കര്‍ഷക ഉല്‍പ്പാദക കമ്പനിയുമായി വനിതാ കൂട്ടായ്മ

വി.എന്‍. പ്രസന്നന്‍

എറണാകുളത്തെ ആലങ്ങാട്ട് 432 വനിതകള്‍ ഓഹരിയെടുത്തു കൃഷിക്കു
മാത്രമായി തുടങ്ങിയ കര്‍ഷക ഉല്‍പ്പാദക കമ്പനിയുടെ പ്രവര്‍ത്തനപരിധി
നാലു ഗ്രാമ പഞ്ചായത്തുകളാണ്. ആലങ്ങാടന്‍ ബ്രാന്റിലുള്ള ഇവരുടെ
ഉല്‍പ്പന്നങ്ങള്‍ക്കുനല്ല ആവശ്യക്കാരുണ്ട്.

 

കൃഷിക്കായി സ്ത്രീകളുടെതുമാത്രമായ ഒരു കര്‍ഷക ഉല്‍പ്പാദകക്കമ്പനി. എറണാകുളം ജില്ലയില്‍ പടിഞ്ഞാറേ വെളിയത്തുനാട്ടിലെ ആലങ്ങാട് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് (എ.എഫ്.പി.സി.എല്‍) ആണിത്. വയനാട്ടില്‍ ക്ഷീരകര്‍ഷകരായ സ്ത്രീകളുടെ ബാണ അഗ്രോ ആന്റ് അലൈഡ് പ്രൊഡ്യൂസര്‍ കമ്പനിയുണ്ടെങ്കിലും ഭക്ഷ്യവിളകളുടെ കൃഷിക്കായി കേരളത്തില്‍ സ്ത്രീകള്‍ രൂപവത്കരിക്കുന്ന ആദ്യത്തെ എഫ്.പി.സി. ഇതായിരിക്കും. 2022 ഡിസംബര്‍ അഞ്ചിനു കമ്പനിനിയമപ്രകാരം ഇന്‍കോര്‍പറേറ്റ് ചെയ്ത ഇതു സ്ത്രീകളായ 432 ഓഹരിയുടമകളുടെ സംരംഭമാണ്. കൃഷികൊണ്ടുമാത്രം ജീവിക്കുന്നവരും മറ്റു വരുമാനമാര്‍ഗങ്ങളോടും ജോലിയോടുമൊപ്പം കൃഷികൂടി ചെയ്യുന്നവരുമുണ്ട്. ഏത്തവാഴയും പച്ചക്കറികളും ചെണ്ടുമല്ലിയും കൃഷി ചെയ്യുകയും ചിപ്‌സും കണ്ണങ്കായപ്പൊടിയും നേന്ത്രക്കായപ്പൊടിയും വിവിധ അച്ചാറുകളും ഉണ്ടാക്കുകയും ചെറുധാന്യപ്പൊടികള്‍ തയാറാക്കുകയുമാണു ഈ കൂട്ടായ്മയുടെ പ്രവര്‍ത്തനം. മേളകളിലും വാട്‌സാപ് കൂട്ടായ്മയിലുമാണു വില്‍പ്പന. വാട്‌സാപ്പ് ഗ്രൂപ്പിലൂടെ അറിഞ്ഞും ഉപയോഗിച്ചവരുടെ അഭിപ്രായം കേട്ടും ആവശ്യക്കാര്‍ വന്നു വാങ്ങുന്നു. കര്‍ഷക താല്‍പ്പര്യസംഘങ്ങള്‍ (എമൃാലൃ കിലേൃലേെ ഏൃീൗു െ- എകഏ) വഴി എത്തിച്ചുകൊടുക്കുകയും ചെയ്യും. ആലങ്ങാട് ബ്ലോക്കാണു പ്രവര്‍ത്തനപരിധി. കരുമാല്ലൂര്‍, ആലങ്ങാട്, വരാപ്പുഴ, കടുങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്തുകളാണ് ഈ ബ്ലോക്കിലുള്ളത്.

ആലങ്ങാടന്‍
ബ്രാന്റ്

‘ആലങ്ങാടന്‍’ എന്ന ബ്രാന്റിലാണു ചിപ്‌സും അച്ചാറുകളും ചെറുധാന്യപ്പൊടികളും വില്‍ക്കുന്നത്. ആലങ്ങാട്ട് കരിമ്പുകൃഷി വ്യാപകമായിരുന്നു. ഇവിടം ആലങ്ങാടന്‍ശര്‍ക്കര എന്ന പ്രത്യേകശര്‍ക്കരക്കു പ്രസിദ്ധവുമായിരുന്നു. ഇന്നു കരിമ്പുകൃഷിയും ശര്‍ക്കരയുല്‍പ്പാദനവും നാമമാത്രം. എങ്കിലും, ആലങ്ങാടന്‍ എന്ന പേര് ഇപ്പോള്‍ എ.എഫ്.പി.സി.എല്‍. ഉല്‍പ്പന്നങ്ങളുടെ ബ്രാന്റ്‌നാമമായി നിലനില്‍ക്കുന്നു.

കേന്ദ്രതലത്തിലുള്ള ചെറുകിട കര്‍ഷക കാര്‍ഷിക ബിസിനസ് കണ്‍സോര്‍ഷ്യത്തിന്റെ (ടാമഹഹ എമൃാലൃ അഴൃശയൗശെില ൈഇീിീെൃശtuാ – ടഎഅഇ) ധനസഹായത്തോടെയാണു പ്രവര്‍ത്തനം. സി.ബി.ബി.ഒ (ഇഹൗേെലൃ ആമലെറ ആൗശെില ൈഛൃഴമിശ്വമശേീി) വഴിയാണിതു കിട്ടുന്നത്. സി.ബി.ബി.ഒ.യിലൂടെയാണു എഫ്.പി.സി.കള്‍ എസ്.എഫ്.എ.സി.യുമായി ഏതു കാര്യത്തിനും ബന്ധപ്പെടുന്നത്. ഭാരത് കാര്‍ഷിക സംസ്‌കരണവിപണന സഹകരണസംഘം(ആവമൃമവേ അഴൃീജൃീരലശൈിഴ മിറ ങമൃസലശേിഴ ഇീ-ീുലൃമശേ്‌ല ടീരശല്യേ – ആഅങഇഛ) എന്ന സി.ബി.ബി.ഒ. യാണ് ഇക്കാര്യങ്ങളില്‍ തങ്ങളെ സഹായിക്കുന്നതെന്ന് എ.എഫ്.പി.സി.എല്‍. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വീണാ രാജേന്ദ്രന്‍ പറഞ്ഞു. ദേശീയ കാര്‍ഷികഗ്രാമവികസനബാങ്കും ( നബാര്‍ഡ് ) ദേശീയ സഹകരണ വികസന കോര്‍പ്പറേഷനു (എന്‍.സി.ഡി.സി ) മാണ് എഫ്.പി.ഒ.കള്‍ രൂപവത്കരിക്കാനും പ്രോത്സാഹിപ്പിക്കാനുംവേണ്ടി എംപാനല്‍ ചെയ്യപ്പെട്ട ഇത്തരം സി.ബി.ബി..ഒ.കളെ ചുമതലപ്പെടുത്തുന്നത്. എന്‍.സി.ഡി.സി. സംസ്ഥാന സഹകരണനിയമപ്രകാരം എഫ്.പി.സി.കള്‍ രൂപവത്കരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുമ്പോള്‍ നബാര്‍ഡ് പ്രോത്സാഹിപ്പിക്കുന്ന എഫ്.പി.സി.കള്‍ക്കു സഹകരണനിയമപ്രകാരമോ കമ്പനിനിയമപ്രകാരമോ ട്രസ്റ്റ് നിയമപ്രകാരമോ ഒക്കെ രജിസ്റ്റര്‍ ചെയ്യാം. 10 രൂപയാണ് എ.എഫ്.പി.സി.എല്ലിന്റെ ഓഹരിവില. ഓരോരുത്തരും 2000 രൂപയുടെ ഓഹരിയാണ് എടുത്തത്. ചെയര്‍പേഴ്‌സണും എം.ഡി.യും ഫിനാന്‍സ് ഡയറക്ടറും രണ്ടു ഡയറക്ടര്‍മാരും 5000 രൂപയുടെ ഓഹരി എടുത്തിട്ടുണ്ട്. ഇങ്ങനെ ഒമ്പതു ലക്ഷത്തോളം രൂപ സമാഹരിച്ചു. ഇതിനാനുപാതികമായി 8,64,000 രൂപ എസ്.എഫ്.എ.സി. മൂലധനഗ്രാന്റ് അനുവദിച്ചു. ഇതുകൊണ്ടാണു പ്രവര്‍ത്തനം. എഫ്.ഐ.ജി.കളാണു കൃഷി നടത്തുന്നതും മൂല്യവര്‍ധിതോല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതും. 14 എഫ്.ഐ.ജി.കളുണ്ട്. ഓരോ എഫ്.ഐ.ജി.യിലും 10 മുതല്‍ 15 വരെ പേരുണ്ട്. കര്‍ഷകരില്‍നിന്ന് ഉല്‍പ്പന്നങ്ങള്‍ നല്ല വിലയ്ക്കു വാങ്ങി മൂല്യവര്‍ധിതമാക്കി വിപണിയിലെത്തിക്കലും തൊഴില്‍രഹിതര്‍ക്കു തൊഴില്‍ ലഭ്യമാക്കലുമാണു ലക്ഷ്യം.

2023 ഫെബ്രുവരി മൂന്നിന് ഓഫീസ് തുടങ്ങി. റിലയന്‍സ് ജിയോ ഇന്‍ഫോകോം സീനിയര്‍ വൈസ് പ്രസിഡന്റും കേരളമേധാവിയുമായ കെ.സി. നരേന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. വെളിയത്തുനാട് സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് എസ്.ബി. ജയരാജ് അധ്യക്ഷനായിരുന്നു. കമ്പനിയുടെ ബിസിനസ് പ്ലാന്‍ എസ്.എഫ്.എ.സി. അംഗീകരിച്ചതിനെത്തുടര്‍ന്നാണു ധനസഹായം ലഭിച്ചത്. ഓഫീസ് വാടകയും ജീവനക്കാരുടെ ശമ്പളവും എസ്.എഫ്.എ.സി. നല്‍കും.

ബിസിനസ്
പ്ലാന്‍

നാലു സ്വയംസഹായസംഘവും (എസ്.എച്ച്.ജി) രണ്ടു സംയുക്തബാധ്യതാഗ്രൂപ്പും (ജെ.എല്‍.ജി) 14 കര്‍ഷകക്ലബ്ബും ഓഹരിയുടമകളല്ലാത്ത 318 കര്‍ഷകരും കമ്പനിയോടൊപ്പമുണ്ടെന്നു ബിസിനസ് പ്ലാനില്‍ പറയുന്നു. ഏത്തക്കായും വാഴപ്പഴവുംകൊണ്ടു മൂല്യവര്‍ധിതോല്‍പ്പന്നങ്ങള്‍ ഉണ്ടാക്കല്‍, വിളയുടെയും ഉല്‍പ്പന്നങ്ങളുടെയും വിപണനം, കര്‍ഷകര്‍ക്കു നല്ലവില കിട്ടാന്‍ സംഭരണഅടിസ്ഥാനസൗകര്യം ഒരുക്കല്‍, മികച്ച കൃഷിരീതികളും ഉല്‍പ്പാദനരീതികളും നടപ്പാക്കി ആധുനികകൃഷിമാതൃകകള്‍ സൃഷ്ടിക്കാന്‍ കര്‍ഷകരെ സഹായിക്കല്‍ എന്നിവയാണു പ്രവര്‍ത്തനങ്ങള്‍.

പ്രതിവര്‍ഷം 96.75 ക്വിന്റല്‍ ഏത്തക്കയും വാഴപ്പഴവും ലഭ്യമാക്കാനാവുമെന്നാണു കണക്കുകൂട്ടല്‍. ആദ്യവര്‍ഷം 95 കര്‍ഷകരില്‍നിന്നായി ഇതിന്റെ 10 ശതമാനം വിളവു സംഭരിക്കാനാണു പ്ലാനില്‍ വിഭാവന ചെയ്തത്. ആഗസ്റ്റ്-സെപ്റ്റംബറില്‍, ഓണവില്‍പ്പനക്കാലത്തു കമ്പനിക്കു കൈകാര്യംചെയ്യാനാവുന്ന ശേഷി കണക്കാക്കിയാണ് ഇങ്ങനെ നിശ്ചയിച്ചത്. ബാക്കി കര്‍ഷകരുടെ പക്കലുള്ള വിളവ് മൊത്തവില്‍പ്പനക്കാര്‍ക്കും ചില്ലറവില്‍പ്പനക്കാര്‍ക്കും വില്‍ക്കാന്‍ കമ്പനി സഹായിക്കുമെന്നും ശേഖരണ, സംഭരണകേന്ദ്രങ്ങള്‍ കണ്ടെത്തി വികസിപ്പിക്കുമെന്നും പ്ലാനിലുണ്ട്. സമീപത്തുള്ള വെളിയത്തുനാട് സര്‍വീസ് സഹകരണബാങ്കിനു 100 ടണ്‍ ശേഷിയുള്ള സംഭരണശാലയുള്ള കാര്യം പ്ലാനില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കമ്പനി പുരോഗതി കൈവരിക്കുന്ന മുറയ്ക്കു കര്‍ഷക പൊതുസേവനകേന്ദ്രം (എമൃാലൃ ഇീാാീി ടലൃ്ശരല ഇലിൃേല – എഇടഇ) , രണ്ടു ടണ്‍ ശേഷിയുള്ള സംഭരണശാല തുടങ്ങിയവ പ്ലാനില്‍ വരുന്നുണ്ട്. ഒരു വര്‍ക്ക്‌ഷെഡും പണിയും. ഇവിടെ ഉല്‍പ്പന്നം സ്വീകരിക്കുന്ന സ്ഥലം, അതു ശുദ്ധീകരിക്കാനും തരംതിരിക്കാനുമുള്ള സംവിധാനം, ശേഖരിക്കാനുള്ള സൗകര്യം, ജനറേറ്റര്‍ തുടങ്ങിയവയുണ്ടാവും. മള്‍ട്ടി ഗ്രെയിന്‍ ഡിജിറ്റല്‍ മോയിസ്ചര്‍ മീറ്റര്‍, 150 കിലോ ശേഷിയുള്ള ഇലക്ട്രിക് വെയിങ് മെഷീന്‍, പാക്കിങ് മെഷീന്‍ എന്നിവയും സ്ഥാപിക്കും. കമ്പനിയുടെ വിഭവങ്ങളുടെ 30 ശതമാനം ഉല്‍പ്പന്നവിപണനം ഫലപ്രദമായി ക്രമീകരിക്കാനും 20 ശതമാനം കമ്പനിയുടെ ഘടനാപരമായ കാര്യങ്ങള്‍ക്കും ശേഷിവര്‍ധനയ്ക്കും 30 ശതമാനം ബ്രാന്റ് കെട്ടിപ്പടുക്കാനും മറ്റൊരു 20 ശതമാനം സാങ്കേതികവിദ്യാ സേവനങ്ങള്‍ക്കുമാണു വിനിയോഗിക്കുക.

കൂടുതല്‍ മികച്ച വില കിട്ടുന്ന വിപണികള്‍ കണ്ടെത്തുക, കര്‍ഷകര്‍ക്കു യഥാസമയം പണം നല്‍കുക, കൃഷിവിദഗ്ധരുടെ സഹായം ലഭ്യമാക്കുക, മൂല്യവര്‍ധനാസാധ്യതകള്‍ ആരായുക, സംസ്‌കരണത്തിനുശേഷം ഉല്‍പ്പന്നത്തിനു മികച്ച വില ലഭ്യമാക്കുക, സംസ്ഥാന കാര്‍ഷികയന്ത്രവത്കരണമിഷനുമായി സഹകരിച്ചു കാര്‍ഷികയന്ത്രവത്കരണസാധ്യതകള്‍ പ്രയോജനപ്പെടുത്തുക, യന്ത്രങ്ങള്‍ ചെലവു കുറഞ്ഞ രീതിയിലും കുറഞ്ഞ നിരക്കിലും പ്രാപ്യമാക്കുക, ഈര്‍പ്പവും കാലാവസ്ഥയുടെ മറ്റു പ്രശ്‌നങ്ങളും ബാധിക്കാത്ത സൂക്ഷിപ്പുസംവിധാനമൊരുക്കുക തുടങ്ങിയവയും പ്ലാനില്‍ വിഭാവന ചെയ്യുന്നുണ്ട്. വന്‍തോതില്‍ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാനാവുന്ന ഘട്ടത്തിലേക്കു പുരോഗമിച്ചാല്‍ മൂല്യവര്‍ധിതോല്‍പ്പന്നങ്ങള്‍ക്കായി യന്ത്രവത്കരണം ഏര്‍പ്പെടുത്താനും പരിപാടിയുണ്ട്. വാക്വംഫ്രൈഡ് ഉല്‍പ്പന്നങ്ങളുണ്ടാക്കും. കായ മുറിക്കാന്‍ ബനാന സ്ലൈസര്‍, എണ്ണ നീക്കാന്‍ സെന്‍ട്രിഫ്യൂജ്, പാക്കറ്റ് സീല്‍ ചെയ്യാന്‍ ബാന്റ് സീലര്‍, ചിപ്‌സ് ഉണക്കാന്‍ ഡ്രയര്‍, കായയും മറ്റും പൊടിക്കാന്‍ പള്‍വറൈസര്‍, അരിക്കാന്‍ റെക്ടാങ്കിള്‍ സിഫ്റ്റര്‍ തുടങ്ങിയവയുണ്ടാകും. കെട്ടിടവും പ്ലാന്റും യന്ത്രസാമഗ്രികളും മാലിന്യസംസ്‌കരണപ്ലാന്റുമൊക്കെയടക്കം ഒന്നരക്കോടിയിലേറെ രൂപ ചെലവു വരുന്ന പദ്ധതിനിര്‍ദേശമാണു ബിസിനസ് പ്ലാനിലുള്ളത്. മൂലധനശേഷി കഴിഞ്ഞുള്ള തുക വായ്പയായി സംഘടിപ്പിക്കാമെന്നാണു കണക്കുകൂട്ടല്‍.

രണ്ടാംഘട്ടമായി ഏത്തക്കായുടെയും വാഴപ്പഴത്തിന്റെയും ഉല്‍പ്പാദനവും സംഭരണവും മൂല്യവര്‍ധിതമാക്കലും കൂടുതല്‍ ശക്തമാക്കും. ഓഹരിയുടമകളുടെയും കര്‍ഷകരുടെയും വരുമാനം വര്‍ധിപ്പിക്കുംവിധം ഉല്‍പ്പാദനസൗകര്യത്തിന് അനുപൂരകമായ കൂടുതല്‍ വിളകള്‍ കണ്ടെത്തും. അഞ്ചുവര്‍ഷത്തേക്കുള്ള ബിസിനസ് പ്ലാനാണു സമര്‍പ്പിച്ചിട്ടുള്ളത്.

നിലവിലെ
പ്രവര്‍ത്തനങ്ങള്‍

ഏത്തക്ക സംഭരിച്ച് ചിപ്‌സാക്കലാണു നിലവില്‍ പ്രധാനപ്രവര്‍ത്തനം. ഓണക്കാലത്തു ചെറിയത്ത് എന്ന സ്ഥലത്തു പഴയ ഒരു വീട് വാടകയ്‌ക്കെടുത്ത് ഒരു എഫ്.ഐ.ജി. ഏത്തക്കായ സംഭരിച്ച് 100 കിലോയോളം ചിപ്‌സുണ്ടാക്കി. ഇത് ആറ്റിപ്പുഴയിലെ ഓണംമേളയിലും വ്യവസായമന്ത്രി പി. രാജീവ് മുന്‍കൈയെടുത്തു നടപ്പാക്കുന്ന ‘കൃഷിക്കൊപ്പം കളമശ്ശേരി’ പദ്ധതിയുടെ ഭാഗമായി കളമശ്ശേരിയില്‍ സംഘടിപ്പിച്ച കളമശ്ശേരി കാര്‍ഷികോത്സവത്തിലും വിറ്റു. വിവിധ എഫ്.ഐ.ജി.കള്‍ തയാറാക്കിയ അച്ചാറുകളും മറ്റും ഇതോടൊപ്പം വിറ്റിരുന്നു. നാരങ്ങ, മാങ്ങ, വെളുത്തുള്ളി അച്ചാറുകളാണു വിറ്റത്. എഫ്.ഐ.ജി. അംഗങ്ങള്‍ മഞ്ഞള്‍ക്കൃഷിയും മുളകുകൃഷിയും ചെയ്തു കിട്ടിയ മഞ്ഞളും മുളകും പൊടിച്ചു പാക്കറ്റാക്കിയും വിറ്റു. ചെറുധാന്യങ്ങളുടെ മൂല്യവര്‍ധിതോല്‍പ്പന്ന വില്‍പ്പനയിലും ശ്രദ്ധിച്ചു. ചെറുധാന്യങ്ങള്‍ തൃശ്ശൂരില്‍നിന്നാണു സംഭരിക്കുന്നത്. ഇതു പൊടിച്ചും വില്‍ക്കുന്നു. റാഗി, ചോളം, മണിച്ചോളം, കമ്പം, മിക്‌സഡ് മില്ലറ്റ് എന്നിവയാണ് ഇങ്ങനെ വിറ്റത്. ഓണക്കാലത്തു മേളകളിലും മറ്റുമായി ഒരുലക്ഷത്തിലധികം രൂപയുടെ വില്‍പ്പന ലഭിച്ചു.

ഓണക്കാലത്തു ‘കൃഷിക്കൊപ്പം കളമശ്ശേരി’ പദ്ധതിയില്‍ ചെണ്ടുമല്ലിക്കൃഷിയും നടത്തി. വെളിയത്തുനാട്, പാനായിക്കുളം, തിരുവാലൂര്‍ എന്നിവിടങ്ങളില്‍ പലരില്‍നിന്നും പാട്ടത്തിനെടുത്ത രണ്ടര ഏക്കറോളം സ്ഥലത്തായിരുന്നു കൃഷി. ഇതിനു വെളിയത്തുനാട് സര്‍വീസ് സഹകരണബാങ്കും ആലങ്ങാട് സര്‍വീസ് സഹകരണബാങ്കും ധനസഹായം നല്‍കി. അമേരിക്കയിലെ മിഷിഗണ്‍ സ്റ്റേറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിസംഘം പഠനത്തിന്റെ ഭാഗമായി എ.എഫ്.പി.സി.എല്ലിന്റെ എഫ്.ഐ.ജി. നടത്തിയ പൂക്കൃഷി സന്ദര്‍ശിച്ചിരുന്നു. 50 രൂപയുടെ കിറ്റുകളായാണു പൂ വിറ്റത്. മേളകളില്‍ വിറ്റതിനു പുറമെ സ്‌കൂളുകളും ഓഫീസുകളും പൂ വാങ്ങി. ആലങ്ങാട്, കരുമാല്ലൂര്‍ കൃഷിഭവനുകളുടെയും കാര്‍ഷികസാങ്കേതികവിദ്യാമാനേജ്‌മെന്റ് ഏജന്‍സിയുടെയും കൃഷിവിജ്ഞാന്‍കേന്ദ്രത്തിന്റെയും സഹായം കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ക്കുണ്ട്. ഇവയിലെ വിദഗ്ധരാണു കാര്‍ഷികപരിശീലനം നല്‍കുന്നത്.

കര്‍ഷകയും പൊതുപ്രവര്‍ത്തകയുമായ രാജി നാരായണനാണു ചെയര്‍പേഴ്‌സണ്‍. ബിന്ദു ദേവി വി.ആര്‍. മാനേജിങ് ഡയറക്ടറും സീനാ സുഭാഷ് ഫിനാന്‍സ് ഡയറക്ടറും വിജയലക്ഷ്മീ മോഹന്‍, വാണിശ്രീ എന്നിവര്‍ ഡയറക്ടര്‍മാരുമാണ്. ബേബി സരോജം, അജിതാ രാധാകൃഷ്ണന്‍, റീനാ പ്രകാശ്, സമിതാ സുരേഷ്, സുനിതാ രമേശ്, സിനി ഗിരീഷ്, രമ്യ ആര്‍. നായര്‍ എന്നിവര്‍ പ്രൊമോട്ടര്‍മാരും ശ്രീജ ഹരി, മായ പ്രകാശ് എന്നിവര്‍ കോ-ഓര്‍ഡിനേറ്റര്‍മാരുമാണ്. സി.ഇ.ഒ. വീണാ രാജേന്ദ്രനടക്കം രണ്ടു ജീവനക്കാരാണുള്ളത്.

ഓഹരിയുടമകളുടെ
എണ്ണം കൂട്ടും

കൂടുതല്‍പേരെ ചേര്‍ത്ത് ഓഹരിയുടമകളുടെ എണ്ണം 750 ആക്കാന്‍ ശ്രമിച്ചുവരുന്നു. അതു സാധിച്ചാല്‍ അതനുസരിച്ചു വര്‍ധിച്ച എസ്.എ.എഫ്.സി. ഓഹരിധനസഹായം ലഭിക്കുകയും പ്രവര്‍ത്തനങ്ങളുടെ അടുത്ത ഘട്ടത്തിലേക്കു കടക്കുകയും ചെയ്യാം. ഓഹരിഗ്രാന്റായി 15 ലക്ഷം രൂപ അനുവദിക്കാന്‍ കമ്പനി എസ്.എഫ്.എ.സി.യോട് അപേക്ഷിച്ചിട്ടുണ്ട്. ഏത്തക്ക സംഭരിച്ചു ചിപ്‌സ് ആക്കുന്നതുപോലെ നെല്ലിന്റെ കാര്യത്തിലും മൂല്യവര്‍ധിതോല്‍പ്പന്നപ്രവര്‍ത്തനം ബിസിനസ് പ്ലാനിന്റെ ഭാഗമാണ്. അതിന് അനുമതിയും ലഭിച്ചിട്ടുണ്ട്. അത്് അടുത്തപടിയായി നടപ്പാക്കും. പൂക്കൃഷി അടുത്ത സീസണിലും തുടരും. എഫ്.ഐ.ജി.കളെക്കൊണ്ടു കൂടുതല്‍ പച്ചക്കറി കൃഷി ചെയ്യിക്കാനും പരിപാടിയുണ്ട്. സ്ഥിരംവില്‍പ്പനശാല തുടങ്ങാനും ഉദ്ദേശ്യമുണ്ട്. ഇതിനു സാധനങ്ങള്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കണം.

വെളിയത്തുനാട് സര്‍വീസ് സഹകരണബാങ്ക് കൂണ്‍അധിഷ്ഠിതഉല്‍പ്പന്നങ്ങള്‍ കൊക്കൂണ്‍ എന്ന ബ്രാന്റില്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. കൂണ്‍കൃഷി വ്യാപകമാക്കാന്‍ അവര്‍ക്കു പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായി നടത്തിയ കൂണ്‍കൃഷി പരിശീലനത്തില്‍ എ.എഫ്.പി.സി.എല്ലിലെ എഫ്.ഐ.ജി.കളില്‍നിന്നുള്ള കൃഷിക്കാര്‍ പങ്കെടുത്തു. അതിന്റെ അടിസ്ഥാനത്തില്‍ കൂണ്‍കൃഷിയിലേക്കും എ.എഫ്.പി.സി.എല്‍. കടക്കും.

                                                                       (മൂന്നാംവഴി സഹകരണ മാസിക ഡിസംബര്‍ ലക്കം)

Leave a Reply

Your email address will not be published.

Latest News
error: Content is protected !!