സഹകരണ ബാങ്കുകള്‍ക്കും സംഘങ്ങള്‍ക്കും 50,000 രൂപയില്‍ കൂടുതല്‍ കൊണ്ടുപോകാനില്ല
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം സംസ്ഥാനത്തെ സഹകരണ സംഘങ്ങളെയും സഹകരണ ബാങ്കുകളെയും ആശങ്കയിലാക്കുന്നു. പണം കൊണ്ടുപോകുന്നതിന് വാണിജ്യ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കുമുള്ള അനുമതി സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ക്കും സഹകരണ സംഘങ്ങളും ലഭിക്കാത്തതാണ് പ്രശ്‌നം. പെരുമാറ്റചട്ടം അനുസരിച്ച് 50,000 രൂപയില്‍ കൂടുതല്‍ പണം കൊണ്ടുപോകുന്നതിന് വിലക്കുണ്ട്.
ബാങ്കുകള്‍ക്കും മറ്റും ബിസിനസ് ആവശ്യത്തിന് പണം കൊണ്ടുപോകുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സി-വിജില്‍ പോര്‍ട്ടലില്‍നിന്ന് അനുമതി എടുക്കാം. ഇതിനായി സി-വിജില്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് പണം കൊണ്ടുപോകുന്നതിനുള്ള പാസ് എന്ന രീതിയില്‍ ക്യു ആര്‍. കോഡുകള്‍ ജനറേറ്റ് ചെയ്യാം. ഈ പോര്‍ട്ടലില്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് ലോഗിന്‍ ചെയ്യാന്‍ അനുമതിയില്ല. ഇതാണ് പ്രശ്‌നമാകുന്നത്.
സഹകരണ ബാങ്കുകള്‍ക്ക് ഓരോ ദിവസവും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നതില്‍ കൂടുതല്‍ പണം കൊണ്ടുപോകേണ്ടി വരുന്നുണ്ട്. സംസ്ഥാനത്ത് 1625 പ്രാഥമിക സഹകരണ ബാങ്കുകളാണുള്ളത്. ഇവയില്‍ മിക്ക ബാങ്കുകള്‍ക്കും ശാഖകളുമുണ്ട്. 30 ശാഖകള്‍ വരെയുള്ള സഹകരണ ബാങ്കുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ശാഖകള്‍ തമ്മിലും, പ്രാഥമിക സഹകരണ ബാങ്കും കേരളബാങ്കും തമ്മിലും നിരന്തരം പണം കൈമാറ്റം അനിവാര്യമാണ്. ഇതിന് നിലവിലെ വ്യവസ്ഥയില്‍ അനുമതിയില്ല.
ആവശ്യമായ രേഖകള്‍ ഹാജരാക്കിയാല്‍ പണം കൊണ്ടുപോകുന്നതിന് തടസ്സമില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. സഹകരണ സംഘങ്ങളുടെ പണത്തിന് സംഘങ്ങളുടെ രേഖയല്ലാതെ മറ്റൊന്നും ഹാജരാക്കാന്‍ ജീവനക്കാര്‍ക്ക് കഴിയില്ല. ഈ രേഖ സ്വീകരിക്കാതിരിക്കാന്‍ നിലവിലെ വ്യവസ്ഥ അനുസരിച്ച് പരിശോധന സ്‌ക്വാഡുകള്‍ക്ക് കഴിയും. സംസ്ഥാനത്ത് ഒരിടത്തും സഹകരണ സംഘങ്ങളുടെ പണം ഇത്തരത്തില്‍ സ്‌ക്വാഡ് പിടികൂടിയിട്ടില്ലെന്നത് മാത്രമാണ് ആശ്വാസം.
മറ്റ് ധനകാര്യ സ്ഥാപങ്ങളെ പോലെ സഹകരണ ബാങ്കുകള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും സി-വിജില്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി തേഞ്ഞിപ്പാലം റൂറല്‍ സഹകരണ ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി ശ്രീജിത്ത് മുല്ലശ്ശേരി ചീഫ് ഇലക്ഷന്‍ കമ്മീഷന് കത്ത് നല്‍കിയിട്ടുണ്ട്.