മത്സ്യത്തൊഴിലാളികള്‍ക്ക് കൈത്താങ്ങായി ബേപ്പൂര്‍ സഹകരണ ബാങ്ക്

ദീപ്തി വിപിന്‍ലാല്‍

71 വര്‍ഷംമുമ്പു 25 അംഗങ്ങളുമായി തുടങ്ങിയ ബേപ്പൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍
ഇപ്പോഴുള്ളത് 52,449 അംഗങ്ങള്‍. 322.46 കോടി രൂപയാണു നിക്ഷേപം. മത്സ്യത്തൊഴിലാളികള്‍ക്കു ഭൂരിപക്ഷമുള്ള ഈ തീരദേശപട്ടണത്തിലാണു കേരളത്തില്‍ സഹകരണമേഖലയിലെ ആദ്യത്തെ മീന്‍ സംസ്‌കരണ-വിപണന യൂണിറ്റ് ആരംഭിച്ചത്. ആരോഗ്യ, ക്ഷേമ, വായ്പാമേഖലകളിലും ബേപ്പൂര്‍ സഹകരണ ബാങ്ക് ശ്രദ്ധേയ പ്രവര്‍ത്തനങ്ങളാണു നടത്തുന്നത്.

 

കേരളത്തിലെ സഹകരണമേഖലയില്‍ ആദ്യമായി നീതി ഫിഷ് പ്രോസസിംഗ് ആന്റ് മാര്‍ക്കറ്റിംഗ് യൂണിറ്റിനു തുടക്കം കുറിച്ച ബാങ്കാണു കോഴിക്കോട്ടെ ബേപ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. കേരളത്തിലെ പ്രധാന തീരദേശപട്ടണങ്ങളിലൊന്നായ ബേപ്പൂരിലെ വലിയൊരു വിഭാഗം ജനത മത്സ്യമേഖലയെ ആശ്രയിച്ചാണ് ഉപജീവനം നയിക്കുന്നത് എന്നതുതന്നെയാണ് ഇത്തരമൊരു പ്രവര്‍ത്തനത്തിനു മുന്‍കൈയെടുക്കാനുണ്ടായ പ്രധാനകാരണം. മത്സ്യത്തൊഴിലാളികളില്‍ ഭൂരിഭാഗവും ബേപ്പൂര്‍ ബാങ്കിലെ അംഗങ്ങളുമാണ്. അതുകൊണ്ടുതന്നെ ഈ മേഖലയിലെ സാമ്പത്തികഉന്നമനവും തൊഴിലവസരങ്ങളും ലക്ഷ്യമിട്ടുകൊണ്ടാണു ബാങ്ക് ഇത്തരമൊരു മത്സ്യ സംസ്‌കരണ-വിപണന യൂണിറ്റ് ആരംഭിച്ചത്.

1952 ല്‍
തുടക്കം

1952 ല്‍ ഐക്യനാണയ സംഘമായാണു ബേപ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക് രൂപം കൊണ്ടത്. പരിസരപ്രദേശത്തുള്ള സാധാരണക്കാരായ ജനങ്ങള്‍ക്കു ചെറിയൊരു നിക്ഷേപം എന്ന ലക്ഷ്യത്തോടെയാണു ചെമ്പയില്‍ ഉണ്ണീരിക്കുട്ടി പ്രസിഡന്റും ചെമ്പയില്‍ ചന്ദ്രന്‍ ഓണററി സെക്രട്ടറിയുമായി സംഘം പ്രവര്‍ത്തനമാരംഭിച്ചത്. 25 അംഗങ്ങളാണു സംഘത്തിലുണ്ടായിരുന്നത്. ഐക്യനാണയസംഘം 1966 ല്‍ നടുവട്ടം സര്‍വീസ് സഹകരണസംഘമായി മാറി. 1979 ആയപ്പോഴേക്കും ബേപ്പൂര്‍ പ്രവര്‍ത്തനപരിധിയായിക്കൊണ്ട് നടുവട്ടം സര്‍വീസ് സഹകരണസംഘം ബേപ്പൂര്‍ സര്‍വീസ് സഹകരണസംഘമായി മാറി. 1997 ല്‍ അതു ബേപ്പൂര്‍ സര്‍വീസ് സഹകരണ ബാങ്കായി. ഓരോ കാലഘട്ടത്തിലുമുള്ള ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയിലാണു മുന്നോട്ടുപോയിക്കൊണ്ടിരുന്നത്.

വളരെ കുറഞ്ഞ കാലം കൊണ്ടുതന്നെ ലാഭത്തിലെത്താന്‍ ബേപ്പൂര്‍ ബാങ്കിനു സാധിച്ചു. 358.44 കോടി രൂപ പ്രവര്‍ത്തനമൂലധനവും 322.46 കോടി രൂപ നിക്ഷേപവും 297.54 കോടി രൂപ വായ്പയുമുള്ള ബേപ്പൂര്‍ സഹകരണ ബാങ്ക് ഒന്നാംനിര സഹകരണ ബാങ്കുകളുടെ കൂട്ടത്തിലിടം പിടിച്ചു കഴിഞ്ഞു. മാറിവന്ന ഓരോ ഭരണസമിതിയും ബാങ്കിന്റെ വളര്‍ച്ചയില്‍ വഹിച്ച പങ്ക് പ്രധാനമാണ്. മന്ത്രി ടി.പി. രാമകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.ടി. കാര്‍ത്തികേയന്‍ പ്രസിഡന്റായി വന്നതോടെയാണു ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടാന്‍ തുടങ്ങിയത്. അതിനു പ്രധാന കാരണം സാമൂഹികമേഖലയിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളും പ്രവൃത്തിപരിചയവുമാണ്. ഇപ്പോള്‍ 52,449 അംഗങ്ങളുള്ള ബാങ്കിനു അഞ്ചു ശാഖകളും 55 സ്ഥിരം ജീവനക്കാരുമുണ്ട്. 12 കളക്ഷന്‍ ഏജന്റുമാരും എട്ട് അപ്രൈസര്‍മാരും ഏഴ് നൈറ്റ് വാച്ച്മാന്‍മാരും ബാങ്കിനു കീഴില്‍ ജോലി ചെയ്യുന്നു. ഒപ്പംതന്നെ ബാങ്കിന്റെ മറ്റു സ്ഥാപനങ്ങളായ നീതി മെഡിക്കല്‍സില്‍ 13 പേരും നീതി മെഡിക്കല്‍ ലാബില്‍ 18 പേരും നീതി കണ്‍സ്യൂമര്‍ സ്റ്റോറില്‍ 12 പേരും ജോലി ചെയ്യുന്നു. അരക്കിണറിലാണു ബാങ്കിന്റെ പ്രധാനശാഖയും ഹെഡ് ഓഫീസും പ്രവര്‍ത്തിക്കുന്നത്. ബേപ്പൂര്‍, മാത്തോട്ടം, മോഡേണ്‍, മാറാട്, ബേപ്പൂര്‍ ഹൈസ്‌കൂള്‍ എന്നിവയാണു ബാങ്കിന്റെ മറ്റു ശാഖകള്‍. കോഴിക്കോട് താലൂക്കിലെ മുന്‍നിരയിലുള്ള എ ക്ലാസ് സൂപ്പര്‍ ഗ്രേഡ് ബാങ്കായി ബേപ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മാറിക്കഴിഞ്ഞു. 2021-22 വര്‍ഷത്തെ ഏറ്റവും മികച്ച സഹകരണ ബാങ്കിനുള്ള കേരള ബാങ്കിന്റെ എക്‌സലന്‍സ് അവാര്‍ഡും ബേപ്പൂര്‍ സര്‍വീസ് ബാങ്കിനു ലഭിച്ചിട്ടുണ്ട്.

ആദ്യ ചുവട്
ആരോഗ്യരംഗത്ത്

ബേപ്പൂര്‍ സഹകരണ ബാങ്ക് ജനസേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആദ്യമായി കടന്നുചെന്നത് ആരോഗ്യമേഖലയിലേക്കാണ്.
അരക്കിണര്‍, മാത്തോട്ടം, മോഡേണ്‍, ബേപ്പൂര്‍ എന്നിവിടങ്ങളിലായി നാലു നീതി മെഡിക്കല്‍ സ്റ്റോറുകള്‍ തുടങ്ങി. 50 ശതമാനം വരെ ഡിസ്‌കൗണ്ടിലാണ് ഇവിടെ ഇംഗ്ലീഷ് മരുന്നുകള്‍ നല്‍കുന്നത്. അതോടൊപ്പംതന്നെ ബേപ്പൂര്‍ ഡെവലപ്മെന്റ് മിഷന്‍, ബേപ്പൂര്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് എന്നിവിടങ്ങളിലേക്കു നിര്‍ധനരായ രോഗികള്‍ക്കു നല്‍കുന്ന സൗജന്യമരുന്നുകള്‍ ഈ നീതി മെഡിക്കല്‍സില്‍നിന്ന് അഡ്വാന്‍സായി കൊടുക്കുന്നുണ്ട്. ബാങ്കിന്റെ കീഴില്‍ മാത്തോട്ടത്തും അരക്കിണറിലും മോഡേണ്‍ ബസാറിലും നീതി ഡയഗ്‌നോസിസ് സെന്ററുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും ഇവിടെ ലാബ് പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ ലബോറട്ടറി പരിശോധനകള്‍ക്കും 10 മുതല്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കുന്നു. രോഗികള്‍ക്കു വിദഗ്ധ ഡോക്ടര്‍മാരുടെ ചികിത്സ സമീപപ്രദേശത്തുതന്നെ നല്‍കുക എന്ന ലക്ഷ്യത്തോടെ മികച്ച ഡോക്ടര്‍മാരുടെ പരിശോധനയും ലാബില്‍ ഒരുക്കിയിട്ടുണ്ട്. വിപുലമായ സൗകര്യങ്ങളുള്ള ഒരു ഫിസിയോതെറാപ്പി യൂണിറ്റും ഇതോടുചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്.

ഫിഷ് പ്രോസസിംഗ്,
മാര്‍ക്കറ്റിംഗ് യൂണിറ്റ്

കേരളത്തിലെ സഹകരണമേഖലയില്‍ ആദ്യമായി നീതി ഫിഷ് പ്രോസസിംഗ് ആന്റ് മാര്‍ക്കറ്റിംഗ് യൂണിറ്റ് ആരംഭിച്ചതു ബേപ്പൂര്‍ സഹകരണ ബാങ്കാണ്. അതിനു പ്രധാനകാരണം ആ പ്രദേശത്തിന്റെ പ്രത്യേകതയാണ്. ബേപ്പൂരിലെ ഭൂരിഭാഗം ആളുകടെയും ഉപജീവന മാര്‍ഗ്ഗം മത്സ്യമേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് ഈ മേഖലയിലെ സാമ്പത്തിക ഉന്നമനവും തൊഴിലവസരങ്ങളും ലക്ഷ്യമിട്ടുകൊണ്ട് ബാങ്ക് ഇത്തരത്തില്‍ ഒരു മത്സ്യ സംസ്‌കരണ-വിപണന യൂണിറ്റ് ആരംഭിച്ചത്. ഇടനിലക്കാരെ ഒഴിവാക്കിക്കൊണ്ട് മീന്‍പിടിക്കുന്നവരില്‍നിന്നു നേരിട്ട് മീനെടുത്ത് ഔട്ട്ലെറ്റുകളില്‍ എത്തിക്കുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് ഉയര്‍ന്ന പ്രതിഫലം കിട്ടാനാണ് ഇങ്ങനെ ചെയ്യുന്നത്. ജനങ്ങള്‍ക്കും ഇതിന്റെ ഗുണം കിട്ടുന്നു. ഫോര്‍മാലിന്‍, അമോണിയ തുടങ്ങിയവ ചേര്‍ക്കാത്ത മത്സ്യങ്ങള്‍ മിതമായ വിലയ്ക്ക് അവര്‍ക്കു കിട്ടും. മത്സ്യത്തൊഴിലാളികള്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും വലിയ തോതില്‍ തൊഴിലവസരമുണ്ടാക്കാന്‍ ഇതുവഴി സാധിച്ചിട്ടുണ്ട്. കേരള സര്‍ക്കാറിന്റെ ‘ വികസനവും വൈവിധ്യവത്കരണവും ‘ പദ്ധതിപ്രകാരമുള്ള ഒരു കോടി രൂപയുടെ ധനസഹായവും നബാര്‍ഡിന്റെ 1.90 കോടി രൂപ വായ്പയും ബാങ്കിന്റെ ഫണ്ടില്‍നിന്നുള്ള 22 ലക്ഷം രൂപയും ഉപയോഗിച്ചാണ് ഈ യൂണിറ്റിനു തുടക്കം കുറിച്ചത്. ബേപ്പൂര്‍ ഹാര്‍ബര്‍റോഡിലുളള വാടകക്കെട്ടിടത്തിലാണു യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ഫിഷ് ഔട്ട്ലെറ്റുകളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി പന്നിയങ്കര, മാവൂര്‍, മാങ്കാവ്, കോവൂര്‍ എന്നിവിടങ്ങളില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റുകള്‍ വാടകയ്ക്കെടുത്ത് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. പുതിയ ഔട്ട്ലെറ്റുകള്‍ തുടങ്ങാനുള്ള പരിപാടിയും ബാങ്കിന്റെ ആലോചനയിലുണ്ട്. ഇതുകൂടാതെ വയനാട്, കൊല്ലങ്കോട് എന്നിവിടങ്ങളിലേക്ക് ഓര്‍ഡറനുസരിച്ച് മത്സ്യം കയറ്റി അയക്കുന്നുമുണ്ട്.

കൃഷി, വീട് നന്നാക്കല്‍, ഭവനനിര്‍മാണം, ചെറുകിട കച്ചവടം, വാഹന വായ്പ, കുടുംബശ്രീ ലിങ്കേജ് വായ്പകളും വിവാഹം, സ്വയം തൊഴില്‍ എന്നീ ആവശ്യങ്ങള്‍ക്കായുള്ള വായ്പകളും ബാങ്ക് നല്‍കുന്നു. സ്വന്തമായി കൃഷിഭൂമി കൈവശമുള്ള അംഗങ്ങള്‍ക്കു കാര്‍ഷികാവശ്യത്തിനായി രണ്ടു ലക്ഷം രൂപ വരെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പ അനുവദിക്കുന്നു. വിവിധ സലകളിലുള്ള ഗ്രൂപ്പ് ഡെപ്പോസിറ്റ് സ്‌കീമുകള്‍ അടക്കമുളള നിക്ഷേപപദ്ധതികളും ബാങ്കിന്റെ കീഴില്‍ നടത്തുന്നുണ്ട്.

ക്ഷേമ
പദ്ധതികള്‍

സാമൂഹികസേവന പ്രവര്‍ത്തനങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുന്ന ബേപ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ക്ഷേമപദ്ധതികളും നടപ്പാക്കുന്നുണ്ട്. സര്‍ക്കാര്‍ നല്‍കിവരുന്ന സാമൂഹിക സുരക്ഷാ പെന്‍ഷന്‍, കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ എന്നിവ കൃത്യമായി വീട്ടില്‍ എത്തിച്ചു കൊടുക്കാറുണ്ട്. വിദ്യാര്‍ഥികളില്‍ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബേപ്പൂരിലെ സ്‌കൂളുകളിലേക്കും അംഗനവാടികളിലേക്കും ദിനപത്രം സ്പോണ്‍സര്‍ ചെയ്യുന്നു. ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി കര്‍ഷക ഗ്രൂപ്പുകള്‍ക്കു പച്ചക്കറിത്തൈ, വിത്തുകള്‍, വളം എന്നിവ വിതരണം ചെയ്യുന്നു. ബാങ്കിലെ മെമ്പര്‍മാരുടെ മരണാനന്തര ക്രിയകള്‍ക്കായി 2500 രൂപ നല്‍കുന്നുണ്ട്. ബേപ്പൂര്‍ ഹെല്‍ത്ത് സെന്റര്‍, പാലിയേറ്റീവ് കെയര്‍ സൊസൈറ്റി, ലൈബ്രറികള്‍, ക്ലബ്ബുകള്‍, സന്നദ്ധസംഘടനകള്‍ എന്നിവ നടത്തുന്ന സമൂഹനന്മപ്രവര്‍ത്തനങ്ങള്‍ക്കും ധനസഹായം നല്‍കിവരുന്നു.

പൊതുജനങ്ങള്‍ക്കു കുറഞ്ഞ വിലയ്ക്കു നിത്യോപയോഗസാധനങ്ങള്‍ നല്‍കുന്നതിനായി ബേപ്പൂര്‍ ഹൈസ്‌കൂളിനു സമീപവും മാറാടും ബാങ്കിന്റെ കീഴില്‍ കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. കര്‍ഷകര്‍ക്കു സബ്സിഡിയോടെയും മിതമായ നിരക്കിലും വളം വിതരണം ചെയ്യുന്നതിനായി വളംഡിപ്പോയും പ്രവര്‍ത്തിക്കുന്നുണ്ട്. ഓണം, വിഷു തുടങ്ങിയ ഉത്സവകാലങ്ങളില്‍ പച്ചക്കറികള്‍ കുറഞ്ഞ വിലയില്‍ നല്‍കുന്നതിനായി സഹകരണച്ചന്തകളും നടത്തുന്നു.

ഇടപാടുകള്‍ക്ക്
ഡിജിറ്റല്‍ സംവിധാനം

ഉപഭോക്താക്കള്‍ക്കു മെച്ചപ്പെട്ട സേവനം നല്‍കുന്നതിനായി കോര്‍ബാങ്കിങ് സംവിധാനം ബാങ്ക് നടപ്പാക്കിയിട്ടുണ്ട്. ഇതുവഴി ഇടപാടുകാര്‍ക്കു ബാങ്കിന്റെ ഏതു ബ്രാഞ്ചില്‍ നിന്നും ഇടപാട് നടത്താന്‍ സാധിക്കുന്നു. ഇടപാടുകളുടെ സുരക്ഷിതത്വത്തിനായി ആര്‍.ബി.ഐ. നിര്‍ദേശപ്രകാരമുള്ള അംഗീകൃത സോഫ്റ്റ്‌വെയറിലാണു ബാങ്കിംഗ് ഇടപാടുകള്‍ നടത്തുന്നത്. മൊബൈല്‍ ഫോണ്‍ വഴി ഇടപാടുകള്‍ നടത്തുന്നതിനായി മൈ ബാങ്ക് മൊബൈല്‍ ആപ്പും ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്. ഇതുവഴി ഫണ്ട് ട്രാന്‍സ്ഫര്‍ ഉള്‍പ്പെടെയുള്ള ബാങ്കിംഗ് ഇടപാടുകള്‍ മൊബൈല്‍ ഫോണ്‍വഴി ചെയ്യാവുന്നതാണ്. ഐ.സി.ഐ.സി.ഐ. ബാങ്കുമായി സഹകരിച്ച് സൗജന്യമായി ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫറിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി മറ്റു ബാങ്കുകളില്‍ നിന്നു ഈ ബാങ്കിലെ ഇടപാടുകാരുടെ അക്കൗണ്ടിലേക്കു പണം നിക്ഷേപിക്കാനും തിരിച്ചു പുറത്തേക്ക് ഏതു ബാങ്കിലേക്കും നെഫ്റ്റ് ആര്‍.ടി.ജി.എസ്. ആയി പണം ട്രാന്‍സ്ഫര്‍ ചെയ്യാനുമുള്ള സൗകര്യം ലഭിക്കും. മാത്തോട്ടത്തു ബാങ്കിന്റെ കീഴില്‍ എ.ടി.എം. കൗണ്ടറുമുണ്ട്.

ബേപ്പൂര്‍ ബാങ്കിന്റെ പ്രസിഡന്റ് ആനന്ദകുമാര്‍.എം. ആണ്. രാധാദേവി വി.കെ.യാണു സെക്രട്ടറി. ഭരണസമിതി അംഗങ്ങള്‍: ശിവദാസന്‍ കെ.വി ( വൈസ് പ്രസിഡന്റ്), രാജീവ്. കെ, രാധാകൃഷ്ണന്‍. ടി, ആയിഷ ബാനു. സി.കെ, മുരളീധരന്‍ .ടി, റസ്സല്‍ പള്ളത്ത്, രമേശന്‍.പി, സിദ്ദിഖ്. കെ, മോഹന്‍ദാസ് തിരുവച്ചിറ, പ്രമോദ്.എം, ഗെഹല്‍. എം.കെ, ഷബീര്‍ അഹമ്മദ്.ടി.ടി, മോളി. കെ.പി, തസ്ലീന. എം.

                                   (മൂന്നാംവഴി സഹകരണ മാസിക ഡിസംബര്‍ ലക്കം)

Leave a Reply

Your email address will not be published.

Latest News
error: Content is protected !!