കേരളത്തിനു മുന്നോട്ടുപോകാനുള്ള ഏക മാര്‍ഗം ടൂറിസം

moonamvazhi

ചെറുപ്പക്കാര്‍ സഹകരണമേഖലയിലേക്കു വരുമ്പോള്‍ മാറ്റം വരുമെന്നു
പ്രമുഖ സഹകാരിയായ ലേഖകന്‍ വിശ്വസിക്കുന്നു.
പുതുതലമുറ വരണമെങ്കില്‍ പുതിയ മേഖല കണ്ടെത്തണം.
ടൂറിസം അത്തരമൊന്നാണ്. കേരളത്തിന്റെ പ്രകൃതിദത്ത
സൗന്ദര്യം പ്രയോജനപ്പെടുത്തണം. ടൂറിസംമേഖലയില്‍
കാര്യമായി ചെയ്യാന്‍ കഴിയുക സഹകരണസംഘങ്ങള്‍ക്കാണ്.

 

കേരളത്തിലെ സ്ഥലമൊക്കെ ആളുകള്‍ സഞ്ചരിച്ചു കണ്ടാല്‍ത്തന്നെ ടൂറിസം വര്‍ധിക്കും. എല്ലാ സഹകരണസംഘങ്ങളും ടൂറിസത്തിലേക്കു വരണം. ലാഡര്‍ ( കേരള ലാന്റ് റിഫോംസ് ആന്റ് ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ) മാര്‍ഗനിര്‍ദേശം നല്‍കാം. 200 കോടി രൂപകൊണ്ടു രണ്ടു വിമാനസര്‍വീസുകള്‍ നടത്താനുള്ള പ്രോജക്ട്‌റിപ്പോര്‍ട്ട് എന്റെ കൈയിലുണ്ട്. ചെറിയ ഫ്‌ളൈറ്റുകള്‍ എടുത്തു ചെറിയ റൂട്ടുകളില്‍ ഇതു നടത്താനാവും. പക്ഷേ, കരുവന്നൂരിന്റെയും കണ്ടലയുടെയും അലകള്‍ സഹകരണമേഖലയിലുണ്ട്. അതുകൊണ്ടു സഹകാരികളുടെ കൈകള്‍ ശുദ്ധമായിരിക്കണം. രാഷ്ട്രീയകക്ഷികളും സഹകാരികളും സഹകരണപ്രസ്ഥാനത്തില്‍നിന്ന് എന്തുകിട്ടും എന്നല്ല, സഹകരണപ്രസ്ഥാനത്തിന് എന്തുകൊടുക്കാന്‍ കഴിയും എന്നാണു ചിന്തിക്കേണ്ടത്.

പ്രശ്‌നങ്ങളുണ്ടായെങ്കിലും, 30 ശതമാനത്തില്‍ത്താഴെ നിക്ഷേപകരേ സഹകരണപ്രസ്ഥാനം വിട്ടിട്ടുള്ളൂ. ബാക്കി 70 ശതമാനം ഇപ്പോഴും കൂടെയുണ്ട്. 2026 ആകുമ്പോഴേക്കും പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവും. അപ്പോഴേക്കും കരുവന്നൂരിലെ മുഴുവന്‍ നിക്ഷേപകര്‍ക്കും തുക തിരിച്ചുകൊടുക്കാനാവും. കേരള ബാങ്ക് കരുവന്നൂര്‍ ബാങ്കിന്റെ 46 കോടി രൂപയുടെ ക്യാഷ് ക്രെഡിറ്റ് മരവിപ്പിച്ചത് പ്രശ്‌നം രൂക്ഷമാക്കിയതിന് ഒരു കാരണമാണ്. ജില്ലാ സഹകരണ ബാങ്കുകള്‍ ഉണ്ടായിരുന്നപ്പോള്‍ ഇത്തരം പ്രതിസന്ധികള്‍ അവയ്ക്കു പരിഹരിക്കാന്‍ കഴിഞ്ഞിരുന്നു. ആര്‍.ബി.ഐ. പറയുന്നത് എല്ലാ സംസ്ഥാനങ്ങളിലും ജില്ലാ സഹകരണ ബാങ്കുകള്‍ ഉണ്ടാകുംവിധം സഹകരണസംവിധാനം ത്രിതലമാക്കുമെന്നാണ്. കേരളത്തില്‍ ഇതു വീണ്ടും പൊളിച്ചെഴുത്തിനിടയാക്കുമോ എന്നു കണ്ടറിയേണ്ടിയിരിക്കുന്നു. ഇപ്പോള്‍ കരുവന്നൂരില്‍പ്പോലും നിക്ഷേപം തിരിച്ചുവരാന്‍ തുടങ്ങിയിട്ടുണ്ട്. എന്തായാലും 2026 ല്‍ സഹകരണമേഖലയുടെ മുഖച്ഛായ മാറും.

പ്രതിസന്ധിയില്‍
ഒരുമിച്ചുനില്‍ക്കണം

നന്നായി കൊണ്ടുപോയിരുന്ന സഹകരണസംഘങ്ങളടക്കം കരുവന്നൂര്‍, കണ്ടല പ്രശ്‌നങ്ങള്‍മൂലം പിന്നോട്ടുപോയി. ഈ പ്രാദേശികപ്രശ്‌നങ്ങള്‍ക്കു വലിയ പ്രചരണം കൊടുത്തു. എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും ബി.ജെ.പി.യുടെയും സഹകരണസംഘങ്ങള്‍ പ്രതിസന്ധി നേരിടുന്നുണ്ട്. പലതും നിക്ഷേപത്തിന്റെ 99 ശതമാനവും വായ്പ കൊടുത്തിട്ടുണ്ട്. ഒരു കോടി രൂപ നിക്ഷേപം കിട്ടിയിട്ടുണ്ടെങ്കില്‍ 99 ലക്ഷവും വായ്പ കൊടുക്കും. ബാക്കി ഒരു ലക്ഷം രൂപ മാത്രം കൈയിലിരിക്കുമ്പോഴാണു അടുത്തുള്ള ഒരു ബാങ്കിന്റെ പ്രവര്‍ത്തനം അപകടത്തിലാണ് എന്നു പ്രചരണം വരുന്നത്. അപ്പോള്‍ ഇവിടെയും നിക്ഷേപകര്‍ പണമാവശ്യപ്പെട്ടുവരും. ഈ 99 ലക്ഷത്തില്‍നിന്ന് എങ്ങനെ അതു കൊടുക്കും? വായ്പയെടുത്തവരോടു 99 ലക്ഷവും ഉടന്‍ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ പറ്റുമോ? അത്തരം പ്രതിസന്ധിയുണ്ട്. ഒരുപക്ഷവും മറുപക്ഷത്തുള്ള സംഘത്തില്‍ പ്രശ്‌നമുണ്ടാവുമ്പോള്‍ സന്തോഷിക്കുകയല്ല, രാഷ്ട്രീയം മറന്നു പ്രതിസന്ധി പരിഹരിക്കാന്‍ സഹായിക്കുകയാണു വേണ്ടത്. അന്ധമായ രാഷ്ട്രീയം ഈ മേഖലയിലുണ്ട്. പ്രതിസന്ധിയുള്ള നല്ലൊരു ഭാഗം സംഘങ്ങളും ചെറിയ സാമ്പത്തികസഹായം കിട്ടിയാല്‍ത്തന്നെ രക്ഷപ്പെടും. അതു ചെയ്യണം. അല്ലെങ്കില്‍ സഹകരണപ്രസ്ഥാനത്തിന്റെ പ്രതിച്ഛായയാണു മോശമാകുന്നത്. തെറ്റുകാരെ കര്‍ശനമായി ശിക്ഷിക്കുകയും വേണം.

കരുവന്നൂര്‍പ്രശ്‌നമുണ്ടായപ്പോള്‍ പരിഹാരമാര്‍ഗംപോലെ കൊണ്ടുവന്നതാണ് ഒരാള്‍ തുടര്‍ച്ചയായി മൂന്നു തവണയേ ഭാരവാഹിയാകാവൂ എന്ന വ്യവസ്ഥ. മൂന്നു തവണ ഭാരവാഹികളായവരാണോ ക്രമക്കേടു നടത്തിയത്? ഈ വ്യവസ്ഥ നിയമസഭയില്‍ പാസാക്കിയെടുത്ത എം.എല്‍.എ.മാര്‍ക്കു തുടര്‍ച്ചയായി മൂന്നു തവണയേ എം.എല്‍.എ.മാരാകാവൂ എന്ന നിയന്ത്രണമില്ല. എം.പി.മാര്‍ക്കുമില്ല. പഞ്ചായത്തംഗങ്ങള്‍ക്കും മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും പ്രധാനമന്ത്രിമാര്‍ക്കും രാഷ്ട്രപതിക്കും ഒന്നും ഇങ്ങനെയൊരു നിയന്ത്രണമില്ല. ഈ വ്യവസ്ഥ ജനാധിപത്യവിരുദ്ധമാണ്. എത്ര തവണ ഒരാളെ ഭാരവാഹിയാക്കണം എന്ന് അതതു പാര്‍ട്ടികള്‍ തീരുമാനിക്കണം. താന്‍ എത്രതവണ തുടരണമെന്ന് ഓരോ വ്യക്തിയും തീരുമാനിക്കണം. ഞാന്‍ ഈ പ്രശ്‌നം സഹകരണമന്ത്രിയ്ക്കു മുന്നില്‍ അവതരിപ്പിച്ചു. ഭാരവാഹിത്വത്തിന്റെ തവണയ്ക്കല്ല, ഭാരവാഹികളില്‍ 50 ശതമാനവും 40 വയസ്സില്‍ താഴെയുള്ള ചെറുപ്പക്കാരാണെന്ന് ഉറപ്പുവരുത്തുന്നതിനാണു പ്രാധാന്യം നല്‍കേണ്ടതെന്നു പറയുകയും ചെയ്തു. അതുകൊണ്ടാകാം, ഭരണസമിതിയില്‍ രണ്ടു പേര്‍ നാല്‍പ്പതില്‍ത്താഴെ പ്രായമുള്ളവരാവണമെന്നു വ്യവസ്ഥ വന്നിട്ടുണ്ട്. ചെറുപ്പക്കാര്‍ വരുമ്പോള്‍ മാറ്റം വരും. പുതുതലമുറ വരണമെങ്കില്‍ പുതിയ മേഖല കണ്ടെത്തണം. ടൂറിസം അത്തരമൊന്നാണ്.

വലിയ തുകയുടെ
വായ്പ

കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണബാങ്കാണ് ഏറ്റവുമാദ്യം 25 ലക്ഷം രൂപ വായ്പ കൊടുക്കാന്‍ തീരുമാനിച്ചത്. അതു പിന്നീട് 50 ലക്ഷവും 75 ലക്ഷവുമാക്കി. പല ബാങ്കുകളം അതിനെ അനുകരിച്ചു. പുതിയ നിയമത്തില്‍ പത്തു ലക്ഷം രൂപയിലേറെ വായ്പ കൊടുക്കണമെങ്കില്‍ കര്‍ശനനിബന്ധനകളുണ്ട്. അതു നല്ലതാണ്. സാധാരണക്കാര്‍ക്കു പത്തു ലക്ഷം രൂപവരെയൊക്കെയേ വായ്പ വേണ്ടിവരൂ. അതുതന്നെ തിരിച്ചടയ്ക്കാന്‍ അവര്‍ക്കു ബുദ്ധിമുട്ടാകും. അതുകൊണ്ട് 25 ലക്ഷംവരെ വായ്പ നല്‍കാന്‍ തീരുമാനിച്ചതു ശരിയായില്ലെന്നു ഞാന്‍ ഇപ്പോള്‍ കരുതുന്നു. വരുമാനം നോക്കാതെ 75 ലക്ഷംവരെയൊക്കെ വായ്പ കൊടുത്തതു പലേടത്തും അപകടമായി. വിത്തെടുത്തു കുത്തുകയാണു പല സംഘങ്ങളും.

പുതിയ സാങ്കേതികവിദ്യ വരികയാണ്. ഒന്നും ഒളിപ്പിക്കാന്‍ കഴിയില്ല. പണ്ടു കാര്യങ്ങള്‍ അടുത്ത വൃത്തങ്ങളില്‍ മാത്രമായി ഒതുക്കാമായിരുന്നു. ഇന്നതു കഴിയില്ല. എന്തെങ്കിലും ന്യൂനത കണ്ടാല്‍ ആദ്യം മാധ്യമങ്ങളെ അറിയിച്ച് വിശദമായ വാര്‍ത്ത ഉറപ്പുവരുത്തിയശേഷമേ ചോദ്യംചെയ്യാന്‍ സ്്ഥാപനത്തിനു നോട്ടീസ്‌പോലും നല്‍കൂ. വാസ്തവത്തില്‍ സഹകരണസംഘം പ്രസിഡന്റിനും ഡയറക്ടര്‍മാര്‍ക്കും സാമ്പത്തികമായി എന്തു നേട്ടമാണുള്ളത്? എം.വി. രാഘവന്‍ സഹകരണമന്ത്രിയായിരിക്കെയാണ് ഓണറേറിയമെങ്കിലും ഏര്‍പ്പെടുത്തിയത്. ഗഹാന്‍ പദ്ധതി കൊണ്ടുവന്നതും അദ്ദേഹമാണ്. സഹകരണമേഖലയില്‍ പരിയാരത്തു മെഡിക്കല്‍ കോളേജും കൊണ്ടുവന്നു. കാടുപിടിച്ചു കിടന്ന സ്ഥലത്ത് അങ്ങനെ സ്ഥാപനം കൊണ്ടുവന്നതുകൊണ്ടാണല്ലോ, പിന്നീട് സര്‍ക്കാരിന് ഏറ്റെടുക്കാന്‍ അങ്ങനെയൊരു സ്ഥാപനമുണ്ടായത്? അതുകൊണ്ടു സ്ഥാപനങ്ങളും പദ്ധതികളും തുടങ്ങുക എന്നതു പ്രധാനമാണ്. തുടങ്ങുമ്പോള്‍ കുറ്റംപറയാന്‍ ഒരുപാടു പേരുണ്ടാകും. അതില്‍ പതറാതെ നിശ്ചയദാര്‍ഢ്യത്തോടെ തുടരുകയും നിലനിര്‍ത്തുകയും മുന്നോട്ടുകൊണ്ടുപോവുകയും ചെയ്താല്‍ പിന്നീട് ഏവരും അവിടം തേടിയെത്തും; നൂറ്റാണ്ടുകള്‍ക്കുമുമ്പു ഷാജഹാന്‍ നിര്‍മിച്ച താജ്മഹല്‍ ഇന്നും ആയിരങ്ങളെ ആകര്‍ഷിക്കുന്നതുപോലെ.

സൗജന്യചികിത്സക്ക്
നിക്ഷേപപദ്ധതി വേണം

കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണബാങ്ക് കോഴിക്കോട്ടെ എം.വി.ആര്‍. കാന്‍സര്‍ സെന്ററുമായി ബന്ധപ്പെടുത്തി തുടങ്ങിയ കാന്‍സര്‍ചികിത്സാ നിക്ഷേപപദ്ധതിപോലെ, സൗജന്യചികിത്സക്കായുള്ള നിക്ഷേപപദ്ധതികള്‍ അതതിടങ്ങളിലെ ആശുപത്രികളുമായി ചേര്‍ന്നു സംഘങ്ങള്‍ക്കു നടപ്പാക്കാവുന്നതാണ്. അപ്പോള്‍ ആ തുക ആ ബാങ്കില്‍ സ്ഥിരമായി നില്‍ക്കും. ആളുകളെ അഭിമാനത്തോടെ അത്തരം പദ്ധതികളുമായി സമീപിക്കാം. ആരോഗ്യഇന്‍ഷുറന്‍സ് പദ്ധതികളില്‍ വര്‍ഷം എണ്ണായിരവും പതിനായിരവുമൊക്കെ പ്രീമിയം അടയ്ക്കണം. എന്നാല്‍, നിക്ഷേപവുമായി ബന്ധപ്പെടുത്തി എം.വി.ആര്‍ കാന്‍സര്‍ സെന്ററിനുള്ളതുപോലുള്ള ആരോഗ്യപരിചരണസ്‌കീമുകള്‍ സംഘങ്ങള്‍ക്കു തുടങ്ങാം. ആര്‍.സി.സി.യില്‍ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു ചെല്ലുന്നവരോട് അവരിപ്പോള്‍ അത് എം.വി.ആര്‍. കാന്‍സര്‍ സെന്ററില്‍ ചെയ്യാന്‍ നിര്‍ദേശിക്കാറുണ്ട്. ചെറിയ കുട്ടികളുടെ കാര്യത്തില്‍, പ്രത്യേകിച്ചു മലബാറില്‍നിന്നുള്ളവരുടെ കാര്യത്തില്‍, എം.വി.ആര്‍. കാന്‍സര്‍ സെന്ററാണല്ലോ നിങ്ങള്‍ക്കു സൗകര്യം എന്നു വെല്ലൂരില്‍നിന്നും ചോദിക്കാറുണ്ട്. ആറു കൊല്ലംകൊണ്ട് ഇന്ത്യയിലെ പത്തു പ്രമുഖ കാന്‍സര്‍ചികിത്സാകേന്ദ്രങ്ങളിലൊന്നായി എം.വി.ആര്‍. മാറി. പക്ഷേ, സഹകരണവകുപ്പധികൃതര്‍ അതിനെ അവഗണിക്കുകയാണ്.

സഹകരണരജിസ്ട്രാര്‍ ഹൈക്കോടതിയില്‍ കൊടുത്ത ഒരു സത്യവാങ്മൂലത്തില്‍ പറയുന്നതു സഹകരണപ്രസ്ഥാനം കാര്‍ഷികമേഖലയ്ക്കു 4.5 ശതമാനം വായ്പയേ നല്‍കിയിട്ടുള്ളൂ എന്നാണ്. കാര്‍ഷികമേഖലയ്ക്കു വായ്പ കൊടുക്കാന്‍ പറ്റാത്ത ബാങ്കുകളെ അര്‍ബന്‍ ബാങ്കുകളാക്കുകയോ വായ്പാസംഘങ്ങളാക്കുയോ അല്ലേ രജിസ്ട്രാര്‍ ചെയ്യേണ്ടത്? കാര്‍ഷികമേഖലയില്‍ വായ്പ നല്‍കുന്നതു പ്രയാസകരമായിരിക്കുകയാണ്. ചില സംഘങ്ങള്‍ കൃഷി നടത്തുന്നുണ്ട്. പക്ഷേ, കേരളത്തിന്റെ കാര്‍ഷികോല്‍പ്പാദനവര്‍ധനയില്‍ അതിനു കാര്യമായ പങ്കുണ്ടെന്നു തോന്നുന്നില്ല. ധാരാളം സംഘങ്ങള്‍ നീതി മെഡിക്കല്‍ സ്റ്റോറുകള്‍ നടത്തുന്നുണ്ട്. എന്നാല്‍, ഇവയിലെക്കാള്‍ 20 ശതമാനംവരെയൊക്കെ വിലക്കുറവില്‍ മരുന്നു വീട്ടിലെത്തിക്കുന്ന സംവിധാനത്തിനു കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ ശ്രമിക്കുകയാണ്. അപ്പോള്‍ മരുന്നുകടകള്‍ കുറയും.

                                                        (മൂന്നാംവഴി സഹകരണമാസിക 2024 ഫെബ്രുവരി ലക്കം)

Leave a Reply

Your email address will not be published.

Latest News
error: Content is protected !!