യന്ത്രക്കരുത്തില്‍ ഭാസുരഭാവി കൊരുക്കാന്‍ വാവക്കാട് കയര്‍സംഘം

moonamvazhi

 

– വി.എന്‍. പ്രസന്നന്‍

കേരളത്തിലെ വലിയ കയര്‍ സഹകരണ സംഘങ്ങളില്‍ ഒന്നായ എറണാകുളം
വാവക്കാട് കയര്‍ വ്യവസായ സഹകരണ സംഘത്തില്‍ ഇപ്പോള്‍ 2463 അംഗങ്ങളുണ്ട്.
ആറരപ്പതിറ്റാണ്ടു മുമ്പു രൂപം കൊണ്ട ഈ സംഘം ആധുനികീകരണത്തിലൂടെ
മുന്നോട്ടു കുതിക്കാന്‍ ഒരുങ്ങുകയാണ്.

സര്‍ക്കാരില്‍നിന്നു ലഭിച്ച ആധുനിക ഓട്ടോമാറ്റിക് കയര്‍പിരി യന്ത്രങ്ങളില്‍ ( അൗീോമശേര ടുശിിശിഴ ങമരവശില അടങ ) കോവിഡിനുശേഷം പുതിയൊരു ഭാവി ഇഴചേര്‍ത്തെടുക്കാന്‍ ഒരുങ്ങുകയാണു കേരളത്തിലെ ഏറ്റവും വലിയ കയര്‍ സഹകരണ സംഘങ്ങളില്‍ ഒന്നായ വാവക്കാട് കയര്‍ വ്യവസായ സഹകരണ സംഘം. കയര്‍ വ്യവസായ രംഗത്തെ ഏറ്റവും പഴയ സഹകരണ സംഘങ്ങളില്‍പ്പെടുന്ന ഇത് എറണാകുളം ജില്ലയില്‍ വടക്കേക്കര പഞ്ചായത്തിലെ വാവക്കാട് പ്രദേശത്താണു പ്രവര്‍ത്തിക്കുന്നത്. 2463 അംഗങ്ങളുണ്ട്. കേരളത്തില്‍ മറ്റൊരു കയര്‍ സഹകരണ സംഘത്തിനും ഇത്രയും അംഗങ്ങളുള്ളതായി അറിവില്ലെന്നു വാവക്കാട് സംഘം അധികൃതര്‍ പറയുന്നു.

1950 കളില്‍ കയര്‍ത്തൊഴിലാളികളുടെ സമരമുഖത്താണ് ഈ സംഘത്തിന്റെ പിറവി. ഇതിന്റെ സംഘാടനത്തില്‍ എസ്.എന്‍.ഡി.പി. യോഗത്തിന്റെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പ്രവര്‍ത്തകരുടെ കരങ്ങളുണ്ടായിരുന്നു. 1956 ജനുവരി രണ്ടിനു സംഘം രജിസ്റ്റര്‍ ചെയ്തു. ഒക്ടോബര്‍ 27 നു പ്രവര്‍ത്തനം ആരംഭിച്ചു. വാവക്കാട്, കുഞ്ഞിത്തൈ, കട്ടത്തുരുത്ത്, പാല്യത്തുരുത്ത്, ഒറവന്തുരുത്ത് പ്രദേശങ്ങളാണു പ്രവര്‍ത്തനമേഖല.

57 അംഗങ്ങളുമായി തുടക്കം

എസ്.എന്‍.ഡി.പി. യോഗത്തിന്റെ പ്രാദേശിക നേതാവായിരുന്ന തൈപ്പൊക്കത്ത് സുബ്രഹ്മണ്യനും പൊതുപ്രവര്‍ത്തകനായിരുന്ന പള്ളിക്കര ജി.കെ. തിലകനുമൊക്കെയാണു സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തത്. സുബ്രഹ്മണ്യനാണു സ്ഥാപക പ്രസിഡന്റ്; തിലകന്‍ സെക്രട്ടറിയും. 57 അംഗങ്ങളെ ചേര്‍ത്തായിരുന്നു സംഘത്തിന്റെ തുടക്കം. ഇതു വളര്‍ന്ന് ഒരു ഘട്ടത്തില്‍ 3294 അംഗങ്ങള്‍വരെയെത്തി. പിന്നീട് പലരും കൊഴിഞ്ഞുപോയി. എങ്കിലും, ഇന്നും 2463 അംഗങ്ങളുണ്ട്.

വടക്കേക്കരയിലെ മുന്‍ പഞ്ചായത്ത് അംഗങ്ങളായ പി.കെ. ശ്രീധരന്‍, വി.എന്‍. ബാലന്‍, വി.കെ. ശ്രീധരന്‍ തുടങ്ങി നിരവധി പൊതുപ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനംകൊണ്ട് നൂറുകണക്കിനു പാവപ്പെട്ടവരുടെ ആശ്രയമായി ഈ സംഘം വളര്‍ന്നു. വടക്കേക്കര പഞ്ചായത്ത് രൂപവത്കരിച്ച കാലത്ത് 1952 ല്‍ പഞ്ചായത്തു ഭരണസമിതിയംഗമായിരുന്നു വി.കെ. ശ്രീധരന്‍. 1962 ല്‍ പഞ്ചായത്തംഗമായിരുന്നു പി.കെ. ശ്രീധരന്‍. 1984 ല്‍ പഞ്ചായത്തംഗമായിരുന്നു വി.എന്‍. ബാലന്‍. 1953 ല്‍ ഇവര്‍ രൂപം കൊടുത്ത ഗ്രാമസേവാ സംഘം എന്ന സാമൂഹിക സേവന സ്ഥാപനം ഇന്നും പ്രവര്‍ത്തിക്കുന്നു. ഇതിന്റെ പ്രവര്‍ത്തകര്‍ തന്നെയായിരുന്നു വാവക്കാട് കയര്‍ വ്യവസായ സഹകരണ സംഘത്തിന്റെയും പ്രധാന പ്രവര്‍ത്തകര്‍. ആ നില ഇന്നും തുടരുന്നു. ഇപ്പോള്‍ വാവക്കാട് കയര്‍ വ്യവസായ സഹകരണ സംഘം പ്രസിഡന്റായ കെ.എന്‍. സതീശന്‍ തന്നെയാണു ഗ്രാമസേവാസംഘത്തിന്റെയും പ്രസിഡന്റ്. 53 ല്‍ ഗ്രാമസേവാ സംഘം രൂപവത്കരിക്കുമ്പോള്‍ വി.എന്‍. ബാലനായിരുന്നു പ്രസിഡന്റ്. പി.കെ. ശ്രീധരനാണു ഗ്രാമസേവാ സംഘം എന്ന പേരു നിര്‍ദേശിച്ചത്. വടക്കേക്കര പഞ്ചായത്തിലെ എണ്ണൂറോളം കുടുംബങ്ങളില്‍നിന്നു 10 പൈസവീതം പിരിച്ചെടുത്തുകൊണ്ടായിരുന്നു ക്ഷേമ പ്രവര്‍ത്തനങ്ങള്‍. ഇപ്പോള്‍ 65 വയസ്സു കഴിഞ്ഞവര്‍ക്കു മാസം 125 രൂപ പെന്‍ഷന്‍ നല്‍കുന്നതടക്കമുള്ള സഹായങ്ങള്‍ ചെയ്യുന്നു.

സമരത്തിലൂടെ സംഘക്കരുത്തിലേക്ക്

കയര്‍ നിര്‍മാണ മേഖലയിലെ ചൂഷണത്തിനെതിരായ സമരത്തിലൂടെയാണു വാവക്കാട് കയര്‍ സഹകരണ സംഘം സ്ഥാപിക്കപ്പെട്ടത്. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലായിരുന്നു പണ്ട് ഇവിടങ്ങളില്‍ കയര്‍ ഉല്‍പ്പാദനം. തൊഴിലാളികള്‍ക്കു മതിയായ കൂലി ലഭിച്ചിരുന്നില്ല. 1953 ല്‍ സര്‍ക്കാര്‍ തൊഴിലാളികള്‍ക്കു മിനിമംകൂലി പ്രഖ്യാപിച്ചു. പക്ഷേ, കയര്‍നിര്‍മാണം വന്‍തോതില്‍ ഏറ്റെടുത്തു നടത്തിയിരുന്ന ഉടമകള്‍ മിനിമംകൂലി കൊടുക്കാന്‍ തയാറായില്ല. മിനിമംകൂലി പ്രഖ്യാപനത്തിനു മുമ്പുതന്നെ ഈ പ്രശ്‌നത്തില്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ തൊഴിലാളികളെ സംഘടിപ്പിക്കുകയും സമരങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. കമ്യൂണിസ്റ്റ് നേതാക്കളായിരുന്ന കെ.യു. ദാസ്, എന്‍.കെ. മാധവന്‍, പള്ളിപ്പുറം പ്രഭാകരന്‍ തുടങ്ങിയവരാണ് അതിനു നേതൃത്വം നല്‍കിയത്.

മിനിമംകൂലി പ്രഖ്യാപിച്ച ശേഷവും അതു നല്‍കാതിരുന്നതിനെത്തുടര്‍ന്നു സമരം തുടങ്ങി. കയര്‍ നിര്‍മാണശാല ഉടമകളായിരുന്ന കുടുംബത്തിന്റെ വീടിനു മുന്നിലായിരുന്നു സമരം. സമരം ചെയ്തിട്ടും മിനിമംകൂലി നടപ്പാക്കാതെ വന്നപ്പോഴാണു സഹകരണ സംഘം രൂപവത്കരണത്തിലേക്കു നീങ്ങിയത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമംകൂലി കൊടുക്കാതെ ഉടമകള്‍ ഉല്‍പ്പാദനം നിര്‍ത്തിവച്ചു. പണിയില്ലാതെ വന്നപ്പോഴാണു സഹകരണ സംഘം രൂപവത്കരിച്ചാലോ എന്നു ചിന്തിച്ചത്. ഈ സംഘം രൂപത്കരിക്കുമ്പോള്‍ കേരളത്തില്‍ കയര്‍ വ്യവസായരംഗത്തു സഹകരണ സംഘങ്ങള്‍ തുടങ്ങിയിരുന്നില്ല. കേരളത്തിലെ ആദ്യത്തെ കയര്‍ വ്യവസായ സഹകരണ സംഘം ഇതായിരിക്കാമെന്നു കരുതുന്നവരുണ്ട്.

ഇലക്ട്രോണിക് റാട്ടുകള്‍

തുടക്കത്തില്‍ നാല്‍പ്പതോളം റാട്ടുകള്‍ ഉണ്ടായിരുന്നു. സംഘത്തിനു നല്ല വളര്‍ച്ചയുണ്ടായി. ഒരുകാലത്തു 178 റാട്ടുകള്‍ വരെയുണ്ടായിരുന്നു. ഒരുറാട്ടില്‍ മൂന്നു തൊഴിലാളികള്‍ വീതമാണു പ്രവര്‍ത്തിച്ചിരുന്നത്. രണ്ടു പേര്‍ കയര്‍ പിരിക്കാനും ഒരാള്‍ ചക്രം തിരിക്കാനും. ഇപ്പോള്‍ പരമ്പരാഗതറാട്ടുകളില്ല. പകരം, വൈദ്യുതിയിലും സൗരോര്‍ജത്തിലും പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് റാട്ടുകളാണ്. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന കയര്‍ ‘ പറവൂര്‍ സ്‌പെഷ്യല്‍ കയര്‍ ‘ എന്നാണ് അറിയപ്പെടുന്നത്. നല്ല മുറുക്കമുള്ള കയറാണിത്. അതിനാല്‍ കൃഷിയാവശ്യങ്ങള്‍ക്കു പറ്റിയതാണ്. ഒാരോ മുടികളായാണു നിര്‍മാണം. ഇലക്ട്രോണിക് ആയതിനാല്‍ ഒരു റാട്ടില്‍ ഇപ്പോള്‍ രണ്ടു പേര്‍ വീതമാണു പ്രവര്‍ത്തനം. രണ്ടു പേരും ചേര്‍ന്നു 150 മുടി കയര്‍ പിരിച്ചാല്‍ ഓരോരുത്തര്‍ക്കും 350 രൂപ വീതമാണു കൂലി. 150 മുടി കയറിനു 20 കിലോ ഭാരം വരും. ഓരോ മുടിയും കൂട്ടിക്കെട്ടിവച്ച് ഉരുട്ടിക്കെട്ടിയാണു വില്‍പ്പന. കയര്‍ഫെഡ് ആവശ്യപ്പെടുന്നതനുസരിച്ച് അവരുടെ കോട്ടപ്പുറത്തോ മുനമ്പത്തോ ഉള്ള ഗോഡൗണുകളില്‍ ടെമ്പോയില്‍ എത്തിക്കുകയാണു ചെയ്യുക. കയര്‍ഫെഡില്‍നിന്നു യഥാസമയം തുക കിട്ടാത്ത പ്രശ്‌നമുണ്ട്.

റോഡു ഗതാഗത സൗകര്യം കുറവായിരുന്ന പണ്ടുകാലത്തു വലിയ വള്ളങ്ങളില്‍ കയര്‍ കൊച്ചിയിലെ മട്ടാഞ്ചേരിയില്‍ എത്തിച്ചായിരുന്നു വില്‍പ്പന. 410 കെട്ടു കൊള്ളുന്ന വള്ളങ്ങളിലാണ് അന്നൊക്കെ കയര്‍ കൊണ്ടുപോയിരുന്നത്. തുടക്കത്തില്‍ സ്വന്തം ഓഫീസുണ്ടായിരുന്നില്ല. 1985 ലാണു സ്വന്തം സ്ഥലത്ത് ഓഫീസ് തുടങ്ങിയത്. അതുവരെ ചെറുപിള്ളില്‍ എന്ന കുടുംബത്തിന്റെ ഒരു പീടികമുറിയില്‍ വാടകയ്ക്കാണു പ്രവര്‍ത്തിച്ചിരുന്നത്. അഞ്ചേക്കര്‍ 26 സെന്റ് ഭൂമി ഇപ്പോള്‍ സംഘത്തിനുണ്ട്. അഞ്ചു കെട്ടിടങ്ങളും. മൂന്നെണ്ണം ഗോഡൗണുകളാണ്. ഒരെണ്ണത്തില്‍ പച്ചത്തൊണ്ട് സൂക്ഷിക്കുന്നു. ഒരെണ്ണം ഓഫീസും.

സെക്രട്ടറിയായിരുന്ന കെ.കെ. വത്സല 2021 ജൂണ്‍ 30നു വിരമിച്ചു. ഇപ്പോള്‍ സ്ഥിരം ജീവനക്കാരില്ല. ശമ്പളക്കുടിശ്ശികയും മറ്റും കൊടുത്തുതീര്‍ക്കാന്‍ 10 സെന്റ് വില്‍ക്കാന്‍ അനുവദിക്കണമെന്നു സര്‍ക്കാരിനോട് അപേക്ഷിച്ചിട്ടുണ്ട്. ബാങ്കുകള്‍ക്കുണ്ടായിരുന്ന 1,97,00,000 രൂപയുടെ കാഷ് ക്രെഡിറ്റ് സര്‍ക്കാര്‍ കൊടുത്തുതീര്‍ത്തു. അതിനാല്‍ കാര്യമായി മറ്റു ബാധ്യതകളില്ല.

22 പേര്‍ക്കു തൊഴില്‍

നിലവില്‍ 19 സ്ത്രീകളടക്കം 22 പേരാണു തൊഴിലെടുക്കുന്നത്. കോവിഡ് മൂലം പലപ്പോഴായി ആറു മാസത്തോളം പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു. കോവിഡ് ഇപ്പോഴും ഈ പ്രദേശത്തു രൂക്ഷമാണ്. ആറു സൗരറാട്ടുകളടക്കം 20 ഇലക്ട്രോണിക് റാട്ടുകളാണുള്ളത്. കോവിഡും തൊഴിലാളികളെ കിട്ടാനില്ലാത്തതും മൂലം ആറു റാട്ടുകളിലാണ് ഇപ്പോള്‍ പ്രവര്‍ത്തനം. ഇതില്‍ രണ്ടെണ്ണം കട്ടത്തുരുത്തിലാണു പ്രവര്‍ത്തിക്കുന്നത്. 2018 ലെ പ്രളയം സംഘത്തില്‍ വലിയ നാശനഷ്ടമുണ്ടാക്കി. ഉല്‍പ്പന്നങ്ങളും മൂന്ന് ഇലക്ട്രോണിക് റാട്ടുകളും നശിച്ചു. അന്ന് ഉത്തരേന്ത്യയില്‍ നിന്നുള്ള ഒരു സന്നദ്ധസംഘടന സംഭാവന ചെയ്തതാണു സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ആറ് ഇലക്ട്രോണിക് റാട്ടുകള്‍. തുടര്‍ച്ചയായ മഴയുള്ളപ്പോള്‍ സൗരോര്‍ജ റാട്ടുകള്‍ പ്രവര്‍ത്തിപ്പിക്കാനാവില്ല. 2019 ലെ പ്രളയം ഇവിടെ കാര്യമായി ബാധിച്ചില്ല. ഇവിടത്തെ പരമ്പരാഗത റാട്ടുകളില്‍ മൂന്നെണ്ണം ആലപ്പുഴ കലവൂരിലെ അന്താരാഷ്ട്ര കയര്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ആറ് ഓട്ടോമാറ്റിക് കയര്‍പിരി യന്ത്രങ്ങള്‍ (അടങ) വന്നിട്ടുണ്ട്. സര്‍ക്കാര്‍ സൗജന്യമായി നല്‍കിയതാണിവ. നിലവിലുള്ള റാട്ടുകളില്‍ രണ്ടു പേര്‍ ചേര്‍ന്നു ശരാശരി 15 കിലോ മുതല്‍ 22 കിലോ വരെ കയറാണ് ഉണ്ടാക്കാനാവുന്നതെങ്കില്‍ എ.എസ്.എമ്മുകളില്‍ 50 കിലോയെങ്കിലും ഉല്‍പ്പാദിപ്പിക്കാനാവും. പ്രവര്‍ത്തിപ്പിക്കാന്‍ ഒരാള്‍ മതി. കുറച്ചു തൊഴിലാളികളെക്കൊണ്ട് കൂടുതല്‍ കയര്‍ ഉല്‍പ്പാദിപ്പിക്കാനാവുമെന്നര്‍ഥം. തൊഴിലാളിക്ഷാമത്തിന് ഇതു കുറെയൊക്കെ പരിഹാരമാവും. ഇതു പ്രവര്‍ത്തിപ്പിക്കാന്‍ പ്രത്യേക പരിശീലനം ആവശ്യമാണ്. പക്ഷേ, കോവിഡ് പ്രതിസന്ധി മൂലം പരിശീലനം മുടങ്ങി. കോവിഡിനു ശേഷം പരിശീലനം പൂര്‍ത്തിയാക്കി ഈ എ.എസ്.എമ്മുകള്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങുമെന്നു സംഘം പ്രസിഡന്റ് കെ.എന്‍. സതീശന്‍ പറഞ്ഞു. 20 വര്‍ഷത്തോളം ഇവിടെ കയര്‍ത്തൊഴിലാളിയായിരുന്നു സതീശന്‍. സി.പി.എം. വടക്കേക്കര ലോക്കല്‍ കമ്മറ്റിയംഗമാണ്.

സി.പി.എം. നിയന്ത്രണത്തിലുള്ള സംഘത്തിന്റെ വൈസ്പ്രസിഡന്റ് എ.കെ. തമ്പിയാണ്. സംഘത്തിലെ കയര്‍ത്തൊഴിലാളിയാണ് അദ്ദേഹം. ഡയറക്ടര്‍ബോര്‍ഡംഗങ്ങളായ പി.എ. വള്ളി, ഷെന്‍സി രാജീവ് എന്നിവരും ഇവിടത്തെ തൊഴിലാളികള്‍തന്നെ. മറ്റു ഡയരക്ടര്‍ബോര്‍ഡംഗങ്ങളായ എം.ഡി. മണിലാല്‍, വി.കെ. ഗിരിജ, കെ.എസ്. ഐഷ എന്നിവരും കയര്‍ത്തൊഴിലാളി പശ്ചാത്തലമുള്ളവരാണ്.

അമ്പതാം വാര്‍ഷികത്തിനു സുവര്‍ണ ജൂബിലി ആഘോഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും 60 വര്‍ഷം പൂര്‍ത്തിയാക്കിയ 2016 ല്‍ ഷഷ്ഠിപൂര്‍ത്തി ആഘോഷിച്ചു. വാവക്കാട് എസ്.എന്‍.ഡി.പി. ശാഖയുടെ 75-ാം വാര്‍ഷിക സ്മരണികയില്‍ പ്രദേശത്തെ ഒരു പ്രമുഖ സ്ഥാപനമെന്ന നിലയില്‍ ഈ സംഘത്തെക്കുറിച്ച് ലേഖനമുണ്ടായിരുന്നു.

പുരസ്‌കാരങ്ങള്‍ നിരവധി

നിരവധി പുരസ്‌കാരങ്ങള്‍ ഈ സംഘത്തെ തേടിവന്നിട്ടുണ്ട്. 2012 ല്‍ മികച്ച കയര്‍ സഹകരണ സംഘം പ്രസിഡന്റിനുള്ള പുരസ്‌കാരം ഈ സംഘത്തിന്റെ പ്രസിഡന്റായിരുന്ന വി.എന്‍. ബാലനും മികച്ച ബിസിനസ് മാനേജര്‍ക്കുള്ള പുരസ്‌കാരം ഇവിടത്തെ വി.എസ്. വേണുവിനും ലഭിച്ചു. അറുപതാമത്തെയും അറുപത്തൊന്നാമത്തെയും അറുപത്തഞ്ചാമത്തെയും സഹകരണ വാരാഘോഷങ്ങളില്‍ മികച്ച കയര്‍ സഹകരണ സംഘമായി തിരഞ്ഞെടുക്കപ്പെട്ടു. 2015 ല്‍ പറവൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയനിലെ മികച്ച കയര്‍ സഹകരണ സംഘത്തിനുള്ള പുരസ്‌കാരം നേടി. 2019 ല്‍ ആലപ്പുഴയില്‍ നടന്ന കയര്‍കേരള പ്രദര്‍ശനത്തില്‍ മികച്ചസംഘങ്ങളില്‍ രണ്ടാം സ്ഥാനത്തിനുള്ള സമ്മാനം കരസ്ഥമാക്കി.

2,47,61,563 അറ്റനഷ്ടമുള്ള സംഘത്തിനു 53,195 രൂപയുടെ വ്യാപാരലാഭം 2020 – 21 ലുണ്ട്. മൊത്തം 2,52,76,167 രൂപയുടെ ബിസിനസ് ഇക്കാലത്തു നടത്തി. ബാങ്ക് ക്രെഡിറ്റ് ബാധ്യത തീര്‍ന്നത് ആശ്വാസകരമാണെന്നും 10സെന്റ് വില്‍ക്കാന്‍ കഴിയുകയും എ.എസ.്എമ്മുകള്‍ പ്രവര്‍ത്തനനിരതമാവുകയും ചെയ്താല്‍ കൂടുതല്‍ മെച്ചം കൈവരിക്കാനാവുമെന്നും പ്രസിഡന്റ് കെ.എന്‍. സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!