കല്‍ എത്തിക്കുന്ന മൊബൈല്‍ ബാങ്കിങ് ആരംഭിച്ചു. പ്രവര്‍ത്തനപരിധിയില്‍ എല്ലായിടത്തും ആഴ്ചയില്‍ ഒരു ദിവസം വാഹനത്തില്‍ ജീവനക്കാര്‍പോയി ബാങ്കിങ്‌സേവനം നല്‍കുന്ന പ്രവര്‍ത്തനമായിരുന്നു ഇത്. 2017 ഏപ്രില്‍ രണ്ടിനു സംഘം കെട്ടിടത്തില്‍ എ.ടി.എം. ആരംഭിച്ചു. രാവിലെ ആറു മുതല്‍ രാത്രി പത്തുവരെയാണു പ്രവര്‍ത്തനം.

2019-20 കാലത്തു മധ്യകാലവായ്പക്കാലാവധി അഞ്ചു വര്‍ഷത്തില്‍നിന്നു പത്തു വര്‍ഷമാക്കി. പത്തു വര്‍ഷം കാലാവധിയുള്ള വായ്പ അറുപതുവയസ്സില്‍ താഴെയുള്ളവര്‍ക്കു മാത്രമാണ്. അംഗങ്ങള്‍ക്കും ഇടപാടുകാര്‍ക്കും ഇടപാടുവിവരങ്ങള്‍ മൊബൈല്‍ഫോണില്‍ എസ്.എം.എസ.് സന്ദേശമായി ലഭിക്കാനുള്ള പദ്ധതി നടപ്പാക്കി. ഇടപാടുവിവരങ്ങള്‍ മൊബൈല്‍ഫോണില്‍ അറിയാന്‍ എം.സ്‌കോര്‍ എന്ന മൊബൈല്‍ആപ്പ് സജ്ജമാക്കി. ഇതു ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ബാങ്കിന്റെ ലിങ്കില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യാം. സേവിങ്‌സ് അക്കൗണ്ടിലെ ഇടപാടുകള്‍ പാസ്ബുക്കില്‍ പതിപ്പിക്കാന്‍ കമ്പ്യൂട്ടര്‍പ്രിന്റിങ് സംവിധാനം ഏര്‍പ്പെടുത്തി. ഇടപാടുകള്‍ വേഗത്തിലാക്കാന്‍ നൂതന സോഫ്റ്റ്‌വെയര്‍ സ്ഥാപിച്ചു. ഹെഡ്ഓഫീസ് ശാഖയും ഹെഡ്ഓഫീസ് കെട്ടിടങ്ങളും എയര്‍കണ്ടീഷന്‍ ചെയ്തു. സംസ്ഥാനസര്‍ക്കാരിന്റെ സാമൂഹികക്ഷേമപെന്‍ഷനുകള്‍ കളക്ഷന്‍ഏജന്റുമാര്‍വഴി വീട്ടിലെത്തിച്ചുകൊടുക്കുന്നുണ്ട്. സ്വര്‍ണപ്പണ്ടം ഈടില്‍ നല്‍കുന്ന സ്വര്‍ണപ്പണയവായ്പയുടെ പലിശ 90 ദിവസത്തേക്ക് എട്ടു ശതമാനമായി കുറച്ചിട്ടുണ്ട്.

എം.പി. സെബാസ്റ്റ്യന്‍ പ്രസിഡന്റായിരിക്കെ ചികിത്സാസഹായപദ്ധതിയും മുതിര്‍ന്ന അംഗങ്ങള്‍ക്കുള്ള പെന്‍ഷന്‍പദ്ധതിയും വിധവകളുടെ പെണ്‍മക്കള്‍ക്കു വിവാഹധനസഹായപദ്ധതിയും നടപ്പാക്കുകയുണ്ടായി. അംഗത്വമെടുത്ത് 50 വര്‍ഷമായവര്‍ക്കാണു വാര്‍ഷികപെന്‍ഷന്‍ നല്‍കുന്നത്. 2022 ഏപ്രില്‍ ഒന്നു മുതല്‍ ഇത് അംഗത്വത്തില്‍ 45 വര്‍ഷം പൂര്‍ത്തിയാക്കിയ 70 വയസ്സുകഴിഞ്ഞവര്‍ക്കുകൂടി നല്‍കിത്തുടങ്ങി. ഹൃദയശസ്ത്രക്രിയ, കാന്‍സര്‍ ചികിത്സ, വൃക്കരോഗചികിത്സ എന്നിവയ്ക്ക് 8000 രൂപവരെയാണു നല്‍കിയിരുന്നത്. ഇതു 10,000 രൂപവരെയാക്കാന്‍ 2019-20 ല്‍ തീരുമാനിച്ചു. ഡയാലിസിസിന് 5000 രൂപ നല്‍കിയിരുന്നത് 8000 രൂപയാക്കി. വിധവകളായ അംഗങ്ങളുടെ പെണ്‍മക്കളുടെ വിവാഹത്തിനു 10,000 രൂപ വരെയാണു സഹായം നല്‍കുന്നത്.

കേരളപ്പിറവിയുടെ സുവര്‍ണജൂബിലിസ്മാരകമായാണ് ഓഡിറ്റോറിയം നിര്‍മിച്ചിട്ടുള്ളത്. ഇവിടെനിന്നുള്ള നിയമസഭാംഗംകൂടിയായിരുന്ന മന്ത്രി എസ്. ശര്‍മയാണ് ഉദ്ഘാടനം ചെയ്തത്. സുവര്‍ണ ഓഡിറ്റോറിയം എന്നാണു പേര്. 2019-20 കാലത്ത് ഓഡിറ്റോറിയത്തിന്റെ ബുക്കിങ് അഡ്വാന്‍സ് അംഗങ്ങള്‍ക്ക് 6000 രൂപയായി കുറച്ചു. ഓഡിറ്റോറിയവും ഹാളും ഒന്നിച്ചുപയോഗിക്കുന്ന അംഗങ്ങള്‍ക്കു ബുക്കിങ് അഡ്വാന്‍സ് 8000 രൂപയായും കുറച്ചു. സുവര്‍ണഓഡിറ്റോറിയത്തിന്റെ വാടക അംഗങ്ങള്‍ക്കു 3000 രൂപയും അല്ലാത്തവര്‍ക്കു 5000 രൂപയുമാണ്. സുവര്‍ണഹാള്‍ തനിച്ചാണെങ്കില്‍ ഇതു യഥാക്രമം 2000 രൂപയും 3000 രൂപയുമാണ്. ഓഡിറ്റോറിയവും ഹാളും ഒരുമിച്ചുള്ള നിരക്ക് 4500 രൂപയും 7000 രൂപയുമാണ്. ഇക്കാലത്തു വിദ്യാഭ്യാസം, ചികിത്സ എന്നിവയ്ക്ക് അപേക്ഷ നല്‍കിയാല്‍ ജാമ്യം കൂടാതെ അന്നുതന്നെ നല്‍കുന്ന അടിയന്തരവായ്പ 3000 രൂപയില്‍നിന്നു 5000 രൂപയായി വര്‍ധിപ്പിച്ചു. മുന്‍വായ്പ മുടക്കംകൂടാതെ തിരിച്ചടക്കുന്നവരുടെ കാര്യത്തില്‍ ഇത് 5000 രൂപയില്‍നിന്നു 8000 രൂപയാക്കിയിട്ടുണ്ട്. വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്താന്‍ എസ്. ശര്‍മ എം.എല്‍.എ.യായിരിക്കെ മുന്‍കൈയെടുത്തു നടപ്പാക്കിയ വെളിച്ചം പദ്ധതിയിലേക്കു സംഘം ഒരു ലക്ഷം രൂപ നല്‍കുകയുണ്ടായി.

പ്രളയ, കോവിഡ്
കാലത്തെ സഹായം

2018 ലെ പ്രളയവും പിന്നീടു കോവിഡും ഏറെ ബാധിച്ച പ്രദേശമാണിത്. പ്രളയകാലത്തു ഹെലികോപ്ടറില്‍ പള്ളിമുറ്റത്തു ഭക്ഷണപ്പാക്കറ്റുകള്‍ എത്തിച്ചുനല്‍കേണ്ടിവന്നു. അന്നു സംഘം ഏറെ സഹായങ്ങള്‍ ചെയ്തു. കെയര്‍ഹോം പദ്ധതിയില്‍ പള്ളിപ്പുറത്ത് ഒരു വീടു നിര്‍മിച്ചുകൊടുത്തു. കോവിഡ്കാലത്തു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു മൂന്നു ലക്ഷം രൂപ നല്‍കി. അംഗങ്ങള്‍ക്ക് ഒന്നരക്കോടിയോളം രൂപ പലിശരഹിതവായ്പ നല്‍കി. ഹോമിയോമരുന്നു സൗജന്യമായി വിതരണം ചെയ്തു. അംഗങ്ങള്‍ക്കു മാസ്‌കും സാനിറ്റൈസറും സൗജന്യമായി കൊടുത്തു. 17 സ്‌കൂളുകളിലെ കുട്ടികള്‍ക്ക് 1,12,949 രൂപ ചെലവില്‍ സൗജന്യമായി മൊബൈല്‍ഫോണ്‍, മാലിപ്പുറം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ 8800 രൂപയുടെ ഓക്‌സിമീറ്ററുകള്‍, 40,759 രൂപയുടെ ലാപ്‌ടോപ്പ് എന്നിവ നല്‍കി. സമൂഹഅടുക്കളയിലേക്കു 10,000 രൂപയും നല്‍കി. സംഘം ആസ്ഥാനത്തും ശാഖകളിലും എ.ടി.എം, ഹോമിയോക്ലിനിക്, റേഷന്‍കട എന്നിവിടങ്ങളില്‍ സാനിറ്റൈസര്‍ ഡിസ്‌പെന്‍സറുകള്‍ സ്ഥാപിച്ചു. നിര്‍ധനരായ സംഘാംഗങ്ങളുടെ മക്കള്‍ക്കു ടാബ്‌ലറ്റ്, മൊബൈല്‍ഫോണ്‍ എന്നിവ വാങ്ങാന്‍ പലിശയും ജാമ്യവുമില്ലാതെ ഒരു വര്‍ഷത്തേക്കു 10,000 രൂപവരെ വായ്പ നല്‍കി. ആറു ശതമാനം പലിശയ്ക്ക് ആറു മാസത്തേക്ക് ഒരംഗത്തിനു 25,000 രൂപ വരെ സ്വര്‍ണപ്പണ്ടവായ്പയും നല്‍കി.

2021-22 ലെ പ്രവര്‍ത്തനറിപ്പോര്‍ട്ടു പ്രകാരം 13,027 എ ക്ലാസ് അംഗങ്ങളും 17,692 ബി ക്ലാസ് അംഗങ്ങളും ഒരു സി ക്ലാസ് അംഗവുമാണുള്ളത്. 159,59,36,738 രൂപ നിക്ഷേപമുണ്ട്. 102,93,12,444 രൂപ വായ്പയും. 10,17,966 രൂപ ലാഭമുണ്ട്. 10 കൊല്ലംമുമ്പു 47 കോടിയായിരുന്ന നിക്ഷേപമാണ് ഇപ്പോള്‍ 159 കോടിയായിരിക്കുന്നത്. അന്നു 34 കോടിയായിരുന്ന വായ്പ ഇന്നു 102 കോടിയായി. പല സാമൂഹികപ്രവര്‍ത്തനവും സംഘം നടത്തുന്നുണ്ട്. മാലിപ്പുറം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ജലസംഭരണി നിര്‍മിച്ചുനല്‍കി. പ്രവര്‍ത്തനപരിധിയില്‍ രണ്ടു കാന്‍സര്‍നിര്‍ണയക്യാമ്പുകള്‍ നടത്തി. കര്‍ത്തേടം ബോട്ടുജെട്ടിയില്‍ കാത്തിരിപ്പുകേന്ദ്രം നിര്‍മിച്ചുനല്‍കി. സംഘംഓഫീസിനു മുകളില്‍ ബി.എസ്.എന്‍.എല്‍.ആന്റിന സ്ഥാപിച്ചിട്ടുണ്ട്. അതിനാല്‍ ഈ പ്രദേശത്തു ബി.എസ്.എന്‍.എല്‍. മൊബൈലുകള്‍ക്കു സുഗമമായി റേഞ്ച് കിട്ടുന്നു. മുതിര്‍ന്ന പൗരരുടെ നിക്ഷേപങ്ങള്‍ക്ക് അര ശതമാനം പലിശ കൂടുതല്‍ നല്‍കുന്നുണ്ട്. ചെക്കുകള്‍ക്കും ഡ്രാഫ്റ്റുകള്‍ക്കും കളക്ഷന്‍ചാര്‍ജ് ഈടാക്കില്ല. സേഫ് ഡെപ്പോസിറ്റ് ലോക്കര്‍ ലഭ്യമാണ്.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൊബൈല്‍മോര്‍ച്ചറി സംഘത്തിനുണ്ട്. വായ്പഗഡു മുടങ്ങാതെ അടയ്ക്കുന്ന അംഗങ്ങള്‍ക്കു വായ്പ തീരുമ്പോള്‍ മൊത്തം അടച്ച പലിശയുടെ ഏഴു ശതമാനം ഇന്‍സന്റീവായി തിരിച്ചുനല്‍കും. വായ്പ മുടങ്ങാതെ അടച്ചുകൊണ്ടിരിക്കെ അംഗം മരിച്ചാല്‍ വായ്പമുതലില്‍ മൂന്നു ലക്ഷം രൂപ വരെയുള്ളതു തിരിച്ചടക്കേണ്ട. കുട്ടികളില്‍ സമ്പാദ്യശീലവും ബാങ്കിടപാടുശീലവും വളര്‍ത്താന്‍ 10 വയസ്സില്‍കൂടുതലുള്ള കുട്ടികള്‍ക്ക് എത്ര ചെറിയ തുകയും ഇടാവുന്ന സേവിങ്‌സ് അക്കൗണ്ട് ഏര്‍പ്പെടുത്തി. 25 മ്യൂച്വല്‍ ബെനഫിറ്റ് സ്‌കീമുകളും നടത്തിവരുന്നു.

വായ്പകള്‍
പലവിധം

50,000 രൂപവരെ ഹ്രസ്വകാലവായ്പ അനുവദിക്കാറുണ്ട്. വിവാഹം, ചികിത്സ, യാത്ര, വീടുനന്നാക്കലും നവീകരണവും വികസനവും തുടങ്ങിയകാര്യങ്ങള്‍ക്ക് ഇതുപയോഗിക്കാം. അപേക്ഷിച്ചു പിറ്റേന്നു തുക നല്‍കും. ഒരാള്‍ജാമ്യത്തില്‍ 15,000 രൂപവരെയും രണ്ടാള്‍ജാമ്യത്തില്‍ 30,000 രൂപവരെയും കിട്ടും. മുന്‍വായ്പ മുടങ്ങാതെ അടച്ചവര്‍ക്ക് ഇവ യഥാക്രമം 25,000 രൂപവരെയും 50,000 രൂപവരെയും കൊടുക്കും. സംഘത്തില്‍ മധ്യകാലവായ്പയുണ്ട്. 25 ലക്ഷം രൂപവരെ നല്‍കും. വിദ്യാഭ്യാസത്തിനും ചികിത്സക്കും ജാമ്യമില്ലാതെ 8000 രൂപവരെ അടിയന്തരവായ്പ കൊടുക്കും. 10 മാസമാണു കാലാവധി. മോട്ടോര്‍ വാഹനങ്ങള്‍, കമ്പ്യൂട്ടര്‍, ഗൃഹോപകരണങ്ങള്‍ എന്നിവ വാങ്ങാന്‍ രണ്ടംഗങ്ങളുടെ ജാമ്യത്തില്‍ 50,000 രൂപവരെ അനുവദിക്കും. ഒരു ലക്ഷം രൂപവരെ ബിസിനസ്‌വായ്പ നല്‍കും. കച്ചവടസ്ഥാപനത്തിന്റെ ആസ്തിയുടെ അടിസ്ഥാനത്തില്‍ രണ്ടംഗങ്ങളുടെ ജാമ്യത്തിലാണിതു നല്‍കുന്നത്. മുന്‍വായ്പ മുടങ്ങാതെ അടച്ചവര്‍ക്കു വീണ്ടും അപേക്ഷിക്കുമ്പോള്‍ രണ്ടംഗങ്ങളുടെ ജാമ്യത്തില്‍ രണ്ടു ലക്ഷംരൂപവരെ നല്‍കും. ജൂണിലും ജൂലായിലും ആഗസ്റ്റിലും വിദ്യാഭ്യാസാവശ്യത്തിനു പത്തു മാസത്തേക്കു ജാമ്യവും പലിശയുമില്ലാതെ 5000 രൂപ വായ്പ കൊടുക്കും. അപേക്ഷ കിട്ടിയാലുടന്‍ ഇതു കൊടുക്കും. പക്ഷേ, തിരിച്ചടവു മുടക്കിയാല്‍ ബാക്കി അടക്കാനുള്ള തുകയ്ക്കു പലിശ വാങ്ങും.

കക്ഷിരാഷ്ട്രീയമില്ലാതെയാണു ഭരണസമിതിയെ തിരഞ്ഞെടുക്കാറ്. അപൂര്‍വമായേ മത്സരമുണ്ടാകാറുള്ളു. സി.എക്‌സ്. ആര്‍ബര്‍ട്ടാണു നിലവില്‍ പ്രസിഡന്റ്. സംഘത്തിന്റെ സുവര്‍ണജൂബിലിക്കാലത്തു പ്രസിഡന്റായിരുന്ന ( 1987-93 ) അദ്ദേഹം 2009 ല്‍ വീണ്ടും പ്രസിഡന്റായി. അന്നുമുതല്‍ തുടര്‍ച്ചയായി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ആല്‍ബര്‍ട്ട് കൊച്ചിതുറമുഖട്രസ്റ്റ് ഉദ്യോഗസ്ഥനായി വിരമിച്ചയാളാണ്. അഡ്വ. ഡെനിസെന്‍ കോമത്താണു വൈസ് പ്രസിഡന്റ്. കെ.ടി. ക്ലീറ്റസ്, കെ.ജെ. ഡള്ളസ്, ഫസലുദ്ദീന്‍ (ഫസല്‍), സാവുള്‍ റോച്ച, എന്‍.ജി. മാത്യു, ടി.വി. ഷാജി, ജൂഡിറ്റ് ഷീല എന്‍.പി, റോംനി എന്‍.സി, സെബീന എന്നിവരാണു മറ്റു ഭരണസമിതിയംഗങ്ങള്‍. എ.എ. ആന്റണി സാജുവാണു സെക്രട്ടറി. 14 സ്ഥിരംജീവനക്കാരുണ്ട്.

സൗരോര്‍ജപദ്ധതി
നടപ്പാക്കും

സംഘത്തില്‍ സേവിങ്‌സ് അക്കൗണ്ട് ഉള്ളവര്‍ക്ക് ഇവിടെനിന്നു കൊടുക്കുന്ന എ.ടി.എം.കാര്‍ഡ് ഉപയോഗിച്ച് ഇന്ത്യയിലെ ഏതു ബാങ്കിന്റെ എ.ടി.എമ്മില്‍നിന്നും പണമെടുക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ ശ്രമിച്ചുവരികയാണെന്നു പ്രസിഡന്റ് സി.എക്‌സ്. ആല്‍ബര്‍ട്ടും സെക്രട്ടറി എ.എ. ആന്റണി സാജുവും പറഞ്ഞു. നിലവിലുള്ള എ.ടി.എമ്മിനു പുറമെ, ഏറ്റവും ആധുനികമായ എ.ടി.എം. / ക്യാഷ് ഡെപ്പോസിറ്റ് മെഷീന്‍ സ്ഥാപിക്കും. അപ്പോള്‍ ഏതു ബാങ്കിലെ അക്കൗണ്ടില്‍ പണം ഇടാനും എടുക്കാനും സംഘത്തിലെ മെഷീനിലൂടെ സാധിക്കും. വൈദ്യുതിനിരക്കു കുറക്കാനും വൈദ്യുതി ഉത്പാദിപ്പിക്കാനുമായി ഓണ്‍ഗ്രിഡ് ആയി സൗരോര്‍ജപദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നുണ്ട്. ചുരുങ്ങിയ ചെലവില്‍ മെഡിക്കല്‍ ടെസ്റ്റുകള്‍ ചെയ്യാവുന്ന ലാബ് തുടങ്ങാനും ആലോചനയുണ്ടെന്ന് അവര്‍ അറിയിച്ചു. എളങ്കുന്നപ്പുഴയിലുള്ള സ്ഥലമാണു ലാബിനു പരിഗണിക്കുന്നത്. സേവനങ്ങള്‍ ഉപഭോക്തൃസൗഹൃദത്തോടെയുള്ളതാക്കുന്നതിലുള്ള നിഷ്‌കര്‍ഷയാണു സംഘത്തിന്റെ മുഖ്യവിജയഘടകമെന്നു പ്രസിഡന്റ് സി.എക്‌സ്. ആല്‍ബര്‍ട്ട് പറഞ്ഞു.

 

                                                                          (മൂന്നാംവഴി സഹകരണമാസിക ആഗസ്റ്റ് ലക്കം – 2023)

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!